ബീജിങ്
ഇന്ത്യയെയും ചൈനയെയും തമ്മിൽ ഭിന്നിപ്പിക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതെന്ന് ചൈനീസ് കമ്യൂണിസ്‌റ്റ് പാർടിയുടെ മാധ്യമങ്ങളിൽ ഒന്നായ ഗ്ലോബൽ ടൈംസ്. ചൈനയുടെയും ഇന്ത്യയുടെയും സംയോജിത ശക്തി ഏഷ്യയിലും പുറത്തും തങ്ങളുടെ താൽപ്പര്യങ്ങളെ അപകടത്തിലാക്കും എന്നാണ് അമേരിക്ക വിശ്വസിക്കുന്നതെന്ന് ഗ്ലോബൽ ടൈംസ് ചൂണ്ടിക്കാട്ടി.
ഇന്ത്യ–-ചൈനാ ബന്ധത്തിൽ സംഘർഷമാണ് അമേരിക്കൻ താൽപ്പര്യത്തിന് നല്ലതെന്നാണ് അവർ കരുതുന്നത്. അതിനാൽ ഇരുരാജ്യങ്ങൾക്കുമിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം അവർ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. മേഖലയിലെ സമാധാനവും ക്രമവും തകർക്കാൻ എല്ലാ അവസരവും അമേരിക്ക ഉപയോഗിക്കുമെന്നതിനാൽ അവരുടെ നേരെ ഇന്ത്യയും ചൈനയും ജാഗ്രത പുലർത്തണം. ‘അമേരിക്ക ആദ്യം’ എന്ന അവരുടെ നയം ഇന്ത്യയുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല.
ഏഷ്യയിലെ ഏറ്റവും വലിയ ശക്തികളായ ഇന്ത്യയും ചൈനയും അതിർത്തി പങ്കിടുന്നുണ്ടെന്ന് ഒടുവിൽ ട്രംപ് മനസ്സിലാക്കിയതായാണ് കാണുന്നതെന്ന് പത്രം പരിഹസിച്ചു. ഇന്ത്യയും ചൈനയും അതിർത്തി പങ്കിടുന്നില്ലെന്ന് ട്രംപ് തന്നോട് പറഞ്ഞപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമ്പരന്നുപോയതായി രണ്ട് വാഷിങ്‌ടൺ പോസ്‌റ്റ് ലേഖകർ ചേർന്ന് എഴുതിയ ‘എ വെരി സ്‌റ്റേബിൾ ജീനിയസ്’ എന്ന പുസ്‌തകത്തിൽ പറയുന്നത് ലേഖനത്തിൽ ഓർമിപ്പിച്ചു.
ഇന്ത്യ കഴിഞ്ഞവർഷം കശ്‌മീർ പ്രശ്‌നത്തിൽ ട്രംപിന്റെ മധ്യസ്ഥവാഗ്ദാനം തള്ളിയിരുന്നു. അമേരിക്ക വിശ്വസിക്കാൻ കൊള്ളാവുന്ന പങ്കാളിയല്ലെന്ന് ഇന്ത്യ മനസ്സിലാക്കിയിട്ടുണ്ടാകണം.
മധ്യസ്ഥതകളിൽ അമേരിക്കയുടെ മോശം ചരിത്രത്തെക്കുറിച്ചും ഇന്ത്യക്ക് അറിവുണ്ടാകും. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുപകരം കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ഉഭയകക്ഷി പ്രശ്‌നങ്ങളെ ബഹുരാഷ്‌ട്ര തർക്കങ്ങളാക്കി മാറ്റുകയുമാണ് അമേരിക്ക ചെയ്യുന്നതെന്നും ഗ്ലോബൽ ടൈംസ് എഴുതി.
Read more: https://www.deshabhimani.com/news/world/news-world-31-05-2020/874366
0 Comments