കേരളത്തിലെ എൽ.ഡി.എഫ്. സർക്കാരിനെതിരെ തരംതാണ രാഷ്ട്രീയക്കളിക്കാണ് കസ്റ്റംസിനെ ഉപയോഗിച്ച് ബി.ജെ.പി.യും കേന്ദ്ര സർക്കാരും ശ്രമിക്കുന്നതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി. കേന്ദ്ര ഏജൻസികൾക്ക് കേസന്വേഷണത്തിൽ താൽപ്പര്യമില്ലെന്ന് മാസങ്ങൾക്കു മുമ്പുതന്നെ ബോധ്യപ്പെട്ടതാണ്. ബി.ജെ.പി.യുടെ രാഷ്ട്രീയ ചട്ടുകമായി സുപ്രധാന ഏജൻസികളെ മാറ്റുന്നതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കെതിരായ ഇപ്പോഴത്തെ നിലപാട്.സ്വർണ്ണക്കടത്തിലുൾപ്പെടെ ഉറവിടം കണ്ടെത്താനോ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരാനോ കഴിയാത്ത ഏജൻസികളാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുത്തൻ തിരക്കഥയുമായി എത്തുന്നത്. ബി.ജെ.പി., യു.ഡി.എഫ്. നിലപാടിനനുസരിച്ച് രൂപപ്പെടുത്തുന്ന ഈ തിരക്കഥ കേരളത്തിലെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും.മാസങ്ങൾക്ക് മുമ്പുള്ള ഒരു സ്റ്റേറ്റ്‌മെന്റിന്റെ പേരിൽ ഇക്കാലയളവിനുള്ളിൽ യാതൊരു തെളിവും ഹാജരാക്കാനില്ലാതെ മുഖ്യമന്ത്രിയടക്കമുള്ളവരെ അധിക്ഷേപിക്കാൻ നടത്തുന്ന നീക്കത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവരണം.കേരളം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തുടർഭരണത്തിലേക്ക് നീങ്ങുന്നതിൽ വിറളിപിടിച്ചിരിക്കുന്നവർക്കുവേണ്ടി സങ്കുചിത രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്ര ഏജൻസികൾ ചെയ്യുന്നത്. ജയിലിൽക്കിടക്കുന്ന ഒരു പ്രതിയുടെ മൊഴി വേദവാക്യമാക്കുന്നവർ കേസിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താനോ ചോദ്യം ചെയ്യാനോ കഴിയാത്തതിനെ പറ്റി ഒരക്ഷരം പോലും ഉരിയാടുന്നില്ല.കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പൊറാട്ടുനാടകങ്ങളാടാമെന്ന മോഹം കേരളത്തിൽ വിലപ്പോവുകയില്ലെന്നും സത്യസന്ധമായ രാഷ്ട്രീയ – പൊതുപ്രവർത്തനം നടത്തുന്ന എൽ.ഡി.എഫിന് ഇതിനെയെല്ലാം അതിജീവിക്കാനാവുമെന്നും കേന്ദ്ര സർക്കാർ ഓർക്കേണ്ടതുണ്ട്.കേരളത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ധാരണയില്ലാത്തതിനാലാണ് മറ്റ് സംസ്ഥാനങ്ങളിൽ പയറ്റുന്ന നാണംകെട്ട കളികൾക്ക് കസ്റ്റംസ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ നിന്നുകൊടുക്കുന്നതെന്നും ഇതിനെതിരെ കേരള ജനത ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *