എച്ച്എന്‍എല്‍ കേരളത്തിന് സ്വന്തം
കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനം വെളളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ്(എച്ച്എന്‍എല്‍) സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയ ട്രിബ്യൂണല്‍, ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷനില്‍ എച്ച്എന്‍എല്ലിനുള്ള മുഴുവന്‍ ഓഹരികളും കേരളസര്‍ക്കാരിന് കൈമാറാന്‍ ഉത്തരവിട്ടു. പൂട്ടിക്കിടക്കുന്ന കമ്പനിയുടെ ഓഹരികള്‍ 25 കോടിക്ക് വാങ്ങാന്‍ തയ്യാറാണെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം ട്രിബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു. ഈ തുക വിനിയോഗിച്ച് ലിക്വിഡേറ്റര്‍ ബാങ്കുകളുടെ കടബാധ്യത തീര്‍ക്കണം. എച്ച്എന്‍എല്‍ സംസ്ഥാനത്തിന് കിട്ടുന്നതിന് സര്‍ക്കാര്‍ ശക്തമായ ഇടപെടലാണ് നടത്തിയത്.
എച്ച്എന്‍എല്‍ കേരളത്തിന് കൈമാറണമെന്ന ലിക്വഡേറ്ററുടെ നിര്‍ദേശത്തെ കേന്ദ്ര ഘനവ്യവസായ മന്ത്രാലയം എതിര്‍ത്തു. ഒഫീഷ്യല്‍ ലിക്വിഡേറ്റര്‍ ഹാജരാക്കിയ 25 കോടിയുടെ പാക്കേജിന് ട്രിബ്യൂണല്‍ അംഗീകാരം നല്‍കുകയായിരുന്നു. വ്യവസായ വകുപ്പിന് കീഴിലുള്ള റിയാബ്(പൊതുമേഖലാ നവീകരണ ആഭ്യന്തര ഓഡിറ്റ് വിഭാഗം) ലിക്വിഡേറ്ററുമായി കൊല്‍ക്കത്തയില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. ട്രിബ്യൂണലില്‍ കേസ് ഫയല്‍ ചെയ്ത എസ്ബിടി, കാനറാ ബാങ്ക്, വിജയ ബാങ്ക് പ്രതിനിധികളും ധാരണ അംഗീകരിച്ചു.
‘എച്ച്എന്‍എല്‍ വില്‍ക്കരുത്’ എന്ന ആവശ്യവുമായി നിരവധിതവണ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചു. പ്രധാനമന്ത്രിയെ കണ്ട് എച്ച്എന്‍എല്‍ സംസ്ഥാനത്തിന് വിട്ടുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ലേലത്തില്‍ പങ്കെടുക്കുക എന്ന നിഷേധാത്മക നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. എച്ച്എന്‍എല്ലിന് സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ ഭൂമിയുടെ കാര്യത്തില്‍ അവകാശം ഉന്നയിച്ച് സര്‍ക്കാര്‍ നടപടി നീക്കി. എച്ച്എന്‍എല്ലിന് വേണ്ടി സ്ഥലം ഏറ്റെടുത്തുനല്‍കിയ കരാറില്‍ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനോ വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ പാടില്ലെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ഇടപെടല്‍. സ്ഥലത്തിന്റെ അവകാശവാദം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈക്കോടതിയിലും എന്‍സിഎല്‍ടി കോടതിയിലും കേസ് ഫയല്‍ ചെയ്തു. ഈ നടപടിയാണ് ചരിത്രപരമായ തീരുമാനങ്ങളിലേക്ക് എത്തിച്ചത്.
👇
0 Comments