https://www.deshabhimani.com/articles/public-health-sector-in-kerala/864754
കഴിഞ്ഞദിവസം ജർമനിയിൽനിന്ന് റോസിച്ചേച്ചി വിളിച്ചിരുന്നു. മലയാളിയായ അവർ ജർമൻകാരനെ വിവാഹം കഴിച്ച് അവിടെ സ്ഥിരം താമസമാക്കിയിരിക്കുന്നു. മക്കൾ വിവാഹം കഴിച്ചിരിക്കുന്നതും വിദേശികളെയാണ്. വ്യത്യസ്ത രാജ്യക്കാർ ഉൾപ്പെടുന്ന ഒരു സാർവദേശീയ കുടുംബം. വർഷത്തിൽ കുറെസമയം റോസിച്ചേച്ചി മക്കൾക്കൊപ്പം അമേരിക്കയിലായിരിക്കും. ജർമൻകാരിയായി മാറിയെങ്കിലും പിറന്ന നാടിനോട് പ്രത്യേക സ്നേഹമാണവർക്ക്. നാട്ടിലേക്ക് വരുമ്പോൾ തുണിസഞ്ചികളും മാലിന്യം കൈകാര്യം ചെയ്യേണ്ടത് സംബന്ധിച്ച നിർദേശങ്ങൾ തയ്യാറാക്കിയ പ്രചാരണ രൂപങ്ങളുമൊക്കെയാണ് ആളുകൾക്ക് കൊടുക്കാൻ കൊണ്ടുവരുന്നത്. കാണുമ്പോഴും കേൾക്കുമ്പോഴും കേരളം നന്നാകേണ്ടതിനെക്കുറിച്ച് ജർമനിയും ഇറ്റലിയുമൊക്കെയായി താരതമ്യംചെയ്ത് സംസാരിക്കുകയും ചെയ്യും. ഈ പ്രശ്നങ്ങളിൽ അവർ പറയുന്നതിൽ കുറച്ചുകാര്യവുമുണ്ട്. എന്നാൽ, ഇപ്പോൾ വിളിച്ചപ്പോൾ അവർ ഇതൊന്നുമല്ല പറഞ്ഞത്. കേരളത്തിൽ നിന്നാണെന്ന് പറയുന്നതിൽ തനിക്ക് ഇപ്പോൾ പ്രത്യേക അഭിമാനമാണെന്നും കോവിഡിനെ നേരിടുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനം ലോകത്തിന് മാതൃകയാണെന്നും അവർ തുടർച്ചയായി പറഞ്ഞുകൊണ്ടേയിരുന്നു. ഇപ്പോൾ കേരളമാണ് ലോകത്തിൽ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്നും അവർ അഭിമാനത്തോടെ പറഞ്ഞു. നമ്മുടെ നാടിനുമാത്രം ഇതെങ്ങനെ കഴിയുന്നെന്നും അവർ തെല്ല് അത്ഭുതത്തോടെ ചോദിച്ചു.
മുമ്പേ നടക്കുന്ന കേരളം
ഇത് ഒരു ഒറ്റപ്പെട്ട ചോദ്യമല്ല. കടൽ കടന്നതോടെ രക്ഷപ്പെട്ടെന്ന് പറഞ്ഞിരുന്ന പലരും നാട്ടിലെ സുരക്ഷിതത്വത്തെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. എങ്ങനെയാണ് കേരളം ഈ പ്രതിസന്ധിഘട്ടത്തിൽ ജനകീയമായ ചെറുത്തുനിൽപ്പ് നടത്തുന്നതെന്ന ചോദ്യം ലോകമാകെ ഉയരുന്നുണ്ട്. 1957ൽ കമ്യൂണിസ്റ്റ് പാർടി അധികാരത്തിൽവന്ന സന്ദർഭത്തിൽ ലോകം കേരളത്തെക്കുറിച്ച് ചർച്ചചെയ്തതുപോലെ ഇന്ന് അന്തർദേശീയമാധ്യമങ്ങൾ ഉൾപ്പെടെ പ്രതീക്ഷയോടെയും തെല്ല്അത്ഭുതത്തോടെയും ഈ ചെറിയ സംസ്ഥാനത്തിലേക്ക് നോക്കുന്നു. ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതിനുശേഷം എങ്ങനെയാണ് കേരളത്തിന് വ്യാപനത്തിന്റെ ഗ്രാഫ് ഉയരാതെ സൂക്ഷിക്കാൻ കഴിഞ്ഞതെന്ന ഓപ്പൺ മാഗസിനിലെ എൻ പി ഉല്ലേഖിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന മറുപടി കേരളമികവിന്റെ അടിസ്ഥാനഘടകത്തെ ലളിതമായി തുറന്നുകാണിക്കുന്നതാണ്. “സാമൂഹ്യപദവി പരിഗണിക്കാതെ എല്ലാവർക്കും മെച്ചപ്പെട്ട ആരോഗ്യസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിൽ 1957 മുതൽ ഞങ്ങളുടെ സർക്കാരുകളും ദീർഘവീക്ഷണമുള്ള നേതാക്കളും കാണിച്ച പ്രതിബദ്ധത സവിശേഷമാണ്. ഈ പൈതൃകത്തെയാണ് ഞങ്ങൾ പിന്തുടരുന്നത്. പൊതുസേവനമെന്ന നിലയിൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹ്യ മുൻകൈയിലാണ് ഞങ്ങൾ ആരോഗ്യത്തെ കാണുന്നത്.”
മുൻഗണന പൊതു ആരോഗ്യപരിപാലനത്തിന്
കേരള മാതൃകയുടെ സമ്പന്നവും വികസിതവുമായ തുടർച്ചയാണ് ഈ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത്. 1957ൽ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാരിന്റെ നയത്തിന്റെ അടിസ്ഥാനം 1956 ജൂൺ 22, 23, 24 തീയതികളിൽ തൃശൂരിൽ നടന്ന സംസ്ഥാനസമ്മേളനം അംഗീകരിച്ച പ്രമേയമായിരുന്നു. പിണറായി വിജയൻ ചൂണ്ടിക്കാണിക്കുന്ന പൈതൃകത്തിന്റെ തുടക്കം ഈ രേഖയിൽ കാണാൻ കഴിയും. ഗ്രാമങ്ങളിൽ വൈദ്യസഹായം ലഭിക്കുന്നതിന്റെ കുറവ് ചൂണ്ടിക്കാട്ടിയ പ്രമേയം ആധുനിക വൈദ്യശാസ്ത്രത്തെയും നാട്ടുവൈദ്യത്തെയും ഒരേപോലെ ഉപയോഗിക്കുന്നതിനെക്കുറിച്ചും സൂചിപ്പിക്കുന്നു. ഇപ്പോൾ, ചില രാജ്യങ്ങളിൽ സ്വകാര്യആശുപത്രികൾ ഏറ്റെടുക്കുന്നതിനെക്കുറിച്ച് വാർത്തകൾ കാണുന്നുണ്ടല്ലോ. എന്നാൽ, 1956ലെ ഈ പ്രമേയം ഗ്രാമങ്ങളിലെ ആശുപത്രികൾ സർക്കാർ ഏറ്റെടുക്കുന്നതോടൊപ്പം ആധുനിക സൗകര്യങ്ങൾ പൊതു ആരോഗ്യമേഖലയിൽ ഏർപ്പെടുത്തുന്നതിനെക്കുറിച്ചും ദീർഘവീക്ഷണത്തോടെ അന്നേ പ്രതിപാദിക്കുന്നു.
‘എല്ലാ ജില്ലാ ആശുപത്രികളിലും എക്സ്റേ പോലുള്ള ആധുനികസൗകര്യങ്ങൾ ഏർപ്പെടുത്തുക. താലൂക്കുതോറുമുള്ള ഗവൺമെന്റ് ആശുപത്രിക്കുപുറമേ ലോക്കൽ ഫണ്ട് ഡിസ്പെൻസറികൾ ഗവൺമെന്റ് ഏറ്റെടുക്കുകയും കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങളോടുകൂടി അവയെ വികസിപ്പിക്കുകയും ചെയ്യുക. പരിയാരം സാനിറ്റോറിയം സർക്കാർ ഏറ്റെടുക്കുക, മലമ്പനി, മന്ത് മുതലായ രോഗങ്ങളെ സംബന്ധിച്ച് ഗവേഷണവും നിവാരണ നടപടികളും വികസിപ്പിക്കുക.’
അധികാരത്തിൽ വരുന്നതിനുമുമ്പുതന്നെ കമ്യൂണിസ്റ്റ് പാർടി അംഗീകരിച്ച ഈ കാഴ്ചപ്പാട് പണമുള്ളവനുമാത്രം ആധുനികമായ ചികിത്സാസൗകര്യങ്ങൾ ഉറപ്പുവരുത്തകയെന്ന നിലപാടിന് കടകവിരുദ്ധമാണ്. ഈ കാഴ്ചപ്പാടിന്റെ പ്രയോഗത്തിന് സാമൂഹ്യമായ ഇടപെടലും ജനാധിപത്യപരമായ ചർച്ചകളും പിന്തുടർന്നുവെന്നതും ശ്രദ്ധേയം. 1957ൽ അധികാരമേറ്റതിനുശേഷം നടത്തിയ നയപ്രഖ്യാപനത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള എല്ലാവരുമായി ചർച്ച നടത്തിയായിരിക്കും വൈദ്യസഹായ സംബന്ധമായ വിശദപരിപാടികൾ തയ്യാറാക്കുകയെന്നും ഇ എം എസ് വ്യക്തമാക്കിയിരുന്നു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ രണ്ടുവർഷംമാത്രം ഭരിക്കാൻ അവസരം കിട്ടിയ സർക്കാർ ആരോഗ്യകേരളത്തിന് അടിത്തറയിടുകതന്നെ ചെയ്തു.
തുടക്കമിട്ടത് ആദ്യ സർക്കാർ
ഈ രണ്ടുവർഷം പിന്നീടുള്ള ദശകത്തിൽ വിവിധമേഖലകളിലെ മാറ്റങ്ങളിൽ എങ്ങനെ പ്രതിഫലിച്ചെന്ന് ഇക്കണോമിക്കൽ ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ 2002 ഏപ്രിലിൽ ജി കെ ലൈടൻ എഴുതിയ പ്രബന്ധത്തിൽ വിശദീകരിക്കുന്നുണ്ട്. അമ്പതുകളുടെ അവസാനത്തിനുശേഷമുള്ള ദശകത്തിൽ മരണനിരക്ക് ആയിരത്തിന് 160ൽനിന്ന് എൺപതിലേക്ക് കുത്തനെ താണു. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ കുറവ് ഉണ്ടായ ദശകമാണിത്. 1956 മുതൽ 66 വരെയുള്ള ദശകത്തിൽ ശിശുമരണനിരക്കിൽ 43 ശതമാനം കുറവുണ്ടായതിലും 57ലെ സർക്കാരിന്റെ നടപടികൾ പ്രധാനപങ്ക് വഹിച്ചെന്ന് ടി എൻ കൃഷ്ണന്റെ പഠനത്തെക്കൂടി ആസ്പദമാക്കി ലൈടൻ വിശദീകരിക്കുന്നു. ഇതേ കാലയളവിൽതന്നെയാണ് ജനന നിരക്കിലും ഏറ്റവും വലിയ കുറവുണ്ടായത്. ഏകദേശം 40 ശതമാനത്തിന്റെ ഇടിവുണ്ടായതെന്നാണ് ഈ പ്രബന്ധം വ്യക്തമാക്കുന്നത്.
അമർത്യ സെന്നും ജോൺ ഡ്രീസും ചേർന്നെഴുതിയ ഹംഗർ ആൻഡ് പബ്ലിക് ആക്‌ഷൻ എന്ന പുസ്തകത്തിൽ ചൈനയും ഇന്ത്യയും തമ്മിലുള്ള താരതമ്യത്തെ സംബന്ധിച്ച അധ്യായത്തിൽ ഒരുഭാഗം, എങ്ങനെ പ്രതിശീർഷവരുമാനം കുറവുള്ള കേരളം സ്ത്രീസാക്ഷരതയിലും ശിശുമരണനിരക്കിലും മറ്റ് മാനവവിഭവ സൂചകങ്ങളിലും ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളെ വല്ലാതെ പിന്നിലാക്കുക മാത്രമല്ല, ചൈനയോട് തുല്യമായ മികവ് സ്വായത്തമാക്കുകയും ചെയ്തെന്ന് പ്രത്യേകം വിശദീകരിക്കുന്നുണ്ട്. ‘കേരളീയ സമൂഹത്തിന്റെ നേട്ടങ്ങളിൽ പൊതുസമൂഹ പിന്തുണ പ്രധാനമാണ്. ഒരുഭാഗത്ത്, പൊതു ആരോഗ്യ സംവിധാനങ്ങളിലൂടെ വ്യാപകമായി ജനങ്ങൾക്ക് ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നു. മറുവശത്ത് വിദ്യാസമ്പന്നരായ ജനങ്ങൾ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുകയും ചെയ്യുന്നു. ഏറ്റവും ശക്തമായ പൊതുവിതരണ സംവിധാനം കേരളത്തിൽ മാത്രമാണ് ഉള്ളതെന്നതും പ്രധാനമാണ്.’ (പേജ് 222,223)
കേരളത്തിന്റെ ഈ മികവിനെക്കൂടി തകർക്കാനിടയാക്കുന്ന നയങ്ങളായിരുന്നു രാജ്യത്ത് 1991 മുതൽ നടപ്പാക്കിയത്. ആരോഗ്യ, വിദ്യാഭ്യാസമേഖലകളെ ചരക്കാക്കി മാറ്റി. പൊതുജനാരോഗ്യമേഖലയിൽനിന്ന് സർക്കാർ പിൻവാങ്ങാൻ തുടങ്ങി. ജിഡിപിയുടെ രണ്ടുശതമാനംപോലും ആരോഗ്യമേഖലയ്‌ക്ക് മാറ്റിവയ്ക്കാത്ത രാജ്യമായ ഇന്ത്യയിലെ സ്ഥിതി കൂടുതൽ വഷളായി. മറുവശത്ത് 280 ബില്യൺ ഡോളർ വലിപ്പമുള്ളതായി ആരോഗ്യവ്യവസായം വളർന്നു. 8.6 ട്രില്യൺ ഡോളറിലേക്ക് 2020ൽത്തന്നെ ആശുപത്രി വ്യവസായം മാറുമെന്നും അതിന്റെ ഹബ്ബ് കേരളമാകുമെന്നും പ്രവചിച്ചിരുന്നു.
അത്യാധുനിക സൂപ്പർ സ്പെഷ്യാലിറ്റികൾമാത്രം ശക്തിപ്പെടുത്തുന്ന നയം വ്യക്തിയെമാത്രം ലക്ഷ്യംവച്ചതും ലാഭത്തെമാത്രം അടിസ്ഥാനപ്പെടുത്തുന്നതുമാണ്. എന്നാൽ, സമൂഹത്തെ ആകെ ഉൾക്കൊള്ളുന്ന 1956ൽ കമ്യൂണിസ്റ്റ് പാർടി അംഗീകരിച്ച നയമാണ് പിണറായി സർക്കാർ പിന്തുടർന്നുവെന്നതാണ് ഇപ്പോഴത്തെ മികവിന്റെ അടിസ്ഥാനം. സ്വകാര്യമേഖലയെ അംഗീകരിക്കുന്നതോടൊപ്പം പൊതുആരോഗ്യ പരിപാലനത്തിന് മുൻഗണന നൽകി അവയെ ശക്തിപ്പെടുത്തി. ജനകീയമായ ഇടപെടലുകൾക്ക് നേതൃത്വം നൽകുന്നതിനും സർക്കാരിന് കഴിഞ്ഞു. 1957ൽ വിവിധമേഖലകളിൽ പ്രയോഗിച്ച ‘കമ്യൂണിറ്റി’ സംവിധാനംപോലും പുതിയ രീതിയിൽ പ്രയോഗിക്കുന്നതിന് ഈ സർക്കാരിന് കഴിഞ്ഞു.
ഉദാരവൽക്കരണകാലത്ത് എല്ലാം കമ്പോളത്തിന് വിട്ടുകൊടുക്കുമ്പോൾ പരിമിതികൾക്ക് അകത്തുനിന്ന് ബദൽ പ്രയോഗത്തിന് നേതൃത്വം നൽകാനും പ്രതിസന്ധിഘട്ടങ്ങളിൽ അസാധാരണമായ നേതൃമികവോടെ സമൂഹത്തെ ഒറ്റക്കെട്ടായി അണിനിരത്തുന്നതിനും കഴിഞ്ഞെന്നതാണ് കേരളത്തെ ലോകത്തിനുമുമ്പിൽ കോവിഡ് കാലത്ത് മാതൃകയാക്കുന്നത്.
0 Comments