ഇടതുപക്ഷത്തിനെതിരെയും, സിപിഐ(എം)-നെതിരെയും അതിന്റെ നേതാക്കള്‍ക്കെതിരെയും നട്ടാല്‍ കുരുക്കാത്ത നിരവധിയനവധി നുണകളും വളച്ചൊടിച്ച അര്‍ദ്ധസത്യങ്ങളുമാണ് സംഘപരിവാര്‍ അതിന്റെ വിവിധ സംവിധാനങ്ങളിലൂടെ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഈ ചോദ്യങ്ങളില്‍ പലതിനും നിരവധി തവണ മറുപടി നല്‍കിയിട്ടുള്ളതാണ്. എങ്കിലും നുണ പലയാവര്‍ത്തി ഉരുവിട്ട് സത്യമാക്കുക എന്ന ഗീബല്‍സിയന്‍ തന്ത്രം പയറ്റുന്ന സംഘപരിവാറിനെ യാഥാര്‍ത്ഥ്യങ്ങൾ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. സംഘികള്‍ പ്രചരിപ്പിക്കുന്ന നുണകള്‍ക്ക് പിന്നിലെ ചരിത്രപരമായ യാഥാര്‍ത്ഥ്യം ബോധി കോമ്മണ്‍സ് തുടരനായി പ്രസിദ്ധീകരിക്കുകയാണ്. ചോദ്യോത്തരി ഘടനയിലാണ് ഈ വിശദീകരണങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

1. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രസ്ഥാനം വിദേശരാജ്യമായ റഷ്യയിലെ താഷ്ക്കന്റില്‍ ആണോ ജന്മമെടുത്തത്? എന്താണ് കാരണം?

1920-ല്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന, ഇന്ന് ഉസ്‌ബെക്കിസ്താന്റെ ഭാഗമായ താഷ്കെന്റില്‍ വച്ചാണ് അവിഭക്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി രൂപീകൃതമായത്. 1917-ല്‍ റഷ്യയില്‍ നടന്ന ഒക്റ്റോബര്‍ വിപ്ലവത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ട ഇന്ത്യയില്‍ നിന്നുള്ള ചില സാമ്രാജ്യത്വവിരുദ്ധ പോരാളികളാണ് താഷ്കെന്റില്‍ ഒത്തുചേര്‍ന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിക്ക് രൂപംകൊടുത്തത്.

റഷ്യയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിനു ശേഷം ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടിഷ് സർക്കാർ കമ്മ്യൂണിസ്റ്റ് പ്രവർത്തനം നിരോധിച്ചിരുന്നു. പല രാജ്യങ്ങളിലും ഇതേ നിരോധനാവസ്ഥ നിലന്നിന്നിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പങ്ക് വയ്ക്കുന്ന ഒട്ടനവധി ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഈ ഗ്രൂപ്പുകള്‍ എല്ലാം തന്നെ ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാരില്‍ നിന്നും അടിച്ചമർത്തലുകള്‍ നേരിട്ടിരുന്നു. കമ്മ്യൂണിസത്തിനെതിരെ ഇന്ത്യയില്‍ നിലനിന്നിരുന്ന അസഹിഷ്ണുത കാരണമാണ് സോവിയറ്റ് യൂണിയനിലെ താഷ്കെന്റിൽ 1920ൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരായ വിവിധ ഗ്രൂപ്പുകളില്‍ ഒരു വിഭാഗം ഔദ്യോഗികതലത്തിൽ കൂടിയതും സംഘടന രൂപീകരിച്ചതും.

ഇന്ത്യന്‍ ജനതയുടെ പൂര്‍ണ സ്വാതന്ത്ര്യത്തിനും സമൂഹത്തിന്റെ പരിവര്‍ത്തനത്തിനും വേണ്ടി പോരാടുകയെന്നതായിരുന്നു ഈ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍. 1921-ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍, ഇന്ത്യയില്‍ ആദ്യമായി പൂര്‍ണ സ്വരാജ് എന്ന ആശയത്തിന് വേണ്ടി കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ പ്രമേയം അവതരിപ്പിക്കുകയുണ്ടായി.

കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ആരോപിച്ചുകൊണ്ടാണ് ബ്രിട്ടീഷ് അധീനതയിലുള്ള ഗവണ്‍മെന്റ് തിരിച്ചടിച്ചത്. 1922-ല്‍ പെഷാവര്‍ ഗൂഢാലോചനക്കേസ്, 1924-ല്‍ കാണ്‍പൂര്‍ ഗൂഢാലോചനക്കേസ്, 1929-ല്‍ മീററ്റ് ഗൂഢാലോചനക്കേസ് എന്നിവ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ മേല്‍ അടിച്ചേല്പിച്ചിട്ടും സംഘടനയുടെ പിന്നീടുള്ള വളര്‍ച്ചയ്ക്ക് യാതൊരുവിധ തടസ്സങ്ങളും സൃഷ്ടിക്കുവാന്‍ അവയ്ക്ക് സാധിച്ചിരുന്നില്ല. സംഘപരിവാരിന്റെ ഉന്നത നേതാവായ സവര്‍ക്കറിനെപ്പോലെ ബ്രിട്ടന്റെ അടിമയായി തുടരാമെന്ന് എഴുതി കൊടുക്കുന്നതിന് പകരം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വീറോടെ കോടതിയില്‍ വാദിച്ചു. ഈ ഗൂഡാലോചനാ കേസുകള്‍ ആശയപ്രചാരണത്തിനായും ബ്രിട്ടനെതിരെയുള്ള സാമ്രാജ്യത്വവിരുദ്ധപ്രവർത്തനത്തിന്റെ വ്യാപനത്തിനായും ഉപയോഗിക്കുകയാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തത്.

http://bodhicommons.org/article/truth-of-the-lies-those-spread-by-sangh-about-indian-communist-parties


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *