എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വ്യാഴാഴ്ച പകൽ 11.30ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിക്കും. അത്യാധുനിക ഐസിയു, പിസിആര്‍ ലാബ്, നവീകരിച്ച മോര്‍ച്ചറി, പവര്‍ ലോണ്‍ട്രി, ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി മെഷീന്‍, സിസി ടിവി തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്യുന്നത്. വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അധ്യക്ഷനാകും.
ആര്‍ദ്രം പദ്ധതി
സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ 3.8 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. ഒപി ബ്ലോക്കുകളുടെ സമഗ്ര നവീകരണം നടപ്പാക്കി. ഒപി ബ്ലോക്കുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് സ്‌കൈ ബ്രിഡ്ജുകൾ സ്ഥാപിച്ചു. എട്ട് കൗണ്ടറുകള്‍ സ്ഥാപിച്ച് ഒപി കൗണ്ടര്‍ വിശാലമാക്കി. ഫാര്‍മസിയുടെ പ്രവര്‍ത്തനവും മെച്ചപ്പെട്ടു.
ഇ- ഹെല്‍ത്ത് പദ്ധതി
ഇ- ഹെല്‍ത്ത് പദ്ധതി മെഡിക്കല്‍ കോളേജില്‍ ആരംഭിച്ചു. ഒപികളില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടുകൂടി ക്യൂവില്‍ നില്‍ക്കുന്ന സമയം കുറയും. പരിശോധനാഫലങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഡോക്ടർമാർക്ക് കംപ്യൂട്ടറുകളില്‍ ലഭ്യമാകും.
അത്യാധുനിക ഐസിയു
നാല് കോടി രൂപ ചെലവഴിച്ചാണ് ഐസിയു നവീകരിച്ചത്. ഒരേസമയം എഴുപതോളം രോഗികളെ കിടത്തി ചികത്സിക്കാം. നിലവില്‍ ഗുരുതരാവസ്ഥയിലുള്ള നാല്‍പ്പതോളം കോവിഡ് ബാധിതര്‍ക്ക് വിദഗ്ധ രോഗീപരിചരണം നല്‍കുന്നു. 16 വെന്റിലേറ്ററുകളും രണ്ട് എബിജി മെഷീനുകളും ഒരു അള്‍ട്രാസൗണ്ട് സ്‌കാനിങ് എക്കോ മെഷീനും ഐസിയുവില്‍ സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കായി ദ്രുതഗതിയിലാണ് 1.63 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജില്‍ ആര്‍ടിപിസിആര്‍ ലാബ് സജ്ജമാക്കിയത്. നിലവില്‍ മൂന്ന് പിസിആര്‍ മെഷീനുകളാണ് ലാബില്‍ ഉള്ളത്.
ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി മെഷീന്‍
ഇമേജിങ് സെന്ററിന്റെ ഭാഗമായാണ് ഒന്നരക്കോടി രൂപ വിലയുള്ള ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി മെഷീന്‍ സ്ഥാപിച്ചത്. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തിന്റെ തത്സമയ വീഡിയോ ചിത്രീകരിക്കുന്ന ഈ സംവിധാനം തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിൽ മാത്രമാണ് ഉള്ളത്.
മറ്റു പദ്ധതികൾ
ഒരേസമയം 12 മൃതദേഹങ്ങള്‍ സൂക്ഷിക്കാവുന്ന ബ്ലൂ സ്റ്റാര്‍ ഫ്രീസര്‍ സ്ഥാപിച്ചു. 80 ലക്ഷം രൂപ ചെലവിൽ മോര്‍ച്ചറി നവീകരിച്ചു. 65 ലക്ഷം ചെലവഴിച്ചാണ് നൂതന പവര്‍ ലോണ്‍ട്രി സജ്ജമാക്കിയത്. മണിക്കൂറില്‍ 200 ബെഡ് ഷീറ്റ് അലക്കി ഉണക്കിയെടുക്കാന്‍ സാധിക്കും. 98.8 ലക്ഷം രൂപ ചെലവഴിച്ച് 130 ക്യാമറകളുള്ള സിസി ടിവി സംവിധാനം സജ്ജമാക്കി. ഐസിയുകളില്‍ 20 ക്യാമറകള്‍കൂടി സ്ഥാപിച്ചു.
https://www.deshabhimani.com/news/kerala/ernakulam-medical-college/894230
0 Comments