https://m.facebook.com/story.php?story_fbid=1288734278136853&id=298515573825400

കണ്ണൂര്‍ ജില്ലയിലെ നാലാമത്തെ സിന്തറ്റിക്ക് ട്രാക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ നിര്‍മ്മിക്കും. ഒറ്റ സിന്തറ്റിക് ട്രാക്ക് പോലും ഇല്ലാതിരുന്നിടത്താണ് നാലാമത്തെ സിന്തറ്റിക് ട്രാക്ക് വരുന്നത്.

ഖേലോ ഇന്ത്യ പദ്ധതി പ്രകാരം പരിയാരം മെഡിക്കല്‍ കോളേജില്‍ സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മാണത്തിന് അംഗീകാരം ലഭിച്ചു. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പടെ 7 കേടി രൂപയുടെ പദ്ധതിക്കാണ് അനുമതി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് നാല് സിന്തറ്റിക്ക് ട്രാക്കുകളും എന്നത് അഭിമാനകരമായ നേട്ടമാണ്.
കണ്ണൂര്‍ സര്‍വകലാശാലയുടെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ സ്ഥിതിചെയ്യുന്ന മാങ്ങാട്ടുപറമ്പ ക്യാമ്പസില്‍ 2018 നവംബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലയിലെ ആദ്യ സിന്തറ്റിക്ക് ട്രാക്ക് ഉദ്ഘാടനം ചെയ്തത്. നിലവില്‍ തലശ്ശേരി ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളേജിലും തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തിലും സിന്തറ്റിക്ക് ട്രാക്ക് നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാന കായിക വകുപ്പിന്റെ നിരന്തരം ഇടപെടല്‍ അനുമതി ലഭ്യമാക്കുന്നതിന് സഹായിച്ചു. സ്ഥലം എം എല്‍ എ ടി വി രാജേഷിന്റെ സജീവമായ ഇടപെടലും തുണയായി.
സംസ്ഥാന കായിക വകുപ്പിനാകും പദ്ധതിയുടെ നിര്‍മ്മാണ ചുമതല. കോളേജിന് സ്വന്തമായുള്ള 10 ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. 8 ലൈന്‍ സിന്തറ്റിക്ക് ട്രാക്കിനൊപ്പം, ജംപിങ്ങ് പിറ്റ്, ഡ്രയിനേജ് സൗകര്യത്തോടെയുള്ള ഫുട്ബോള്‍ മൈതാനം എന്നിവയും നിര്‍മ്മിക്കും. ട്രാക്കിന് ചുറ്റും സുരക്ഷാ വേലി, പവലിയിന്‍, ഡ്രസ്സിങ്ങ് റൂമുകള്‍, ബാത്ത്റൂം, ടോയ്ലറ്റ് സൗകര്യം എന്നിവയും ഒരുക്കും.
കഴിഞ്ഞകാലങ്ങളില്‍ കായിക അടിസ്ഥാന സൗകര്യ വികസനത്തില്‍ ഉത്തരമലബാര്‍ ഏറെ പിന്നിലായിരുന്നു. എന്നാല്‍, എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറിയതോടെ മുഴുവന്‍ രംഗങ്ങളിലും എന്ന പോലെ കായികരംഗത്തും ഈ മേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സജീവമായി. മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയം നവീകരണം, സ്പോട്സ് സ്‌കൂള്‍ നവീകരണം തുടങ്ങിയവ അടിയന്തരമായി നടപ്പാക്കി. പിണറായി സ്വിമ്മിങ്ങ് പൂള്‍, മുണ്ടയാട് സ്പോട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ എന്നിവയും പ്രവര്‍ത്തനം തുടങ്ങി. പിലാത്തറയില്‍ കായികവകുപ്പ് നിര്‍മ്മിക്കുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം 28 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൂത്തുപറമ്പ് മുന്‍സിപ്പല്‍ സ്റ്റേഡിയം, ധര്‍മ്മടം അബു ചാത്തുകുട്ടി സ്റ്റേഡിയം, തലശ്ശേരി വി ആര്‍ കൃഷ്ണയ്യര്‍ സ്റ്റേഡിയം, മട്ടന്നൂര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. കൂത്തുപറമ്പ് സ്റ്റേഡിയം ഈ മാസം അവസാനം പൂര്‍ത്തിയാകും. 41 കോടി മുതല്‍ മുടക്കില്‍ കണ്ണൂര്‍ ജില്ലാ സ്റ്റേഡിയമായ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മാണം അടുത്ത മാസം തുടങ്ങും. പടിയൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, പയ്യന്നൂര്‍ ഫുട്ബോള്‍ സ്റ്റേഡിയം, പയ്യന്നൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയം തുടങ്ങിയവയുടെ നിര്‍മ്മാണവും ഉടന്‍ തുടങ്ങും. ഇതോടെ ജില്ലയില്‍ ഉന്നത നിലവാരമുള്ള കളിക്കളങ്ങള്‍ നിറയും.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *