https://www.facebook.com/866657510089730/posts/3628931270528993/

ഉന്നത വിദ്യാഭ്യാസ മേഖലക്ക് 3000 കോടി. വൈജ്ഞാനിക വിസ്ഫോടനത്തിന് കാതോർത്ത് കേരളം—————————സംസ്ഥാനത്തെ സർവ്വകലാശാലകളെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെയും അന്തർദേശീയ നിലവാരത്തിലെത്തിക്കാൻ ലക്ഷ്യം വച്ചുള്ള ബജറ്റാണ് പിണറായി സർക്കാറിനു വേണ്ടി ഡോ: തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസം സാർവത്രികമാക്കുന്നതോടൊപ്പം മികവുറ്റതും ലോകോത്തരവുമാക്കുന്നതിന് സാധ്യമായതെല്ലാം ബജറ്റ് വിഭാവന ചെയ്യുന്നുണ്ട്. വരും വർഷങ്ങളിൽ നമ്മുടെ സർവകലാശാലകൾക്ക് ലോക റാങ്കിംഗുകളിൽ മെച്ചപ്പെട്ട സ്ഥാനം കൈവരിക്കാൻ ഉതകുംവിധമുള്ള പദ്ധതികളാണ് ധനകാര്യ വകുപ്പ് മന്ത്രി 2021-22 ബജറ്റിലൂടെ മുന്നോട്ടു വയ്ക്കുന്നത്. സർവകലാശാലകളും ഗവ:, എയ്ഡഡ് കോളേജുകളും അഫിലിയേറ്റഡ് സ്വാശ്രയ കോളേജുകളും സാങ്കേതിക സ്ഥാപനങ്ങളും ഉൾപ്പെടുന്ന നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പഠനത്തോടൊപ്പം ഗവേഷണത്തിനും പ്രാമുഖ്യം നൽകുന്നതിന്റെ പ്രാധാന്യം പിണറായി സർക്കാരിൻ്റെ ബജറ്റ് എടുത്തു കാട്ടുന്നു. നിലവിലുള്ള പരമ്പരാഗത പാഠ്യ രീതികളിലും ഗവേഷണ സമീപനങ്ങളിലും കാലാനുസൃതമായ മാറ്റവും മൂല്യ വർദ്ധനവും നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുൻപന്തിയിൽ എത്തിക്കുന്നതിനാവശ്യമാണെന്ന് ചൂണ്ടികാണിക്കുന്ന ബജറ്റ്, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗ്രോസ്സ് എൻറോൾമെന്റ് റേഷ്യോ 75% ത്തിൽ എത്തിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നു. ഇത്തരമൊരു ആശയം രാജ്യത്ത് മുന്നോട്ട് വെക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണ്.മികച്ച നാക് ഗ്രേഡ് നേടുന്നതിന് സർവകലാശാലകളെ സജ്ജമാക്കുന്നതിനായി പ്രത്യേക ധനസഹായം അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനം അക്കാദമിക രംഗത്ത് ഉണ്ടാക്കുന്ന ഉണർവ്വ് ചെറുതല്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ 1000 ത്തിലധികം പുതിയ അദ്ധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതോടെ ഫാക്കൽറ്റികളുടെ കുറവ് പരിഹരിക്കപ്പെടും. വിവിധ സർവകലാശാലാ കാമ്പസുകളിൽ നൂതന പഠന ശാഖകളിൽ ഒട്ടോണമസ് സ്വഭാവത്തോടെയുള്ള 30 മികവിന്റെ കേന്ദ്രങ്ങൾ എന്ന ആശയം വൈജ്ഞാനിക മേഖലയിലെ യാഥാസ്ഥിക ധാരണകളെ പൊളിച്ചെഴുതും. ഗവേഷണ ത്വരയോടെ ഉയർന്ന അക്കാദമിക് നിലവാരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഡിപ്പാർട്ടുമെൻ്റുകളെ പെർഫോമൻസിൻ്റെ അടിസ്ഥാനത്തിൽ പരിശോധിച്ചാവും ഇത്തരം സെൻ്റെറുകൾക്കായുള്ള കേന്ദ്രങ്ങൾ തെരഞ്ഞെടുക്കുക. ഗവേഷണ മികവ് സർക്കാർ ധനസഹായത്തോടെ തദ്ദേശീയമായി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിമാസം 50000 മുതൽ ഒരു ലക്ഷം വരെ ഇൻസൻ്റീവായി നൽകുന്ന മുഖ്യമന്ത്രിയുടെ 500 നവകേരള പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പുകൾ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ ഗവേഷണമാഗ്രഹിക്കുന്നവർക്ക് നൽകുന്ന അനന്ത സാദ്ധ്യത സ്വപ്ന തുല്യമാക്കും. ലോകത്തെവിടെയുമുള്ള പുതിയ കണ്ടുപിടുത്തങ്ങൾ ലക്ഷ്യമിട്ട് ഗവേഷണം നടത്തുന്നവർക്കും ഈ ഫെല്ലോഷിപ്പിന് അപേക്ഷിക്കാം. ആവശ്യമെങ്കിൽ രണ്ടോമൂന്നോ വർഷം വരെ ഗവേഷണ ഫെലോഷിപ്പ് നൽകും. പാറ്റൻ്റ് നേടിയെടുക്കുന്നതുൾപ്പടെ നവീന കണ്ടുപിടുത്തങ്ങളുടെ ആസ്ഥാനങ്ങളാക്കി നമ്മുടെ സർവകലാശാലകളെ ലോകോത്തര റാങ്കിംഗ് പട്ടികയിലേക്ക് ഉയർത്താൻ ഇതു വഴിവെക്കും. സർവ്വകലാശാലകളുടെ പശ്ചാത്തല വികസനത്തിനു 2000 കോടി രൂപയുടെ കിഫ്ബി ധനസഹായം, അഫിലിയേറ്റഡ് സ്ഥാപനങ്ങൾക്ക് 1000 കോടി രൂപയുടെ ധനസഹായം എന്നിവ ഈ ബജറ്റിന്റെ മുഖ്യ ആകർഷണങ്ങളാണ്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലെ ഇന്റർ ഡിസ്പ്ലിനറി സ്കൂളുകളും അഫിലിയേറ്റഡ് സ്ഥാപനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയും കാലോചിതമായ പഠന ശാഖകളിൽ പുതിയ ബിരുദ-ബിരുദാന്തര ബിരുദ പ്രോഗ്രാമുകൾക്കായി ഒരുക്കുന്ന സംവിധാനങ്ങളും നമ്മുടെ സംസ്ഥാനത്തെ ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും. വിദ്യാർത്ഥികൾക്ക് ഗവേഷണത്തിൽ അധിഷ്ടിതമായ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിലൂടെ അവരുടെ നൂതനാശയങ്ങൾ സ്റ്റാർട്ട് അപ്പുകളിലൂടെ സംരഭകത്വത്തിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പ്രോഗ്രാമുകൾ രാജ്യത്തുതന്നെ പുതുമയുള്ളതാണ്. കേന്ദ്രീകൃത ഡാറ്റാ ബേസിലേക്ക് വിവരങ്ങൾ അപ് ലോഡ് ചെയ്യുന്നതിനായുള്ള ഡിജിറ്റൽ പ്ലാറ്റ് ഫോമും കേരളത്തിൽ വൈകാതെ യാഥാർത്ഥ്യമാകും. ഇത്തരത്തിൽ ഏറ്റവും പുതിയ കാഴ്ചപ്പാടുകൾ പ്രാവർത്തികമാക്കുന്നതിന് കെ ഡിസ്കിന്റെ പങ്കാളിത്തം, സ്റ്റാർട്ട്- അപ്പുകൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ്, ശാസ്ത്ര സാങ്കേതിക കൗൺസിലിനു കീഴിലുള്ള സ്ഥാപനങ്ങൾക്ക് അധിക ധനസഹായം, പ്രധാന സർവ്വകലാശാലകൾക്ക് 125 കോടി രൂപ വീതമുള്ള ഒറ്റത്തവണ അസിസ്റ്റൻസ്, മറ്റു സർവ്വകലാശാലകൾക്കുള്ള 50 കോടിയുടെ പ്രത്യേക പാക്കേജ് എന്നിങ്ങനെ നമ്മുടെ സംസ്ഥാനം നാളിതുവരെ കണ്ടിട്ടില്ലാത്ത വിധം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ ഉണർവുണ്ടാക്കുന്ന പ്രൊജക്ടുകളാണ് 2021-22 വർഷത്തെ ബജറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.ഈ വർഷം ബിരുദ ബീരുദാനന്തര തലത്തിൽ 20,000 സീറ്റുകളാണ് സർക്കാർ വർദ്ധിപ്പിച്ചത്. സർവകലാശാല ശുപാർശ ചെയ്ത ഏതാണ്ടെല്ലാ കോളേജുകളിലും അധിക ബാച്ചുകൾ അനുവദിക്കുക വഴിയാണ് ഇത് യാഥാർത്ഥ്യമാക്കിയത്. സർക്കാർ കോളേജുകളുടെ പശ്ചാത്തല സൗകര്യവികസനത്തിന് 594 കോടി രൂപയാണ് ബജറ്റിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. സർവകലാശാലകളെയും കോളേജുകളെയും അറിവിൻ്റെ വിനിമയത്തിനും കൈമാറ്റങ്ങൾക്കുമായി കൂട്ടിയിണക്കുന്ന ഇ-ജേർണൽ കൺസോർഷ്യത്തിന് 10 കോടി നീക്കിവെച്ചത് വളരെയേറെ സ്വാഗതാർഹമാണ്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആസ്ഥാന മന്ദിരത്തിന് 5 കോടി രൂപ അനുവദിച്ചതുംപ്രത്യാശ ജനിപ്പിക്കുന്നതാണ്.നമ്മുടെ നാടിന്റെ വികസനം യൂവജനങ്ങളിലൂടെയാവണം എന്ന ലക്ഷ്യം ഈ ബജറ്റിന്റെ ഏറ്റവും വലിയ സവിശേഷതയാണ്.പിണറായി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നിരവധി പരിഷ്കാരങ്ങളാണ് നടപ്പിലാക്കി വരുന്നത്. 2014-ൽ എയ്ഡഡ് കോളേജുകളിൽ അനുവദിച്ച കോഴ്സുകൾക്ക് ആവശ്യമായ 721 തസ്തികകൾ സൃഷ്ടിച്ചതും, സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ 562 അദ്ധ്യാപക നിയമനങ്ങൾ നടത്തിയതും, 401 പുതിയ തസ്തികകൾ സൃഷ്ടിച്ച് 410 അനദ്ധ്യാപക നിയമനങ്ങൾക്ക് സാഹചര്യമൊരുക്കിയതും സ്മരണീയമാണ്. സർവ്വകലാശാലകളിൽ 2198 അസിസ്റ്റന്റ്, 825 കമ്പ്യൂട്ടർ അസിസ്റ്റന്റ്, പോസ്റ്റുകളിൽ നിയമനങ്ങൾ നടത്തിയത് വലിയൊരു കുതിപ്പാണ് യൂണിവേഴ്സിറ്റികളിൽ ഉണ്ടാക്കിയത്. സർക്കാർ എഞ്ചിനിയറിംഗ് പോളിടെക്നിക്കുകളിൽ 496 അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തിയതും മലയാളം സർവ്വകലാശാലക്ക് ഭൂമി ഏറ്റെടുത്ത്, 80 കോടി രൂപ ചിലവിൽ ആസ്ഥാനമന്ദിരവും സ്ഥിരം കാമ്പസും നിർമ്മിക്കുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലെത്തിക്കാനായതും, എ.പി.ജെ.അബ്ദുൾകലാം സാങ്കേതിക സർവ്വകലാശാലയിൽ സ്ഥിര കാമ്പസിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ 90% പൂർത്തിയാക്കാൻ കഴിഞ്ഞതും, സർക്കാർ എയ്ഡഡ് കോളേജുകളിലും സർവ്വകലാശാലകളിലുമായി 197 ന്യുജെൻ കോഴ്സുകൾക്ക് തുടക്കമിട്ടതും, സർവ്വകലാശാലകളിലെ 3000 ത്തോളം അനദ്ധ്യാപക നിയമനങ്ങൾ PSC ക്ക് വിട്ടുകൊണ്ട് ആവശ്യമായ ഉത്തരവുകൾ ഇറക്കിയതും, പ്ലാൻ ഫണ്ട് ഉപയോഗിച്ച് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 526 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കിയതും, വിദ്യാർത്ഥികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി എല്ലാ സർക്കാർ കോളേജുകളിലും കൗൺസിലർമാരെ നിയമിച്ചതും ഉന്നതവിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ച ചലനം വലിയ പ്രതീക്ഷക്കാണ് വക നൽകിയിരിക്കുന്നത് .സമൂഹ പുനർ നിർമ്മിതിയിൽ വിദ്യാർത്ഥികളുടെ ആശയങ്ങൾ ഉൾപ്പെടുത്തുന്നതിന് സ്റ്റുഡന്റ് കോൺക്ലേവുകൾ സംഘടിപ്പിച്ചതും, വിദ്യാർത്ഥികളിൽ നേതൃഗുണം പരിശീലിപ്പിക്കുന്നതിനായി കോളേജ് യൂണിയൻ ചെയർമാൻമാരെ വിദേശരാജ്യങ്ങളിലെ സർവകലാശാലകളിലേക്ക് അയച്ചതും സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി, ശ്രീനാരായണഗുരുവിൻ്റെ പേരിൽ സ്ഥാപിച്ചതും, സ്വാശ്രയ കോളേജുകളിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെ സേവന-വേതന-യോഗ്യതാ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിനായി നിയമനിർമ്മാണം നടത്തുന്നതും, സർവ്വീസിലിരിക്കെ മരണമടയുന്ന എയ്ഡഡ് കോളേജുകളിലെ ജീവനകാർക്ക് സമാശ്വാസ നിയമനം നൽകാനുള്ള മാർഗ്ഗരേഖ സംസ്ഥാനത്ത് ആദ്യമായി പുറപ്പെടുവിച്ചതും, എയിഡഡ് കോളേജ് പ്രിൻസിപ്പൽമാർക്ക് ഡ്രോയിങ് ഓഫീസർമാരുടെ അധികാരം നൽകി ഉത്തരവായതും, സർക്കാർ ലോ കോളേജുകളിൽ അധിക ബാച്ചുകൾ അനുവദിച്ചതും, കോവിഡ് പശ്ചാത്തലത്തിലും എൻട്രൻസ് പരിക്ഷകളും മൂല്യനിർണ്ണയവും സമയബന്ധിതമായി പൂർത്തിയാക്കിയതും, ബിരുദ ബിരുദാന്തര പ്രവേശനവും ഫലപ്രഖ്യാപനവും സമയ ബന്ധിതമാക്കി ഏകീകരിച്ചതും, അസാപ്പിനു കീഴിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള 9 നൈപുണ്യ വികസന പരിശീലന കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കിയതും, പുതിയ 7 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്ന സ്ഥിതി സംജാതമാക്കിയതും ഹയർ എഡ്യുക്കേഷൻ സെക്ടറിനെ ഏറെ മുന്നോട്ട് നടക്കാൻ പ്രാപ്തമാക്കിയ പരിഷ്കാരങ്ങളാണ്.പ്ലസ്ടു, ഐ.ടി.ഐ കഴിഞ്ഞവർക്ക് പോളിടെക്‌നിക് കോഴ്സിൽ രണ്ടാം വർഷ ലാറ്ററൽ എൻട്രി അഡ്മിഷൻ അനുവദിച്ചതും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇൻ്റീരിയർ ഡിസൈനിംഗ് എന്നീ ശാഖകളിൽ എഞ്ചിനീയറിംഗ് ഡിഗ്രികൾ പ്രഥമമായി സംസ്ഥാനത്ത് ആരംഭിച്ചതും, എൻ.ബി.എ അക്രഡിറ്റേഷൻ ലഭിച്ച പ്രശസ്തമായ മൂന്ന് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾക്ക് ഒട്ടോണമസ് പദവി നൽകിയതും, ഉയർന്ന നാക് അക്രഡിറ്റേഷനുള്ള സ്ഥാപനങ്ങളെ ഒട്ടോണമസ് ആക്കാൻ പരിഗണിക്കുന്നതും, ഇന്റഗ്രേറ്റഡ് എം.എ, എം.എസ്. സി തുടങ്ങിയ പുതുതലമുറ കോഴ്സുകൾ ഇദംപ്രഥമായി കോളേജുകളിൽ ആരംഭിച്ചതും, സർവകലാശാലകളുടെയും, സർക്കാർ- എയ്ഡഡ് കോളേജുകളുടേയും അടിസ്ഥാനസൗകര്യവികസനത്തിനായി റൂസ പദ്ധതി വഴി 230 കോടി രൂപ ലഭ്യമാക്കിയതും എക്കാലത്തും ഓർമ്മിക്കപ്പെടും. റൂസ ഫണ്ടിന് ഇന്ത്യാ രാജ്യത്ത് അർഹത നേടിയ ഏറ്റവും കൂടുതൽ കോളേജുകൾ കേരളത്തിലാണെന്നത് അഭിമാനകരമാണ്.കോവിഡ് 19 പശ്ചാതലത്തിൽ ഇതര സംസ്ഥാനങ്ങളിൽ മറ്റു മേഖലകളിലെന്ന പോലെ ഉന്നത വിദ്യാഭ്യാസരംഗവും സ്തംഭനാവസ്ഥയിൽ കഴിയുമ്പോൾ സാമൂഹിക ക്ഷേമ – ജനപക്ഷ ബദൽ പദ്ധതികളുമായി പിണറായി വിജയൻ്റെ നേതൃത്വ

ത്തിൽ ഇടതുപക്ഷ സർക്കാർ മുന്നോട്ടു പോകുന്ന കാഴ്ച, ഏതൊരു കേരളീയനേയും ആവേശഭരിതനാക്കാൻ പര്യാപ്തമാണ്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *