ഇന്ത്യയുടെ കോവിഡ് പ്രതിരോധം പരാജയത്തിലേക്കോ?

1) എങ്ങനെയാണ് കോവിഡ് കേസുകൾ മാർക്ക് ചെയ്യുന്നത്? (മെയ്‌ 17 ന് ഇത് കേന്ദ്രം എടുത്തു കളഞ്ഞു, പകരം സംസ്ഥാനങ്ങൾക്ക് സ്വന്തമായി ചെയ്യാനുള്ള അധികാരം നൽകി )* കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയെ മൊത്തം 733 സോണുകൾ / മുൻസിപ്പൽ ഏരിയകൾ / ജില്ലകൾ ആയി തിരിച്ചു റെഡ് സോൺ എന്നാൽ ഒരു സമയം 200 പോസിറ്റീവ് കേസുകൾ ഉള്ള മുൻസിപ്പൽ ഏരിയ / ജില്ല അല്ലെങ്കിൽ കോവിഡ് കേസുകൾ കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ ഇരട്ടിക്കുന്ന മുൻസിപ്പൽ ഏരിയ / ജില്ല.ഇന്നുവരെ പൂജ്യം സ്ഥിരീകരിച്ച കേസുകളോ കഴിഞ്ഞ 21 ദിവസങ്ങളിൽ സ്ഥിരീകരിച്ച കേസുകളോ ഇല്ലാത്ത മുൻസിപ്പൽ ഏരിയ / ജില്ല ഗ്രീൻ മേഖലയിലാകുന്നു.ഈ രണ്ടിലും പെടാത്തത് ഓറഞ്ച് സോൺ ആകുന്നു. ഇത് പ്രകാരം ഇന്ത്യ മൊത്തം 130 എണ്ണം റെഡ് സോണുകളും 284 എണ്ണം ഓറഞ്ച് സോണുകളും 319 എണ്ണം ഗ്രീൻ സോണുകളുമുണ്ട് . * ഇന്ത്യയുടെ കോവിഡ് കേസുകളിൽ 79% 12 സംസ്ഥാനങ്ങളിൽ ആയി 30 മുനിസിപ്പൽ ഏരിയകളിൽ നിന്നുള്ളതാണ്. ഈ 12 സംസ്ഥാനങ്ങൾ — ആന്ധ്രാപ്രദേശ്, ദില്ലി, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്.ഈ 30 മുനിസിപ്പൽ പ്രദേശങ്ങൾ ബ്രിഹൻ മുംബൈ അല്ലെങ്കിൽ ഗ്രേറ്റർ മുംബൈ, ഗ്രേറ്റർ ചെന്നൈ, അഹമ്മദാബാദ്, താനെ, ദില്ലി, ഇൻഡോർ, പൂനെ, കൊൽക്കത്ത, ജയ്പൂർ, നാസിക്, ജോധ്പൂർ, ആഗ്ര, തിരുവല്ലൂർ, ഔറംഗബാദ്, കടലൂർ, ഗ്രേറ്റർ ഹൈദരാബാദ്, സൂറത്ത്, ചെംഗൽപൂർ കർനൂൾ, ഭോപ്പാൽ, അമൃത്സർ, വില്ലുപുരം, വഡോദര, ഉദയ്പൂർ, പൽഘർ, ബെർഹാംപൂർ, സോളാപൂർ, മീററ്റ്.( ഇതിൽ തന്നെ ഏഴ് സംസ്ഥാനങ്ങളിൽ — മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ദില്ലി, മധ്യപ്രദേശ് പശ്ചിമ ബംഗാൾ, രാജസ്ഥാൻ — നിന്നുള്ള പതിനൊന്ന് മുനിസിപ്പൽ പ്രദേശങ്ങളിൽ ആണ് 70% കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് )* ഈ റെഡ് സ്പോട്ട് മുൻസിപ്പൽ ഏരിയിൽ ഉള്ള കേസ് ലോഡ് വെച്ച് കണ്ടെയ്ൻമെന്റ് സോണുകൾ ഉണ്ടാക്കുന്നു. ഉദാഹരണത്തിന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ 11 കണ്ടെയ്ൻമെന്റ് സോണുകൾ ഉണ്ട്, സൂററ്റ് മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്ത് 33 കണ്ടെയ്ൻമെന്റ് സോണുകളുണ്ട്.

2) കോവിഡ് കേസുകൾ ഇങ്ങനെ മാർക്ക് ചെയ്തതിന്‌ ശേഷം എന്താണ് ചെയ്യേണ്ടത്? ഐഡിയൽ ആയി റെഡ് സോണുകൾ / മുനിസിപ്പൽ കോർപ്പറേഷൻ മൊത്തമായോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് അതിനുള്ളിലെ കണ്ടെയ്ൻമെന്റ് സോണുകൾ മാത്രമായോ ട്രിപ്പിൾ ലോക്ക്ഡൌൺ ചെയ്യുക. ട്രിപ്പിൾ ലോക്ക് എന്ന് വെച്ചാൽ ഒരേ ഒരു എൻട്രി പോയിന്റും എക്സിറ്റ് പോയിന്റും — അത് വഴി സ്ട്രിക്ട് പരിശോധന വഴി ആരോഗ്യ പ്രവർത്തകരും അത്യാവശ്യ സർവീസ്കളും മാത്രം ചെയ്യുക.

3) ഇങ്ങനെ ചെയ്യുന്നതിന്റെ യുക്തി എന്താണ്? ചൈനയിൽ ആണ് ആദ്യം കോവിഡ് പൊട്ടി പുറപ്പെട്ടത്. അവിടെ ഹുബേയ് പ്രൊവിൻസിന്റെ ( മഹാരാഷ്ട്ര പോലെ ഒരു സംസ്ഥാനം ) തലസ്ഥാനമായ വുഹാൻ സിറ്റിയിൽ ആണ് (മുംബൈ പോലെ ഒരു തലസ്ഥാനം) കാണുന്നത്. വുഹാൻ സിറ്റി 1.8 കോടി ജനങ്ങൾ താമസിക്കുന്ന സ്ഥലമാണ്. ഹുബേയ് പ്രൊവിൻസിലാകട്ടെ 6 കോടി ജനങ്ങളും. ചൈന ആദ്യമേ ഹുബേയ് പ്രൊവിൻസിനെ ട്രിപ്പിൾ ലോക്ക്ഡൌൺ ചെയ്തു. അതായത് ഒരൊറ്റ ആളെ പോലും അകത്തേക്കോ പുറത്തേയ്ക്കോ വിട്ടില്ല. എന്നിട്ട് കോടികണക്കിന് പണവും റിസോർസും അങ്ങോട്ട് പമ്പ് ചെയ്തു. അതായത് വേണ്ടത്ര ആരോഗ്യ പ്രവർത്തകരെ, വേണ്ടത്ര മാസ്കും, ഗ്ലൗസും, പേർസണൽ പ്രൊട്ടക്ഷൻ കിറ്റുകളും, ഹാൻഡ് സാനിറ്റൈസറുകളും വേണ്ടത്ര കോവിഡ് പരിശോധന കിറ്റുകൾ. അവിടെ തന്നെ വലിയ താൽകാലിക ഹോസ്പിറ്റലുകൾ കെട്ടി പൊക്കി. ആവശ്യ സാധനങ്ങൾ വേണ്ടത്ര സ്റ്റോക്ക് ചെയ്തു. ആരും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പാക്കി. അങ്ങനെയാണ് ചൈന കോവിഡിനെ നേരിട്ടത്. ഇതിന്റെ വിജയം കണ്ടത് കൊണ്ടാണ് ലോകാരോഗ്യ സംഘടന ലോക്ക് ഡൌൺ ലോകം മൊത്തം ശുപാർശ ചെയ്തത്.

4) എന്താണ് ഇന്ത്യക്ക് പറ്റിയ പാളിച്ചകൾ. ഇന്ത്യ സോണുകൾ തിരിച്ചു, ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. പക്ഷേ പണവും റിസോർസും അങ്ങോട്ട് പമ്പ് ചെയ്തില്ല — അതായത് വേണ്ടത്ര ആരോഗ്യ പ്രവർത്തകരെ, വേണ്ടത്ര മാസ്കും, ഗ്ലൗസും, പേർസണൽ പ്രൊട്ടക്ഷൻ കിറ്റുകളും, വേണ്ടത്ര ഹാൻഡ് സാനിറ്റൈസറുകൾ, വേണ്ടത്ര കോവിഡ് പരിശോധന കിറ്റുകൾ. എന്തിന് പറയുന്നു ആവശ്യ സാധനങ്ങൾ പോലും വേണ്ടത്ര സ്റ്റോക്ക് ചെയ്തില്ല . ഇന്ത്യയുടെ അടിസ്ഥാന വർഗ്ഗമായ അല്ലെങ്കിൽ തന്നെ അര പട്ടിണിയിൽ കിടക്കുന്ന അപ്പാവികൾ എങ്ങനെ ജീവിക്കും എന്ന് ആരും ഓർത്തില്ല . അവരിൽ ലോക്ക്ഡൌൺ എന്ന തൊഴിൽ നിഷേധം അടിച്ചേൽപ്പിക്കുമ്പോൾ അവർ മുഴു പട്ടിണിയിൽ ആകുമെന്ന് ആരും മനസ്സിലാക്കിയില്ല, അല്ലെങ്കിൽ മനസ്സിലാക്കിയിട്ടും സൗകര്യപൂർവ്വം മറന്ന് കളഞ്ഞു. അല്ലെങ്കിൽ ഈ ദരിദ്ര നാരായണൻമാർക്ക് എന്തെങ്കിലും പാക്കേജ് പ്രഖ്യാപിക്കുമായിരുന്നല്ലോ? ആ സമയം പാത്രം കൊട്ടിയും, ലൈറ്റ് കത്തിച്ചും പുഷ്പ വൃഷ്‌ടി നടത്തിയും സമയവും പണവും കളഞ്ഞു കൊണ്ടിരിക്കുകയായിരുന്നു നമ്മുടെ കേന്ദ്ര സർക്കാർ. അന്തർ സംസ്ഥാന കുടിയേറ്റം കേന്ദ്ര സർക്കാരിന്റെ ചുമതല ആയത് കൊണ്ട് കേരളം ഒഴിച്ചുളള സംസ്ഥാനങ്ങൾ അവരെ സൗകര്യപൂർവ്വം മറന്നു കളഞ്ഞു. കേരളം മാത്രമാണ് കമ്മ്യൂണിറ്റി കിച്ചൻ വഴി ആഹാരം നൽകിയത്. അവർക്ക് വേണ്ടുന്നതെല്ലാം നൽകിയത്.

5) ആദ്യം പ്രഖ്യാപിച്ച 170,000 കോടി രൂപയുടെ പാക്കേജ്, അടിമുടി ദുരൂഹതയുള്ള പിഎം കെയർസ് ഫണ്ടിലേക്ക് പിരിച്ച കോടികൾ, നേരത്തെ തന്നെ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉണ്ടായിരുന്ന 3,000 കോടി, ഇപ്പോൾ പ്രഖ്യാപിച്ച 20,000,000,000,000 (ഇരുപത് ലക്ഷം കോടി ) ഇതിൽ നിന്നും കുറച്ചു നക്കാ പിച്ചാ പൈസ പോലും ഇത് വരെ ചിലവാക്കിയിട്ടില്ല.മാസ്കും, ഗ്ലൗസും, പേർസണൽ പ്രൊട്ടക്ഷൻ കിറ്റുകളും ഹാൻഡ് സാനിറ്റൈസറുകൾ കോവിഡ് പരിശോധന കിറ്റുകൾ ഒന്നും വേണ്ടത്ര വാങ്ങിയിട്ടില്ല. വാങ്ങിയ ടെസ്റ്റ്‌ കിറ്റ് ആകട്ടെ നാലാം കിട സാധനവും.

6) ഇപ്പോൾ കാണിക്കുന്ന വലിയ മണ്ടത്തരം എന്താണ്? റെഡ് സോൺ / ഹോട്ട് സ്പോട്ട് ഡിസ്‌ബേഴ്‌സ്മെന്റ്. ഇവിടങ്ങളിൽ നിന്നുള്ളവരെ മറ്റുള്ള സ്ഥലങ്ങളിൽ കയറ്റി വിടുകയാണ്. നാഗാലാ‌ൻഡ്ന്റെ കാര്യം നോക്കുക. ഇന്ത്യയിൽ കോവിഡ് ബാധ ഉണ്ടാകാത്ത ഏക സംസ്ഥാനം ആയിരുന്നു. അവിടേക്കാണ് വലിയ റെഡ് സ്പോട്ട് ആയ ചെന്നൈയിൽ നിന്നും 1200 പേരെ കയറ്റിയ ട്രെയിൻ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ഈ വന്നവരിൽ 3 കേസുകൾ ആണ് കണ്ടെത്തിയിരിക്കുന്നത്. സിക്കിമിന്റെ കാര്യവും കേരളത്തിന്റെ കാര്യവും ഏകദേശം ഇത് പോലാണ്. കേന്ദ്ര ഗവണ്മെന്റ് കൈ നനയാതെ മീൻ പിടിക്കാൻ നോക്കുകയാണ്. സ്പെഷ്യൽ ട്രെയിൻ ഓടിക്കുന്നു. പക്ഷേ ടിക്കറ്റ് ഒന്നുകിൽ തൊഴിലാളികൾ അല്ലെങ്കിൽ സംസ്ഥാനങ്ങൾ വഹിക്കണം. ആഹാരം അവർ നോക്കണം. പുറമെ സ്പെഷ്യൽ സ്ലീപ്പർ ചാർജും കൂടെ. ഇങ്ങനെ എത്തുന്ന തൊഴിലാളികൾ സംസ്ഥാനത്തിന്റെ ചുമതല മാത്രമാകുന്നു.

7) മറ്റ് സംസ്ഥാനത്തുള്ളവരുടെ അവകാശമല്ലേ ഇങ്ങോട്ട് വരുന്നത്? അതിനെ എങ്ങനെ തടയും? അവർ മരിച്ചു വീഴട്ടെ എന്നാണോ? അവകാശങ്ങൾ അവിടെ നിൽക്കട്ടെ. വെളിയിൽ ഇറങ്ങി നടക്കാനുള്ള നമ്മുടെ അവകാശം, ജിമ്മിൽ പോകാനുള്ള അവകാശം, ആരാധനാലയങ്ങളിൽ പോകാനുള്ള അവകാശം, സ്കൂളിലും കോളേജിലും പോകാനുള്ള അവകാശം, ജോലിക്ക് പോകാനുള്ള അവകാശം എന്തിന് സാധനം വാങ്ങാൻ പുറത്തിറങ്ങാൻ ഉള്ള അവകാശം പോലും നിഷേധിക്കപ്പെട്ട് നിൽക്കുമ്പോൾ അന്തർ സംസ്ഥാന യാത്ര മാത്രം അവകാശമാകുന്നത് എങ്ങനെ? അവർ ഇങ്ങനെ വരാൻ തിരക്ക് കൂട്ടുന്ന സാഹചര്യം ഒഴിവാക്കുക ആണ് വേണ്ടത്. പട്ടിണി കിടക്കേണ്ടാത്ത സാഹചര്യം, ടെസ്റ്റ്‌ ഫ്രീ ആയി ചെയ്യാൻ ഉള്ള സാഹചര്യം, അസുഖം പിടിപെട്ടാൽ ഫ്രീ ആയി നല്ല ചികിത്സ കിട്ടാനുള്ള സാഹചര്യം എന്നിവയാണ് ഒരുക്കേണ്ടത്. അല്ലാതെ റെഡ് സോണിൽ നിന്നും ആളുകളെ ഡിസ്‌ബർസ്‌ ചെയ്യുക അല്ല വേണ്ടത്. ഓർക്കുക തിരക്ക് കൂടി ആരോഗ്യ പ്രവർത്തകരെ കോവിഡ് ബാധിച്ചത് കാരണം നിരവധി ഹോസ്പിറ്റലുകൾ ആണ് മുംബൈയിൽ അടച്ചു പൂട്ടിയത് – വൊഖാർഡ്, ജസ്‌ലോക് എല്ലാം അടച്ചു പൂട്ടേണ്ടി വന്ന കാര്യം മറക്കരുത്. അങ്ങനത്തെ അവസ്ഥ എല്ലായിടത്തും വരണോ? ഇങ്ങനെ ആണെങ്കിൽ ഇന്ത്യ ഒരിക്കലും കോവിഡിനെ പിടിച്ചു നിർത്താൻ പോകുന്നില്ല. # ഇപ്പോൾ പ്രഖ്യാപിച്ച 20,000,000,000,000 രൂപയിൽ (ഇരുപത് ലക്ഷം കോടി രൂപയിൽ ) നിന്നും ഇന്ത്യയുടെ കോവിഡ് കേസുകളിൽ 80% ഉള്ള 30 മുനിസിപ്പൽ ഏരിയകളിൽ ഓരോന്നിലും പതിനായിരം കോടി രൂപ വെച്ച് പമ്പ് ചെയ്‌താൽ പോലും വെറും 3 ലക്ഷം കോടി രൂപയെ ആകുമായിരുന്നുള്ളൂ. അപ്പോഴും 17 ലക്ഷം കോടി രൂപ പിന്നെയും ബാക്കി വന്നേനെ. ഇപ്പോൾ ചെയ്യുന്ന പരിപാടി — റെഡ് സോണിൽ നിന്നും ആളുകളെ ഡിസ്‌ബർസ്‌ ചെയ്യുന്നത് തീകൊള്ളി കൊണ്ട് തല ചൊറിയും പോലെ ആണ്.

Dr Shanavas AR


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *