തിരുവനന്തപുരം: മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരിക്കെ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്ന ബി.ജെ.പി നോതാവ് സന്ദീപ് നായരുടെ ആരോപണം ഗുരുതരമെന്ന മുസ്‌ലിം ലീഗ് എം.പി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി പറയുമ്പോള്‍ എങ്ങിനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന തോന്നലില്‍ നിന്നാണ് കുഞ്ഞാലികുട്ടിയുടെ പ്രതികരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘അതീ ഒക്കചങ്ങാതിമാരു പറയുമ്പോള്‍ എങ്ങിനെയാണ് ഏറ്റെടുക്കാതിരുക്കുക എന്ന തോന്നലില്‍ നിന്നാണ്. യു.ഡ.എഫ് ഇപ്പോള്‍ അങ്ങിനെയൊരു നിലയാണല്ലോ സ്വീകരിക്കുന്നത്. ആദ്യം ബി.ജെ.പി പറയുക പിന്നീട് അതിന് ബലം കൊടുക്കാന്‍ വേണ്ടി യു.ഡി.എഫ് അതേറ്റെടുക്കുക. ആരോപണം ഉന്നയിച്ചയാള്‍ക്ക് ഇതിന്റെ സാങ്കേതികത്വം അറിയാതെ വന്നേക്കാം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെപ്പോലെ ദീര്‍ഘകാലം മന്ത്രിയായിരുന്നയാള്‍ക്ക് ഇതിന്റെ സാങ്കേതികത്വം അറിയാതിരിക്കില്ല’, മുഖ്യമന്ത്രി പറഞ്ഞു. (തലശ്ശേരി, പാനൂര്‍ സമീപ പ്രദേശങ്ങളിലൊക്കെ കല്യാണദിവസം കല്യാണച്ചെറുക്കന്റെ സുഹൃദ്പദവി ഏറ്റെടുക്കുന്നയാളെ വിളിക്കുന്ന പേരാണ് ഒക്കച്ചങ്ങായ്).
കോണ്‍ഗ്രസിനേക്കാള്‍ വാശിയിലല്ലേ ലീഗ് ബി.ജെ.പിയെ സഹായിച്ചുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിന്റ പൊതുസ്വാഭാവമായിട്ട് ഇത് മാറിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദീപ് നായരുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും ഒപ്പ് താന്‍ തന്നെയാണ് ഇട്ടതെന്നും മുഖ്യമന്ത്രി പതിവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും വ്യാജ ഒപ്പിട്ടെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും. ഒപ്പ് വ്യാജമെങ്കില്‍ അത് ഗുരുതരമായ കാര്യമാണെന്നും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഒപ്പ് വ്യാജമാണെങ്കില്‍ ഇനി അതില്‍ കൂടുതലൊന്നും സംഭവിക്കാനില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ സമയത്ത് മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇട്ടു എന്ന ആരോപണമായിരുന്നു ബി.ജെ.പി ഉയര്‍ത്തിയത്.

https://www.doolnews.com/cm-pinarayi-vijayans-response-over-fake-sign-by-bjp.html


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *