ഇഎംഎസ് നമ്പൂതിരിപ്പാട് ബാബറി മസ്‌ജിദ് പൊളിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന നിലപാട് സ്വീകരിച്ചിരുന്ന വ്യക്തിയാണോ? അദ്ദേഹം 1987ല്‍ ഇത്തരത്തില്‍ ഒരു പരസ്യ പ്രസ്‌താവന നടത്തിയിട്ടുണ്ടോ? പ്രചരിക്കുന്ന പത്രവാര്‍ത്തയുടെ പിന്നിലെ സത്യാവസ്ഥയെന്തെന്ന് പരിശോധിക്കാം.ഇഎംഎസിന്‍റെ പ്രസ്‌താവന എന്ന പേരില്‍ പ്രചരിക്കുന്നത് മാതൃഭൂമിയില്‍ എന്ന മലയാള മാധ്യമത്തിൽ വന്ന വാര്‍ത്തകുറിപ്പ് തന്നെയാണ്..! അത്തരമൊന്ന് മാതൃഭൂമി വാർത്തയായി നൽകിയിരുന്നു.ഇതിലെ കൗതുകമെന്നത് മാതൃഭൂമി മാത്രമാണ് ഇത് പ്രസിദ്ധീകരിച്ചതും. മറ്റൊരു പത്രവും ഈ വാർത്ത പ്രസിദ്ധികരിച്ചില്ലാ.അടുത്ത ദിവസംതന്നെ ഇഎംഎസിന്റെ മറുപടിയടക്കം ദേശാഭിമാനി വാര്‍ത്തയുടെ നിജസ്ഥിതി പ്രസിദ്ധീകരിച്ചു! 1987 ജനുവരി 15ന്റെ ദേശാഭിമാനിയില്‍ ഇ എം എസിന്റെ പ്രസ്‌താവനയുടെ പൂര്‍ണരൂപം നല്‍കിയിട്ടുണ്ട്. ഇ എം എസ് യോഗത്തില്‍ പ്രസംഗിച്ചത് എന്തെന്നും മാതൃഭൂമി ലേഖകന്‍ ഭാവനയില്‍നിന്ന് എഴുതിയത് എന്തെന്നും പുതിയ തലമുറ വായിച്ചറിയേണ്ടതുണ്ട് എന്നതിനാൽ അത് ചുവടെ കുറിക്കുന്നു.*പറയാത്തത്‌*കൊച്ചി: ‘ബാബ്റി മസ്‌ജിദ് പൊളിച്ചുമാറ്റണം എന്ന് ഇ എം എസ്” എന്ന തലക്കെട്ടില്‍ ഇന്നത്തെ (ജനുവരി 14ന്റെ) മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താശകലവും ആകാശവാണിയുടെ പ്രക്ഷേപണവും തന്നെ അത്ഭുതപ്പെടുത്തിയെന്ന് കമ്യൂണിസ്റ് (മാര്‍ക്സിസ്റ്) പാര്‍ടി ജനറല്‍ സെക്രട്ടറി ഇ എം എസ് ഇന്നിവിടെ പറഞ്ഞു.ഇന്നലെ (13ന്) തിരൂരില്‍ ഞാന്‍ ചെയ്‌ത പ്രസംഗം ‘റിപ്പോര്‍ട്ടു ചെയ്‌തു”വെന്നാണ് ലേഖകന്‍ അവകാശപ്പെടുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത്തരമൊരു പ്രസ്താവനയും താന്‍ ചെയ്‌തിട്ടില്ല.നേരേമറിച്ച് രാമജന്മഭൂമിയെന്ന പേരില്‍ ഹൈന്ദവ ബഹുജനങ്ങളെയും ബാബ്റി മസ്ജിദ് എന്ന പേരില്‍ മുസ്ളീം ബഹുജനങ്ങളെയും തമ്മിലടിപ്പിക്കരുതെന്ന് ഇരുവിഭാഗങ്ങളിലുംപെട്ട പ്രമാണിമാരോട് അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്‌തത്. മാത്രമല്ല, മലപ്പുറം ജില്ലയില്‍പെട്ട ഏലംകുളം, പൊന്നാനി എന്നീ രണ്ടു സ്ഥലങ്ങളില്‍ കൂടി ഇതേ അഭ്യര്‍ഥന ഇന്നലെ താന്‍ നടത്തിയിരുന്നു. മൂന്നിടത്തെയും പ്രസംഗങ്ങള്‍ കേട്ടവര്‍ക്ക് അതറിയാം.ദൂരെ കിടക്കുന്ന അയോധ്യയില്‍ മാത്രമല്ല മലപ്പുറം ജില്ലയില്‍തന്നെ അടുത്തുള്ള സ്ഥലങ്ങളിലും ഒരു വിഭാഗക്കാര്‍ ക്ഷേത്രത്തിന്റെയും മറ്റൊരു വിഭാഗക്കാര്‍ പള്ളിയുടെയും പേരില്‍ ജനങ്ങളെ ഇളക്കിവിടുന്നുണ്ടെന്ന് ഇ എം എസ് തുടര്‍ന്നുപറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്ത ഈ ഘട്ടത്തില്‍ വോട്ടുപിടിത്ത ശ്രമത്തിന്റെ ഭാഗമായി ഇത്തരം സംഭവങ്ങള്‍ കരുതിക്കൂട്ടി ഉണ്ടാക്കാന്‍ പലരും ശ്രമിക്കും. അതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ മതനിരപേക്ഷതയില്‍ താല്‍പ്പര്യമുള്ള എല്ലാ ജനാധിപത്യവാദികളും മുന്നോട്ടുവരേണ്ടതാണ്.അതിനുള്ള അഭ്യര്‍ത്ഥന നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന താന്‍ ഏതെങ്കിലുമൊരു ക്ഷേത്രമോ പള്ളിയോ പൊളിച്ചുമാറ്റണമെന്ന് പറഞ്ഞതായി ‘റിപ്പോര്‍ട്ട്’ ചെയ്തവരുടെ ഉദ്ദേശ്യം വ്യക്തമാണ്: പള്ളികള്‍ പൊളിച്ചു മാറ്റുകയെന്ന തങ്ങളുടെ ഹൈന്ദവ വര്‍ഗീയ ആവശ്യത്തിന് തന്റെ കൂടെ പിന്തുണയുണ്ടെന്നു വരുത്തുക, കമ്യൂണിസ്റ് (മാര്‍ക്സിസ്റ്) പാര്‍ടിയെ ഹൈന്ദവ വര്‍ഗീയവാദിയായി ചിത്രീകരിക്കുക, താന്‍ ചെയ്ത പ്രസംഗം സത്യസന്ധമായി റിപ്പോര്‍ട്ടുചെയ്താല്‍ അതു നടക്കുകയില്ല. പച്ചക്കള്ളംമാത്രമേ അതിനു സഹായിക്കൂ ഇ എം എസ് പറഞ്ഞു.*പറഞ്ഞത്‌ *മലപ്പുറം: ബാബ്റി മസ്ജിദ്, രാമജന്മഭൂമി പ്രശ്നങ്ങള്‍ അന്യോന്യം വിട്ടുവീഴ്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കിക്കൂടേ? സിപിഐ എം ജനറല്‍ സെക്രട്ടറി ഇ എം എസ് ചെറുകര, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍ ചേര്‍ന്ന പാര്‍ടി പൊതുയോഗങ്ങളില്‍ ഈ ചോദ്യം ഉന്നയിച്ചു.സേട്ടുവും ആര്‍എസ്എസ്സും തമ്മില്‍ ഇതിന്റെ പേരില്‍ യുദ്ധം വെട്ടാനൊരുങ്ങുകയാണ്. ഇത് രണ്ട് സമുദായത്തിനും ഗുണം ചെയ്യുമോ? രണ്ട് സമുദായങ്ങളിലേയും സാധാരണക്കാര്‍ ചിന്തിക്കണം.നൂറ്റാണ്ടുകള്‍ക്കുമുമ്പാണ് ബാബര്‍ ജീവിച്ചത്. ശ്രീരാമന്‍ ജനിച്ചിട്ടുണ്ടെന്നാണ് പറയുന്നതെങ്കില്‍ അതും രണ്ടായിരം മൂവായിരം വര്‍ഷം മുമ്പാണ്. അന്നുള്ള പ്രശ്നത്തിന്റെ പേരില്‍ ഇന്ന് ജനങ്ങളെ ഇളക്കിവിടുന്നത് ശരിയാണോ?മതവിശ്വാസികളുടെ വിശ്വാസത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ മതവിശ്വാസി അല്ലാത്തതുകൊണ്ട് എനിക്ക് മതവിശ്വാസികളെ ബഹുമാനിക്കാനും വിമര്‍ശിക്കാനും കഴിയും. ബാബ്റി മസ്ജിദ് പ്രശ്നവും രാമജന്മഭൂമി പ്രശ്നവും പരിഹരിക്കാന്‍ ഞാനൊരു നിര്‍ദ്ദേശംവെയ്ക്കുന്നു. ഞാനാണ് നിര്‍ദ്ദേശം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ അവരത് അംഗീകരിക്കുകയില്ല ഇ എം എസ് പറഞ്ഞു.പള്ളിയും ക്ഷേത്രവും ആ സ്ഥലത്ത് പ്രവര്‍ത്തിച്ചുകൂടേ? ഒരു ഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില്‍ കെട്ടിടത്തിന്റെ മുകളില്‍ പള്ളി, താഴെ ക്ഷേത്രം. അല്ലെങ്കില്‍ മുകളില്‍ ക്ഷേത്രം താഴെ പള്ളി. എന്നാലും തര്‍ക്കം തീരില്ല. കെട്ടിടത്തിന്റെ താഴെ പള്ളി വേണം, അമ്പലം വേണം എന്നതാവും പിന്നീട് തര്‍ക്കം. പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കുകയല്ല കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കി സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനാണ് സേട്ടും ആര്‍എസ്എസും ശ്രമിക്കുന്നത് ഇ എം എസ് പറഞ്ഞു.(ഇ എം എസ് മലപ്പുറം ജില്ലയിലെ ചെറുകര, തിരൂര്‍, പൊന്നാനി എന്നീ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗങ്ങളിലെ ബാബ്റി മസ്‌ജിദ് രാമജന്മഭൂമി പ്രശ്‌നം സംബന്ധിച്ച പ്രസക്ത ഭാഗങ്ങള്‍ ആണ് മുകളിൽ.)


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *