തൊടുപുഴ
പട്ടയത്തിനായുള്ള മൂന്നുപതിറ്റാണ്ടത്തെ കാത്തിരിപ്പിന‌് വിരാമമിട്ട‌് ഇടുക്കി ജില്ലയിലെ ആയിരത്തിലേറെ കുടിയേറ്റ കർഷകർക്ക‌് തിങ്കളാഴ‌്ച പട്ടയങ്ങൾ വിതരണംചെയ്യും. പകൽ 11ന‌് തൊടുപുഴ മുനിസിപ്പിൽ ടൗൺ ഹാളിൽ ചേരുന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ പട്ടയവിതരണമേള ഉദ‌്ഘാടനം ചെയ്യും. മന്ത്രി എം എം മണി അധ്യക്ഷനാകും. എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ജില്ലയിലെ അഞ്ചാമത‌് പട്ടയമേളയാണിത‌്.
കുറ്റിയാർവാലി പദ്ധതി പ്രദേശത്തെ പട്ടയഭൂമി, കൈവശക്കാർക്ക് കൈമാറിയതിന്റെ പൂർത്തീകരണ പ്രഖ്യാപനവും ചടങ്ങിൽ നിർവഹിക്കും. ഈ പ്രദേശത്തെ 2300 കുടുംബങ്ങൾക്ക് അഞ്ച് സെന്റു വീതവും 770 കുടുംബങ്ങൾക്ക് 10 സെന്റ് വീതവും അനുവദിച്ച് പട്ടയഭൂമി കൈവശക്കാർക്ക് കൈമാറി നൽകുന്ന നടപടികളുടെ ആദ്യ ഘട്ടമാണിത‌്.
തൊടുപുഴ, ഇടുക്കി, ദേവികുളം താലൂക്കുകളിലായി 183 പട്ടയങ്ങൾ നൽകും. കൂടാതെ വിവിധ ഭൂമി പതിവ് ഓഫീസുകൾക്ക‌് കീഴിൽ 818 പട്ടയവും കൈമാറും. ഉടുമ്പൻചോലയിൽ ഒരു ലാന്റ് ട്രിബ്യൂണൽ പട്ടയവും നൽകും. നെടുങ്കണ്ടത്ത‌് കുത്തുങ്കൽ പദ്ധതി പ്രദേശം ഉൾപ്പെടെയുള്ള മേഖലകളിലും ഇരട്ടയാറിൽ ഉപേക്ഷിക്കപ്പെട്ട പദ്ധതിപ്രദേശത്തും പട്ടയം നൽകുന്നുണ്ട‌്.
കരിമണ്ണൂർ എൽഎ ഓഫീസ് പരിധിയിൽ വിവിധ പ്രദേശങ്ങളിലുള്ള പട്ടികവർഗ വിഭാഗം ഉൾപ്പെടെയുള്ള കർഷകർക്ക‌് സ്വന്തം മണ്ണിന്റെ ഉടമസ്ഥാവകാശം മൂന്നു തലമുറകളായി അന്യമായിരുന്നു. ഇവർക്കും ഉടമസ്ഥാവകാശം സംബന്ധിച്ച ആധികാരിക രേഖ ലഭിക്കും. തൊടുപുഴ താലൂക്കിൽ വനം﹣- റവന്യു വകുപ്പുകളുടെ സംയുക്ത ലിസ്റ്റിൽ ഉൾപ്പെടാത്ത, വനമേഖലയോട് ചേർന്നതും ജണ്ടയ്ക്ക് പുറത്തുള്ളതുമായ കുടുംബങ്ങൾക്ക് നിയമ ഭേദഗതി വരുത്തി റവന്യുഭൂമിയായി കൈമാറ്റപ്പെട്ട മുഴുവൻ ഭൂമിയ്ക്കും പട്ടയം നൽകും. എൽഡിഎഫ‌് സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ 28,560 പട്ടയങ്ങൾ നൽകി.
https://www.deshabhimani.com/news/kerala/news-kerala-14-09-2020/895011
0 Comments