ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക് (ജിവിഎന്‍ ) അംഗത്വം ലഭിച്ചെങ്കിലും ഇതിന്റെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍  തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന  ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് വൈറോളജി ( ഐ എ വി ) ഇനിയും കാത്തിരിക്കേണ്ടി വരും. ഐഎവി  ഇനിയും പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായിട്ടില്ലെന്നതാണ് ഇതിന്റെ കാരണം.

തിരുവനന്തപുരത്തെ തോന്നയ്ക്കലില്‍ സയന്‍സ് ആന്റ് ടെക്നോളജി കൗണ്‍സിലിനു കീഴിലുള്ള ലൈഫ് സയന്‍സസ് പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഐ എ വി പ്രവര്‍ത്തനം തുടങ്ങിയത്. ക്ലിനിക്കല്‍ വൈറോളജി , വൈറല്‍ ഡയഗ്നൊസ്റ്റിക്സ്, വൈറല്‍ എപ്പിഡമിയൊളജി എന്നിവയില്‍ അന്താരാഷ്ട്ര നിലവാരമുള്ള പ്രവര്‍ത്തനങ്ങളാണ് ഐഎവി ലക്ഷ്യമിടുന്നത്. പക്ഷേ, കൊവിഡ് 19 ന്റെ വ്യാപനത്തിനിടയിലും  ഐ എ വിയുടെ പ്രവര്‍ത്തനത്തില്‍ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല. പരീക്ഷണശാല അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള ജീവനക്കാരുടെ അഭാവമാണ് മുഖ്യ പ്രതിസന്ധി.

ഐഎവിക്ക് ഒരു മുഴുവന്‍ സമയ ഡയറക്ടറെ കണ്ടെത്തുന്നതിനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല. ”അന്താരാഷ്ട്രതലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള  ഒരു വൈറോളജിസ്റ്റിനെ ഇതിനായി ഉടനെ കണ്ടെത്താനാവുമെന്നാണ് കരുതുന്നത്. അധികം വൈകാതെ തന്നെ ഐഎവിക്ക് ഒരു മുഴുവന്‍ സമയ ഡയറക്ടര്‍ ലഭ്യമാവും.”  ഐഎവി ഉപദേശകസമിതി ചെയര്‍മാന്‍ ഡോക്ടര്‍ ജേക്കബ്ബ് ജോണ്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഗ്ലോബല്‍ വൈറസ് നെറ്റ്വര്‍ക്ക് ( ജിവിഎന്‍ ) അംഗത്വം  ഐ എ വി ക്ക് വികസന വഴിയില്‍ കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും ഡോക്ടര്‍ ജേക്കബ്ബ് ജോണ്‍  ചൂണ്ടിക്കാട്ടി. ”അമേരിക്കയിലെ മേരിലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിവി എന്നിന് 29 രാജ്യങ്ങളില്‍ പ്രവര്‍ത്തനകേന്ദ്രങ്ങളുണ്ട്. ഇവിടെ നടക്കുന്ന ഗവേഷണങ്ങളിലെ വിവരങ്ങള്‍ ഐഎവിക്ക് ലഭ്യമാകുമെന്നതാണ് ഇതില്‍ മുഖ്യം. ആഗോളതലത്തില്‍ വൈറോളജിയുമായി ബന്ധപ്പെട്ടുള്ള ആശയവിനിമയങ്ങളില്‍ പങ്കാളിയാവുന്നതോടെ ഐഎവിയുടെ ജ്ഞാന മണ്ഡലങ്ങള്‍ക്ക് പുതിയ ചിറകുകള്‍ ലഭിക്കും. ”

ഇന്ത്യയില്‍ ഈ അംഗത്വം ലഭിക്കുന്ന ആദ്യ കേന്ദ്രമാണ് ഐഎവി. കോഴിക്കോട് നിപ്പയുടെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ്  തിരുവനന്തപുരത്ത് പുതിയൊരു വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആശയത്തിന് സാക്ഷാത്കാരമായത്. കൊറോണയുടെ വ്യാപനം  ആശങ്കയുടെ നിഴലുകള്‍ വിരിച്ചിരിക്കെ ഐ എ വിയുടെ പ്രവര്‍ത്തനം ഇനിയും നീണ്ടുപോവുന്നത് അഭികാമ്യമല്ലെന്നാണ് ആരോഗ്യ പരിപരിപാലന മേഖലയിലെ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

വൈറോളജിയില്‍ കേരളത്തിന് നഷ്ടപ്പെട്ട സുവര്‍ണ്ണാവസരം

വൈറോളജിയില്‍  ഇന്നിപ്പോള്‍ ലോകത്തിന്റെ തന്നെ മുന്‍നിരയില്‍ നിലയുറപ്പിക്കേണ്ടിയിരുന്ന സുവര്‍ണ്ണാവസരമാണ് 18 കൊല്ലം മുമ്പ്  കേരളത്തിന് നഷ്ടമായതെന്ന് ഡോക്ടര്‍ ജേക്കബ്ബ് ജോണ്‍ ഓര്‍ക്കുന്നു. 2002 ല്‍ എ കെ ആന്റണി സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ച പ്രതികൂലാത്മകമായ നിലപാടാണ് ഈ അവസരം ഇല്ലാതാക്കിയതെന്നും ഡോക്ടര്‍ ജേക്കബ്ബ് ജോണ്‍ വ്യക്തമാക്കുന്നു.

1996 ല്‍ അന്നത്തെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ആലപ്പുഴ ആസ്ഥാനമാക്കി കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയുട്ട് ഒഫ് വൈറോളജി  ആന്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങാന്‍ തീരുമാനമായത്. ആയിടെ കേരളത്തില്‍ ജാപ്പനീസ് എന്‍സഫലിറ്റിസും മലേറിയയും പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് കേരള സര്‍ക്കാര്‍ രൂപം നല്‍കിയ കമ്മിറ്റിയാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ആശയം മുന്നോട്ടുവെച്ചത്. ഡോക്ടര്‍ ജേക്കബ്ബ് ജോണ്‍, ഡോക്ടര്‍ എം ആര്‍ ദാസ്, ഡോക്ടര്‍ വിജയന്‍പിള്ള എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍. ആലപ്പുഴ ആസ്ഥാനമാക്കി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നിലവില്‍ വന്നത് ഇതിനെത്തുടര്‍ന്നാണ്.

അന്നത്തെ മുഖ്യമന്ത്രി നായനാരും ആരോഗ്യമന്ത്രി ഷണ്‍മുഖദാസും ഈ കേന്ദ്രത്തിന് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നെന്ന് ഡോക്ടര്‍ ജേക്കബ്ബ് ജോണ്‍ പറഞ്ഞു. ഐസിഎംആര്‍ ഗവേഷണകേന്ദ്രത്തില്‍ വൈറോളജി വിഭാഗം മേധാവിയായി വിരമിച്ച ഡോക്ടര്‍ ജേക്കബ്ബ് ജോണിനെയാണ് ഈ സ്ഥാപനത്തിന്റെ ഉപദേശകനായി കേരള സര്‍ക്കാര്‍ കൊണ്ടുവന്നത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പിനായി ടാറ്റ ഫൗണ്ടേഷനില്‍ നിന്നും 30 ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിച്ചു.  ആദ്യ ഗഡുവായി പത്ത് ലക്ഷം രൂപയാണ് ടാറ്റ ഫൗണ്ടേഷന്‍ നല്‍കിയത്. വൈറോളജിയില്‍ ഡോക്ടര്‍ ജേക്കബ്ബിന്റെ നിസ്തുല സംഭാവനകളെ മുന്‍നിര്‍ത്തിയാണ് ടാറ്റ ഫൗണ്ടേഷന്‍ ഗ്രാന്റ് അനുവദിച്ചത്. ഇതോടൊപ്പം തന്നെ രോഗ നിരീക്ഷണത്തിനായി വെല്ലൂര്‍ മെഡിക്കല്‍ കോളേജ് അനുവദിച്ച ഗ്രാന്റും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍ബലമായി. കേരളത്തില്‍ ആദ്യമായി ഡിസീസ് സര്‍വ്വെയലന്‍സ് സംവിധാനം കോട്ടയം ജില്ലയില്‍ നടപ്പാക്കിയത്  ഈ പരിസരത്തിലാണ്. എലിപ്പനി കേരളത്തില്‍ സ്ഥിരീകരിക്കപ്പെട്ടത് ഇതിലൂടെയാണ്. കേന്ദ്ര ആരോഗ്യ വകുപ്പ് 30 കോടി രൂപയാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് വാഗ്ദാനം ചെയ്തത്. ഒരു പ്രൊപ്പോസല്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍  ധനസഹായം നല്‍കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

2001 ല്‍ നായനാര്‍ സര്‍ക്കാര്‍ മാറി ആന്റണി സര്‍ക്കാര്‍ ചുമതലയേറ്റു. ആയിടെയാണ് കേരളത്തില്‍ വിചിത്രമായൊാരു പനി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇത് ഡെങ്കിയാണെന്ന് ആദ്യം സൂചിപ്പിച്ചത് ഡോക്ടര്‍ ജേക്കബ്ബ് ജോണ്‍ ആയിരുന്നു. ഡോക്ടര്‍ ജേക്കബ്ബിനെ ഉദ്ധരിച്ചാണ് അന്ന് കേരളത്തിലെ പത്രങ്ങള്‍ ഡെങ്കിയുടെ വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. ഈ റിപ്പോര്‍ട്ടുകള്‍ അന്ന് കേരളത്തില്‍ ആരോഗ്യ വകുപ്പ് മേധാവികളെ ചൊടിപ്പിച്ചതായി ഡോക്ടര്‍ ജേക്കബ്ബ് പറഞ്ഞു. കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് എതിരാണ് ഡോക്ടര്‍ ജേക്കബ്ബിന്റെ നിലപാടുകള്‍ എന്നാണ് ആരോഗ്യവകുപ്പ് കുറ്റപ്പെടുത്തിയത്. അധികം വൈകാതെ തന്നെ ഡോക്ടര്‍ ജേക്കബ്ബ് ജോണിന്റെ സേവനം ഇനി ആവശ്യമില്ലെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി. അതോടെ ടാറ്റ ഫൗണ്ടേഷന്‍ ഗ്രാന്റ് പിന്‍വലിച്ചു. കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 30 കോടി രൂപയുടെ ധനസഹായത്തെക്കുറിച്ചും പിന്നീടാരും ആലോചിച്ചില്ല. പകരം പൂണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുടെ ഒരു കേന്ദ്രം ആലപ്പുഴയില്‍ തുടങ്ങുകയാണ് ആന്റണി സര്‍ക്കാര്‍ ചെയ്തത്.

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിന് ആത്മാര്‍ത്ഥമായി ശ്രമിച്ചെന്ന് എ കെ ആന്റണി

ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വികസനത്തിന് ആത്മാര്‍ത്ഥമായി ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെപോവുകയായിരുന്നെന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.  നിരവധി സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിച്ചിരുന്നതുകൊണ്ട് ആലപ്പുഴയില്‍ വൈറേളാജി ഇന്‍സ്റ്റിറ്റ്യൂട്ട് എല്ലാ രീതിയിലും മുന്നോട്ട് പോകണമെന്ന നിലപാടായിരുന്നു തനിക്കുണ്ടായിരുന്നതെന്ന് ആന്റണി വ്യക്തമാക്കി.  വയലാര്‍ രവി, സി കെ ചന്ദ്രപ്പന്‍ ,തിലോത്തമന്‍ , ആരിഫ് എന്നിങ്ങനെ രാഷ്ട്രീയ കക്ഷി ഭേദമന്യെ എല്ലാവരും ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനായി കൊണ്ടുപിടിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡോക്ടര്‍ ജേക്കബ്ബ് ജോണ്‍ എല്ലാവരും ആദരിക്കുന്ന വൈറോളജിസ്റ്റാണെന്നും അദ്ദേഹത്തിന് തന്റെ സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും രീതിയിലുള്ള  പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നതായി ഓര്‍ക്കുന്നില്ലെന്നും ആന്റണി പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിയുന്നത്ര സ്വാതന്ത്ര്യം നല്‍കുക എന്നതായിരുന്നു തന്റെ സമീപനമെന്നും അതുകൊണ്ടുതന്നെ ഓരോ വകുപ്പുമായും ബന്ധപ്പെട്ട വിശദാംശങ്ങള്‍ തന്റെശ്രദ്ധയില്‍ പെടണമെന്നില്ലെന്നും ആന്റണി വ്യക്തമാക്കി.

https://www.mathrubhumi.com/news/kerala/still-to-wait-for-the-virology-institute-to-run-smoothly-1.4705601?fbclid=IwAR0Q47FTe_yvSf182T621zT9lg6NnP0DZSjzQSg2eMd4IjHQtPySerAO9cA


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *