കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ സർക്കാർ ആതുരാലയങ്ങളിൽ ജനം അനുഭവിച്ചറിഞ്ഞ മാറ്റങ്ങളുടെ പേരാണ് ആർദ്രം. 2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നാല് നവകേരളമിഷനുകളുടെ ഭാഗമായാണ് ആർദ്രം മിഷൻ ആരംഭിച്ചത്. വൻകിട സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങൾ ഓരോന്നായി ഇന്ന് കേരളത്തിലെ സർക്കാർ ആശുപത്രികളിലും ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. സർക്കാർ ആതുരാലയങ്ങളിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അഭിമാനപൂർവ്വം ഷെയർ ചെയ്യപ്പെടുന്ന അനുഭവം കേരളത്തിന് സമ്മാനിച്ചത് ആർദ്രമാണ്.അഞ്ഞൂറിലധികം PHCകളാണ് ഇതിനകം കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറിയത്. എല്ലാ PHCകളും FHCകളാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഒപി സമയം വൈകുന്നേരം 6 മണി വരെയാക്കി വർദ്ധിപ്പിച്ചും ആവശ്യമായ തസ്തികകൾ സൃഷ്ടിച്ചും ശ്വാസ് ക്ലിനിക്കുകൾ പോലെയുള്ള പുതിയ സൗകര്യങ്ങളൊരുക്കിയും മാറ്റം പേരിൽ മാത്രമല്ലെന്ന് സർക്കാർ ഉറപ്പുവരുത്തി. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെല്ലാം കേരളത്തിലായതോടെ ഈ മാറ്റങ്ങൾക്ക് ദേശീയ അംഗീകാരവുമായി. അടിസ്ഥാനസൗകര്യവികസനം താഴെത്തട്ടിൽ മാത്രമായില്ല. എല്ലാ തലങ്ങളിലെ ആശുപത്രികളിലും മാസ്റ്റര്‍പ്ലാനിന്റെ അടിസ്ഥാനത്തില്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജമാക്കുന്ന പ്രവൃത്തികൾ ഏറ്റെടുത്തു. ജില്ലാതല ആശുപത്രികളില്‍ കാത്ത് ലാബ് സൗകര്യത്തോടെയുള്ള കാര്‍ഡിയോളജി യൂണിറ്റുകളും മറ്റ് സൂപ്പര്‍സ്‌പെഷ്യാലിറ്റി വകുപ്പുകളും ആരംഭിച്ചു. താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ പുതിയ ബഹുനിലകെട്ടിടങ്ങൾ നിർമ്മിച്ചും ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും കാത്ത് ലാബുകൾ ഒരുക്കിയും സാധാരണക്കാർക്ക് ഗുണമേന്മയുള്ള ചികിൽസ ഉറപ്പാക്കി. 44 താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സെന്റർ ആരംഭിച്ചു. എല്ലാ ആശുപത്രികളിലും ഒ.പി നവീകരണത്തിനുള്ള നടപടികൾ സ്വീകരിച്ചു. ഒ.പി വിഭാഗത്തിലെ തിരക്ക് കുറക്കുന്നതിനായി ആധുനികവത്കരിച്ച രജിസ്‌ട്രേഷന്‍, ടോക്കണ്‍ സംവിധാനങ്ങള്‍, രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന കണ്‍സള്‍ട്ടേഷന്‍ റൂമുകള്‍ എന്നിവയും സജ്ജമാക്കുന്നു. ഇ-ഹെൽത്ത് പദ്ധതി യാഥാർത്ഥ്യമാക്കി.മികച്ച പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ഈ കാലയളവിൽ ആരോഗ്യമേഖലയിൽ മാത്രം സൃഷ്ടിക്കപ്പെട്ടത് പതിനായിരത്തോളം തസ്തികകളാണ്. നിപയെയും കോവിഡ് 19നെയും പ്രതിരോധിക്കുന്നതിലെ കേരളത്തിന്റെ മികവ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ആ പ്രതിരോധത്തിന് കേരളത്തെ സജ്ജമാക്കിയ മികവിന്റെ പേര് കൂടിയാണ് ആർദ്രം. പുത്തൻ വെല്ലുവിളികളെ നേരിടാൻ കഴിയുംവിധം ആരോഗ്യരംഗത്തെ കേരളമാതൃകയെ ശാക്തീകരിച്ച ആർദ്രം മിഷൻ കേരളത്തിൽ ഇനിയും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നത് ഇടതുപക്ഷം നൽകുന്ന ഉറപ്പാണ്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *