ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനകം മഹാരാഷ്ട്ര ജലസേചന അഴിമതിക്കേസുകളില്‍ അജിത് പവാറിന് ക്ലീന്‍ ചിറ്റ്. എഴുപതിനായിരം കോടിയുടെ അഴിമതിയില്‍പ്പെട്ട 9 കേസുകളില്‍ അഴിമതി വിരുദ്ധ ബ്യൂറോയാണ് ക്ലീന്‍ ചിറ്റ് നല്‍കിയത്. അതേസമയം, സര്‍ക്കാര്‍ രൂപീകരണക്കേസില്‍ സുപ്രീംകോടതി വിധി വരാനിരിക്കെ മുഴുവന്‍ എംഎല്‍എമാരെയും അണിനിരത്തി ശക്തിപ്രകടനത്തിനൊരുങ്ങുകയാണ് മഹാസഖ്യം. 

വന്‍വിവാദമായ വിദർഭ ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട് അജിത് പവാറിനെതിരെ റജിസ്റ്റർ ചെയ്ത 9 കേസുകളിലെ അന്വേഷണമാണ് സർക്കാർ അവസാനിപ്പിക്കുന്നത്. അഴിമതിവിരുദ്ധ ബ്യൂറോ ബോംബൈ ഹൈക്കോടതിയിൽ നൽകിയ അന്വേഷണറിപ്പോർട്ടിൽ അജിത് പവാറിനെതിരെ തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. എന്നാൽ അജിത് പവാറിനെതിരെയുള്ള ഇതേ അഴിമതിയിലെ മറ്റ് കേസുകളിൽ അന്വേഷണം തുടരും. കഴിഞ്ഞ ബിജെപി സർക്കാരിൻറെ കാലത്ത് എടുത്ത കേസുകളാണ് റദ്ദാക്കാൻ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ അജിത് പവാറിനെതിരെ ബിജെപി ഏറ്റവും വലിയ പ്രചരണായുധമാക്കിയ വിഷയമായിരുന്നു ഇത്. 

അജിത് പവാറിൻറെ കൂറുമാറ്റത്തിന് ബിജെപി നൽകിയ പ്രത്യുപകാരമാണ് ക്ലീറ്റ് ചിറ്റെന്ന് കോൺഗ്രസും ശിവസേനയും ആരോപിച്ചു. രാവിലെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. അതേസമയം സെക്രട്ടറിയേറ്റിലെ ഓഫിസിലെത്തിയെങ്കിലും അജിത് പവാർ ഉപമുഖമന്ത്രിയായി ചുമതലയേറ്റില്ല. അജിത് പവാറിനെ അനുനയിപ്പിക്കാനുള്ള നീക്കം എൻസിപി നേതാക്കൾ ഉപേക്ഷിച്ചിട്ടില്ല. സർക്കാരുണ്ടാക്കാൻ  162 എം എൽ എമാരുടെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെട്ട ത്രികക്ഷി സംഘം രാജ്ഭവിനിൽ എത്തി കത്ത് കൈമാറി. വൈകിട്ട് സ്വകാര്യ ഹോട്ടലില്‍ നടക്കുന്ന എന്‍സിപി–കോണ്‍ഗ്രസ്–ശിവസേന എംഎല്‍എമാരുടെ നേരില്‍കാണാനെത്തണമെന്ന് സഞ്ജയ് റാവുത്ത് ഗവര്‍ണറെ പരിഹസിച്ചു. 

അമിത് ഷാ അടക്കമുളള നേതാക്കള്‍ തിരഞ്ഞെടുപ്പ് റാലികളില്‍ അഴിമതി ഉയര്‍ത്തിക്കാട്ടി വന്‍ പ്രചാരണം നടത്തിയിരുന്നു. അധികാരത്തില്‍ എത്തിയാല്‍ അജിത് പവാറിനെ ജയിലിലേക്ക് അയക്കുമെന്ന് ദേവേന്ദ് ഫട്‌നാവിസും പ്രഖ്യാപിച്ചിരുന്നു. ഒരു രാത്രി കൊണ്ട് ബിജെപിക്കൊപ്പം പോകാനുളള കാരണങ്ങളിലൊന്ന് ഈ അഴിമതിക്കേസുകളാണെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. ശനിയാഴ്ച രാവിലെയാണ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

https://www.manoramanews.com/news/breaking-news/2019/11/25/ajith-pawar-clean-chit.html


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *