ന്യൂദല്‍ഹി: മതവിദ്വേഷം പരത്തുന്ന പരിപാടി സംപ്രേഷണം ചെയ്ത സുദര്‍ശന്‍ ടി.വിയ്‌ക്കെതിരെ സുപ്രീംകോടതി നടത്തിയത് രൂക്ഷവിമര്‍ശനം. മുസ്‌ലീങ്ങളെ നിന്ദിക്കുകയെന്നതാണ് പരിപാടി ലക്ഷ്യം വെക്കുന്നതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, കെ.എം ജോസഫ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

കോടതിയുടെ നിരീക്ഷണത്തിലെ പ്രസക്തഭാഗങ്ങള്‍

സിവില്‍ സര്‍വീസിലേക്ക് മുസ്‌ലീങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്ന് ആരോപിക്കുന്നത് ആ മതവിഭാഗത്തെ നിന്ദിക്കാനുള്ള ശ്രമമാണ്. അടിസ്ഥാനരഹിതമായ വാദങ്ങളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭരണഘടനാപരമായ അവകാശങ്ങളുടെയും മൂല്യങ്ങളുടെയും കീഴില്‍ സമുദായങ്ങളുടെ സഹവര്‍ത്തിത്വത്താലാണ് സുസ്ഥിരമായ ജനാധിപത്യസമൂഹം സ്ഥാപിതമായിരിക്കുന്നത്. നാഗരികതയുടേയും സംസ്‌കാരങ്ങളുടേയും മൂല്യങ്ങളുടേയും ഉരുകുന്ന കുടമാണ് ഇന്ത്യ. ഒരു സമുദായത്തെ നിന്ദിക്കാനുള്ള ഏത് ശ്രമത്തേയും കോടതി വെറുപ്പോടെയാണ് കാണുന്നത്.

ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമല്ല. ജാമിയ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസുകളില്‍ നുഴഞ്ഞുകയറാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് നിങ്ങള്‍ പറയുമ്പോള്‍ അത് അനുവദിക്കാനാകില്ല.

ഒരു സമൂഹത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വഞ്ചനാപരമായ ശ്രമമാണിത്.

ഈ രാജ്യത്തിന്റെ സുപ്രീംകോടതി എന്ന നിലയില്‍ സിവില്‍ സര്‍വീസ് മുസ്‌ലീങ്ങള്‍ നുഴഞ്ഞുകയറുന്നു എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അത് അനുവദിച്ച് തരാനാകില്ല. ഒരു മാധ്യമപ്രവര്‍ത്തകന് അത്തരത്തിലുള്ള സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ക്ക് പറയാനാകില്ല.

ഒരു സ്വാതന്ത്ര്യവും കേവലമല്ല, പത്രസ്വാതന്ത്ര്യം പോലും. അഭിപ്രായസ്വാതന്ത്ര്യത്തോടൊപ്പം തന്നെ ഭരണഘടനാപരമായ മറ്റ് മൂല്യങ്ങളിലേക്കും അവകാശങ്ങളിലേക്കും തങ്ങള്‍ക്ക് കടക്കേണ്ടതുണ്ട്.

ഒരു സമുദായത്തെയോ വ്യക്തിയോ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ക്കുള്ള ശക്തി വളരെ വലുതാണ്. എന്നാല്‍ ടി.ആര്‍.പി റേറ്റിംഗ് മാത്രം നോക്കി പരിപാടികള്‍ നിര്‍മ്മിക്കരുത്.

ഇത് സെന്‍സേഷണലിസത്തിലേക്കാണ് നയിക്കുന്നത്. അതിലൂടെ വ്യക്തികളുടെയും സമുദായത്തിന്റെയും സല്‍പ്പേര് കളങ്കപ്പെടും. മാധ്യമങ്ങളില്‍ സ്വയം നിയന്ത്രണം ഉണ്ടായിരിക്കണം.

മുസ്ലിം വിഭാഗത്തിലെ ജനങ്ങള്‍ സിവില്‍ സര്‍വ്വീസിലേക്ക് എത്തുന്നത് ഗൂഡാലോചനയുടെ ഫലമായിട്ടാണെന്ന് ഈ പരിപാടിയില്‍ പറയുന്നു. വസ്തുതപരമായി തെളിയിക്കാന്‍ കഴിയാത്ത ഈ പ്രസ്താവന യു.പി.എസ്.സിയുടെ വിശ്വാസ്യതയെക്കൂടിയാണ് ചോദ്യം ചെയ്യുന്നത്.

നേരത്തേ യു.പി.എസ്.സിയിലേക്ക് മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് പരിപാടി മുസ്ലിം വിദ്വേഷം പരത്തുന്നതാണെന്ന പരാതിയില്‍ ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *