പുനലൂർ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലും കിഫ്ബി ഫണ്ട് വിനിയോഗിച്ച് പണിത പുതിയ ബഹുനിലമന്ദിരങ്ങളുടെ നിലവാരം നാം കണ്ടതാണ്. പട്ടണങ്ങളിലെ മുന്തിയ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന ആ നിലവാരം താലൂക്ക് ആശുപത്രിയിൽ വരെ എത്തിക്കുന്ന വിപ്ലവമാണ് ആർദ്രം മിഷൻ വഴി സംസ്ഥാനത്തെ ആരോഗ്യമേഖല കൈവരിച്ചത്. പിണറായി സർക്കാർ കേരളത്തിന് സമ്മാനിച്ചത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ഈ ഉന്നതനിലവാരമാണ്.

ഇതേ നിലവാരത്തിലേക്ക് ആരോഗ്യസ്ഥാപനങ്ങളെ ഉയർത്താൻ പര്യാപ്തമായ 34 പദ്ധതികളുടെ നിർമ്മാണോദ്ഘാടനമാണ് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി നിർവഹിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയുള്ള വികസനത്തിന്റെ രണ്ടാം ഘട്ടത്തിനും കോന്നി മെഡിക്കൽ കോളേജിന്റെ രണ്ടാംഘട്ട നിർമ്മാണപ്രവൃത്തികൾക്കും തൃശൂർ മെഡിക്കൽ കോളേജിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മാണപ്രവൃത്തികൾക്കും തുടക്കം കുറിച്ചു. മലബാർ കാൻസർ സെന്ററിനെ പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ച് ആയി ഉർത്തുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനും തുടക്കമായി. തിരുവനന്തപുരം, കോഴിക്കോട് (ബീച്ച്), കോട്ടയം ജനറൽ ആശുപത്രികൾ, കൊല്ലം, പാലക്കാട് ജില്ലാ ആശുപത്രികൾ എന്നീ ആരോഗ്യസ്ഥാപനങ്ങളിൽ അത്യാധുനികസൗകര്യങ്ങളോടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണം ആരംഭിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ വർക്കല, മലയിൻകീഴ്, ആലപ്പുഴ ജില്ലയിലെ കായംകുളം, ചേർത്തല, പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, കോട്ടയം ജില്ലയിലെ വൈക്കം, എറണാകുളം കരുവേലിപ്പടി, പാലക്കാട് ജില്ലയിൽ പട്ടാമ്പി, ആലത്തൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, മലപ്പുറം ജില്ലയിൽ പൊന്നാനി, തിരൂരങ്ങാടി, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, ബാലുശേരി, ഫറോഖ്, കാസർഗോഡ് ബേഡഡുക്ക, നീലേശ്വരം, മംഗൽപാടി എന്നിങ്ങനെ പത്തൊൻപത് താലൂക്ക് ആശുപത്രികളിലാണ് പുതിയ ബഹുനിലമന്ദിരങ്ങൾ ഉയരുക. നാദാപുരം താലൂക്ക് ആശുപത്രിയിലും കണ്ണൂർ ജില്ലയിലെ പനത്തടിയിലും ഡയാലിസിസ് കേന്ദ്രം പണിയുന്ന പ്രവൃത്തിയും ആരംഭിച്ചു.

ആർദ്രം മിഷനും കിഫ്ബിയും കേരളത്തിലെ പൊതുജനാരോഗ്യ പരിപാലനത്തിൽ നൽകിയ സംഭാവനകൾ വാക്കുകൾക്കും അപ്പുറമാണ്. സർക്കാർ ആശുപത്രികളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നവർ 36 ശതമാനത്തിൽ നിന്നും 47 ശതമാനമായി വർദ്ധിച്ചത് ആർദ്രത്തിന്റെ ഇംപാക്ടാണ്. സാധാരണക്കാർക്ക് പണച്ചെലവില്ലാതെ മികച്ച ചികിൽസ ലഭ്യമാകുകയാണ്. മെഡിക്കൽ കോളേജുകളിൽ പോലും കാണാതിരുന്ന സൗകര്യങ്ങൾ ജില്ലാ ആശുപത്രികളിൽ ലഭ്യമാക്കുകയാണ്. താലൂക്ക് ആശുപത്രികളിൽ വരെ വലിയ സൗകര്യങ്ങൾ ഒരുക്കുകയാണ്. വരുന്ന രണ്ടോ മൂന്നോ വർഷങ്ങൾ കൊണ്ട് സംസ്ഥാനത്തെ ഒട്ടു മിക്ക താലൂക്ക് ആശുപത്രികളും ഉന്നതനിലവാരത്തിലേക്കുയരും.

ഈ മുന്നേറ്റം തുടരണം. യുഡിഎഫ് അധികാരത്തിൽ വന്നാൽ ആർദ്രം ഉൾപ്പെടെയുള്ള ഈ സർക്കാർ തുടങ്ങിയ മിഷനുകൾ നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചത് യുഡിഎഫ് കൺവീനറാണ്. കിഫ്ബിയോടുള്ള യുഡിഎഫ് സമീപനവും നമുക്ക് അറിയാവുന്നതാണ്. പുനലൂരിലും എറണാകുളത്തും നമ്മൾ കണ്ട വികസനവിപ്ലവം നാടാകെ പകരണമെങ്കിൽ ആർദ്രവും കിഫ്ബിയും തുടരേണ്ടതുണ്ട്. ആ തുടർച്ച ഉറപ്പ് വരുത്തുന്നവർക്കാകട്ടെ നാടിന്റെ മനസ്സാക്ഷിയുടെ അംഗീകാരം.

ഇനിയുംമുന്നോട്ട് #നവകേരളം #LeftAlternative


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *