ഏഷ്യാനെറ്റ് എന്ന മാധ്യമം എങ്ങനെയാണു വ്യാജ വാർത്തകൾ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അല്ലെങ്കിൽ സർക്കാരിന് എതിരെ ജനങ്ങളെ തിരിച്ചു വിടുന്നത് എന്നതിന് ഉദാഹരണമാണ് ഈ വാർത്ത.

പെട്ടിമുടി ദുരന്തത്തിൽ പെട്ടവർക്ക് 5 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു പക്ഷെ ഓർഡർ ആയി വന്നപ്പോൾ ഒരു ലക്ഷമേ ഉള്ളൂ എന്നാണ് ഏഷ്യാനെറ്റ് പറയുന്നത്. വിമാനദുരന്തത്തിൽ പെട്ടവർക്ക് 10 ലക്ഷം കൊടുത്തപ്പോൾ സർക്കാർ പെട്ടിമുടിയിൽ ദുരന്തത്തിൽ പെട്ടവരെ പാവങ്ങളെ തഴയുന്നു എന്നൊരു കഥ ഉണ്ടാക്കുകയാണ് ഏഷ്യാനെറ്റ്.

യഥാർത്ഥ വസ്തുത ഒന്ന് അന്വേഷിക്കാം.

അംഗീകൃത ദുരന്തങ്ങളില്‍ മരപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും നല്‍കുന്ന ദുരിതാശ്വാസ സഹായമായ 4 ലക്ഷം രൂപ നല്‍കുന്നതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ല. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം അംഗീകരിച്ച ഈ ഉത്തരവ് പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് ഈ തുക വിതരണം ചെയ്യാം. ഇതിൻ പ്രകാരം 14-08-2020 ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് ഇറക്കിയ ഉത്തരവ് ഇവിടെ കൊടുത്തിട്ടുണ്ട്. അതിൽ കൃത്യമായി പറയുന്നത് എല്ലാവർക്കും വായിച്ചാൽ ബോധ്യപ്പെടും. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് വേണ്ടി പ്രഖ്യാപിച്ച 5 ലക്ഷം രൂപയിൽ 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും ബാക്കിയുള്ള ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിൽ നിന്നും അനുവദിക്കുന്നതാണ്.
https://sdma.kerala.gov.in/wp-content/uploads/2018/12/SDRF-NDRF-Norms-2015-20-GO.pdf

ഇനി മുഖ്യമന്ത്രി 11-08-2020 ൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞത് കൂടെ നമുക്ക് പരിശോധിക്കാം.

പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം സർക്കാർ ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പെട്ടിമുടി സന്ദർശനത്തിന് ശേഷം ചേർന്ന അവലോകന യോഗം കഴിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മരണപ്പെട്ട കുടുംബങ്ങളുടെ അവസ്ഥ പരിശോധിക്കുമ്പോൾ ചുരുക്കം ചിലർ മാത്രമാണ് ആ കുടുംബങ്ങളിൽ അവശേഷിക്കുന്നത്. ചിലർ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളു. രക്ഷപ്പെട്ട കുടുംബങ്ങളിൽ കുട്ടികളുണ്ട്. അവരുടെ വിദ്യാഭ്യാസം നടപ്പാക്കേണ്ടതുണ്ട്. ഒരു പ്രദേശം ഒന്നിച്ചു പോകുന്ന അവസ്ഥയാണ് ഉണ്ടായത്. പുതിയ വീടുകൾ അവിടെ പണിയുക പ്രയാസകരമാണ്. പുതിയ വീടും പുതിയ സ്ഥലവും ഇവർക്ക് വേണ്ടി കണ്ടെത്തേണ്ടിവരും. മുമ്പ് ഉരുൾപൊട്ടൽ ഉണ്ടായ പുത്തുമലയിലും കവളപ്പാറയിലും സർക്കാർ കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പുവരുത്തി. അതേ നിലപാട് തന്നെ പെട്ടിമുടിയിലും സർക്കാർ സ്വീകരിക്കും.
ഇവിടെ സർക്കാർ കാണുന്നത് കമ്പനി നല്ല രീതിയിൽ സഹായവുമായി മുന്നോട്ടു വരുമെന്നു തന്നെയാണ്. കമ്പനി പ്രതിനിധികളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സ്ഥലം വേണം സ്ഥലത്തോടൊപ്പം വീട് നിർമിച്ചു നൽകാനുള്ള സഹായവും വേണം. അതിൽ കമ്പനിക്ക് ചെയ്യാനുള്ളത് ചെയ്യുക എന്നതാണ് ഇപ്പോൾ അഭ്യർത്ഥന നടത്തിയിരിക്കുന്നത്. ഈ കുടുംബങ്ങൾക്കാകെ പുതിയ വീട് നിർമ്മിച്ചു നൽകാൻ സർക്കാർ സന്നദ്ധമാണ്. കുട്ടികളുടെ കാര്യത്തിൽ വിദ്യാഭ്യാസം തുടർന്നു നടക്കേണ്ടതുണ്ട്. കുട്ടികളുടെ തുടർന്നുള്ള വിദ്യഭ്യാസവും ചെലവും സർക്കാർ വഹിക്കുന്നതാണ്.
ഇപ്പോൾ രക്ഷപ്പെട്ടവരും ആശുപത്രിയിൽ ചികിത്സയിലാണ്. അവരുടെ ചികിത്സാ ചെലവ് മുഴുവൻ സർക്കാരാണ് വഹിക്കുന്നത്. പ്രത്യേകമായി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് പ്രത്യേകമായി തന്നെ സർക്കാർ പരിഗണിക്കും. അതോടൊപ്പം കമ്പനിയുടെ ഭാഗത്തുനിന്നും ചില നടപടികൾ കൂടി ഉണ്ടാവേണ്ടതായുണ്ട്. പെട്ടിമുടിയിൽ നിന്നും മറ്റ് ലയങ്ങളിലേക്ക് മാറി താമസിക്കുന്നവർക്ക് നിലവിൽ വരുമാനമില്ല. അത്തരം കാര്യങ്ങൾ കമ്പനി പരിഗണിച്ച് അവർക്ക് ആവശ്യമായ സഹായം ചെയ്യണം. ലയങ്ങളുടെ അറ്റകുറ്റപ്പണികൾ അടക്കം ചില കാര്യങ്ങൾ കമ്പനിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതിന് കമ്പനി തയ്യാറാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങളിൽ ഒന്ന് ലയങ്ങളുടെ പൊതുവായ പ്രശ്നമാണ്. അത് സർക്കാരിന്റെ ഗൗരവമായ പരിഗണനയിൽ ഉള്ള കാര്യമാണ്.
ഇടമലക്കുടിയിലേക്കുള്ള റോഡുകളുടെ പ്രശ്നം ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അതും മുമ്പെതന്നെ സർക്കാരിന്റെ പരിഗണനയിൽ ഉള്ള കാര്യമാണ്. ചില കാര്യങ്ങൾ പരിഹരിച്ചിട്ടുണ്ട്. ശേഷിക്കുന്ന കാര്യങ്ങൾ കൂടി സർക്കാരിന്റെ പരിഗണനയിൽ കൊണ്ടുവരുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ഉൾപ്പെടുന്ന മാധ്യമങ്ങൾ എന്ത് പ്രതിബദ്ധതയാണ് സമൂഹത്തോട് പുലർത്തുന്നത് എന്ന് ഈ വാർത്തയിലൂടെ മനസ്സിലാകും. ഇങ്ങനെയാണ് ഇവർ ഓരോ വാർത്തകൾ സൃഷ്ടിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും.

GetLostMediaLiars #Asianet #fakeNews


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *