“തർക്ക സ്‌ഥലത്തിന്റെ പുറംഭാഗത്തു ഹിന്ദുക്കൾക്ക് തുടർച്ചയായ കൈവശാവകാശമുണ്ട് എന്നതിന് തെളിവുണ്ട്. എന്നാൽ അകം ഭാഗത്തു മുസ്ലിങ്ങൾക്ക് തുടർച്ചയായ കൈവശാവകാശമുണ്ടായിരുന്നു എന്നതിന് തെളിവില്ല. മാത്രമല്ല 1949-ൽ അവർ അവിടെനിന്നു പുറത്തുപോയി, അതോടെ അതൊരു ആരാധനാലമല്ലാതെ ആയിത്തീരുന്നു.”

അവരെന്തിനാണ് പുറത്തുപോയത്?

“അവിടെ നടന്ന വിവിധ ആക്രമണങ്ങൾ, 1949-ൽ ബിംബം കൊണ്ടുവന്നു വെച്ചതും 1992-ൽ മിനാരങ്ങൾ ഇടിച്ചുനിരത്തിയതും അടക്കം, നീതിന്യായവ്യവസ്‌ഥയ്‌ക്ക്‌ എന്നത്തേയ്ക്കും കളങ്കമുണ്ടാക്കിയ സംഭവങ്ങളാണ്”:

അതുകൊണ്ട്?

“തർക്കസ്‌ഥലം മുഴുവൻ ക്ഷേത്രനിർമ്മാണത്തിനായി വിട്ടുകൊടുക്കുന്നു.”

ഇതാണ് അയോദ്ധ്യ കേസിലെ സുപ്രീം കോടതിവിധിയുടെ രത്നച്ചുരുക്കം.

*
ഇന്ന് ഓഗസ്റ്റ് 5 ആണ്. ജമ്മു കശ്മീർ എന്ന മുസ്ലിം ഭൂരിപക്ഷമുള്ള ഏക ഇന്ത്യൻ സംസ്‌ഥാനത്തെ വെട്ടിമുറിച്ച് അതിൽ ഒരു കഷ്ണം ഒരു ജയിലാക്കിമാറ്റിയതിന്റെ ഒന്നാം വാർഷികം. ഭീകരപ്രവർത്തനം അവസാനിപ്പിക്കുമെന്നും ജമ്മുകശ്മീരിൽ വികസനത്തിന്റെ പുതുയുഗത്തിനു തുടക്കം കുറിക്കും എന്നും നമ്മുടെ പ്രധാനമന്ത്രി നമുക്ക് വാക്ക് തന്നിട്ട് ഒരു കൊല്ലം. കാശ്മീരിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട പണ്ഡിറ്റുകൾ തങ്ങൾക്കൊടുവിൽ നീതി കിട്ടുമെന്ന് ഉറപ്പിച്ചു പറയാൻ തുടങ്ങിയിട്ട് ഒരു കൊല്ലം.

അതിന്റെ കണക്കു ഇന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറയേണ്ടതാണ്,

അദ്ദേഹം എന്താണു ഇന്ന് രാജ്യത്തോട് പറഞ്ഞത്?

” രാമക്ഷേത്രം കോടിക്കണക്കിനു മനുഷ്യരുടെ നിശ്ചയദാർഢ്യത്തിന്റെ അടയാളമാകും; വരും തലമുറകൾക്കു പ്രചോദനമാകും, നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിന്റെ ഉപകരണമാകും.”

മുകളിൽപ്പറഞ്ഞ കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ കിട്ടിയ സ്‌ഥലത്തു പണിയുന്ന ക്ഷേത്രം “ഐക്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉപകരണമാകും; വരും തലമുറകളെ പ്രചോദിപ്പിക്കും” എന്നാണ് അദ്ദേഹം പറയുന്നത്.

ശരിയായിരിക്കും; അദ്ദേഹം നമ്മുടെ നാടിന്റെ പ്രധാനമന്ത്രിയാണ്.

“രാമക്ഷേത്രം നമ്മുടെ ഐക്യത്തിന്റെ പ്രതീകമാകും.”

പ്രിയങ്ക ഗാന്ധി. ശരിയായിരിക്കും, അവർ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയാണ്, രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ മുതിർന്ന നേതാവാണ്.

“ഇന്നത്തെ യാഥാർഥ്യം ഇതാണ്; കോൺഗ്രസ് അങ്ങിനെ പറഞ്ഞത് ഒരു തന്ത്രമാണ്; മനുഷ്യരുടെ മൂഡ് അതാണ്”: പണ്ഡിതർ പറയുന്നു.

ശരിയായിരിക്കും. അവർ പണ്ഡിതരാണ്.

എന്നാൽ രാമക്ഷേത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ വേറൊരു മനുഷ്യൻ ഇങ്ങിനെ ഒരഭിപ്രായം പറഞ്ഞു.

“ഇന്നത്തെ കണക്കനുസരിച്ചു രാജ്യത്തെ കോവിഡ് വ്യാപനം പത്തൊൻപതു ലക്ഷം കവിഞ്ഞു. അതെങ്ങിനെ മറികടക്കാമെന്നാണ് നമ്മൾ കാര്യമായി ആലോചിക്കേണ്ടത്. ഇതിന്റെ ഭാഗമായി ദാരിദ്ര്യത്തിലുള്ള, വല്ലാതെ ബുദ്ധിമുട്ടുന്ന മനുഷ്യരുണ്ട്. അവർക്കെങ്ങനെ സാന്ത്വനം നൽകാനാവും? ഇതുമാണ് നാം കാര്യമായി ആലോചിക്കേണ്ടത്.”

അയാളുടെ പേര് പിണറായി വിജയൻ എന്നാണ്.
കേരളത്തിന്റെ മുഖ്യമന്ത്രി.

*

മുകളിൽപ്പറഞ്ഞ നേതാക്കന്മാരൊക്കെ പറഞ്ഞത് ഓരോ രാഷ്ട്രീയങ്ങളാണ്; അവരൊക്കെ നിൽക്കുന്നത് ഓരോ രാഷ്ട്രീയ സ്പെക്ട്രങ്ങളിലാണ്. ഇതിലെവിടെയാണ് നിങ്ങൾ കാണപ്പെടുക എന്നതാണ് ചോദ്യം.

നിങ്ങൾക്ക് പിണറായി വിജയനെയോ അയാളുടെ രാഷ്ട്രീയത്തെയോ എതിർക്കാൻ ആയിരം കാരണങ്ങളുണ്ടാകും; എനിക്കുണ്ട്. ആ കാരണങ്ങൾ ഇന്നലെയുണ്ട്; ഇന്നുണ്ട്, നാളെയുമുണ്ടാകും. പക്ഷെ രാഷ്ട്രീയങ്ങൾ മുഖത്തോടുമുഖം നിൽക്കുന്ന ചില വേളകളിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ ഒട്ടനവധി ഓപ്‌ഷനുകൾ ഉണ്ടാവണമെന്നില്ല. എനിക്കില്ല.

നിക്കോസ് കസാൻസാക്കിസിനെ ഒരിക്കൽക്കൂടി ഉദ്ധരിച്ചാൽ, തെറ്റുകളുടെ മഹാശിലകൾക്കടിയിൽ നീതിയ്ക്കുവേണ്ടിയുള്ള നിശ്ശബ്ദ നിലവിളികളെ അടക്കം ചെയ്യുന്ന നാട്ടിൽ എനിക്ക് തെരഞ്ഞെടുക്കാൻ ഇതിലൊരു രാഷ്ട്രീയമേയുള്ളൂ. ഒരു സ്പെക്ട്രം.

അത് മനുഷ്യന്റെ വിശപ്പിനെ, ദാരിദ്ര്യത്തെ, മഹാമാരിയെ അഡ്രസ് ചെയ്യാൻ ശ്രമിക്കുന്ന രാഷ്ട്രീയമാണ്‌.

അതിനി എത്ര ചെറുതാണെങ്കിലും.
അതെന്റെ ജീവിതകാലത്തു വിജയിച്ചില്ലെങ്കിൽക്കൂടിയും,

അതാണെന്റെ ചോയ്‌സ്.”


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *