എന്തു കൊണ്ടാകും കിഫ്ബി എന്ന വാക്ക് പ്രതിപക്ഷത്തെ രാഷ്ട്രീയക്കാരെ ഇത്ര അസ്വസ്ഥരാക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ വികസനചിത്രങ്ങളാണ് അതിന് കാരണം. അതിൽ ഏറ്റവും പുതിയത് എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്പർസ്പെഷ്യാലിറ്റി കെട്ടിടമാണ്.
സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന ചികിത്സാസൗകര്യങ്ങളാണ് സാധാരണക്കാരിലേക്ക് എത്തിക്കുന്നത്. കിഫ്‌ബി ഫണ്ടിൽ നിന്ന് ലഭിച്ച 58 കോടി രൂപ വിനിയോഗിച്ചാണ് അത്യാധുനികസൗകര്യങ്ങളോടെ കെട്ടിടം യാഥാർത്ഥ്യമാക്കിയത്. ന്യൂറോ മെഡിസിൻ-സർജറി, കാർഡിയോളജി, ഓങ്കോ മെഡിസിൻ-സർജറി, നെഫ്രോളജി, യൂറോളജി, പ്ലാസ്‌റ്റിക് സർജറി, കാർഡിയോ തൊറാസിക് സർജറി എന്നീ സൂപ്പർ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളാണ് ഈ പൊതുആതുരാലയത്തിൽ ലഭ്യമാക്കുന്നത്. ഏഴു നിലകളുള്ള സമുച്ചയത്തിൽ ഒരുനില മുഴുവനായും ഓപ്പറേഷൻ തിയറ്ററുകളാണ്. ആധുനികസംവിധാനങ്ങളോടുകൂടിയ അഞ്ച് ഓപ്പറേഷൻ തിയറ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ഒരുനില തീവ്രപരിചരണവിഭാഗത്തിനായി മാറ്റിവച്ചിട്ടുണ്ട്. മറ്റൊരു നിലയിൽ വിവിധ ഒപി വിഭാഗങ്ങൾ പ്രവർത്തിക്കും.
നമ്മുടെ കൺമുന്നിൽ കാണുന്ന മാറുന്ന കേരളത്തിന്റെ ചാലകശക്തിയാണ് കിഫ്ബി. കേരളത്തിൽ പിണറായി വിജയൻ സർക്കാർ ഉറപ്പുവരുത്തിയ വികസനമുന്നേറ്റം കണ്ട് നിലതെറ്റിയ ആർക്കും ആ പേര് ഒരു പ്രശ്നമായി മാറും. സ്വാഭാവികം. പക്ഷെ, കേരളം ആ പേരിനെ നെഞ്ചേറ്റും. ആ സംവിധാനത്തെ കേരളവികസനത്തിനായി ഉപയോഗപ്പെടുത്തിയ പിണറായി സർക്കാരിന്റെ മാജികിനെയും.
0 Comments