അടിച്ചമര്‍ത്തലുകള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കുമെതിരെ, സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിന് 74 ആണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രക്ത രൂക്ഷിതമായ സമരങ്ങളില്‍ ഒന്നായ പുന്നപ്ര-വയലാര്‍ സമരം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികത്തില്‍ ആചരിക്കപ്പെടുമ്പോള്‍ കോവിഡ് പശ്ചാത്തലത്തില്‍ രക്തസാക്ഷി അനുസ്മരണം ഉള്‍പ്പെടെ നിയന്ത്രണങ്ങളോടെയാണ് സംഘടിപ്പിക്കുന്നത്.

മലബാറിലെ കര്‍ഷക സമരങ്ങളോടൊപ്പം, ഇന്ത്യയിലെ തന്നെ എടുത്തുകാട്ടാവുന്ന ജനകീയ മുന്നേറ്റമായിരുന്നു, പുന്നപ്ര-വയലാര്‍ സമരം. 1946 ഒക്ടോബര്‍ 27 ന് പട്ടാളക്കാര്‍ വയലാറില്‍ നടത്തിയ വെടിവയ്പ്പില്‍ നൂറ് കണക്കിന് പോരാളികളാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ മോഡലില്‍ ഒരു ഭരണഘടനയുണ്ടാക്കി, തിരുവിതാംകൂറിനെ സ്വതന്ത്രരാജ്യമാക്കുകയും അതിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാതെ നിലനിര്‍ത്തുകയും ചെയ്യാമെന്ന് ദിവാന്‍ പദ്ധതിയിട്ടു. അതിനെതിരായി, ‘അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍’ എന്ന മുദ്രാവാക്യത്തിനൊപ്പം ഉത്തരവാദിത്വ ഭരണം വേണം എന്നതായിരുന്നു മറ്റൊരു മുദ്രാവാക്യം.

ഇത്തരം ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കയര്‍ത്തൊഴിലാളി യൂണിയന്റെ ഹാളില്‍ വെച്ച് സമരം ആരംഭിക്കുന്നത്. ആദ്യം തൊഴിലാളി പണിമുടക്ക് സമരമായും ക്രമേണ രാഷ്ട്രീയ പണിമുടക്കായും സൈനിക സമരമായും വികസിക്കുകയായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിന്റെയും, അതിനു മുമ്പ് നടന്ന കയ്യൂര്‍ സമരത്തിന്റേയുമെല്ലാം ഭാഗമായി, അടിയുറച്ച തൊഴിലാളി-കര്‍ഷക ഐക്യം ഇവിടെ വേരുറപ്പിച്ചു. ജനാധിപത്യ വിപ്ലവത്തിന്റെ വര്‍ഗ സഖ്യ ശക്തിയായി അത് പരിണമിക്കുകയായിരുന്നു.

കൊല്ലവര്‍ഷം 1122 തുലാം മാസം 7 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ (1946 ഒക്ടോബര്‍ 24 – 27) ആണ് പുന്നപ്ര-വയലാറിലെ ഈ തൊഴിലാളി പ്രക്ഷോഭങ്ങള്‍ നടന്നത്. യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലുമൊക്കെയായാണ് തൊഴിലാളികള്‍ ഏറ്റുമുട്ടിയത്. നൂറ്റിതൊണ്ണൂറ് പേര്‍ വെടിപെയ്പില്‍ മരിച്ചതായി ഔദ്യോഗിക കണക്കുകള്‍, എന്നാല്‍ മരണ സംഖ്യ ആയിരത്തിനുമുകളിലെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു.

punnapra


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *