ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവും ദിനംപ്രതി ഉയരുന്ന കൊവിഡ് കണക്കുകളും സാമ്പത്തിക തകര്‍ച്ചയും വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കപില്‍ സിബല്‍ കേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്.

രാജ്യം നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ ഓരോന്നും അക്കമിട്ട് നിരത്തിയായിരുന്നു കപില്‍ സിബലിന്റെ ട്വീറ്റ്.

1. നിയന്ത്രണരേഖയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍
2. കുത്തനെ ഉയരുന്ന കൊവിഡ് കേസുകള്‍
3. തകര്‍ച്ച നേരിടുന്ന സാമ്പത്തിക രംഗം
4. ആത്മഹത്യ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍
5. രാഷ്ട്രീയയജമാന്‍മാരെ സേവിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍

അരയന്നങ്ങള്‍ക്കൊപ്പം കളിച്ചോളൂ എന്നാല്‍ വട്ടപൂജ്യമായിപ്പോകരുത് (Play with the ducks But Don’t score a DUCK) എന്നായിരുന്നു സിബല്‍ ട്വീറ്റ് ചെയ്തത്.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ തിങ്കളാഴ്ച രാത്രിയും ഇരു സൈന്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിര്‍ത്തിയില്‍ ഇന്ത്യ വെടിയുതിര്‍ത്തതായി ചൈനീസ് സൈന്യം ആരോപിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു സിബലിന്റെ വിമര്‍ശനം.

ലോകരാജ്യങ്ങളില്‍ ദിവസേന ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിട്ടുണ്ട്. ഇന്നലെ ബ്രസീലിനെ മറികടന്നാണ് കൊവിഡ് പട്ടികയില്‍ ഇന്ത്യ രണ്ടാമത് എത്തിയത്.

പ്രതിരോധ വാക്‌സിനുകള്‍ ലഭ്യമാക്കാനോ കൊവിഡില്‍ കൃത്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് രോഗവ്യാപനം തടയാനോ കഴിയാത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെയായിരുന്നു സിബല്‍ രംഗത്തെത്തിയത്. കൊവിഡ് ഇത്രയേറെ ഗുരുതരമായത് കേന്ദ്രത്തിന്റെ അലംഭാവം ഒന്നുകൊണ്ട് മാത്രമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ജി.ഡി.പി എത്തിയതും സാമ്പത്തിക തകര്‍ച്ചയുമെല്ലാം കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്.

https://www.doolnews.com/no-control-over-loc-covid-economic-slide-sibal-against-modi-454.html


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *