പ്രത്യേക പരിഗണനയോടെ സാമൂഹ്യ പുരോഗതിയുടെ മുൻപന്തിയിൽ എത്തിക്കേണ്ട പ്രദേശമാണ് ഇടുക്കി ജില്ല. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി കാർഷികത്തകർച്ചയും, ബദൽ തൊഴിലുകളുടെ അഭാവവും, പാരിസ്ഥിതിക പ്രശ്നങ്ങളും ഇടുക്കി ജില്ലയുടെ വികസനക്കുതിപ്പിനു വിലങ്ങു തടികളായി മാറിയിട്ടുണ്ട്. ഈ പ്രശ്നങ്ങൾ മറികടക്കാൻ നിരവധി പദ്ധതികൾ ഈ സർക്കാരിൻ്റെ കാലത്ത് നടപ്പിലാക്കിയിട്ടുണ്ട്. അതിൻ്റെ തുടർച്ചയായി, ഇടുക്കിയുടെ സമഗ്രമായ വികസനവും പുരോഗതിയും മുന്നിൽക്കണ്ട്, ജില്ലക്കായി മാത്രം ഒരു പ്രത്യേക പാക്കേജ് സർക്കാർ തയ്യാറാക്കിയിരിക്കുകയാണ്. 5 വർഷം കൊണ്ട് 12,000 കോടി രൂപയാണ് ഈ പാക്കേജിൻ്റെ ഭാഗമായി ഇടുക്കി ജില്ലയിൽ ചിലവഴിക്കുക. കാർഷിക മേഖല, മൂല്യവർദ്ധിത സംസ്കരണ വ്യവസായങ്ങൾ, ടൂറിസം, ഭൗതിക സൗകര്യങ്ങൾ, ദാരിദ്ര്യ നിർമ്മാർജ്ജനം, പരിസ്ഥിതി സംരക്ഷണം എന്നീ വ്യത്യസ്ത മേഖലകളിൽ ഊന്നുന്ന വിധത്തിലാണ് പാക്കേജ് വികസിപ്പിച്ചിരിക്കുന്നത്
. – രോഗം ബാധിച്ചതും ഉല്‍പ്പാദനക്ഷമത കുറഞ്ഞതുമായ കുരുമുളകു വള്ളികള്‍ റീപ്ലാന്‍റ് ചെയ്യാന്‍ സബ്സിഡി നല്‍കും. ജാതി, ഇഞ്ചി, മഞ്ഞള്‍, ഗ്രാമ്പു, കറുകപ്പട്ട എന്നിവയുടെ പ്രോത്സാഹനത്തിനും പ്രത്യേക സ്കീമുകള്‍ ആവിഷ്കരിക്കും. കൊക്കോ, കാപ്പി എന്നിവയും പുനരുദ്ധാരണ സ്കീമില്‍ ഉള്‍പ്പെടുത്തും. – ഇടുക്കിയിലെ കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഇപ്പോള്‍ 30 കോടി രൂപയാണ്. ഇതു പ്രതിവര്‍ഷം 100 കോടി രൂപയായി ഉയര്‍ത്തും.
– മുട്ടത്ത് 250 ഏക്കറില്‍ 2021ല്‍ സ്പൈസസ് പാര്‍ക്ക് നിര്‍മാണം ആരംഭിക്കും. 500 കോടി രൂപയാണ് കിന്‍ഫ്ര ഇതിനായി നിക്ഷേപിക്കുക.- വിവിധ സ്പൈസസ് ഇനങ്ങള്‍ക്ക് വയനാട്ടിലെ കാപ്പിയിലെന്ന പോലെ തറവില പ്രഖ്യാപിക്കും. – ഹൈറേഞ്ചിലെ സുഗന്ധവ്യഞ്ജനങ്ങള്‍ പ്രത്യേകം ബ്രാന്‍ഡ് ചെയ്ത് വിദേശ മാര്‍ക്കറ്റുകളിലും രാജ്യത്തെ പ്രധാന നഗരങ്ങളിലും എത്തിക്കും. – കാര്‍ബണ്‍ ന്യൂട്രല്‍ പദവി നേടുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കും.
100 കോടി രൂപയാണ് പദ്ധതി ചിലവ്.- മരങ്ങള്‍ നടുന്നത് പ്രോത്സാഹിപ്പിക്കാന്‍ ട്രീ ബാങ്കിങ് സ്കീമിനു രൂപം നല്‍കും. 250 കോടി രൂപ ഇതു വഴി വായ്പയായി ലഭ്യമാക്കും.- മരങ്ങള്‍ നടുന്നതിന് ജിയോ ടാഗ് നൽകി അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ കാര്‍ബണ്‍ ക്രെഡിറ്റ് നേടും.- ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കും. – സുഗന്ധ വ്യജ്ഞനങ്ങളിലെ അവശേഷിക്കുന്ന വിഷാംശം കണക്കാക്കുന്നതിന് ലാബോറട്ടറി സ്ഥാപിക്കും. – മൊബൈല്‍ ആഗ്രോ ക്ലിനിക്കുകള്‍ക്കു രൂപം നല്‍കും.- പഞ്ചായത്ത് തോറും ഹരിതകര്‍മ്മസേനയുടെ പങ്കാളിത്തത്തോടെ ജൈവവള നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കും. – ബ്ലോക്കുകളിലെ വിള ആരോഗ്യ കേന്ദ്രങ്ങളില്‍ ജീവാണു വള നിര്‍മാണം ആരംഭിക്കും. – ജൈവവളം, ജീവാണു വളം, ജൈവ കീടനാശിനി, എന്നിവയുടെ ഗുണനിലവാര പരിശോധനയ്ക്ക് ജില്ലയില്‍ ലാബോറട്ടറി സ്ഥാപിക്കും.25 കോടി രൂപ ചെലവു വരുന്ന ഈ പ്രവര്‍ത്തനങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങളും സംസ്ഥാന സര്‍ക്കാരും സംയുക്തമായിട്ടാണ് നടപ്പാക്കുക.
– റബ്ബറിന്‍റെ താങ്ങുവില കാലോചിതമായി വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മറ്റു വിളകള്‍ക്കുകൂടി ഇത് വ്യാപിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്‍റെ സഹായം കൂടിയേതീരൂ. ഇതിനായി മുഴുവന്‍ കൃഷിക്കാരും ഒരുമിക്കേണ്ടതുണ്ട്.- സഹകരണ രംഗത്തുള്ള തേയില ഫാക്ടറികളുടെ നവീകരണത്തിന് 20 കോടി രൂപ പലിശരഹിത വായ്പ സഹകരണ ബാങ്കുകള്‍ വഴി ലഭ്യമാക്കും.- കാപ്പി, കൊക്കോ എന്നിവ സംസ്കരിക്കുന്നതിന് കൃഷിക്കാരുടെ പ്രൊഡ്യൂസര്‍ കമ്പനികള്‍ സ്ഥാപിക്കും. ഇവയും ബ്രാന്‍ഡ് ചെയ്യും.
– തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് പ്രത്യേക സ്കീം വഴി ധനസഹായം നല്‍കും. – തോട്ടം തൊഴിലാളികളുടെ പാര്‍പ്പിടം, ചികിത്സ, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ ചുമതല ഏറ്റെടുക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തും. – തോട്ടം തൊഴിലാളികള്‍ക്കുവേണ്ടി വാസയോഗ്യമായ ഫ്ളാറ്റുകളും ലയങ്ങളും നിര്‍മ്മിക്കും.- പ്രതിവര്‍ഷം ഒരു കോടി പഴവര്‍ഗ തൈകള്‍ നടുന്ന സ്കീം നടപ്പാക്കും.
– തോട്ടങ്ങളില്‍ ഭൂപരിഷ്കരണ നിയമത്തിന്‍റെ ചട്ടക്കൂട് പൂര്‍ണ്ണമായും നിലനിര്‍ത്തിക്കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനുള്ള അനുവാദം നല്‍കുന്ന കാര്യം പരിഗണിക്കും.- 250 ഏക്കറില്‍ ഒരു മെഗാ ഫുഡ് പാര്‍ക്ക് സ്ഥാപിക്കും. ഇതിനായി കെഎസ്ഐഡിസി 500 കോടി രൂപ ചെലവഴിക്കും.- കാര്‍ഷിക സംസ്കരണവുമായി ബന്ധപ്പെട്ട് സ്റ്റാര്‍ട്ട് അപ്പുകളെയും ചെറുകിട സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കും. – കാര്‍ഷിക സംസ്കരണത്തിന് പ്രത്യേക ഹാക്കത്തോണ്‍ സംഘടിപ്പിക്കും. – 100 സ്റ്റാര്‍ട്ട് അപ്പുകള്‍ക്കെങ്കിലും ധനസഹായം നല്‍കും.
5000 സംസ്കരണ യൂണിറ്റുകള്‍ ആരംഭിക്കും. 250 കോടി രൂപയെങ്കിലും വായ്പയും സബ്സിഡിയുമായി ഈ സംരംഭങ്ങള്‍ക്ക് ലഭ്യമാക്കും. – ശീതീകരണ സംവിധാനങ്ങളോടു കൂടിയ സംഭരണ സംസ്കരണ ശാലകള്‍ ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ ആരംഭിക്കും. – വട്ടവട, കാന്തല്ലൂര്‍, മറയൂര്‍ മേഖലകളിലെ ശീതകാല പച്ചക്കറി സംഭരണം ഉറപ്പാക്കുന്നതിനും സ്ഥിരം സംവിധാനം ആരംഭിക്കും.- സ്കൂളുകളിൽ കുട്ടികൾക്ക് ഏത്തപ്പഴം നൽകുന്ന പദ്ധതി ആവിഷ്കരിക്കും. അത് കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കും. – പച്ചക്കറി തറവിലയും സംഭരണവുമായി ബന്ധപ്പെട്ട് 100 കോടി രൂപയെങ്കിലും ചെലവഴിക്കും. – ഓരോ പഞ്ചായത്തിലും പ്രാദേശിക നീര്‍ത്തട പദ്ധതികള്‍ക്ക് രൂപം നൽകും. നീര്‍ത്തട പദ്ധതികളില്‍ ഉള്‍ക്കൊള്ളിക്കുന്ന മണ്ണുജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് 250 കോടി രൂപ ലഭ്യമാക്കും.- പ്രളയംമൂലം വീടും സ്ഥലവും പൂര്‍ണ്ണമായി നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പുവരുത്തുകയും തീരങ്ങള്‍ ജൈവമാര്‍ഗങ്ങള്‍ വഴി തൊഴിലുറപ്പുമായി സംയോജിപ്പിച്ച് സംരക്ഷിക്കുന്നതിനും വേണ്ടിയുളള പദ്ധതിക്കായി 50 കോടി രൂപ വകയിരുത്തും. – പ്രളയബാധിത പ്രദേശങ്ങളില്‍ റോഡുകളും മറ്റും പുനസ്ഥാപിക്കുന്നതിന് റീബില്‍ഡ് കേരളയില്‍ നിന്ന് 435 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം 2021-22ല്‍ പൂര്‍ത്തീകരിക്കും.- പട്ടിശ്ശേരി ഡാം പമ്പാര്‍ ബേസിനില്‍ ഉള്‍പ്പെട്ടതാണ്. 140 മീറ്റര്‍ നീളവും 33 മീറ്റര്‍ ഉയരവുമുള്ള ഡാം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നു. 43 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ജലസേചന വകുപ്പ് 250 കോടി രൂപ മൊത്തം ചെലവഴിക്കും.- മൃഗസംരക്ഷണത്തിനുള്ള തുക 25 കോടി രൂപയായി ഉയര്‍ത്തും. –
എല്ലാ പഞ്ചായത്തുകളിലും ക്ഷീരസാഗരം മാതൃകയിലും ആടുഗ്രാമം മാതൃകയിലും കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കും. – ജില്ലയിലെ വെറ്റിനറി സര്‍വ്വീസ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും മൊബൈല്‍ ക്ലിനിക്ക് ആരംഭിക്കുകയും ചെയ്യും.- ഡാമുകളും കുളങ്ങളും കേന്ദ്രീകരിച്ച് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കും.- പ്രാദേശിക ടൂറിസം പ്രോൽസാഹിപ്പിക്കും. – ഉത്തരവാദിത്വ ടൂറിസം മിഷനു 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. – കെട്ടിട നിര്‍മാണത്തിന്‍റെ പേരിലുള്ള പരിസ്ഥിതിനാശം പരമാവധി ഒഴിവാക്കി ഈറ്റ, മുള തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് മനോഹരമായ കോട്ടേജുകള്‍ നിര്‍മിക്കും. പലിശ സബ്സിഡിയോടു കൂടി 1000 കോട്ടേജുകള്‍ക്കു വായ്പ ലഭ്യമാക്കും. 25 കോട്ടേജുകളെങ്കിലും ഒരു സ്ഥലത്ത് നിര്‍മിച്ച് ഇവര്‍ക്ക് പൊതുവായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. – നിലവില്‍ ഫാം ടൂറിസത്തിന് ആവശ്യമായ 50 ഏക്കര്‍ സ്വന്തമായുളളവര്‍ കുറവായതിനാല്‍ 10 പേരുടെ ഒരു ഗ്രൂപ്പിന് ഫാം ടൂറിസത്തിനുളള സൗകര്യം നല്‍കുന്നതാണ്. ഇത്തരം 100 കേന്ദ്രങ്ങള്‍ ജില്ലയില്‍ സ്ഥാപിക്കും.
– കല, കരകൗശലം തുടങ്ങിയ ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് 5000 ആളുകള്‍ക്കു പരിശീലനം നല്‍കും. സ്വയംതൊഴില്‍ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ അവര്‍ക്ക് സഹായം നല്‍കും. ക്രാഫ്റ്റ് വില്ലേജിനു രൂപം നല്‍കും.- വിവിധങ്ങളായ 500 തദ്ദേശീയ ഭക്ഷണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പരിശീലനവും കടകള്‍ സ്ഥാപിക്കുന്നതിനുള്ള സഹായവും നല്‍കും.- എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുമായി യോജിച്ചുകൊണ്ട് മാലിന്യസംസ്കരണ സംരംഭങ്ങള്‍ ആരംഭിക്കും.- 10 പുതിയ മൈക്രോ ഡെസ്റ്റിനേഷനുകള്‍ ആരംഭിക്കും. ആയൂര്‍വേദ ടൂറിസത്തെ പ്രോത്സാഹിപ്പിക്കും.- മൂന്നാര്‍ പട്ടണത്തിനും പ്രാന്തപ്രദേശത്തിനും മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കും. – 100 കോടി രൂപ ചെലവില്‍ കെറ്റിഡിസി, കെഎസ്ആര്‍ടിസി ബജറ്റ് ഹോട്ടല്‍ സ്ഥാപിക്കും. – മൂന്നാറിലെ ടൂറിസം വകുപ്പിന്‍റെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ രണ്ടാംഘട്ട പദ്ധതി പൂര്‍ത്തിയാക്കും. – മൂന്നാര്‍ ട്രെയിന്‍ പദ്ധതി പുനരാവിഷ്കരിക്കും. – മൂന്നാര്‍ ചരിത്രം സംബന്ധിച്ച് മ്യൂസിയം സ്ഥാപിക്കും. ഇവയ്ക്കെല്ലാം 50 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു.- ഇടുക്കി ആര്‍ച്ച് ഡാമിനോട് അനുബന്ധിച്ച് ടൂറിസത്തിന്‍റെ 98 ഏക്കര്‍ സ്ഥലത്ത് അഡ്വഞ്ചര്‍ പാര്‍ക്ക് ത്രീഡി തിയേറ്റര്‍, ഉദ്യാനം എന്നിവ ഉള്‍പ്പെടെയുളള സമഗ്രമായ പദ്ധതികള്‍ക്കായി 100 കോടി രൂപ ചെലവഴിക്കും. – ഇടുക്കി ഡാമിന്‍റെ നിര്‍മാണവും ചരിത്രവും വിനോദ സഞ്ചാരികളെ പരിചയപ്പെടുത്തുന്ന ഇടുക്കി ഡാം എക്സ്പീരിയന്‍ഷ്യല്‍ സെന്‍റര്‍ സ്ഥാപിക്കും.- അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ക്ക് സാധ്യതയുള്ളിടങ്ങളിൽ സംരംഭകത്വ മാതൃകയിൽ നടപ്പിലാക്കും.-
പരുന്തുംപാറയില്‍ ഗ്ലാസ്സ് ബ്രിഡ്ജ്, മലങ്കര ഡാമിനോട് ചേര്‍ന്ന് മ്യൂസിക്കല്‍ ഫൗണ്ടന്‍, അയ്യന്‍കോവില്‍ തൂക്കുപാലം നവീകരണം, രാമക്കല്‍മേട്ടില്‍ ബജറ്റ് അക്കോമഡേഷന്‍ ഹോട്ടല്‍, സത്രം, ചെങ്കര കുരിശുമല, തൂവല്‍, അഞ്ചുരുളി, കുട്ടിക്കാനം എന്നിവിടങ്ങളിലെ ടൂറിസം വികസനം ഏറ്റെടുക്കുന്നതാണ്. സാഹസിക ടൂറിസം കേന്ദ്രങ്ങള്‍ സ്ഥാപിക്കും.- പ്രധാന കേന്ദ്രങ്ങളില്‍ ടേക്ക് എ ബ്രേക്ക് സ്റ്റേഷനുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും. – ജില്ലാ ആസ്ഥാനത്ത് വര്‍ക്കിങ് വിമന്‍സ് ബജറ്റ് ഹോസ്റ്റല്‍ ആരംഭിക്കും.- ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക പാര്‍ക്കിങ് സൗകര്യങ്ങള്‍ വികസിപ്പിക്കും. പ്ലാസ്റ്റിക് നിരോധിക്കും.- ഇടുക്കി ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂറിസം ചെയിന്‍ സര്‍വീസും അനുബന്ധ സൗകര്യങ്ങളും ഒരുക്കും.- ജില്ലയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 1000 കോടി രൂപയുടെ റോഡ്, പാലം നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുക്കും. – പൊതുമരാമത്ത് വകുപ്പ് 245 കോടി രൂപയുടെ റോഡുകളും പാലങ്ങളുമാണ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. – മറ്റൊരു 250 കോടി രൂപയുടെ പ്രവൃത്തികള്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുക്കും.- പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുളള റോഡ് നിര്‍മാണത്തിന് പ്രാധാന്യം നല്‍കും. കാഞ്ചിയാര്‍-പുളളിക്കാനം-വാഗമണ്‍-കുട്ടിക്കാനം റോഡ്, ഈരാട്ടുപേട്ട-വാഗമണ്‍ റോഡ്, മുറിഞ്ഞപുഴ-പാഞ്ചാലിമേട് റോഡ് എന്നീ റോഡുകള്‍ വീതി കൂട്ടി ബിഎം, ബിസി നിലവാരത്തിലെത്തിക്കും. – ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കാല്‍വരിമൗണ്ട്-മൂന്നാര്‍ റോഡ് പുനര്‍നിര്‍മിക്കും.- ചിത്തിരപുരം, നെടുങ്കണ്ടം എന്നിവിടങ്ങളിൽ ഓരോ പുതിയ 220 കെവി സബ്സ്റ്റേഷനുകൾ നിർമ്മിക്കും. – അതോടൊപ്പം ജില്ലയിലെ 66 കെവി പ്രസരണ ശൃംഖല 110 കെവിയിലേക്ക് ഉയര്‍ത്തും.- കൂത്താട്ടുകുളം, തൊടുപുഴ, മുണ്ടക്കയം, പീരുമേട് 110 കെവി ലിങ്കുകള്‍ സ്ഥാപിച്ച് ജില്ലയുടെ പ്രസരണശേഷി വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. – മുരിക്കാശ്ശേരിയിലും കുമിളിയിലും പുതിയ 110 കെവി സബസ്റ്റേഷനുകളും ലക്ഷ്യമിടുന്നു. – പള്ളിവാസല്‍ നിന്ന് 33 കെവി ലൈന്‍ നിര്‍മിച്ച് മൂന്നാര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ 33 കെവി സബ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. – ഈ പ്രസരണ പദ്ധതികള്‍ക്കാകെ 400 കോടിയോളം രൂപയുടെ മുതല്‍മുടക്കാണ് പ്രതീക്ഷിക്കുന്നത്.- ഇടുക്കി ഡാം അടക്കമുള്ള റിസര്‍വോയറുകളുമായി ബന്ധപ്പെട്ട് സോളാര്‍ പാനലുകള്‍ മുഖാന്തിരം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. – രാമക്കല്‍മേട് അടക്കമുള്ള പ്രദേശങ്ങളിലെ കാറ്റാടി സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തും. – ഇത്തരത്തില്‍ അക്ഷയ ഊര്‍ജസ്രോതസ്സുകളില്‍ നിന്ന് 200 മെഗാവാട്ടോളം വൈദ്യുതിയാണ് കൂടുതലായി പ്രതീക്ഷിക്കുന്നത്.- 1000 കോടിയോളം രൂപയുടെ മുതല്‍മുടക്കാണ് ഈ പദ്ധതികള്‍ക്കു പ്രതീക്ഷിക്കുന്നത്. – ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ടുപോകുന്നതിന് ഗ്രീന്‍ കോറിഡോര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200 കോടി രൂപയുടെ പ്രസരണ ശൃംഖലയും നിർമ്മിക്കും. – വൈദ്യുതി ഉല്‍പ്പാദന മേഖലയില്‍ 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ടം രണ്ടു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. 3000 കോടി രൂപയാണ് ഇതിനു ചെലവു വരിക.- ഉല്‍പ്പാദന പ്രസരണ മേഖലകളിലെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുബന്ധമായി ജില്ലയിലെ വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും നടന്നു വരുന്നു.
– ‘ദ്യുതി’ പദ്ധതിയില്‍ വൈദ്യുതി വിതരണ മേഖലയില്‍ 160 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഇടുക്കി ജില്ലയില്‍ നടന്നു വരുന്നത്.- ഡാമുകളിലെ മണ്ണ് മാറ്റി സംഭരണശേഷി വര്‍ദ്ധിപ്പിക്കും.- വനസംരക്ഷണം ഉറപ്പാക്കുമ്പോള്‍ ജനങ്ങളുടെ നിലവിലുള്ള ഉപജീവന മാര്‍ഗങ്ങള്‍ തടസപ്പെടില്ലെന്ന് ഉറപ്പുവരുത്തും. ഇത്തരമൊരു പരിശോധനയുടെ അടിസ്ഥാനത്തിലേ ബഫര്‍സോണ്‍ നടപ്പാക്കൂ.- വനഭൂമിയിലെ യൂക്കാലിപ്റ്റ്സ്, അക്വേഷ്യ, പൈന്‍, ഗ്രാന്‍റീസ് തുടങ്ങിയ പുറം മരങ്ങള്‍ പിഴുതുമാറ്റി കാട്ടുമരങ്ങള്‍ വെച്ചുപിടിപ്പിക്കും. – ഇതുപോലെ പ്രകൃത്യാ സസ്യജാലങ്ങള്‍ക്ക് ഭീഷണിയായി പെരുകുന്ന പുറംകളകള്‍ ഇല്ലാതാക്കും. – ഉള്‍ക്കാട്ടില്‍ താമസിക്കുന്നവര്‍ സന്നദ്ധരെങ്കില്‍ പുനരധിവസിപ്പിക്കും.- വന്യജീവി ആക്രമണങ്ങള്‍ ലഘൂകരിക്കുന്നതിന് നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കും. കിഫ്ബിയില്‍ നിന്നുള്ള 100 കോടി രൂപ ഉപയോഗപ്പെടുത്തി ഇലക്ട്രിക് ഫെന്‍സിങ്, മതില്‍, കിടങ്ങ് തുടങ്ങിയവ നിർമ്മിക്കാൻ നടപടികള്‍ സ്വീകരിക്കും.- ഇവയോടൊപ്പം ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെല്ലാം വിജയകരമായി പരീക്ഷിച്ചുവരുന്ന തേനീച്ച കൂടുകളുടെ ശൃംഖലയും പരീക്ഷിക്കുന്നതാണ്.
– വനസംരക്ഷണത്തിനു പ്രതിവര്‍ഷം 50 കോടി രൂപ വീതം ചെലവഴിക്കും.- ജനവാസ കേന്ദ്രങ്ങളിലെ തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോയ കാട്ടാനകളെ സുരക്ഷിത വനങ്ങളിലേയ്ക്ക് മാറ്റും. – ഉള്‍ക്കാടുകളില്‍ താമസിക്കുന്ന കൃഷിക്കാരെ, അവര്‍ക്കു സമ്മതമെങ്കില്‍ പുനരധിവസിപ്പിക്കുന്നതിന് സ്കീമുകള്‍ ഉണ്ടാക്കും.- ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം 2024ഓടുകൂടി ഇടുക്കി ജില്ലയില്‍ പുതിയതായി 1.69 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കും. – പെരിയാര്‍, കല്ലാര്‍, തൊടുപുഴയാര്‍ എന്നീ നദികളും ഇടുക്കി, പൊന്‍മുടി, മുല്ലപ്പെരിയാര്‍ തുടങ്ങിയ അണക്കെട്ടുകളും സ്രോതസ്സാക്കിയുള്ള 25 സ്കീമുകളാണ് നടപ്പാക്കുന്നത്. ഇതില്‍ 19 എണ്ണം പുതിയ പദ്ധതികളും 6 എണ്ണം നിലവിലെ പദ്ധതികളുടെ പുനരുദ്ധാരണവുമാണ്. – 1089 കോടി രൂപ ചെലവു വരുന്ന മേല്‍പ്പറഞ്ഞ പദ്ധതികളിലൂടെ 116 എംഎല്‍ഡി ശുദ്ധജലംകൂടി ജില്ലയിലെ 2.83 ലക്ഷം കുടുംബങ്ങള്‍ക്കു വിതരണം ചെയ്യാന്‍ കഴിയും.- കേരളത്തിലെങ്ങും നടക്കുന്നതുപോലെ ഇടുക്കിയിലെ പൊതുവിദ്യാഭ്യാസവും കുതിപ്പിലാണ്. 177 കോടി രൂപയ്ക്ക് 81 സ്കൂളുകളാണ് പുതുക്കപ്പണിതുകൊണ്ടിരിക്കുന്നത്. – ഉന്നതവിദ്യാഭ്യാസ രംഗത്ത് മൂന്ന് സര്‍ക്കാര്‍ കോളേജുകളുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിന് 31 കോടി രൂപ അനുവദിച്ചിട്ടുണ്ട്. – ഇടുക്കിയിലെ കോളേജുകളില്‍ കൂടുതല്‍ കോഴ്സുകള്‍ അനുവദിക്കുന്നതാണ്.
– പുതിയതായി ഒരു ട്രൈബല്‍ കോളേജ് സ്ഥാപിക്കുന്നതാണ്. – എയ്ഡഡ് മാനേജ്മെന്‍റുകള്‍ തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്ന നിക്ഷേപത്തിന്‍റെ പകുതി സര്‍ക്കാര്‍ ചലഞ്ച് ഫണ്ടായി നല്‍കും.- അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇടുക്കി മെഡിക്കല്‍ കോളേജ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കും. 600 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. – ജില്ലയില്‍ കാന്‍സര്‍ അടക്കമുള്ള ജീവിതശൈലി രോഗങ്ങള്‍ നേരത്തെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കും. – പൈനാവിലെയും തൊടുപുഴയിലെയും ജില്ലാ ആശുപത്രികളും നെടുങ്കണ്ടം, പീരുമേട്, അടിമാലി താലൂക്ക് ആശുപത്രികളും നവീകരിക്കുന്നതിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.- നെടുങ്കണ്ടം ആശുപത്രിയില്‍ 70 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരുന്നു. അങ്ങനെ മൊത്തം 1000 കോടി രൂപയാണ് ആരോഗ്യ മേഖലയില്‍ നിക്ഷേപിക്കുന്നത്.- ലൈഫ് മിഷന്‍റെ ഭാഗമായി പട്ടികജാതി വിഭാഗത്തിന് 4300ഉം, പട്ടികവര്‍ഗ വിഭാഗത്തിന് 7200ഉം, ജനറല്‍ വിഭാഗത്തിന് 20,000ഉം വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതാണ്. മൊത്തം 1043 കോടി രൂപ ഇതിനായി മുതല്‍മുടക്കുന്നതാണ്.- പട്ടികവിഭാഗങ്ങളുടെ പിന്നോക്കാവസ്ഥ സമ്പൂര്‍ണമായി ദൂരീകരിക്കാനുള്ള ഇടപെടലുകള്‍ കര്‍ശനമാക്കും. – ലൈഫ് വീടുകള്‍ക്കു പുറമേ രണ്ടു ലക്ഷം രൂപ ചെലവഴിച്ച് പ്രതിവര്‍ഷം 500 വീതം പഠനമുറികള്‍ പട്ടികജാതി കുടുംബങ്ങള്‍ക്കു നിര്‍മിച്ചു നല്‍കും. – ഭവനനിര്‍മാണ സഹായം ലഭിച്ചിട്ടോ സ്വന്തം നിലയില്‍ ആരംഭിച്ചിട്ടോ പൂര്‍ത്തീകരിക്കപ്പെടാത്ത പട്ടികജാതി വിഭാഗങ്ങളിലെ വീടുകള്‍ക്ക് 1.5 ലക്ഷം രൂപ വീതം പണി പൂര്‍ത്തിയാക്കുന്നതിന് നല്‍കും. 560 വീട് വീതം പ്രതിവര്‍ഷം പൂര്‍ത്തിയാക്കുന്നതിനാണ് പരിപാടി.
– ഭൂരഹിതര്‍ക്ക് കിടപ്പാടം വാങ്ങുന്നതിന് 3.75 ലക്ഷം രൂപ വീതം നല്‍കുന്ന പദ്ധതിയില്‍ പ്രതിവര്‍ഷം 810 കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ്.- ബജറ്റില്‍ പ്രഖ്യാപിച്ച ദാരിദ്ര്യനിര്‍മാര്‍ജന മൈക്രോ പ്ലാന്‍ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇടുക്കിയിലെ പട്ടികവിഭാഗങ്ങളായിരിക്കും. – കുടുംബ പ്ലാനുകള്‍ തയ്യാറാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പല്‍ തലത്തില്‍ രൂപീകരിക്കുന്ന റിസോഴ്സ് ടീമുകള്‍ക്ക് രൂപം നല്‍കും.- ഓരോ കുടുംബത്തിന്‍റെയും ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് നിലവിലുള്ള സ്കീമുകളെ പരമാവധി പ്ലാനുകളില്‍സംയോജിപ്പിക്കും. – പാർപ്പിടം, ഭൂമി വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ തുടങ്ങിയ കാര്യങ്ങളിലെല്ലാം നിലവിലുള്ള സ്കീമുകളെ ഉപയോഗപ്പെടുത്തിയാണ് പ്ലാന്‍ ഉണ്ടാക്കുക. – ജോലി ചെയ്യുന്നതിനും വരുമാനം ആര്‍ജിക്കുന്നതിനും നിവൃത്തിയില്ലാത്ത കുടുംബങ്ങള്‍ക്ക് ഇന്‍കം ട്രാന്‍സ്ഫറായി മാസംതോറും സഹായം നല്‍കുന്നതിനും അനുവാദവും ഉണ്ടാകും. അധിക ചെലവിന്‍റെ പകുതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. ബാക്കി കുടുംബശ്രീ വഴി സര്‍ക്കാര്‍ ലഭ്യമാക്കും.- ഇതിനു പുറമേ ഊരുകളിലും കോളനികളിലും മിനിമം പൊതുസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് അംബേദ്കര്‍ ഏര്യാ പ്ലാനുകള്‍ തയ്യാറാക്കുന്നതാണ്. – ഇതിനുവേണ്ടി മൂന്നുതട്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സ്കീമുകളെ സംയോജിപ്പിക്കും. 100 കോടി രൂപ ചെലവഴിക്കും.-
100 ഗോത്രബന്ധു അധ്യാപകരെയും, 100 പഠനവീടുകളും ആദിവാസി മേഖലയില്‍ പുതിയതായി അനുവദിക്കും. – ഹോസ്റ്റലുകളും മോഡല്‍ റെസിഡന്‍റ്ഷ്യല്‍ സ്കൂളുകളും നവീകരിക്കും.- എല്ലാ ആദിവാസി ഊരുകളിലും അവരുടെ സ്വാശ്രയ സംഘങ്ങള്‍ക്ക് റേഷന്‍കടകള്‍ അനുവദിക്കും. അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം ഉറപ്പാക്കും.- ലയങ്ങളില്‍ താമസിക്കുന്ന പട്ടികവിഭാഗങ്ങള്‍ അടക്കമുള്ള പ്ലാന്‍റേഷന്‍ തൊഴിലാളികള്‍ക്ക് മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ട്. എസ്റ്റേറ്റ് ഉടമകളുമായി ചര്‍ച്ച ചെയ്ത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ഇവരുടെ പാര്‍പ്പിടവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഉറപ്പുവരുത്തും. 500 കോടി രൂപ ഈ മേഖലയില്‍ ചെലവഴിക്കുന്നതാണ്.
0 Comments