ഇന്ദിര ഗാന്ധിയുടെ മരണത്തിൽനിന്നും പാഠം പഠിക്കാതെ കോൺഗ്രസ് വീണ്ടും അധികാരത്തിനായി വർഗീയ ബാന്ധവത്തിന് ഒരുങ്ങുകയാണെന്ന് കെ ടി കുഞ്ഞിക്കണ്ണൻ . അടിയന്തിരാവസ്ഥയെ തുടർന്നു അധികാരത്തിൽ നിന്നും പുറത്തള്ളപ്പെട്ട കോൺഗ്രസ് നേതൃത്വം രാജ്യത്ത് ഉയർന്നു വന്ന എല്ലാ വർഗീയ വിഘടന ഛിദ്ര ശക്തികളെയും കൂട്ടുപിടിക്കുകയായിരുന്നു.അത് ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലേക്കെത്തിച്ചു. കേരളത്തിലിപ്പോൾ മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയും എസ് ഡിപിഐയുമായെല്ലാവരുണ്ടാക്കുന്ന ബാന്ധവത്തെ ചരിത്രത്തിൽ നിന്നു ഒരിക്കലും പാഠം പഠിക്കാൻ കൂട്ടാക്കാത്തവ രുടെ രാഷ്ട്രീയ അധപതനത്തെയാണ് കാണിക്കുന്നതെന്നും കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു
ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരായിരുന്ന ബിയാന്ത്സിംഗിൻ്റെയും സത് വന്ത് സിംഗിൻ്റെയും വെടിയേറ്റു മരിച്ച ദിവസമാണ്. രാഷ്ട്രത്തെ ഞെട്ടിച്ച ആ ഭീകരസംഭവത്തിൻ്റെ പ്രത്യാഘാതമെന്നോണം കോൺഗ്രസ് നേതാക്കളുൾപ്പെടെയുള്ള ക്രിമിനൽ സംഘം ഡൽഹിയിലും പരിസര പ്രദേശങ്ങളിലുമായി 8000 ഓളം സിഖുകാരെ വംശീയമായി കൂട്ടക്കൊല ചെയ്ത ദിനം കൂടിയാണ് 1984 ഒക്ടോബർ 31.
മതനിരപേക്ഷതയും ജനാധിപത്യവും കയ്യൊഴിഞ്ഞു മത രാഷ്ട്രവാദികളുമായി കോൺഗ്രസ് നടത്തിയ അവിശുദ്ധ ബാന്ധവത്തിൻ്റെ ദുരന്തപരിണതിയായിരുന്നു ശ്രീമതി ഗാന്ധിയുടെ വധവും അതിനെ തുടർന്നുണ്ടായ സിക്ക് വംശഹത്യയും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഈ രക്തപങ്കിലമായ അധ്യായം സൃഷ്ടിച്ചത് താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനായി മതതീവ്രവാദികളും മതരാഷ്ട്രവാദികളുമായി ചേർന്ന് കോൺഗ്രസ് നടത്തിയ രാഷ്ട്രീയ കളികളാണ്.
ഹരിതവിപ്ലവത്തെ തുടർന്ന് പഞ്ചാബിൽ വളർന്നു വന്ന പുത്തൻ കർഷക മുതലാളി വർഗങ്ങളും ഇന്ത്യയെ അസ്ഥീരിക്കുകയെന്ന അമേരിക്കൻ സ്റ്റേറ്റു ഡിപ്പാർട്ട്മെൻറിൻ്റെയും സിഐഎയുടെയും പദ്ധതികളും ചേർന്നാണ് സിക്ക് മതാടിസ്ഥാനത്തിലുള്ള ഖാലിസ്ഥാൻ രാഷ്ട്രവാദം ഉയർന്നു വന്നത്. പഞ്ചാബിലെ കർഷകർ നേരിടുന്ന വിലയുടെയും വിപണിയുടെയും പ്രശ്നങ്ങളെയും വൻകിട കർഷികോപകരണ നിർമ്മാണകമ്പനികളും രാസവള – കീടനാശിനി, വിത്ത്കമ്പനികളും നടത്തുന്ന ചൂഷണവും കേന്ദ്ര സർക്കാർ നയങ്ങളുടെ ഫലമായിരുന്നു. ഈ കേന്ദ്ര വിരുദ്ധ വികാരങ്ങളെ വഴി തിരിച്ചു വിട്ടാണ് സിക്ക് രാഷ്ട്രമെന്ന മതാധിഷ്ഠിത രാഷ്ടീയ മുദ്രാവാക്യം ഉയർത്തി കൊണ്ടുവന്നത്.
സിക്ക് മതമൗലികവാദത്തിൻ്റെ അടിസ്ഥാനത്തിലുള്ള ഈ പ്രസ്ഥാനത്തിൻ്റെ നേതാവായിരുന്നു ഭിന്ദ്രവാലയെന്ന സിക്ക് പുരോഹിതൻ. കനഡയും ബ്രിട്ടനും താവളമാക്കി പ്രവർത്തിക്കുന്ന പ്രവാസികളായ സിക്കു സമ്പന്നരായിരുന്നു ഖാലിസ്ഥാൻ വാദത്തിൻ്റെ ആസൂത്രകർ. ഇവരിൽ പലരും കോൺഗ്രസ് നേതാക്കളുമായിരുന്നു. തീവ്രമതാടിസ്ഥാനത്തിലുള്ള ഖാലിസ്ഥാൻ എന്ന രാഷ്ട്രപദ്ധതി ആവിഷ്ക്കരിച്ചത്.
ജഗത് സിംഗ് ചൗഹാൻ പ്രസിഡൻ്റായി ലണ്ടൻ ആസ്ഥാനമാക്കി കൊണ്ട് അവർ സിക്ക് രാഷ്ട്രം പ്രഖ്യാപനവും നടത്തിയിരുന്നു. സി ഐ എയുടെ ബുദ്ധികേന്ദ്രങ്ങളും സൈനിക പരിശീലനകേന്ദ്രങ്ങളുമായിരുന്നു പാക്കിസ്ഥാൻ അതിർത്തി താവളങ്ങളിൽ സിക്ക് തീവ്രവാദികൾക്ക് പരിശീലനം നൽകിയത്.
അടിയന്തിരാവസ്ഥയെ തുടർന്നു അധികാരത്തിൽ നിന്നും പുറത്തള്ളപ്പെട്ട കോൺഗ്രസ് നേതൃത്വം രാജ്യത്ത് ഉയർന്നു വന്ന എല്ലാ വർഗീയ വിഘടന ഛിദ്ര ശക്തികളെയും കൂട്ടുപിടിക്കുകയായിരുന്നു. ആസാമിലെയും പഞ്ചാബിലെയും വംശീയ വിഘടനശക്തികളെ അവർ പ്രോത്സാഹിപ്പിച്ചു. പിന്നീട് ബ്രഹ്മപുത്രാതടങ്ങളെ രക്തപങ്കിലമാക്കിയ ആസാമിയ വംശീയവാദത്തിന് നേതൃത്വം കൊടുത്ത അസുവിൻ്റെ രൂപീകരണ സമ്മേളനം 1980 ൽ ഗോഹട്ടിയിൽ ഉൽഘാടനം ചെയ്തത് ശ്രീമതി ഗാന്ധിയായിരുന്നു.
പഞ്ചാബിലെ ഖാലിസ്ഥാൻ ഭീകരവാദികളെ ആവേശപൂർവ്വമവർ പിന്തുണച്ചു. ഇന്ദിരാഗാന്ധി ഡൽഹിയിലേക്ക് മതതീവ്രവാദിയായ ഭിന്ദ്രൻവാലയെ ക്ഷണിച്ചു വരുത്തി സ്വീകരണം കൊടുത്തു. കുൽദീപ് നയ്യരെ പോലുള്ള മുതിർന്ന പത്രപ്രവത്തകർ ഇതിനെ കുറിച്ച് ഇന്ദിരയോട് ചോദിച്ചപ്പോൾ അവർ ഭിന്ദ്രൻ വാലയെ സാത്വികനായി സന്യാസിയെന്ന് വിശേഷിപ്പിച്ച് തൻ്റെ നടപടികളെ ന്യായീകരിക്കുകയായിരുന്നു. അതിൻ്റെ കൂടി വിലയായിട്ടാണ് അവർക്ക് അവരുടെ ജീവൻ തന്നെ കൊടുക്കേണ്ടി വന്നതെന്ന ചരിത്ര പാഠം കോൺഗ്രസ് ഇന്നും ഉൾകൊണ്ടിട്ടിട്ടില്ല.
എല്ലാ വർഗീയവാദികളും തീവ്രവാദികളുമായി ചേർന്നു എങ്ങിനെയെങ്കിലും അധികാരത്തിലെത്തുകയെന്ന രാഷ്ട്രീയമാണ് കോൺഗ്രസിനെ എന്നും നയിച്ചത്. കേരളത്തിലിപ്പോൾ മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്ലാമിയും എസ് ഡിപിഐയുമായെല്ലാവരുണ്ടാക്കുന്ന ബാന്ധവത്തെ ചരിത്രത്തിൽ നിന്നു ഒരിക്കലും പാഠം പഠിക്കാൻ കൂട്ടാക്കാത്തവ രുടെ രാഷ്ട്രീയ അധപതനത്തെയാണ് കാണിക്കുന്നത്.
ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാത്ത അധികാര മോഹമാണവരെ നയിക്കുന്നത്.ഇടതുപക്ഷ സർക്കാറിനെ പ്രതിസന്ധിയിലാക്കാൻ ശബരിമല വിധിയിൽ കോൺഗ്രസുകാർ ബി ജെ പിയുമായി സുവർണാവസരം പങ്കിട്ടതും നാം കണ്ടതാണല്ലോ.
Read more: https://www.deshabhimani.com/articles/k-t-kunjikannan/904555
0 Comments