തിരുവനന്തപുരം
റാങ്ക് പട്ടിക നിലനിൽക്കെ കോൺഗ്രസ് അനുകൂലികളായ ആറ് താൽക്കാലിക സെക്രട്ടറിയറ്റ് ഗാർഡുമാരെ യുഡിഎഫ് സർക്കാർ സ്ഥിരപ്പെടുത്തിയത് കെപിസിസിയുടെയും നേതാക്കളുടെയും ശുപാർശയിൽ. കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, ശശി തരൂർ എംപി, എംഎൽഎയായിരുന്ന കെ മുരളീധരൻ എന്നിവരും കേരള സെക്രട്ടറിയറ്റ് അസോസിയേഷനും നല്‍കിയ കത്ത് പരിഗണിച്ചാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഇവരെ സ്ഥിരപ്പെടുത്തിയത്. സോളാർ കേസിലെ ഇരയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക് സാക്ഷികളായിരുന്നു ഈ ആറ് വിമുക്ത ഭടന്മാരെന്നതും ഉമ്മൻചാണ്ടി പരിഗണിച്ചു.
സെക്യൂരിറ്റി ഗാർഡുമാരുടെ പിഎസ്‌സി നിയമന ശുപാർശ അയക്കുന്നതിന് തൊട്ട് മുമ്പായിരുന്നു ധന, പൊതുഭരണ സെക്രട്ടറിമാരുടെ എതിർപ്പ് മറികടന്ന് അഞ്ച് വർഷം മാത്രം സർവീസുള്ള ഇവരെ സ്ഥിരപ്പെടുത്തിയത്. ഇത് നിയമവിരുദ്ധമാണെന്ന് ധന സെക്രട്ടറിയായിരുന്ന കെ എം എബ്രഹാം ഫയലിൽ കുറിപ്പെഴുതിയിട്ടും അത് മറികടന്ന് ഫയൽ മന്ത്രിസഭയിൽ സമർപ്പിക്കാൻ ഉമ്മൻചാണ്ടി ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി.
2015 ഡിസംബർ മൂന്നിലെ മന്ത്രിസഭാ യോഗം ഇത് അംഗീകരിച്ചു. സെക്യൂരിറ്റി ഗാർഡുമാരുടെ പിഎസ്‌സി റാങ്ക് പട്ടിക( നമ്പർ 287/12/ERIII) നിലവിലിരിക്കെ 21ന് ഇവരെ സ്ഥിരപ്പെടുത്തി ഉത്തരവിറങ്ങി. 2012 മാർച്ച് 16ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയ്‌ക്ക് 2015 ജൂലൈ 17 വരെയുണ്ടായിരുന്ന കാലാവധി 2016 മാർച്ച് 31വരെ നീട്ടിനൽകിയിട്ടായിരുന്നു ഉമ്മൻചാണ്ടിയുടെ വഞ്ചന.
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005ലും സെക്രട്ടറിയറ്റിൽ 27 സെക്യൂരിറ്റി ഗാർഡുമാരെ സ്ഥിരപ്പെടുത്തി. നിലവിലെ റാങ്ക് പട്ടികയിൽനിന്നും പിഎസ്‌സി അയച്ച 27 നിയമനശുപാർശ തിരികെ വിളിപ്പിച്ചായിരുന്നു അസാധാരണ നടപടി. അതിന് പിന്നാലെയാണ് മറ്റൊരു പിഎസ്‌സി റാങ്ക് പട്ടികയെയും
നടപടി റദ്ദാക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍
യുഡിഎഫ് സർക്കാർ അനധികൃതമായി സെക്രട്ടറിയറ്റ് സെക്യൂരിറ്റി ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയത് എൽഡിഎഫ് സർക്കാർ. അനധികൃത സ്ഥിരപ്പെടുത്തൽ അസാധുവാക്കണമെന്ന പൊതുഭരണ വകുപ്പ് ശുപാർശ 2107 മാർച്ച് 15ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. ധന, നിയമ വകുപ്പുകളുടെ നിർദേശപ്രകാരമായിരുന്നു തീരുമാനം. ഇതിനെതിരെ ആറുപേരും കോടതിയെ സമീപിച്ചെങ്കിലും സർക്കാർ തീരുമാനം കോടതി ശരിവച്ചു.
കോൺഗ്രസ് എംഎൽഎയുടെ ബന്ധുനിയമനത്തിന് പ്രത്യേക ഉത്തരവ്
യുഡിഎഫ് ഭരണത്തിൽ കോൺഗ്രസ് എംഎൽഎയുടെ ബന്ധുവിന് ജില്ലാ സഹകരണബാങ്കിൽ അനധികൃതനിയമനം. പിഎസ്‌സി അനുമതി നൽകാത്ത ഇലക്ട്രിക്കൽ സൂപ്പർവൈസർ എൻജിനിയർ തസ്‌തികയിലേക്കാണ് സ്ഥിരനിയമനം നടത്തിയത്. ആവശ്യമായ യോഗ്യതയില്ലാത്ത ഇയാളെ മാനേജർ കേഡറിൽ നിയമിക്കാനായി മാത്രം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും സി എൻ ബാലകൃഷ്‌ണൻ സഹകരണമന്ത്രിയുമായിരിക്കെ പ്രത്യേക ഉത്തരവിറക്കി.
പ്രത്യേക കേസായി പരിഗണിച്ച് ദിവസവേതനക്കാരനായ കെ എം ശ്യാംകുമാറിനെ തൃശൂർ ജില്ലാ സഹകരണ ബാങ്കിന്റെ ആസ്ഥാന മന്ദിരത്തിൽ ഇലക്‌ട്രിക്കൽ സൂപ്പർവൈസർ എൻജിനിയറായി നിയമിക്കാനാണ് 2014ൽ ഉത്തരവിട്ടത്. കുന്നത്തുനാട് എംഎൽഎ വി പി സജീന്ദ്രന്റെയും അന്നത്തെ സംസ്ഥാന സഹകരണ രജിസ്‌ട്രാറുടെയും അടുത്ത ബന്ധുവാണ് ശ്യംകുമാർ. ഒഴിവ് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്‌തെങ്കിലും വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനാവശ്യമായ റൂൾ പിഎസ്‌സി അംഗീകാരിച്ചിരുന്നില്ല. ശ്യാംകുമാറിന്റെ ഹര്‍ജിയില്‍ അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിന്റെ പേരിലാണ് നിയമന ഉത്തരവിറക്കിയത്. തസ്‌തികയിലേക്ക് ബിടെക്കാണ് യോഗ്യത. ശ്യാംകുമാറിന് യോഗ്യതയില്ലെന്നും നിയമനത്തിൽ സാമ്പത്തിക ഇടപാട് നടന്നതായും ആക്ഷേപമുണ്ട്. യുഡിഎഫ് ഭരണകാലത്ത് തൃശൂർ ജില്ലാ സഹകരണബാങ്കിൽ ഇത്തരത്തിൽ 156 നിയമനം നടത്തി. അവസാനം 18 പാർട്ട്‌ടൈം സ്വീപ്പർമാരെയും നിയമിച്ചു. ഈ നിയമനം എൽഡിഎഫ് സർക്കാർ റദ്ദാക്കി.
0 Comments