“നാൻ പെറ്റ മകൻ” എന്ന സിനിമയെക്കുറിച്ചുള്ള കുറിപ്പിനു കീഴെ എന്തൊക്കെ അസംബന്ധങ്ങളാണ് ആർഎസ്എസുകാരും എസ്ഡിപിഐക്കാരും എഴുതുന്നത്? പരസ്പര സഹായ മുന്നണിയുടെ നീചമായ മറ്റൊരു മുതലെടുപ്പ്. അങ്ങനെയേ അതിനെ കാണുന്നുള്ളൂ. എസ്ഡിപിഐയുടെ ഭീകരതയിൽ മുതലെടുക്കാൻ ആർഎസ്എസും ആർഎസ്എസ് ഭീകരതയിൽ നിന്ന് മുതലെടുക്കാൻ എസ്ഡിപിഐയും. അങ്ങനെ അന്യോനം സഹായിച്ച് തഴച്ചു വളരാമെന്നാണ് ഇക്കൂട്ടരുടെ വ്യാമോഹം.

അഭിമന്യുവിന്റെ കൊലയാളികളെ പിടിച്ചില്ലെന്നും പിരിച്ച തുകയൊന്നും അഭിമന്യുവിന്റെ കുടുംബത്തിനു കൊടുത്തില്ലെന്നുമൊക്കെ ഒരേസ്വരത്തിൽ ആർഎസ്എസുകാരും എസ്ഡിപിഐക്കാരും പ്രചരിപ്പിക്കുന്നതിന്റെ ഉന്നം മറ്റൊന്നല്ല. കേരളമാകെ അഭിമന്യുവിനോട് പ്രകടിപ്പിച്ച സ്നേഹവായ്പിൽ നഞ്ചുകലർത്തി അൽപം സിപിഎം വിരുദ്ധത വിറ്റഴിക്കാനുള്ള പരിശ്രമം കൊണ്ടുപിടിച്ചു നടത്തുന്നുണ്ട്. അല്ലെങ്കിൽത്തന്നെ ആർഎസ്എസുകാരിൽ നിന്ന് എന്തു നൻമ പ്രതീക്ഷിക്കാനാണ്… അഭിമന്യുവിനെപ്പോലൊരാളിനെ കൊന്നു തള്ളിയ എസ്ഡിപിഐക്കാരുടെ സുവിശേഷ പ്രസംഗം ആർക്കു കേൾക്കണം?

കേസിൽ വിചാരണ ജൂലൈ രണ്ടിന് ആരംഭിക്കുകയാണ്. ആകെ പതിനാറു പ്രതികളുണ്ട്. അവരിൽ 14 പേരെയും പോലീസ് അറസ്റ്റു ചെയ്തു. വേഗത്തിൽ കുറ്റപത്രം നൽകി. വിചാരണ വൈകില്ലെന്ന് ഉറപ്പു വരുത്തി. കൊലപാതകം, കൊലപാതകശ്രമം, അന്യായമായി സംഘംചേരൽ, മാരകമായി ആയുധം ഉപയോഗിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നിവ ഉൾപ്പെടെയുള്ള 13 വകുപ്പുകളാണ‌് പ്രതികൾക്കുമേൽ ചുമത്തിയിട്ടുള്ളത‌്.

രണ്ടു പ്രതികളെ ഇനിയും പിടികിട്ടാനുണ്ട്. അവർക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാപകമായ അന്വേഷണവും നടത്തുന്നു. രാജ്യത്തിനകത്തും പുറത്തും വേരുകളുള്ള ഒരു ഭീകരസംഘം ഈ പ്രതികളെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണ് എന്നു വ്യക്തമാണ്. ഈ കൊലയാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും. അവരെ പിടികൂടുന്ന കാര്യത്തിൽ ഒരലംഭാവവും പോലീസിന്റെ ഭാഗത്തില്ല.

അതുപോലെ ഫണ്ടു സമാഹരണത്തിന്റെ കാര്യം. മനസാക്ഷിയുള്ളവരെല്ലാം ഹൃദയം കൊണ്ടു പങ്കെടുത്ത ബൃഹദ് പരിപാടിയായിരുന്നു അത്. സിപിഐഎമ്മിന്റെ ഇടുക്കി, എറണാകുളം ജില്ലാ കമ്മിറ്റികളും എസ്എഫ്ഐയുമാണ് ഫണ്ട് സമാഹരിച്ചത്. അഭിമന്യുവിന്റെ കുടുംബത്തോടും ജീവിതത്തോടും രക്തസാക്ഷിത്വത്തോടും നീതിപുലർത്തുന്ന തരത്തിൽ ആ തുക വിനിയോഗിക്കപ്പെടണമെന്ന നിർബന്ധം സിപിഐഎമ്മിനുണ്ട്.

ഫണ്ട് വിനിയോഗത്തെക്കുറിച്ച് 2018 ഒക്ടോബറിൽത്തന്നെ പാർടി ഇങ്ങനെ വ്യക്തമാക്കി. “ഇടുക്കി ജില്ലാ കമ്മറ്റി 71 ലക്ഷം രൂപയും, എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല്‍ ബാങ്ക്‌ അക്കൗണ്ടില്‍ കൂടി 2,39,74,887 രൂപയുമാണ്‌ ലഭിച്ചത്‌. വട്ടവടയില്‍ വിലയ്‌ക്കുവാങ്ങിയ പത്തുസെന്റ്‌ സ്ഥലത്ത്‌ അഭിമന്യുവിന്റെ കുടുംബത്തിന്‌ നിര്‍മ്മിയ്‌ക്കുന്ന വീടിന്റെ പണി പൂര്‍ത്തീകരിക്കാറായി. സഹോദരിയുടെ പേരില്‍ 10 ലക്ഷം രൂപയും, അച്ഛന്റേയും അമ്മയുടേയും പേരിലുള്ള സംയുക്ത അക്കൗണ്ടില്‍ 25 ലക്ഷം രൂപയും നിക്ഷേപിയ്‌ക്കും.

എറണാകുളം നഗരത്തില്‍ അഭിമന്യു സ്‌മാരകമായി വിദ്യാര്‍ത്ഥി സേവന കേന്ദ്രം നിര്‍മ്മിയ്‌ക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗ്ഗീയവിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന കേന്ദ്രമാണ്‌ വിഭാവനം ചെയ്യുന്നത്‌. അഭിമന്യുവിനോടൊപ്പം കുത്തേറ്റ അര്‍ജ്ജുന്റെ ചികിത്സാചെലവും മറ്റ്‌ കാര്യങ്ങളും നിര്‍വ്വഹിക്കും”.

ഈ പ്രഖ്യാപിത നിലപാട് അനുസരിച്ചു തന്നെ ഫണ്ട് വിനിയോഗിച്ചിട്ടുണ്ട്. 12,50,000 രൂപ ചെലവിട്ട് സ്ഥലം വാങ്ങി. 24,45,750 രൂപ ചെലവിട്ട് വീടു പണിതു. സഹോദരിയുടെ വിവാഹാവശ്യത്തിന് 10 ലക്ഷം രൂപ നൽകി. അഭിമന്യുവിന്റെ മാതാപിതാക്കളുടെ പേരിൽ 25 ലക്ഷം ഫിക്സഡ് ഡെപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിച്ചു. വട്ടവടയിലെ രക്തസാക്ഷി സ്മാരകത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നുവരുന്നു. അഭിമന്യുവിന്റെ സ്വപ്നമായിരുന്ന വട്ടവടയിലെ ലൈബ്രറി, പി എസ് സി കോച്ചിംഗ് സെന്റർ എന്നിവ യാഥാർത്ഥ്യമായി. ഒരു ലക്ഷത്തോളം പുസ്തകങ്ങളാണ് ലക്ഷ്യമിട്ടത്.

വാഗ്ദാനം ചെയ്തതുപോലെ എസ് സി എസ്ടി കുട്ടികളുടെ വിദ്യാഭ്യാസോന്നമനം ലക്ഷ്യമിട്ട് എറണാകുളത്ത് അഭിമന്യുവിന്റെ പേരിൽ ഒരു മഹാസ്ഥാപനം ഉയരും. അതിനുവേണ്ടി ഒരു ട്രസ്റ്റ് രൂപീകരിച്ചു കഴിഞ്ഞു. ബാക്കി പണം ആ ട്രസ്റ്റിന്റെ പേരിൽ നിക്ഷേപിച്ചിട്ടുണ്ട്. ഗവേഷണ കേന്ദ്രം, ഡോർമെട്രികൾ, ലൈബ്രറി, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയടക്കമുള്ള വിപുലമായ സൌകര്യങ്ങളോടെയുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ലക്ഷ്യമിടുന്നത്.

എസ്എഫ്ഐ സമാഹരിച്ചത് 33 ലക്ഷം രൂപയാണ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് എൻഡോവ്മെന്റ് കൊടുക്കുന്നതിനാണ് ഈ തുക പൂർണമായും നീക്കിവെച്ചിരിക്കുന്നത്. അതിൽതന്നെ വട്ടവട മേഖലയിലുള്ള പട്ടികവർഗവിഭാഗത്തിൽപ്പെട്ടവർക്ക് ഒരു നിശ്ചിത ശതമാനം നീക്കിവെച്ചിട്ടുണ്ട്.
ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് അഭിമന്യു ഉയർത്തെഴുന്നേൽക്കുന്നത്.

വർഗീയതയ്ക്കെതിരെയുള്ള പ്രതിഷേധവും പ്രതിരോധവുമായി അഭിമന്യുവിൻ്റെ ഓർമ്മ ഇത്തരത്തിൽ നിലനിർത്തും. ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമ്പോൾ, അഭിമന്യുവിന്റെ മാതാപിതാക്കളിലും സുഹൃത്തുക്കളിലും ബന്ധുക്കളിലും സർക്കാരിനും സിപിഐഎമ്മിനുമെതിരെ അവിശ്വാസവും പ്രതിഷേധവും വളർത്തുകയാണ് സംഘപരിവാറിന്റെയും എസ്ഡിപിഐയുടെയും ലക്ഷ്യം. ഇവരിൽ ആരെയെങ്കിലും തെറ്റിദ്ധരിപ്പിച്ച് ഒരുവരി പ്രതിഷേധമെങ്കിലും കിട്ടിയാൽ കേരളത്തിലാകെ അതു പടർത്താൻ ചില മാധ്യമങ്ങളും ഒരുങ്ങി നിൽപ്പുണ്ട്. വ്യാജപ്രചരണങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് അഭിമന്യുവിന്റെ സഹോദരനു തന്നെ രംഗത്തു വരേണ്ടി വന്നു.

അഭിമന്യുവിന്റെ കൊലയാളികൾക്ക് നിയമപരമായ ശിക്ഷ ഉറപ്പുവരുത്താനും അഭിമന്യുവിന്റെ കുടുംബത്തെ സംരക്ഷിക്കാനും സർക്കാരും പാർടിയും പ്രതിജ്ഞാബദ്ധമാണ് . അതോടൊപ്പം എല്ലാ വർഗീയവാദികൾക്കുമെതിരെ കേരളം ഉയർത്തുന്ന പ്രതിരോധനിരയുടെ ഊർജമായി അഭിമന്യുവിന്റെ ഓർമ്മകൾ ഉണ്ടാകണമെന്ന പൊതുസമൂഹത്തിന്റെ ഇച്ഛയും സഫലീകരിക്കും. വർഗീയവാദികളുടെ നുണകളൊന്നും വിലപ്പോവുകയില്ല.

ഡോ തോമസ് ഐസക്ക്


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *