വാർത്തകളിൽ ഇടം പിടിക്കാൻ സൃഷ്ടിച്ചയാളെ വരെ മാറ്റിപ്പറയാൻ മടിയില്ലാത്ത സൈബർ കോങ്ങി – ലീഗുകാരോടാണ്.. ഗൾഫിൽ നിന്ന് ഏറ്റവും വലിയ ഇവാകുലേഷൻ നടക്കുമ്പോൾ അന്ന് ഇന്ത്യൻ പ്രധാനമന്ത്രി VP സിംഗും , വിദേശകാര്യ മന്ത്രി IK ഗുജ്റാളും ആയിരുന്നു .. വടകരയിലെ LDF MP ആയ KP ഉണ്ണികൃഷ്ണൻ അന്ന് കേന്ദ്ര മന്ത്രി ആയും ഉണ്ടായിരുന്നു .. അതായത് കോങ്ങിയോളേ ഇടതുപക്ഷം പുറമേ നിന്ന് പിന്തുണ നൽകിയ ദേശീയ മുന്നണി സർക്കാർ ആണ് രാജ്യം ഭരിച്ചിരുന്നത്. … ആ സർക്കാർ ഭൂരിപക്ഷം നഷ്ടപ്പെട്ട് രാജിവെയ്ക്കുമ്പോൾ നെഹ്റു സർക്കാരിന് ശേഷം ഇന്ത്യ കണ്ട മികച്ച സർക്കാരിനെയാണ് രാജ്യത്തിന് നഷ്ടമായത് .. അന്ന് VP സിംഗ് സർക്കാരിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യാറായില്ല… എന്നിട്ട് ഒരു ഉളുപ്പുമില്ലാതെ VP സിംഗ് സർക്കാരിൻ്റെ നേട്ടം കോൺഗ്രസിൻ്റേതാക്കി ഫോട്ടോഷോപ്പ് ചെയ്ത് കോങ്ങികളും ലീഗുകാരും പ്രചരിപ്പിക്കുന്നു ..
അന്നത്തെ സ്ഥിതിഗതികൾ വിശദമാക്കി Basheer Vallikkunnu ഉം റിയാസ് അബുബക്കറും എഴുതിയ Postകൾ കൂടി ചേർക്കുന്നു…
മുപ്പത് കൊല്ലം മുമ്പ് സദ്ദാം ഹുസൈന്‍ കുവൈറ്റ് ആക്രമിക്കുമ്പോള്‍ വി.പി സിങ്ങായിരുന്നു പ്രധാനമന്ത്രി, ഐ.കെ ഗുജ്‌റാള്‍ വിദേശകാര്യ മന്ത്രിയും. അമ്പത്താറു ഇഞ്ചു നെഞ്ചളവാവൊന്നുമുള്ളവരല്ല, കഷ്ടിച്ചു നാല്പതിയഞ്ചു വരും.
പക്ഷെ, കഴിഞ്ഞ മൂന്നു മാസമായി കൊറോണ പേടിച്ചു വീടിനു പുറത്തിറങ്ങാത്ത അമ്പത്താറുകാരെപോലെയല്ല, യുദ്ധവിമാനങ്ങളും മിസൈലുകളും കൂസാതെ, അമേരിക്കയുടെ ഭീഷണി വകവെക്കാതെ ഐ.കെ ഗുജ്‌റാള്‍ നേരിട്ട് ബാഗ്ദാദിലേക്ക് പറന്നു, സദ്ദാം ഹുസൈനെ കണ്ടു, കുവൈറ്റില്‍ കുടുങ്ങിയ ഒരു ലക്ഷത്തി എഴുപതിനായിരം ഇന്ത്യക്കാര്‍ക്ക് സുരക്ഷിത പാത ഒരുക്കാന്‍ സദ്ദാം ഹുസൈനോട് ആവശ്യപ്പെട്ടു.
കുവൈറ്റിലെയോ ബാഗ്ദാദിലേയോ വിമാനത്താവളങ്ങള്‍ തുറക്കാന്‍ അമേരിക്ക സമ്മതിച്ചില്ല. അമ്മാന്‍ എയര്‍പോര്‍ട്ട് തുറന്നു തരാന്‍ ഇന്ത്യ ജോര്‍ദാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുവൈറ്റില്‍ നിന്ന് മുഴുവന്‍ പേരെയും ഇറാഖിലെ റോഡുകളിലൂടെ അമ്മാനിലേക്ക് കൊണ്ട് വന്നു, സുരക്ഷിതമായി. അവിടെനിന്നു മുഴുവന്‍ ഇന്ത്യക്കാരെയും സൗജന്യമായി ബോംബെ വിമാനത്താവളത്തിലെത്തിച്ചു. മുംബൈയില്‍ നിന്ന് അവരവരുടെ നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റും കൊടുത്തു, കൂടെ ആയിരം രൂപ പോക്കറ്റ് മണിയും.
കെ.പി ഉണ്ണിക്കൃഷ്ണനായിരുന്നു കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി. വി മുരളീധരനെ പോലെ വീരസ്യം പറഞ്ഞു നടക്കുന്ന ആളല്ല. ഉണ്ണികൃഷ്ണന്‍ അമ്മാനിലേക്ക് പോയി, വിമാനം കാത്തു കഴിയുകയായിരുന്ന ഇന്ത്യക്കാരുടെ ക്ഷേമം അന്വേഷിച്ചു, മിക്കവരെയും വിമാനം കയറ്റി വിടുന്നവരെ അവരുടെ കൂടെ താമസിച്ചു. ഉണ്ണികൃഷ്ണന്‍ ഇപ്പോഴും കോഴിക്കോട് താമസിക്കുന്നുണ്ട്, കൂടുതല്‍ അറിയേണ്ടവര്‍ക്ക് അദ്ദേഹത്തോട് നേരിട്ട് ചോദിക്കാം.
അന്ന് കുവൈറ്റില്‍ നിന്ന് അമ്മാന്‍ വഴി ഇന്ത്യയില്‍ എത്തിയവര്‍ക്ക്, ഇന്നത്തെ പത്രങ്ങളില്‍ എയര്‍ലിഫ്റ്റ്, ഇവാക്വേഷന്‍, രക്ഷപെടുത്തല്‍, ഒഴിപ്പിക്കല്‍ എന്നൊക്കെ കാണുമ്പോള്‍ ചിരി വരും.
#റിയാസിൻ്റെ post ൻ്റെ ഭാഗം
കുവൈത്ത് എയർ ലിഫ്റ്റ് മുതൽ മാൻഹാട്ടൻ ഇവാക്വേഷൻ വരെ
ലോക ചരിത്രത്തിലെ വിസ്മയകരങ്ങളായ കുടിയൊഴിപ്പിക്കലിന്റെയും എയർലിഫ്റ്റിന്റെയും പട്ടികയിൽ ഡങ്കിർക്കും ബർലിൻ എയർ ലിഫ്റ്റിനുമൊക്കെയാണ് ഒന്നാം സ്ഥാനമെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സിവിലിയൻ എയർ ലിഫ്റ്റിങ്ങിന്റെ ചരിത്രം ഇന്ത്യക്ക് അവകാശപ്പെട്ടതാണ്. 1990 ൽ സദ്ദാം ഹുസൈന്റെ കുവൈത്ത് ആക്രമണമൂലം കുവൈത്തിൽ കുടുങ്ങിയ 1,70,000 ഇന്ത്യക്കാരെ സിവിലിയൻ വിമാനങ്ങൾ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്തത് ചരിത്രത്തിൽ തുല്യതയില്ലാത്ത രക്ഷാപ്രവർത്തനമായിരുന്നു. പക്ഷെ 488 വിമാനങ്ങൾ ഉപയോഗിച്ച് ഏകദേശം രണ്ട് മാസത്തെ സമയമെടുത്താണ് നാം ആ ശ്രമകരമായ ദൗത്യം നിറവേറ്റിയതെന്ന് മാത്രം. മാത്രവുമല്ല, അന്നത്തേതിൽനിന്നും ഏറെ വ്യത്യസ്തമാണ് ഇന്നത്തെ അവസ്ഥയും. വിവിധ രാജ്യങ്ങളിലായി അന്നത്തേതിനേക്കാളും എത്രയോ മടങ്ങ് പ്രവാസികളാണ് ഇപ്പോൾ തിരിച്ച്വരവ് ആഗ്രഹിക്കുന്നത്.
കുവൈത്ത് എയർ ലിഫ്റ്റ്
എണ്ണ ഉത്പാദനവുമായി ബന്ധപ്പെട്ട് കുവൈത്തും ഇറാഖുമായുള്ള വടംവലിയായാണ് ഒന്നാം ഗൾഫ് യുദ്ധത്തിനു കാരണമായത്. എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കണമെന്ന സദ്ദാം ഹുസൈന്റെ ആവശ്യം നിരാകരിച്ച കുവൈത്തിനോട് സദ്ദാം പ്രതികരിച്ചത് സായുധമായിട്ടായിരുന്നു. 1990 ഓഗസ്റ്റ് 2 നാണ് ഇറാഖിന്റെ കുവൈത്ത് അധിനിവേശം ആരംഭിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ കുവൈറ്റ് സായുധസേന ഇറാഖ് റിപ്പബ്ലിക്കൻ ആർമിക്കു മുൻപിൽ അടിയറവു പറഞ്ഞു. ദിവസങ്ങൾക്കുള്ളിൽ കുവൈത്തിനെ ഇറാഖിന്റെ പത്തൊമ്പതാമത്തെ പ്രവിശ്യയായി സദ്ദാം ഹുസൈൻ പ്രഖ്യാപിച്ചു.
ഇറാഖി പട്ടാളം കുവൈത്ത് പിടിച്ചടക്കുമ്പോൾ ഒരു ലക്ഷത്തി എഴുപത്തിനായിരത്തിലധികം ഇന്ത്യക്കാരായിരുന്നു കുവൈത്തിന്റെ മണ്ണിലുണ്ടായിരുന്നത്. കുവൈത്തികളുടെ സ്വത്തുക്കൾ വ്യാപകമായി കൊള്ളയടിച്ച ഇറാഖി സൈനികർ സിവിലിയൻസിനുനേരെയും വ്യാപകമായി അക്രമങ്ങൾ അഴിച്ചുവിട്ടു. സ്വാഭാവികമായും കുവൈത്തിലെ പ്രവാസി ഇന്ത്യക്കാരും സുരക്ഷാ ഭീഷണികൾ നേരിട്ടു. കുവൈത്ത് ഭരണാധികാരികൾ പലരും സൗദിയിലേക്ക് പലായനം ചെയ്തതോടെ ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ഉത്തരവാദിത്വം ഇന്ത്യൻ സർക്കാരിന്റെ ചുമതലയിലായി.
ഇന്ത്യൻ സമൂഹത്തെ കുവൈത്തിൽ നിന്ന് പുറത്തെത്തിക്കുക എളുപ്പമുള്ള കാര്യമല്ലായിരുന്നു. ഒരായുസ്സ്കൊണ്ട് കുവൈത്തിൽ കെട്ടിപ്പടുത്ത സ്വപ്‌നങ്ങൾ ഉപേക്ഷിച്ച് പോരാൻ ആളുകൾ തയ്യാറായിരുന്നില്ല. സാഹചര്യത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിൽ പലരും പരാജയപ്പെട്ടു. പലരുടെയും പാസ്‌പോർട്ടും മറ്റു രേഖകളുമൊക്കെ സ്പോൺസർമാരുടെ കൈകളിലുമായിരുന്നു.
എന്നാൽ സ്ഥിതിഗതികൾ വഷളായതോടെ എല്ലാവരും കുവൈത്തിൽനിന്നും പുറത്തുകടക്കാൻ ശ്രമം ആരംഭിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി ഐ.കെ ഗുജ്റാളും സംഘവും കുവൈത്തിലെത്തി. ഇന്ത്യൻ ഉദ്യോഗസ്ഥർ സദ്ദാമുമായി ചർച്ചകൾ നടത്തി ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള സാഹചര്യം ഉറപ്പാക്കി. കൂടാതെ ഇന്ത്യക്കാരെ ബസറ, ബാഗ്ദാദ് വഴി റോഡ് മാർഗം ജോർദാനിലെ അമ്മാനിലെത്തിക്കാനും അവസരമൊരുക്കി. ബസുകളിൽ കുവൈത്തിൽനിന്നും കടന്ന ഇന്ത്യക്കാർ അമ്മാന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളിലും മറ്റ് കെട്ടിടങ്ങളിലും തമ്പടിച്ചു.
തുടക്കത്തിൽ സൈനിക വിമാനങ്ങൾ ഉപയോഗിച്ച് പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും എയർ ലിഫ്റ്റ് ചെയ്യാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ സൈനിക വിമാനങ്ങൾക്ക് എയർ ക്ലിയറൻസ് ലഭിക്കാനുള്ള നടപടിക്രമങ്ങളിലെ കാലതാമസം വലിയൊരു പ്രതിസന്ധിയായി. അങ്ങിനെയാണ് പന്ത് എയർ ഇന്ത്യയുടെ കോർട്ടിലെത്തുന്നത്. പിന്നീട് നടന്നത് ചരിത്രം. 1990 ഓഗസ്റ്റ് പതിനാലാം തിയതി അമ്മാനിലെ ഒരു ഹോട്ടൽ റൂം കേന്ദ്രീകരിച്ച് എയർ ഇന്ത്യ മിഷൻ ആരംഭിച്ചു. എയർ ഇന്ത്യയെയും സർക്കാരിനെയും സംബന്ധിച്ചിടത്തോളം അതൊരു കനത്ത വെല്ലുവിളിയായിരുന്നു. പരിമിതമായ സൗകര്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ കാര്യങ്ങൾ മുന്നോട്ട് പോയി. 1990 ഓഗസ്റ്റ് 14 ന് ആരംഭിച്ച എയർ ലിഫ്റ്റിങ് ഒക്ടോബർ 11 ന് അവസാനിക്കുമ്പോൾ 488 എയർ ഇന്ത്യ-ഇന്ത്യൻ എയർലൈൻസ് വിമാനങ്ങൾ യുദ്ധമേഖലയിലൂടെ പറന്നിരുന്നു. ഏകദേശം 1,70,000 ഇന്ത്യക്കാരാണ് അമ്മാനിൽ നിന്നും 4417 കിലോമീറ്ററുകൾ സഞ്ചരിച്ച് മുംബൈയിൽ പറന്നിറങ്ങിയത്.
ഈ ഐതിഹാസിക മിഷനോടെ സിവിലിയൻ എയർക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ എയർ ലിഫ്റ്റ് നടത്തിയതിനു എയർ ഇന്ത്യ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടുകയും ചെയ്തു. കുവൈത്ത് മലയാളിയായ മാത്തുണ്ണി മാത്യൂസും പ്രവാസി വ്യവസായിയായ ഹർഭജൻ സിങ് വേദിയും ആയിരുന്നു ഈ ചരിത്രപ്രധാനമായ ഒഴിപ്പിക്കലിനു മുന്നിൽ നിന്നത്.
0 Comments