കേന്ദ്ര ഗവൺമെന്റ് നടപ്പിലാക്കുന്ന നയത്തിൽനിന്നും തികച്ചും വ്യത്യസ്തമായി പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മത്സ്യോൽപ്പാദനത്തിൽ കേരളത്തെ ഒന്നാംസ്ഥാനത്തേക്ക് എത്തിക്കുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതുമാണ് സംസ്ഥാനത്തിന്റെ ഫിഷറീസ് നയം. 590 കിലോമീറ്റർ ദൈർഘ്യമുള്ള കടൽത്തീരം, 39.139 ചതുരശ്ര കിലോമീറ്റർ വൻകര തട്ട് (കോൺഡിനെന്റൽ സെൽഫ്), 218.536 ചതുരശ്ര കിലോമീറ്റർ പ്രത്യേക സാമ്പത്തിക മേഖല, 53 കായൽ, 44നദി, നിരവധി തണ്ണീർത്തടങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കേരളത്തിലെ സമ്പദ്‌വ്യവസ്ഥയിൽ മത്സ്യമേഖലയുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.
പരമ്പരാഗതമായി കേരളം ഒരു സമുദ്രമത്സ്യോൽപ്പാദക സംസ്ഥാനമാണ്. ഒരുകാലത്ത് സമുദ്രമത്സ്യോൽപ്പാദനത്തിൽ കേരളത്തിന് ഒന്നാം സ്ഥാനമുണ്ടായിരുന്നു. ഇപ്പോൾ പശ്ചിമബംഗാളിന്റെയും ആന്ധ്രപ്രദേശിന്റെയും ഗുജറാത്തിന്റെയും പിന്നിലായി നാലാം സ്ഥാനത്താണ്. തീരപ്രദേശത്തെ 222 കടലോര മത്സ്യ ഗ്രാമത്തിലും 113 ഉൾനാടൻ മത്സ്യ ഗ്രാമത്തിലുമായി അധിവസിക്കുന്ന ഏകദേശം പത്തര ലക്ഷം ജനങ്ങളുടെ ഉപജീവന മാർഗമാണ് മത്സ്യബന്ധനം. യന്ത്രവൽകൃത മത്സ്യബന്ധനം, മത്സ്യ സംസ്കരണ മേഖലയിലെ ആധുനികവൽക്കരണം എന്നിവ ഈ മേഖലയെ കയറ്റുമതി ലക്ഷ്യമാക്കിയുള്ള ഒരു വ്യവസായമായി വളരാൻ സഹായിച്ചു. യന്ത്രവൽക്കരണത്തിലൂടെ മത്സ്യബന്ധന മേഖല ദ്രുതഗതിയിൽ വളർച്ച കൈവരിച്ചെങ്കിലും കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പ്രതിശീർഷ മത്സ്യലഭ്യത 1500 കിലോഗ്രാം മാത്രമാണ്.
അനിയന്ത്രിതമായ ചൂഷണത്തിന്റെ ഫലമായി തീരക്കടലിൽ മത്സ്യലഭ്യതയിലുണ്ടായ ശോഷണം വരുമാനം ഗണ്യമായി കുറച്ചു. മൊത്തം മത്സ്യത്തൊഴിലാളികളുടെ 20 ശതമാനത്തിന് മാത്രമേ മത്സ്യബന്ധന ഉപകരണങ്ങൾ സ്വന്തമായുള്ളൂ. മറ്റുള്ളവർ ഇന്നും ഇടനിലക്കാരെ ആശ്രയിച്ചു പ്രവർത്തിച്ചുവരുന്നു. ഫിഷറീസ് മേഖലയിലെ എൽഡിഎഫ് സർക്കാരിന്റെ ഇടപെടൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിൽ മാത്രമല്ല, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന ഉപകരണങ്ങളുടെ ഉടമസ്ഥാവകാശം ഉറപ്പാക്കലും ലക്ഷ്യമാക്കിയുള്ളതാണ്.
ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് സമുദ്ര മത്സ്യബന്ധനം. സംസ്ഥാന ഫിഷറീസ് നയത്തിന്റെ രണ്ടാം അധ്യായത്തിൽ ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിനെ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷനേതാവും സംഘവും ചെയ്യുന്നത്. അധ്യായം 2:2-ൽ വിദേശ ട്രോളറുകൾക്കോ തദ്ദേശ കോർപറേറ്റുകളുടെ യാനങ്ങൾക്കോ ആഴക്കടൽ മത്സ്യബന്ധനം നടത്താനുള്ള അനുവാദം നൽകാതിരിക്കാനും, ഇന്ത്യയുടെ സമുദ്ര അതിർത്തിയിൽ അവ പ്രവേശിക്കാതിരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും എന്നാണുള്ളത്.
അധ്യായം 2:6-ൽ സംസ്ഥാനത്തിന്റെ തീരക്കടലിൽ യന്ത്രവൽകൃത മത്സ്യബന്ധന യാനങ്ങൾക്ക് നിയന്ത്രണം ഫലപ്രദമായി നടപ്പാക്കും. എന്നാൽ കാലഹരണപ്പെടുന്ന യാനങ്ങൾക്ക് പകരമായി പുതിയ യാനങ്ങൾക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രം നൽകും എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അധ്യായം 2:9-ൽ അമിത ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന വൻകര തട്ട് ഏരിയയിൽനിന്നും നിലവിലെ മത്സ്യബന്ധന സമ്മർദം കോൺഡിനെന്റൽ സ്ലോപ്പ് ഏരിയയിലേക്ക് മാറ്റപ്പെടേണ്ടതിന് പുറംകടലിൽ ‘ബഹുദിന മത്സ്യബന്ധനം’ നടത്തുന്ന യാനങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകും എന്നുമാണുള്ളത്. (ഇതിനെയാണ് തെറ്റായി ചിത്രീകരിച്ച് വിദേശ ട്രോളറാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്).
എന്നാൽ അവർ ബോധപൂർവം വിട്ടുകളയുന്ന ഭാഗമുണ്ട്. ‘പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം’ എന്ന തലവാചകത്തിൽ 2:11-ൽ ഇങ്ങനെ പറയുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾ / സഹകരണസംഘങ്ങൾ എന്നിവർക്ക് ആഴക്കടൽ മത്സ്യബന്ധന രീതികളായ ട്യൂണ ലോങ് ലൈനിങ്, ഗിൽ നെറ്റിങ്, സ്ക്വിഡ് ജിഗ്ഗിങ് എന്നിവയിൽ ആവശ്യമായ സാങ്കേതിക പരിശീലനവും സാമ്പത്തികസഹായവും നൽകും. സഹകരണസംഘങ്ങൾ തെരഞ്ഞെടുക്കുന്ന 10 തൊഴിലാളികളടങ്ങുന്ന ഗ്രൂപ്പുകൾക്ക് പരിശീലനം നൽകി. മത്സ്യഫെഡ് മുഖാന്തരം ബാങ്കുകളിൽനിന്ന് വായ്പ കണ്ടെത്തി. 40ശതമാനം സബ്സിഡി നൽകി, 60ശതമാനം മാത്രം തിരിച്ചടയ്‌ക്കുക എന്ന വ്യവസ്ഥയിലാണിത്. ഇതിനായി മത്സ്യഫെഡും ഒരു ദേശസാൽകൃത ബാങ്കുമായി കരാറിൽ ഏർപ്പെട്ടു. വിവിധ ജില്ലകളിൽ നിന്നായി 100 പേർ യാനങ്ങളുടെ ഉടമസ്ഥരായി മാറുകയാണ്. ഈ യാനങ്ങൾ നിർമിക്കുന്നത് കൊച്ചിൻ ഷിപ്പ്‌യാർഡിലാണ്. ആഴക്കടൽ മത്സ്യബന്ധനം വിദേശികൾക്കു മാത്രമല്ല തദ്ദേശീയരായ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനപ്പെടുത്താനുള്ള ഇടപെടലിനെയാണ് വക്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത്.
‘ട്രോളർ’ എന്നത് മത്സ്യത്തൊഴിലാളികൾ ഭീതിയോടെ കേൾക്കുന്ന ഒരു വാക്കാണ്. നരസിംഹറാവുവിന്റെ ഭരണകാലത്ത് സംയുക്ത സംരംഭത്തിന്റെ പേരിൽ 129 ലൈസൻസിലായി 400 ട്രോളറാണ് കടലിലെത്തിയത്. ക്രമേണ അതിന്റെ എണ്ണം ഇരട്ടിയായി. ട്രോളറിന്റെ വരവോടുകൂടി മത്സ്യത്തൊഴിലാളികളുടെ കഷ്ടകാലം ആരംഭിച്ചു. കടലാകെ അവർ അരിച്ചുപെറുക്കി. കൊടും പട്ടിണിയിലേക്ക് തള്ളിവിട്ടു. 1994-ൽ മത്സ്യത്തൊഴിലാളികൾ ദേശവ്യാപകമായി നവംബർ 23, 24 തീയതികളിൽ പണിമുടക്കി. തുടർന്ന് കേന്ദ്ര ഭക്ഷ്യസംസ്കരണ സെക്രട്ടറി പി മുരാരി ചെയർമാനായി ഒരു കമ്മിറ്റിയെ നിയമിച്ചു. 21 നിർദേശം അടങ്ങുന്ന റിപ്പോർട്ട് മുരാരി സമർപ്പിച്ചെങ്കിലും പ്രധാനമന്ത്രി നരസിംഹറാവു ഒരു നടപടിയും സ്വീകരിച്ചില്ല. ഇക്കാലയളവിൽ രമേശ് ചെന്നിത്തല പാർലമെന്റ് അംഗമായിരുന്നു. പിന്നീട് അധികാരത്തിൽ വന്ന ഇടതുപക്ഷം പിന്തുണച്ച ഐ കെ ഗുജ്റാൾ മന്ത്രിസഭയാണ് മുരാരി കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ ശ്രമിച്ചത്. പക്ഷേ ആ സർക്കാരിനെ അധികനാൾ വച്ചുപൊറുപ്പിക്കാൻ കോൺഗ്രസ് തയ്യാറായില്ല.
തുടർന്ന് മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഭരണം ഈ വിഷയത്തെക്കുറിച്ച് പഠിക്കുവാൻ മീനാകുമാരി കമ്മിറ്റിയെ നിയമിച്ചു. റിപ്പോർട്ട് ലഭിച്ചത് ബിജെപിയുടെ ഭരണകാലത്താണ്. മീനാകുമാരി റിപ്പോർട്ട് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എതിരായിരുന്നു. 270 വിദേശ യാനം ഉൾപ്പെടെ 1178 യാനത്തിന് അനുവാദം തേടി ഉള്ളതായിരുന്നു ഈ റിപ്പോർട്ട്. ഇതിൽനിന്നും ഒരു കാര്യം വ്യക്തമാണ്. കോൺഗ്രസും ബിജെപിയും എന്നും വിദേശ ട്രോളറുകൾക്ക് വേണ്ടിയാണ് നിലകൊണ്ടത്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന ഐക്യമുന്നണി സർക്കാർ മാത്രമാണ് വിദേശ ട്രോളറുകൾക്കെതിരെയുള്ള നിലപാട് സ്വീകരിച്ചത്.
ഇപ്പോൾ ബ്ലൂ റവല്യൂഷൻ എന്ന പേരിൽ കേന്ദ്രസർക്കാരിന്റെ ഏകീകൃത മത്സ്യബന്ധന നയത്തിന്റെ കരട് പുറത്തുവന്നിട്ടുണ്ട്. ബ്ലൂ എക്കണോമി ഫ്രയിംവർക്ക് എന്ന ഈ രേഖ ഫെബ്രുവരി 17നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ഫെബ്രുവരി 27നുള്ളിൽ സംസ്ഥാനങ്ങൾ അഭിപ്രായമറിയിക്കാനാണ് ആവശ്യപ്പെട്ടത്. ഇന്ത്യയുടെ സമുദ്ര മേഖലയുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും വിദേശ മൂലധനത്തെ പ്രതിഷ്ഠിക്കുകയും തീരദേശ ജനതയുടെയും മത്സ്യത്തൊഴിലാളികളുടെയും ഉപജീവനത്തിനുള്ള അവകാശങ്ങൾ കവർന്നെടുക്കുന്നതുമാണ് ഈ രേഖ. തീരക്കടലിൽ അടിത്തട്ടിലെ സമ്പത്ത് ഖനനം ചെയ്യുന്നതിന് സംസ്ഥാന സർക്കാരുകൾക്കുള്ള അവകാശത്തെ ഇല്ലാതാക്കാനുള്ള നീക്കമാണിത്. ഇന്ത്യയുടെ സമുദ്ര മേഖലയെ ഗൗതം അദാനിയെപ്പോലുള്ള ഇന്ത്യൻ കുത്തകകൾക്കും വിദേശ ശക്തികൾക്കും തീറെഴുതുവാനുള്ള നീക്കമാണ് നരേന്ദ്രമോഡി സർക്കാർ നടത്തുന്നത്.
ഈ രേഖയ്‌ക്കെതിരെ ശക്തമായ നിലപാടാണ് പിണറായി വിജയൻ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് മറുപടിക്ക് കേന്ദ്രം നൽകിയതെങ്കിലും കൃത്യമായി കേരളം അഭിപ്രായം അറിയിച്ചു. മറ്റൊരു സംസ്ഥാന സർക്കാരും ഇത് ചെയ്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ മത്സ്യബന്ധന നിയമത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും പ്രക്ഷോഭത്തിന് ഇറങ്ങുന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന് എല്ലാവിധ പിന്തുണയും നൽകുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരാണോ കേന്ദ്ര ഗവൺമെന്റ് ആണോ മത്സ്യത്തൊഴിലാളി ദ്രോഹികൾ ? കേരളത്തിലെ പ്രതിപക്ഷം മറുപടി പറയേണ്ട വിഷയമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി എൽഡിഎഫ് സർക്കാരിന്റെ ഫിഷറീസ് നയത്തെ തെറ്റായി വ്യാഖ്യാനിച്ചുള്ള കുപ്രചാരണങ്ങളാണ് യുഡിഎഫ് നടത്തുന്നത്. സർക്കാർ നയത്തിന് വിരുദ്ധമായി ഒരു ഉദ്യോഗസ്ഥൻ ഒപ്പിട്ട ധാരണപത്രം റദ്ദ് ചെയ്‌തു. പൊതുസമൂഹത്തിന് തെറ്റിദ്ധാരണയുടെ ഒരു കണിക പോലും അവശേഷിക്കരുത് എന്ന് നിർബന്ധമുള്ള എൽഡിഎഫ് സർക്കാർ, കെഎസ്ഐഡിസി അനുവദിച്ച ഭൂമിസംബന്ധമായ ധാരണപത്രവും റദ്ദ് ചെയ്യുകയുണ്ടായി. സംസ്ഥാന സർക്കാരിന്റെ സുതാര്യമായ ഈ നടപടികൾ മത്സ്യത്തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളാകെ സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്നാൽ യുഡിഎഫിന് ഇതൊന്നുമല്ല ആവശ്യം. അവർക്ക് എങ്ങനെയും മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനാകണം. അതിനായുള്ള നീചമായ പരിശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മത്സ്യത്തൊഴിലാളികൾ ഈ ചതിക്കുഴിയിൽ വീഴില്ലെന്നുറപ്പാണ്.
Read more: https://www.deshabhimani.com/articles/p-p-chitharanjan-kerala-fishermen-and-fisheries-policy/928197
0 Comments