https://www.deshabhimani.com/news/kerala/news-wayanadkerala-18-02-2021/925347
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഹയർ സെക്കഡറി വിഭാഗ കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ നാടിന് സമർപ്പിച്ചു. സി കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. എംഎസ്ഡിപി ഫണ്ടിൽനിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ഇതോടൊപ്പം കൽപ്പറ്റ ജിവിഎച്ച്എസ്എസ്, മൂലങ്കാവ് ജിഎച്ച്എസ്എസ്, ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്‌കൂൾ, ജിവിഎച്ച്എസ്എസ് അമ്പലവയൽ, ജിഎൽപിഎസ് എടയൂർക്കുന്ന് എന്നീ സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങളും, മൂന്ന് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ നവീകരിച്ച സയൻസ് ലാബുകളും യാഥാർഥ്യമായി. കിഫ്ബി ഫണ്ട് ഉൾപ്പെടെ വിവിധ ഫണ്ടുകൾ ഉപയോഗപ്പെടുത്തിയാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. കൽപ്പറ്റ ജിവിഎച്ച്എസ്എസിൽ 5 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. ജിഎച്ച്എസ്എസ് മൂലങ്കാവിന് 3 കോടി രൂപയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടവും, ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലും, അമ്പലവയൽ ജിവിഎച്ച്എസ്സിലും ഒരു കോടി രൂപയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് വിഎച്ച്എസ്സി കെട്ടിടവും, എടയൂർകുന്ന് ഗവ. എൽപി സ്‌കൂളിന് സമഗ്ര ശിക്ഷാ കേരളയുടെ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടവുമാണ് പൂർത്തിയായത്. പനങ്കണ്ടി ജിഎച്ച്എസ്എസ്, നീർവാരം ജിഎച്ച്എസ്എസ്, കോളേരി ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളിൽ 40 ലക്ഷം വീതം ചെലവഴിച്ച് നവീകരിച്ച ഹയർ സെക്കൻഡറി സയൻസ് ലാബുകളും പൂർത്തിയായി.
Read more: https://www.deshabhimani.com/news/kerala/news-wayanadkerala-18-02-2021/925347
0 Comments