പ്രതീഷ് റാണി പ്രകാശ്, ടി ഗോപകുമാർ,സെബിൻ എബ്രഹാം ജേക്കബ്

വളരെ കാലമായി ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം, നേരിടേണ്ടി വരുന്ന ഒരു മുഖ്യമായ ആരോപണം അവർ നവസാങ്കേതികവിദ്യകൾക്കും അത് മൂലമുണ്ടാകുന്ന വികസനത്തിനും എതിരാണ് എന്നതാണ്. ഇന്ത്യയിൽ സോഷ്യലിസത്തിനെ പ്രതിപക്ഷത്ത് പ്രതിഷ്ഠിച്ചിട്ടുള്ള ഏതൊരു രാഷ്ട്രീയകക്ഷിയും ഒരിക്കലെങ്കിലും ഈ ആരോപണം ഇടതുപക്ഷ പാർട്ടികളുടെ നേർക്ക് ഉയർത്തിയിട്ടുണ്ട്. തൊഴിൽ സംരക്ഷണത്തിന്റെ ഭാഗമായി ഇടതുപക്ഷം നടത്തിയിട്ടുള്ള സമരങ്ങളെ ആണ് ഇവർ അതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയിൽ തൊഴിലില്ലായ്മ അതിരൂക്ഷമായിരുന്ന ഒരു സമയത്ത് ബാങ്കിങ്ങ് മേഖലയിൽ തൊഴിലാളികളെ പിരിച്ചുവിട്ടു കൊണ്ട് നടത്തുവാൻ ഉദ്ദേശിച്ചിരുന്ന കമ്പ്യൂട്ടർവൽക്കരണത്തിനെതിരെയുള്ള സമരം ആണ് ഇതിൽ പ്രധാനം.

ഈ സമരത്തിനെ ഇപ്പോൾ തള്ളിപ്പറയുന്നവർ എല്ലാം തന്നെ, ഒരു ഘട്ടത്തിൽ അല്ലെങ്കിൽ മറ്റൊരു ഘട്ടത്തിൽ, കമ്പ്യൂട്ടർവൽക്കരണത്തിനെതിരെ സമരങ്ങൾ നടത്തിയിട്ടുള്ളവർ ആണ്. 1984-നെ കമ്പ്യൂട്ടർവൽക്കരണ വിരുദ്ധ വർഷമായിട്ടാണ് (anti-computerization year) ബിഎംഎസ് ആചരിക്കുന്നത്[1]. 2002-ൽ പോലും കമ്പ്യൂട്ടർവൽക്കരണത്തിനെതിരെ കേരളത്തിൽ സമരം നയിച്ചവരാണ് കോൺഗ്രസ് പക്ഷത്ത് നിൽക്കുന്ന ചില ട്രേഡ് യൂണിയനുകൾ. 1998-ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ പരീക്ഷാ വിഭാഗം മാത്രം കമ്പ്യൂട്ടർവൽക്കരിക്കുവാൻ തീരുമാനിച്ചപ്പോൾ അതിനെതിരെ സമര പ്രഖ്യാപനവുമായി വന്നത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ (CUSO) ആണ്. അതിന്റെ പ്രസിഡന്റായിരുന്ന കാര്യം ഉമ്മൻ ചാണ്ടി മറന്ന് പോയതാണോ? പരീക്ഷാവിഭാഗം സുതാര്യമാക്കുന്നതിന്റെ ഭാഗമായി നടന്ന ഈ കമ്പ്യൂട്ടർവൽക്കരണത്തെ പിന്തുണയ്ക്കുകയാണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ ചെയ്തത്. എടുത്തുചാടി പ്രവർത്തിക്കുകയും പിൽക്കാലത്ത് അത് മറച്ചു വയ്ക്കുവാൻ എതിരാളികളുടെ മേൽ അത് ആരോപിക്കുകയും ചെയ്യുക എന്നത് കോൺഗ്രസുകാർ സ്ഥിരം ചെയ്യുന്ന പരിപാടിയാണല്ലോ.

ബാങ്കിങ്ങ് മേഖലയിലെ അശാസ്ത്രീയ കമ്പ്യൂട്ടർവൽക്കരണത്തിനെതിരെ ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ നയിച്ച ഐതിഹാസിക സമരത്തെ സംബന്ധിച്ചും ആ സമരത്തിലേക്ക് അവരെ തള്ളിവിട്ട കാരണങ്ങളെ പറ്റിയും ഇന്നും പലർക്കും വ്യക്തതയില്ല. ഈ അവ്യക്തതകളെ വളച്ചൊടിച്ച് കോൺഗ്രസും ബിജെപി-യും കാലാകാലങ്ങളിൽ ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കാറുണ്ട്. വലതുപക്ഷത്തിന്റെ ഈ അസത്യ പ്രചാരണത്തിന് ഒരു മറുവശമുണ്ട്. യാഥാർത്ഥ്യത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്ന ഈ വശത്തെ സംബന്ധിച്ച് വളരെക്കുറച്ച് മാത്രമേ ചർച്ചകൾ നടന്നിട്ടുള്ളൂ.

മറ്റൊന്ന് കൂടി ഈയവസരത്തിൽ സൂചിപ്പിക്കേണ്ടതുണ്ട്. ബാങ്കിങ്ങ് മേഖലയെക്കൂടാതെ മറ്റ് പലയിടങ്ങളിലും അക്കാലത്ത് വിവിധ ആവശ്യങ്ങൾക്കായി കമ്പ്യൂട്ടറുകൾ സ്ഥാപിക്കപ്പെട്ടിരുന്നു. എന്നാൽ അതിനെതിരെയൊന്നും തൊഴിലാളി സംഘടനകൾ സമരം നടത്തിയിരുന്നില്ല. ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഈ കാലത്ത് കമ്പ്യൂട്ടർവൽക്കരണം നടന്നിട്ടുണ്ട്.

കമ്പ്യൂട്ടർവൽക്കരണത്തെ എന്തുകൊണ്ട് എതിർത്തു?

കാലഘട്ടത്തിൽ ആണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ ബാങ്കിങ് മേഖലയിൽ നടപ്പിലാക്കിയ കമ്പ്യൂട്ടർവൽക്കരണത്തിനെതിരെ അഖിലേന്ത്യാ തലത്തിൽ സമരം നടത്തുന്നത്. ഇവയിൽ ബിഇഎഫ്‌ഐ മാത്രമാണ് സിഐറ്റിയുവിൽ അഫിലിയേറ്റ് ചെയ്ത യൂണിയൻ. ട്രേഡ് യൂണിയൻ തലത്തിൽ നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് കമ്പ്യൂടറൈസേഷനെതിരായ നിലപാട് ബാങ്കുകളിലെ ട്രേഡ് യൂണിയനുകൾ എടുത്തത്. ട്രേഡ് യൂണിയന്റെ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ട്രേഡ് യൂണിയൻ കമ്മിറ്റികളിലാണെന്നും അതുമായി പാർട്ടിക്കോ പാർട്ടി കമ്മിറ്റികൾക്കോ ബന്ധമില്ലെന്നും ഉള്ള പ്രാഥമിക ധാരണ പോലുമില്ലാതെയാണ്, ആ കാലഘട്ടത്തിൽ സിപിഎം കമ്പ്യൂട്ടർവൽകരണത്തെ എതിർത്തു എന്ന പച്ചനുണ വലതുപക്ഷ മാധ്യമങ്ങളും പിണിയാളുകളും പ്രചരിപ്പിക്കുന്നത്.

ഇന്ത്യൻ സമൂഹം രൂക്ഷമായ തൊഴിലില്ലായ്മയുടെ കെടുതികൾ നേരിട്ടുകൊണ്ടിരുന്ന സമയമായിരുന്നു കമ്പ്യൂട്ടർവിരുദ്ധ സമരം നടന്ന 1980-കളുടെ ആദ്യപകുതി. തൊഴിൽ നഷ്ടം, അത് എത്ര ചെറുതാണെങ്കിലും, സമൂഹത്തിൽ സൃഷ്ടിക്കുന്ന ആഘാതം താങ്ങുവാനുള്ള കരുത്ത് ഇന്ത്യൻ സമൂഹത്തിന് ഇല്ലായിരുന്നു. അഖിലേന്ത്യാ തലത്തിൽ പതിനായിരക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നമെന്ന നിലയിലാണ് ഇടതുപക്ഷ തൊഴിലാളി യൂണിയനുകൾ ഒറ്റക്കെട്ടായി സമരം ചെയ്തത്.

തൊഴിൽ നഷ്ടപ്പെടുത്തുന്ന ഈ പരിഷ്‌കാരം താൽക്കാലികമായി നടത്തേണ്ടതില്ല എന്നത് മാത്രമായിരുന്നു തൊഴിലാളികളുടെ ആവശ്യം. അല്ലാതെ കമ്പ്യൂട്ടർവൽക്കരണം ഒരിക്കലും നടത്തരുത് എന്നായിരുന്നില്ല. കമ്പ്യൂട്ടർ എന്ന സാങ്കേതികവിദ്യ തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലം കൂടിയാണ്. അതിനോട് തൊഴിലാളികൾക്ക് എതിർപ്പ് പ്രകടിപ്പിക്കേണ്ട കാര്യമില്ല. അത്തരത്തിൽ ഒരു എതിർപ്പ് തൊഴിലാളികൾ പ്രകടിപ്പിച്ചിട്ടുമില്ല. ഈ നിലപാടിന്റെ മർമ്മം അവരുയർത്തിയ മുദ്രാവാക്യത്തിലുണ്ട് – ‘പണിയെത്തിക്കൂ കൈകളിലാദ്യം പിന്നീടാകാം കമ്പ്യൂട്ടർ’. കമ്പ്യൂട്ടർ വേണ്ടെന്നല്ല, ഉള്ളതൊഴിൽ കളയരുതെന്നാണ് മുദ്രാവാക്യം.

സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ശാസ്ത്രീയമായി നടപ്പിൽ വരുത്തേണ്ടതാണ് ഇത്തരം സാങ്കേതിക പരിഷ്‌കാരങ്ങൾ എന്നായിരുന്നു ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ വാദം. തൊഴിൽ നഷ്ടത്തിനിടയാക്കുമായിരുന്ന ബാങ്കിങ്ങ് മേഖലയിലെ കമ്പ്യൂട്ടർവൽക്കരണം ഇന്ത്യയിലെ തൊഴിൽ മേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുവാൻ പര്യാപ്തമായിരുന്നു.

പണിയെടുത്തും സമരം

മ്പിത്തപാൽ വകുപ്പിൽ (Post and Telegraph Department) Process Automation ആരംഭിച്ചപ്പോഴും അതിനെതിരെ സമരങ്ങളുണ്ടായി. 1979 മുതൽ 1983 വരെയുള്ള കാലഘട്ടത്തിൽ സർക്കാർ ജീവനക്കാരുടെ സംഘടനകളടക്കം സമാനമായ മുദ്രാവാക്യങ്ങളുയർത്തി സമരം ചെയ്തു. 83ലെ തൈക്കാട് കൺവൻഷനോടു കൂടിയാണ് സംസ്ഥാനത്ത് ഈ സമരത്തിന് ഒരു ഏകീകൃതരൂപം കൈവരുന്നത്. തുടർന്ന് തൊഴിലാളികളെ ഉപദ്രവിച്ചുകൊണ്ടുള്ള യന്ത്രവൽക്കരണം നടത്തില്ലെന്ന് 1986ൽ നായനാർ സർക്കാർ പ്രഖ്യാപിച്ചതോടെ സംസ്ഥാനസർക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളി സംഘടനകൾക്ക് സമരം തുടരേണ്ട ആവശ്യം ഇല്ലാതായി. അഖിലേന്ത്യാ തലത്തിൽ ബാങ്കിങ്, ഇൻഷൂറൻസ്, ടെലികമ്മ്യൂണിക്കേഷൻ മേഖലയിലേക്ക് സമരം കേന്ദ്രീകരിച്ചു. ബാങ്കിങ് മേഖലയിൽ ബിഇഎഫ്‌ഐ (ബെഫി) എന്ന ട്രേഡ് യൂണിയന്റെ ഉദയം കൂടി കണ്ട സമരമാണത്.

കമ്പിത്തപാൽ വകുപ്പിൽ അഭ്യസ്തവിദ്യരായ എഞ്ചിനീയർമാർ സമരത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു. ഇലക്ട്രോ മെക്കാനിക് എക്‌സ്‌ചേഞ്ചുകൾ ഇലക്ട്രോണിക് (ഡിജിറ്റൽ) എക്‌സ്‌ചേഞ്ചുകൾക്കു വഴിമാറുന്ന ആ കാലത്ത്, അതിനായി പ്രത്യേകം പരിശീലനം സിദ്ധിച്ച അവർ പുതിയ ഇൻസ്റ്റലേഷനുകൾ നടത്തുകയും അതിനുശേഷം ആ നയത്തിനെതിരെ പന്തംകൊളുത്തിപ്രകടനം അടക്കം സംഘടിപ്പിക്കുകയും ചെയ്തു. ഒരിടത്തും ആരും ഒരു കമ്പ്യൂട്ടർ പോലും തല്ലിപ്പൊളിച്ചില്ല. മോഴ്‌സ് കോഡ് ഉപയോഗിച്ച് ടെലഗ്രാം അയച്ചിരുന്നപ്പോൾ ഒരു ടെലഗ്രാം ഒരു സ്റ്റേഷനിൽ നിന്ന് മറ്റൊരു സ്റ്റേഷൻ പരിധിയിലുള്ള വിലാസത്തിൽ എത്താൻ അഞ്ചുഘട്ടങ്ങളിലൂടെ കടന്നുപോകണമായിരുന്നു. റിസീവിങ് സ്റ്റേഷനിൽ റിയൽ ടൈമിൽ ശബ്ദം കേട്ട് എഴുതിയെടുക്കുകയായിരുന്നു രീതി. Store and forward message system ഇതിനെ മൂന്നു ഘട്ടമായി ലഘൂകരിക്കുന്നത് ജീവനക്കാരെ സംബന്ധിച്ചും അനിവാര്യതയായിരുന്നു. എന്നാൽ അങ്ങനെ സംഭവിക്കുമ്പോൾ തന്നെ നിലവിലുള്ള ജീവനക്കാരുടെ തൊഴിൽ സംരക്ഷണം യൂണിയനുകളുടെ മുൻഗണനയായിരുന്നു. എന്താണു ഭാവി എന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മാനേജ്‌മെന്റിനുണ്ടായിരുന്നു.

അന്നേ യൂണിയനുകൾ പറഞ്ഞു: മേക്ക് ഇൻ ഇന്ത്യ

ണ്ടേ രണ്ടു മുദ്രാവാക്യങ്ങളിലൂന്നിയായിരുന്നു, അവരുടെ സമരം. ഒന്ന്, തൊഴിൽ സംരക്ഷണം. രണ്ട്, സ്വാശ്രയത്വം. Indigenous ആയ സാങ്കേതികവിദ്യ വികസിപ്പിക്കണം എന്ന ടെലികോം ജീവനക്കാരുടെ ആവശ്യം ദൂരവ്യാപകമായ നേട്ടങ്ങൾ മുന്നിൽകണ്ടുള്ളതായിരുന്നു. അതേവരെ വകുപ്പിൽ നടത്തിയിരുന്ന ടെക്‌നോളജി അപ്ഗ്രഡേഷനുകളെല്ലാം വിദേശ സാങ്കേതികവിദ്യയെ സ്വാംശീകരിച്ചു സ്വന്തമാക്കിയിരുന്നു. ഉദാഹരണത്തിന് ടെലഗ്രാം മെസേജ് സ്വീകരിക്കുന്നതിന് ടെലിപ്രിന്ററുകൾ ഉപയോഗിച്ചു തുടങ്ങിയപ്പോൾ അതിനായി ചെന്നൈയിൽ പൊതുമേഖലയിൽ ഹിന്ദുസ്ഥാൻ ടെലിപ്രിന്റേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ച് ഇറ്റാലിയൻ സാങ്കേതികവിദ്യ സ്വാംശീകരിച്ച് സ്വന്തമായി ടെലിപ്രിന്ററുകൾ നിർമ്മിക്കയാണ് നാം ചെയ്തത്. ടെലിഫോൺ അനുബന്ധ വ്യവസായങ്ങൾക്കായി ഇന്ത്യയിൽ പലയിടത്തായി 5-6 ടെലികോം ഫാക്റ്ററികൾ വരെ പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്നു. പൂർണ്ണമായും വിദേശ ടെക്‌നോളജിയെ ആശ്രയിക്കാൻ തുടങ്ങിയതോടെ ഈ ഫാക്റ്ററികളുടെ പ്രസക്തി നഷ്ടമാവുകയും അവ ചെറു സർക്യൂട്ടുകളും മറ്റും നിർമ്മിക്കുന്ന പണിയിടങ്ങളായി പരിണമിക്കയും ചെയ്തു.

Morse codeന് ഉപയോഗിച്ചിരുന്ന British Post-office Sounder എന്ന ഉപകരണത്തിന്റെ പേരിൽ ബ്രിട്ടീഷ് എന്നുണ്ടായിരുന്നെങ്കിലും നിർമ്മിച്ചിരുന്നത് ഇന്ത്യയിലായിരുന്നു. ടെലിപ്രിന്റർ വന്നപ്പോൾ അതും ഇന്ത്യയിൽ നിർമ്മിച്ചു എന്നു മേൽപ്പറഞ്ഞു. സമാനമായ നിലയിൽ ടെലിഫോണിക്കായി ഉപയോഗിച്ചിരുന്നതാണ് സെൻട്രൽ ബാറ്ററി സിസ്റ്റം. Number please സിസ്റ്റമെന്നും ഇതിനെ വിളിക്കാറുണ്ടായിരുന്നു. അന്ന് ഫോൺ വിളിക്കാൻ ഇന്ന നമ്പറിലേക്കു കണക്റ്റ് ചെയ്യണമെന്ന് ഓപ്പറേറ്ററോടു പറയുകയും ഓപ്പറേറ്റർ കമ്പി ഒരു ജാക്കിലേക്ക് കണക്റ്റ് ചെയ്ത് കണക്ഷൻ ത്രൂ ആക്കി നൽകുകയുമായിരുന്നു. ഇതിന്റെ സ്ഥാനത്ത് ലോക്കൽ സ്വിച്ചിങ് ഓട്ടോമേഷൻ നടത്തിയപ്പോൾ അതിനാവശ്യമായ Vertical Selector, Horizontal Selector എന്നിങ്ങനെ രണ്ടു മെക്കാനിക്കൽ സ്വിച്ചസ് നിർമ്മിച്ചതും ഇന്ത്യയിൽ തന്നെ. അതായത് ആ ഘട്ടത്തിലൊക്കെ Technology Transfer നടന്നിരുന്നു.

അന്നത്തെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്റെ ചീഫ് 1974ൽ ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റ് പേജിൽ എഴുതിയ ഒരു ലേഖനം, സാങ്കേതിക നവീകരണത്തിന് ഇന്ത്യ മൂലധനനിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതായിരുന്നു. പത്തുവർഷം കൊണ്ട് 15,000 കോടി രൂപ (പ്രതിവർഷം 1500 കോടി രൂപ) മുടക്കി ഈ മേഖല നവീകരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. ടെക്‌നോളജി അപ്ഗ്രഡേഷനായുള്ള റിസർച്ച് ആൻഡ് ഡവലപ്‌മെന്റിനു വേണ്ടിയാണ്, ഈ തുക നിർബന്ധമായും നീക്കിവയ്ക്കണമെന്ന നിർദ്ദേശമുണ്ടായത്. എന്നാൽ അന്ന് അധികാരത്തിലിരുന്ന ഇന്ദിരാ ഗാന്ധി ഗവൺമെന്റ്, ഈ നിർദ്ദേശം ചെവിക്കൊള്ളാതെ അമേരിക്കൻ സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇറക്കുമതി ചെയ്ത് ഉപയോഗിക്കാനാണ് തീരുമാനിച്ചത്. R&Dയ്ക്കായി പണം അലോട്ട് ചെയ്യാൻ ഗവൺമെന്റ് വിസമ്മതിച്ചു. ഇത് അന്നുവരെ തുടർന്നുവന്ന രീതിയുടെ ലംഘനമായിരുന്നു.

ആഗോളവ്യാപാരവും ക്യാപിറ്റലിസ്റ്റ് തന്ത്രവും

ന്ത്യ അടക്കമുള്ള വികസ്വരരാഷ്ട്രങ്ങൾ ഈ തീരുമാനം കൈക്കൊള്ളുന്നതിന് ഒരു ആഗോള പശ്ചാത്തലം കൂടിയുണ്ടായിരുന്നു എന്നാണ് ഫ്രീ സോഫ്‌റ്റ്‌വെയർ മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റും ഡിപ്പാർട്‌മെന്റ് ഓഫ് ടെലികോമിലെ റിട്ടയേഡ് എഞ്ചിനീയറുമായ ജോസഫ് തോമസ് പറയുന്നത്. ഒന്നാംലോക രാഷ്ട്രമെന്ന നിലയിൽ യുഎസ്എയുടെ ആഗോളനേതൃപദവിക്ക് വ്യത്യസ്ത മേഖലകളിൽ ഇളക്കം തട്ടിത്തുടങ്ങിയ കാലമായിരുന്നു അത്. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം മെല്ലെ ഉയർന്നുവന്ന പുതിയ ജപ്പാൻ ഓട്ടോമൊബീൽ രംഗത്ത് വ്യക്തമായ മേൽക്കൈ സ്ഥാപിച്ചിരുന്നു. എക്വിപ്‌മെന്റ് / ഹെവി മെഷീനറി നിർമ്മാണരംഗത്ത് യൂറോപ്യൻ രാഷ്ട്രമായ ജർമ്മനിയുടെ മുന്നേറ്റം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. ഇവ രണ്ടും മുമ്പ് അമേരിക്കയ്ക്ക് മേൽക്കൈയുണ്ടായിരുന്ന രംഗങ്ങളായിരുന്നു. ബീയിങ് അമേരിക്ക എന്നത് യുഎസിന് ഒരു ബാധ്യതകൂടിയായിരുന്നു. ആഗോളനേതൃത്വം കൈയാളാൻ പാകമായ മറ്റൊരു മേഖല കണ്ടെത്തേണ്ടത് അവരെ സംബന്ധിച്ച് അവശ്യമായിരുന്നു. അങ്ങനെ അവർ നിക്ഷേപം നടത്തിയ മേഖലയാണ് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി.

അതിൽ അവരുടെ മേധാവിത്വം സ്ഥാപിച്ചുനൽകേണ്ടത് ആഗോളമുതലാളിത്തത്തിന്റെ വളർച്ചയ്ക്കും അവശ്യമായിരുന്നതിനാൽ ബഹുരാഷ്ട്രകമ്പനികൾ പലതും അതിന് അനുകൂലമായ നിലപാടെടുത്തു. ഇതോടെ അതിനാവശ്യമായ യന്ത്രോപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ഏറെക്കുറെ osle proprietor ആയി അവർ മാറി. വികസ്വര രാഷ്ട്രങ്ങളുടെ നയരൂപീകരണങ്ങളിൽ ഇടപെടാനുള്ള അമേരിക്കൻ വിദേശകാര്യവകുപ്പിന്റെ കഴിവിനെക്കുറിച്ച് വിക്കിലീക്ക്‌സിന്റെ കാലത്ത് ആർക്കും സംശയം ഉണ്ടാകേണ്ടതില്ലല്ലോ. അത്ര ശക്തമായ സ്വാധീനമാണ് അവർ ഇന്ത്യൻ വ്യവസായികളിലൂടെ അന്നത്തെ സർക്കാരിനെ നയിച്ച കോൺഗ്രസിൽ ചെലുത്തിയത്. അന്നുതുടങ്ങിയ പരാശ്രിതത്വം ഇന്നും തുടരുന്നു എന്നും അതുമൂലമുള്ള സാമ്പത്തികച്ചോർച്ച ഇതേവരെ വേണ്ടുംവിധം quantify ചെയ്തിട്ടുകൂടിയില്ലെന്നും ജോസഫ് തോമസ് കുറ്റപ്പെടുത്തുന്നു. ഉദാഹരണമായി ബാങ്കിങ് മേഖലയിൽ ഇന്ത്യ ഉപയോഗിക്കുന്ന Finacle എന്ന സോഫ്‌റ്റ്‌വെയറും ERPയ്ക്കായി വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന SAP എന്ന സോഫ്‌റ്റ്‌വെയറും ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം. സ്വന്തമായി ബാങ്കിങ്, ഇആർപി സ്യൂട്ടുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യൻ പൊതുമേഖല ശ്രദ്ധവയ്ക്കാതിരുന്നതിനെ തുടർന്ന് കോടികളാണ് ടെക്‌നോളജി അഡാപ്‌റ്റേഷനായി നമുക്കു നീക്കിവയ്‌ക്കേണ്ടി വരുന്നത്.

ബാങ്കിങ് മേഖലയിൽ ഇന്ത്യ ഉപയോഗിക്കുന്ന Finacle എന്ന സോഫ്‌റ്റ്‌വെയറും ERPയ്ക്കായി വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന SAP എന്ന സോഫ്‌റ്റ്‌വെയറും ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം. സ്വന്തമായി ബാങ്കിങ്, ഇആർപി സ്യൂട്ടുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യൻ പൊതുമേഖല ശ്രദ്ധവയ്ക്കാതിരുന്നതിനെ തുടർന്ന് കോടികളാണ് ടെക്‌നോളജി അഡാപ്‌റ്റേഷനായി നമുക്കു നീക്കിവയ്‌ക്കേണ്ടി വരുന്നത്.

ഇന്ന് പൊതുമേഖലാ ടെലിഫോൺ കമ്പനിയായ ബിഎസ്എൻഎൽ വൻ പ്രതിസന്ധിയിലാണ്. 8000 കോടി രൂപയുടെ കടത്തിലാണ് സ്ഥാപനം എന്നാണ് അടുത്തിടെ വന്ന റിപ്പോർട്ട്. ഇന്ന് ടെലികോം മേഖലയിൽ ഉപയോഗിക്കുന്ന ഏതാണ്ട് എല്ലാ ഉപകരണങ്ങളും അതിന്റെ സാങ്കേതികവിദ്യയും പൂർണ്ണമായും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നു. ഇന്നത്തെ എക്‌സ്‌ചേഞ്ചുകൾ ന്യൂ ജനറേഷൻ സ്വിച്ചസ് എന്നാണ് അറിയപ്പെടുന്നത്. ഇവയ്ക്ക് അവയുടെ യഥാർത്ഥ വിലയുടെ പത്തിരട്ടിയോളം നൽകിയാണ് ബിഎസ്എൻഎൽ procure ചെയ്യുന്നത്. മൊബൈൽ ഫോണുകൾ മുതൽ ഹൈ എൻഡ് സർവറുകൾ വരെ ടെലിഫോണിക്കായി ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും ഇന്ന് മൈക്രോ പ്രോസസർ അധിഷ്ഠിതമായ ഹാർഡ് വെയറും സോഫ്റ്റ് വെയറുമാണ്. ഇവയൊന്നും സ്വന്തമായി വികസിപ്പിക്കാനോ നിർമ്മിക്കാനോ ഉള്ള ശ്രമം ഇന്ത്യ നടത്തുന്നില്ല. അതേ സമയം മാർക്കറ്റിൽ ലഭ്യമായ സർവർ കോൺഫിഗറേഷനിലുള്ള സാധാരണ കമ്പ്യൂട്ടർ വാങ്ങി Asterisk എന്ന സ്വതന്ത്ര സോഫ്‌റ്റ്‌വെയർ അധിഷ്ഠിത telephony switching and private branch exchange service സ്ഥാപിച്ച് ചുരുങ്ങിയ ചെലവിൽ ന്യൂ ജനറേഷൻ സ്വിച്ചസ് സ്ഥാപിക്കാനാവുന്നതേയുള്ളൂ. ഈ സോഫ്‌റ്റ്‌വെയർ ഇന്ത്യൻ ഉപയോഗത്തിന് അനുസൃതമായി customize ചെയ്യാൻ ചെലവാകുന്ന തുക പോലും താരതമ്യേന തുച്ഛമായിരിക്കും. അതേക്കുറിച്ച് ആലോചിക്കുക പോലും ചെയ്യാനാവാത്തവിധം പരാശ്രിതത്വത്തിൽ മുങ്ങിപ്പോയി, ആ സ്ഥാപനം എന്ന് ജോസഫ് തോമസ് കുറ്റപ്പെടുത്തുന്നു. അന്നു ‘കമ്പ്യൂട്ടറിനെതിരെ സമരം’ ചെയ്ത തങ്ങൾ ഉയർത്തിയ പ്രധാനമുദ്രാവാക്യം ഇപ്പോഴും പ്രസക്തമായി നിൽക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ മതം.

നുഷ്യാദ്ധ്വാനത്തെ ലഘൂകരിക്കുവാനും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുവാനും ഉതകുന്നതാകണം കമ്പ്യൂട്ടർ ഉൾപ്പടെയുള്ള ഏത് സാങ്കേതികവിദ്യയുടെയും പ്രയോഗം എന്നതാണ് ഇടതുപക്ഷ കാഴ്ചപ്പാട്. എന്നാൽ മനുഷ്യാദ്ധ്വാനത്തിന് പകരം വയ്ക്കുവാനും അങ്ങനെ തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കിക്കൊണ്ട് ലാഭം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് മുതലാളിത്തത്തിനുള്ളത്.

കമ്പ്യൂട്ടർവൽക്കരണത്തെ സംബന്ധിച്ച ഇടതുപക്ഷ നിലപാട് എന്താണ്?

എവിടെയൊക്കെ എങ്ങനെയൊക്കെ പുതിയ സാങ്കേതികവിദ്യകൾ പ്രയോഗത്തിൽ വരുത്തണമെന്ന് തീരുമാനിക്കേണ്ടത് സമൂഹത്തിൽ അപ്പോൾ നിലനിൽക്കുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കണം. ആ സാഹചര്യങ്ങളെയൊന്നും പരിഗണിക്കാതെ ഈ പരിഷ്‌കാരങ്ങൾ അശാസ്ത്രീയമായി നടപ്പിലാക്കപ്പെട്ടപ്പോഴാണ് ഇടതുപക്ഷ ട്രേഡ് യൂണിയനുകൾ അതിനെ എതിർത്തത്.

ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും ഗവൺമെന്റുകളുടെ വികസനകാഴ്ചപ്പാടിൽ നിന്ന് തന്നെ ഇത് മനസ്സിലാക്കുവാൻ സാധിക്കും. സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെ പൂർണമായും അവഗണിച്ചുകൊണ്ട് കമ്പ്യൂട്ടർവൽകരണത്തിലൂടെ തൊഴിലുകളുടെ എണ്ണം കുറച്ച് ചെലവുകൾ വെട്ടിച്ചുരുക്കുവാനാണ് ബാങ്കുകൾ ശ്രമിച്ചത്. ഇടതുപക്ഷമാകട്ടെ ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാർക്ക് 1991-ൽ തിരുവനന്തപുരത്ത് സ്ഥാപിച്ചു കൊണ്ട് വിവരസാങ്കേതികമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്ന പരീക്ഷണമാണ് നടത്തിയത്. അതൊരു വലിയ വിജയമാണെന്ന് ചരിത്രം രേഖപ്പെടുത്തി.

എന്നാൽ അശാസ്ത്രീയമായ കമ്പ്യൂട്ടർവൽക്കരണം നടപ്പിൽവരുത്തുവാനും അതുമൂലമുണ്ടാകുന്ന തൊഴിൽനഷ്ടം മറച്ചുപിടിക്കുവാനും അങ്ങനെ ജനവികാരം തങ്ങൾക്ക് അനുകൂലമാക്കി നിർത്തുവാനും സമരം ചെയ്യുന്ന തൊഴിലാളികൾ ശാസ്ത്ര സങ്കേതികവിദ്യക്കാകെ എതിരാണെന്ന പ്രചാരണം അഴിച്ചുവിടുകയുമാണ് എതിർപക്ഷം അന്ന് ചെയ്തത്. നിർഭാഗ്യവശാൽ ഈ ദുഷ്പ്രചരണം തന്നെ ഏറ്റ് പിടിച്ചിരിക്കുകയാണ് ഉമ്മൻ ചാണ്ടി.

കമ്പ്യൂട്ടറൈസേഷൻ വിരുദ്ധ സമരം കേരളത്തിന്റെ ഐറ്റി വികസനത്തെ ബാധിച്ചുവോ?

മ്പ്യൂട്ടർവൽക്കരണത്തിനെതിരെയുള്ള സമരം കേരളത്തിന്റെ ഐറ്റി വികസനത്തെ സാരമായി ബാധിച്ചുവെന്നാണ് ഉമ്മൻ ചാണ്ടി ആരോപിക്കുന്നത്. ഉമ്മൻ ചാണ്ടി ഇടതുമുന്നണിയിൽ പ്രവർത്തിക്കുന്ന കാലത്ത് തന്നെയാണ് കമ്പ്യൂട്ടറൈസേഷൻ സമരം നടക്കുന്നത് എന്ന ഇരട്ടത്താപ്പ് തൽക്കാലം മാറ്റി വയ്ക്കാം. കമ്പ്യൂട്ടറൈസേഷൻ വിരുദ്ധ സമരം കേരളത്തിന്റെ ഐ.റ്റി. വികസനത്തെ ബാധിച്ചുവോ എന്ന ചോദ്യം പ്രസക്തമാണ്.

കമ്പ്യുട്ടർ സംബന്ധിയായ തൊഴിൽസാധ്യതകൾ വർദ്ധിച്ചത് അമേരിക്ക പോലെയുള്ള ദൂരദേശങ്ങളിൽ നിന്നുള്ള ഡേറ്റാ കൈമാറ്റം സുഗമമായി നടത്തുവാൻ തുടങ്ങിയതിന് ശേഷമാണ്. 1980-കളിൽ കമ്പ്യൂട്ടർവൽക്കരണവിരുദ്ധ സമരം നടക്കുന്ന സമയത്ത് ഇന്ന് നാം കാണുന്ന രീതിയിൽ ഉള്ള ഇന്റർനെറ്റ് നിലവിലില്ലായിരുന്നു.

ടെക്‌നോപാർക്കിന്റെ രണ്ടാം ഘട്ട-മൂന്നാം ഘട്ട വികസനം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പിന്നീട് വന്ന ഇടതുപക്ഷ ഗവൺമെന്റുകൾ ആണെന്ന് കാണാതെയിരിക്കുവാനാകില്ല. തുടർന്ന് ടെക്‌നോസിറ്റിക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പും.

വിവരസാങ്കേതികവിദ്യാ മേഖലയിൽ കഴിഞ്ഞ LDF സർക്കാരിന്റെ കാലത്ത് അതുവരെയുള്ളതിന്റെ അഞ്ചു മടങ്ങായിരുന്നു വികസനം. ലോകസാമ്പത്തിക തളർച്ച ഐ.റ്റി വ്യവസായത്തെ തകർത്തുകളഞ്ഞ കാലമായിട്ടുപോലും 2006-ൽ 650 കോടിയായിരുന്ന നമ്മുടെ ഐ.റ്റി കയറ്റുമതി 2011 ആയപ്പോൾ ഏതാണ്ട് 3000 കോടി രൂപയാക്കാൻ കഴിഞ്ഞു. ഇത് വിവരസാങ്കേതികവിദ്യാ മേഖലയിലെ അന്നത്തെ ദേശീയ തലത്തിലെ വളർച്ചയുടെ മൂന്നിരട്ടിയാണ്. ഐറ്റി പാർക്കുകൾ രണ്ടിൽ നിന്ന് 12 ആയാണ് വികസിച്ചത്. ഇതിനെല്ലാം ഭൂമി കണ്ടെത്തി, സെസ് പദവി നേടി, മാസ്റ്റർ പ്ലാൻ തയാറാക്കി, പണിയും തുടങ്ങി. പലതും പ്രവർത്തനം ആരംഭിച്ചു. കമ്പനികളുടെ എണ്ണം രണ്ടിരട്ടിയിലധികം വർധിച്ചപ്പോൾ ജീവനക്കാരുടെ എണ്ണം ഏതാണ്ട് മൂന്നു മടങ്ങായി വർദ്ധിച്ച് 16000-ൽ നിന്ന് 44000 ആയി.

സംസ്ഥാനത്ത് ഐറ്റി ഇൻഫ്രാസ്ട്രക്ചർ കമ്പനി രൂപീകരിച്ചു. സർക്കാർ നേരിട്ട് 2000 കോടി രൂപ മുതൽ മുടക്കുകയും സ്വകാര്യ മേഖലയിൽ നിന്ന് 10000കോടി സമാഹരിക്കാനുമായിരുന്നു പരിപാടി. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ വന്ന UDF സർക്കാരിന് ഈ മേഖലയിൽ എന്തെങ്കിലും ചെയ്യാൻ സാധിച്ചോ?

ഒരു ഗ്രാമം പോലെ നീണ്ടുകിടക്കുന്ന കേരളത്തിന്റെ ഭൂപ്രകൃതിക്കനുസരിച്ച് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഐറ്റി വകുപ്പ് നടപ്പിലാക്കിയ വികസന മാതൃകയാണ് ‘ഹബ് ആൻഡ് സ്‌പോക്’. മൂന്നു പ്രധാന നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ യഥാക്രമം ടെക്‌നോപാർക്കും, ഇൻഫോപാർക്കും, സൈബർപാർക്കും ഇവയോരോന്നുമായി ബന്ധിപ്പിച്ച് ഇതേ പേരുകളിലുള്ള ഐറ്റി പാർക്കുകളും, ഇതിനോടനുബന്ധിച്ച് ചെറുപട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും ടെക്‌നോ ലോഡ്ജുകളും ചേർന്ന ചിലന്തിവല പോലുള്ള ഒരു ശൃംഖല സംസ്ഥാനം മുഴുവൻ പടർത്തി വളർത്തുകയായിരുന്നു വി എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ.

ഭൂഖണ്ഡാന്തര കേബിളുകൾ വന്നുചേരുന്ന ഏഷ്യയിലെ പ്രധാന ഗേറ്റ്‌വേകളായ കൊച്ചിയുടെയും തിരുവനന്തപുരത്തിന്റെയും സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ഐറ്റി രംഗത്തെ വളർത്തിയെടുക്കുവാനാണ് ആ സർക്കാർ ശ്രമിച്ചത്. സമർഥരായ ഐറ്റി പ്രൊഫഷണലുകൾ ഉള്ളതും, ജീവിതച്ചെലവ് പൊതുവേ കുറഞ്ഞിരിക്കുന്നതും, സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നതും ഈ ശ്രമം വിജയിക്കുന്നതിന് സഹായിച്ചു.

വേഗമേറിയതും, വിപുലവുമായ വാർത്താവിതരണ, ഗതാഗത സംവിധാനങ്ങൾ ഉണ്ടാക്കുന്നതിലും സർക്കാർ ശ്രദ്ധിച്ചു. ഇതിന്റെയെല്ലാം ഫലമായി കൂടുതൽ നിക്ഷേപകർ വരികയും ആ അഞ്ചു വർഷങ്ങളിൽ നിലനിന്ന വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ അവർ കൂടുതലായി മുതൽ മുടക്കുകയും ചെയ്തതോടെ ഐറ്റി മേഖലയിൽ ഒരു ‘ക്വാണ്ടം ജമ്പ്’ അന്ന് സാധ്യമായി .

സത്യം പറയാൻ ടെക്‌നോപാർക്ക്

-ൽ തുടക്കം കുറിച്ച തിരുവനന്തപുരം ടെക്‌നോപാർക്ക് ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐറ്റി പാർക്ക് ആണ്. എന്നാൽ, 2006 ആയപ്പോൾ 15 വർഷം കൊണ്ട് വിസ്തൃതി 242 ഏക്കർ മാത്രമാണ് വർധിച്ചത്. 2006 മുതൽ 2011 വരെയുള്ള അഞ്ചു വർഷം കൊണ്ട് അത് 837 ഏക്കർ ആയി വികസിപ്പിക്കാൻ സാധിച്ചു. 580 ഏക്കർ ഭൂമിയാണ് ഒരു അലോസരവുമില്ലാതെ ഈ സർക്കാർ പുതുതായി കണ്ടെത്തി ടെക്‌നോപാർക്കിനോട് ചേർത്തത്. 1991 മുതൽ 2006 വരെയുള്ള വികസനത്തിന്റെ ഭാഗമായി 13 .5 ലക്ഷം ച. അടി കെട്ടിടങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ 2006 മുതൽ 2011 വരെയുള്ള അഞ്ചു വർഷം കൊണ്ട് അത് 45 ലക്ഷം ച. അടിയായി വർധിപ്പിക്കാനായി. ആ സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോൾ 12 ലക്ഷം ച. അടി കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയായിരുന്നു. ആ കെട്ടിടങ്ങളൊക്കെയാണ് സർ നിങ്ങളുടെ സർക്കാർ വന്നതിനു ശേഷം സ്വന്തം പേരെഴുതി ഒട്ടിച്ച് ഉദ്ഘാടനം ചെയ്ത് ആഘോഷിച്ചത്. 2006 മുതൽ 2011 വരെയുള്ള കാലയളവിൽ പുതിയ 63 കമ്പനികൾ പ്രവർത്തനമാരംഭിച്ചു. അങ്ങനെ തിരുവനന്തപുരം ടെക്‌നോപാർക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. പാർക്ക് ആയി. സൗകര്യത്തിൽ മാത്രമല്ല, നിലവാരത്തിലും ടെക്‌നോപാർക്ക് ഉയരത്തിലെത്തി. ISO 9001, ISO 14001, CMMI Level 4, BSOHSAS 18001 എന്നിവ തിരുവനന്തപുരം ടെക്‌നോപാർക്ക് നേടിയിരുന്നു.

1973ൽ സി അച്യുതമേനോൻ ഗവൺമെന്റിന്റെ കാലത്തായിരുന്നല്ലോ, കെൽട്രോൺ ആരംഭിക്കുന്നത്. 74ൽ കെൽട്രോണിന്റെ R&D ഡിവിഷനായി ER&DC; നിലവിൽ വന്നു. ഇലക്ട്രോണിക്‌സിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഈ സ്ഥാപനം കമ്പ്യൂട്ടിങ് പരിശീലനത്തിലേക്കും ചിപ് ലെവൽ ഡവലപ്‌മെന്റിലേക്കും തിരിയുന്നത് നായനാർ സർക്കാരിന്റെ കാലത്ത് 1988ൽ സ്ഥാപനത്തെ കേന്ദ്ര സർക്കാരിനു വിട്ടുകൊടുത്തതിനു ശേഷമാണ്.

ഇ-ഗവേണൻസ് രംഗത്തെ മുന്നേറ്റങ്ങൾ

ക്‌നോപാർക്കിലേക്കു മാത്രം ചർച്ച ചുരുക്കുന്നില്ല. 1973ൽ സി അച്യുതമേനോൻ ഗവൺമെന്റിന്റെ കാലത്തായിരുന്നല്ലോ, കെൽട്രോൺ ആരംഭിക്കുന്നത്. 74ൽ കെൽട്രോണിന്റെ R&D ഡിവിഷനായി ER&DC നിലവിൽ വന്നു. ഇലക്ട്രോണിക്‌സിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഈ സ്ഥാപനം കമ്പ്യൂട്ടിങ് പരിശീലനത്തിലേക്കും ചിപ് ലെവൽ ഡവലപ്‌മെന്റിലേക്കും തിരിയുന്നത് നായനാർ സർക്കാരിന്റെ കാലത്ത് 1988ൽ സ്ഥാപനത്തെ കേന്ദ്ര സർക്കാരിനു വിട്ടുകൊടുത്തതിനു ശേഷമാണ്. അന്ന് ഈ ലക്ഷ്യത്തോടെ തന്നെയാണ് അത്തരമൊരു നീക്കം നടത്തുന്നത്. അതുകൊണ്ടുമാത്രമാണ്, കേരളത്തിൽ C-DACന് ഒരു കേന്ദ്രം ഉണ്ടായതും. കേരളത്തിൽ ഈ രംഗത്തെ ഇടപെടലിനു തുടക്കം കുറിച്ച C-DIT സ്ഥാപിക്കുന്നതും ഇടതുപക്ഷ ഗവൺമെന്റാണ്. പി ഗോവിന്ദപ്പിള്ളയായിരുന്നു, ആദ്യ ചെയർമാൻ. ഐറ്റി രംഗത്ത് സംസ്ഥാനത്തിന്റെ മുൻഗണനകൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനായി ഐറ്റി മിഷൻ എന്ന മിഷൻ മോദിലുള്ള ഹൈലെവൽ കമ്മിറ്റി സ്ഥാപിച്ചതും ഇന്ത്യയിൽ ആദ്യമായി ഇ-ഗവേണൻസിനായി ഇൻഫർമേഷൻ കേരള മിഷൻ സ്ഥാപിക്കുന്നതും ഇടതുപക്ഷ ഗവൺമെന്റിന്റെ തീരുമാനപ്രകാരമായിരുന്നു. പഞ്ചായത്ത് കമ്പ്യൂട്ടറൈസേഷൻ രംഗത്ത് ഐകെഎം തുടങ്ങിവച്ച കാര്യങ്ങളാണ് പിൽക്കാല ഗവൺമെന്റുകൾ പിന്തുടർന്നത്. ഐറ്റി മിഷന്റെ കീഴിലാണ്, പിന്നീടു കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും പടർന്ന ഐറ്റി@സ്‌കൂൾ എന്ന ICT അധിഷ്ഠിത വിദ്യാഭ്യാസപദ്ധതി വരുന്നത്. IT@School നു പിന്നിൽ പ്രവർത്തിച്ച KSTA എന്ന അദ്ധ്യാപകസംഘടനയും ഇടതുപക്ഷ ട്രേഡ് യൂണിയനാണ്.

ജനങ്ങൾക്ക് വിവിധ സർക്കാർ വകുപ്പുകളിലേക്ക് അടയ്ക്കാനുള്ള ഫീസ് എല്ലാം ഒരിടത്ത് അടയ്ക്കാനുള്ള സൗകര്യം ഒരുക്കി തിരുവനന്തപുരത്ത് FRIENDS ജനസേവനകേന്ദ്രം പൈലറ്റ് ചെയ്തത് ഇടതുപക്ഷ ഗവൺമെന്റായിരുന്നു. തുടർന്നു വന്ന ഗവൺമെന്റിന് അത് മറ്റുജില്ലകളിലേക്ക് വ്യാപിപ്പിക്കേണ്ട ചുമതലയേ ഉണ്ടായിരുന്നുള്ളൂ. 1996-97 കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആദ്യമായി ഒരു വകുപ്പിൽ വ്യാപകമായി കമ്പ്യൂട്ടറൈസേഷൻ വരുന്നത്. കേരളത്തിലെ സബ് രജിസ്ട്രാർ ഓഫീസുകളിൽ ഇത് നടപ്പിലാക്കിയതും ഇടതുഗവൺമെന്റായിരുന്നു.

പേപ്പർ സിഗ്‌നേച്ചറിനു പകരം ഡിജിറ്റൽ സിഗ്‌നേച്ചർ വ്യാപകമായി അഡോപ്റ്റ് ചെയ്യാനാവുമെന്ന ധൈര്യം ഇന്ത്യയിലെ എല്ലാ ഇഗവേണൻസ് പ്രോജക്റ്റുകൾക്കും നൽകിയത് കേരളമായിരുന്നു. അതിനുമുമ്പ് കമ്പനി രജിസ്‌ട്രേഷൻ, ആദായനികുതിയുടെ ഇ-ഫയലിങ് എന്നിവയ്ക്കു മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന ഡിജിറ്റൽ സിഗ്‌നേച്ചർ സാധാരണക്കാർക്കുകൂടി ഉപയോഗിക്കാനാവുന്നതാണ് എന്ന ബോധം ഉദ്യോഗസ്ഥരിലുണ്ടാക്കാൻ സഹായിച്ചത് 2010ൽ ഇടതുപക്ഷ സർക്കാർ വില്ലേജ് ഓഫീസുകളിൽ നടപ്പിലാക്കിയ E-District പദ്ധതിയായിരുന്നു. ഇതിലൂടെ 23 വ്യത്യസ്ത സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഓൺലൈനായി ലഭ്യമാക്കി.

2000ൽ യുഡിഎഫ് മന്ത്രിസഭയിൽ പി കെ കുഞ്ഞാലിക്കുട്ടി ഐറ്റി മിനിസ്റ്റർ ആയിരുന്നപ്പോഴാണ് ഐറ്റി മിഷന്റെ കീഴിൽ മലപ്പുറത്ത് അക്ഷയ കേന്ദ്രം ആരംഭിക്കുന്നത്. എന്നാൽ അതിനു തൊട്ടുമുമ്പുള്ള ഇടതുപക്ഷ ഗവൺമെന്റിന്റെ കാലത്തുതന്നെ ഐകെഎമ്മിനുള്ളിൽ ഈ പ്രോജക്റ്റ് പ്രൊപ്പോസൽ കൺസീവ് ചെയ്തിരുന്നു. തുടർന്ന് ഐറ്റി മിഷന്റെ കന്നിപ്രോജക്റ്റായി ഇത് വിട്ടുനൽകുകയായിരുന്നു. ഇത് യുഡിഎഫിന്റെ നേട്ടമായി രേഖപ്പെടുത്തുന്നത് സാങ്കേതികമായി മാത്രം ശരിയാണ്.

സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പ്രോത്സാഹനത്തിനും ഡവലപ്‌മെന്റിനുമായി ICFOSS സ്ഥാപിച്ചതാണ് എടുത്തുപറയേണ്ട മറ്റൊരു നേട്ടം. ഇഗവേണൻസിന് ആവശ്യമായ മനുഷ്യവിഭവശേഷി പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ IIITMK സ്ഥാപിക്കാനും ഇടതുപക്ഷം മുൻകൈയെടുത്തു. സർക്കാർ വെബ്‌സൈറ്റുകളുടെ സൈബർ സെക്യൂരിറ്റി ഓഡിറ്റിങ് കാലാകാലങ്ങളിൽ നടത്തി സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ CERT-Kerala അഥവാ Computer Emergency Response Team – Kerala സ്ഥാപിച്ചതും ഇടതുഗവൺമെന്റായിരുന്നു. എന്നാൽ ഈ സ്ഥാപനത്തെ ഇല്ലാതാക്കുകയാണ്, ഉമ്മൻ ചാണ്ടി സർക്കാർ ചെയ്തത്.

യുഡിഎഫിന്റെ ഐടി വികസനം

ല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ ഇല്ലാതാക്കുക എന്നത് ഉമ്മൻ ചാണ്ടിയെ സംബന്ധിച്ച് പുതിയ കാര്യമല്ല. ഉമ്മൻ ചാണ്ടി സർക്കാർ 2005ൽ പുറപ്പെടുവിച്ച ഒരു ഗവൺമെന്റ് ഓർഡർ അതിനു സാക്ഷ്യം പറയും. ദുബായ് ഹോൾഡിങ്‌സ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുമായി ചേർന്ന് ഒരു പ്രത്യേകോദ്ദേശ്യവാഹനം (SPV) ഉണ്ടാക്കാൻ തീരുമാനിക്കുന്നു, ഉമ്മൻ ചാണ്ടി സർക്കാർ. ലക്ഷ്യം സ്മാർട് സിറ്റി. അതിനായി ആദ്യം ചെയ്തത് അന്ന് 27 കമ്പനികളും 68 കോടിയുടെ വിറ്റുവരവുമായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഇൻഫോപാർക്കിലേക്കുള്ള സ്‌പേസ് അലോട്ട്‌മെന്റ് മേൽസൂചിപ്പിച്ച സർക്കാർ ഉത്തരവിലൂടെ നിർത്തിവയ്ക്കുക എന്നതായിരുന്നു. ഐടി വികസിക്കണമെന്ന് ഇത്ര മോഹമുള്ള ഉമ്മൻ ചാണ്ടി എന്തുകൊണ്ടാണ് ഒരു ഐടി പാർക്കിലേക്ക് പുതിയ കമ്പനികൾ വരുന്നതിനെ തടയുന്നത് എന്നല്ലേ? കരാറിൽ ആ കാര്യം വിശദീകരിക്കുന്നത് ഇങ്ങനെ: ”കാക്കനാട്ടെ ഇൻഫോപാർക് എസ്റ്റേറ്റിന്റെ ആസ്തി ഏറ്റെടുക്കുന്നതിന് ഡവലപ്പർ സ്റ്റാറ്റസ് ലഭിക്കുന്ന തീയതിക്ക് പത്തുദിവസത്തിനകം SPVയും സൊസൈറ്റിയും തമ്മിൽ ഒരു ആസ്തി കൈമാറ്റ കരാറിൽ ഏർപ്പെടും. കേരള സർക്കാറും സൊസൈറ്റിയും ഇൻഫോപാർക് എന്ന പേരോ അതിനു സമാനമായതോ സാമ്യമുള്ളതോ ആയ മറ്റേതെങ്കിലും പേരോ കേരളത്തിനകത്തോ ഇന്ത്യയ്ക്കകത്തോ ഒരു തരത്തിലും ഉപയോഗിക്കുകയില്ല.” അതായത്, ഇൻഫോപാർക്കിനെ പരിപൂർണ്ണമായും സ്മാർട് സിറ്റി വിഴുങ്ങുന്നു. ആ ബ്രാൻഡ് നെയിം പോലും പിന്നീട് മിണ്ടിക്കൂടാ. എന്നല്ല, അതിനോടു സാമ്യം തോന്നുന്ന ഏതു പേരും നിഷിദ്ധം.

അന്ന് പ്രതിപക്ഷം ഈ കള്ളക്കളി പുറത്തുകൊണ്ടുവരികയും അതിനെതിരെ സമരം നയിക്കുകയും ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ഭാഷയിൽ പറഞ്ഞാൽ ”കമ്പ്യൂട്ടറിനെതിരായ സമരം”! അതുകൊണ്ട് – അതുകൊണ്ടു മാത്രം – ആ കരാർ നടപ്പാക്കുന്നതിൽ നിന്നും അദ്ദേഹത്തിനു പിന്മാറേണ്ടിവന്നു. ഇൻഫോപാർക്കിൽ ഇന്ന് 137 കമ്പനികൾ പ്രവർത്തിക്കുന്നു; 2035 കോടിയുടെ എക്‌സ്‌പോർട്ടും 28,000 ജീവനക്കാരുമായി. ആ ബ്രാൻഡ് നെയിമും നഷ്ടമായില്ല. കൊരട്ടിയിലും ചേർത്തലയിലും പുതിയ രണ്ട് ഇൻഫോപാർക് ശാഖകൾ കൂടി നിലവിൽ വന്നു. കൊരട്ടിയിൽ 29 കമ്പനികളും ചേർത്തലയിൽ 18 കമ്പനികളും പ്രവർത്തിക്കുന്നു. തീർന്നില്ല. എറണാകുളത്തും ചുറ്റുപാടുമുള്ള ഒൻപതു ജില്ലകളിലും പുതിയ ഐടി പാർക്കുകൾ ഒന്നും തുടങ്ങരുത് എന്നായിരുന്നു ഉമ്മൻ ചാണ്ടി ആദ്യമുണ്ടാക്കിയ ധാരണ. ബഹളത്തെ തുടർന്ന് അത് എറണാകുളം, ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളിലേക്കു ചുരുക്കി. എൽഡിഎഫ് വന്നപ്പോൾ പുതിയ കരാറിലേർപ്പെട്ടതിനാൽ ഈ ജില്ലകളിലടക്കം കേരളത്തിലെ എല്ലാ ജില്ലകളിലും ഐടി ഹബ്ബുകൾ തുടങ്ങാൻ സാധിച്ചു.

സ്മാർട്‌സിറ്റി ഇതുവരെ എത്ര പേർക്ക് തൊഴിൽ നൽകി?

നി, പ്രതിപക്ഷത്തിന്റെ എതിർപ്പുമൂലം അന്നു നടപ്പിലാക്കാൻ പറ്റാതെ പോയ ഉമ്മൻ ചാണ്ടിയുടെ ‘യഥാർത്ഥ സ്മാർട് സിറ്റി’ വന്നിരുന്നെങ്കിലോ? പ്രവർത്തനമാരംഭിച്ച് 10 വർഷത്തിനകം 33,300 പേർക്കു തൊഴിൽ നൽകാം എന്നായിരുന്നു ധാരണ. അഞ്ചുവർഷത്തിനകം 5000 തൊഴിലവസരങ്ങളും ഏഴു വർഷത്തിനകം 15,000 തൊഴിലവസരങ്ങളും പത്തുവർഷത്തിനകം 33,300 തൊഴിലവസങ്ങളും നൽകാനായില്ലെങ്കിൽ SPV പിഴ നൽകാൻ ബാധ്യസ്ഥമാവും. എന്നാൽ നിലവിലുള്ള ഇൻഫോപാർക്കിന്റെ ഭൂമിയും ഫ്രീ ഹോൾഡ് നൽകുന്ന അധിക ഭൂമിയും ലീസിനു നൽകുന്ന ഭൂമിയും അവരുടെ ഉപയോഗത്തിനുള്ളപ്പോഴാണിത്. 2005ലെ ആദ്യ കരാർ അനുസരിച്ച് 2008ൽ സ്മാർട് സിറ്റി കമ്മിഷൻ ചെയ്യണമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ 2015-16ൽ സ്മാർട് സിറ്റി പ്രവർത്തനമാരംഭിച്ച് ഏഴുവർഷം തികയുമായിരുന്നു. കരാർ പ്രകാരം 15,000 തൊഴിലവസരങ്ങളാണ് അതിനോടകം സ്മാർട് സിറ്റി വാഗ്ദാനം ചെയ്തിരുന്നത്. ഇൻഫോപാർക്കിൽ മാത്രം നിലവിൽ 28,000 തൊഴിലവസരങ്ങളുണ്ട്. അതായത്, സ്മാർട് സിറ്റി വാഗ്ദാനം ചെയ്തിരുന്നതിനേക്കാൾ 13,000 തൊഴിൽ അവസരങ്ങൾ അധികം ജനറേറ്റ് ചെയ്യാൻ ഈ കാലയളവിൽ കേരളത്തിനായി. ഇൻഫോപാർക്കിന്റെ സ്വാഭാവിക വളർച്ച സ്മാർട് സിറ്റിയുടെ പേരിൽ എഴുതി 236 ഏക്കർ പ്രൈം ഭൂമി റിയൽ എസ്റ്റേറ്റ് കച്ചവടത്തിനു വിട്ടുനൽകുക എന്നതായിരുന്നു, ഉമ്മൻ ചാണ്ടി വിഭാവനം ചെയ്ത സ്മാർട് സിറ്റി വികസനം. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ വികസനവിരുദ്ധ പ്രവർത്തി എന്നു ബ്രാൻഡ് ചെയ്യപ്പെട്ട എതിർപ്പ്, കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ വികസന നേട്ടമായിരുന്നു എന്ന് ഇന്നു തിരിച്ചറിയാം.

”വികനസവിരോധിയായ” വി എസ് ഇടപെട്ടു വൈകിച്ച സ്മാർട് സിറ്റി കരാർ പ്രകാരം ദുബായ് ടീകോം ”പൂർത്തിയാക്കിയ” സ്മാർട് സിറ്റി ഇക്കഴിഞ്ഞമാസം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിദേശ കമ്പനികളൊന്നും തന്നെ അവിടെയില്ല. ഐടി കമ്പനികൾ ഒന്നുപോലുമില്ല. സ്മാർട് സിറ്റിയിൽ ഇന്നാകെ പ്രവർത്തിക്കുന്നത് ഒരു ബ്യൂട്ടി പാർലറും ഒരു ക്രഷും ഒരു എടിഎമ്മും മാത്രം. എവിടെപ്പോയി, വാഗ്ദാനം ചെയ്യപ്പെട്ട തൊഴിൽ എന്നാരെങ്കിലും ചോദിച്ചാൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ യാത്രാ വിമാനത്തിൽ കയറി ബിലാത്തിക്കുപോയി എന്നു പറയേണ്ടിവരും.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായുള്ള ഇടതുപക്ഷ സർക്കാർ ദീർഘവീക്ഷണത്തോടെ ഏർപ്പെട്ടതും തുടർന്നുവന്ന ഉമ്മൻ ചാണ്ടി സർക്കാർ അട്ടിമറിച്ചതുമായ ഒരു കരാറിനെ കുറിച്ചുകൂടി പറയാതെ ഇതു പൂർണമാവില്ല. സംസ്ഥാനത്തെ Mobile Infrastructure Developmentന്റെ ഭാഗമായി റോഡുകൾ കുഴിച്ച് ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിന് അനുമതി നൽകണമെങ്കിൽ പകരമായി അവ കടന്നുപോകുന്ന വഴിയിലുള്ള സർക്കാർ ഓഫീസുകൾക്കും സ്‌കൂളുകൾക്കും സൗജന്യ കണക്റ്റിവിറ്റി അനുവദിക്കണം എന്ന വ്യവസ്ഥ ഇടതുപക്ഷ സർക്കാർ മുന്നോട്ടുവച്ചു. അതിനെതിരെ അന്ന് കേന്ദ്രടെലികോം മന്ത്രിയായിരുന്ന എ. രാജ സംസ്ഥാനത്തിനു കത്തെഴുതിയെങ്കിലും രൂക്ഷമായിരുന്നു, പ്രതികരണം. തുടർന്ന്, ഈ വ്യവസ്ഥ അംഗീകരിക്കാൻ എല്ലാ മൊബൈൽ കമ്പനികളും തയ്യാറായി. Rights of way എന്നാണ് ഈ കരാർ വ്യവസ്ഥ അറിയപ്പെട്ടത്. എങ്കിലും തുടർന്നുവന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് കേബിൾ ലേയിങ് വർക്‌സ് നടന്നത്. ആ ഘട്ടത്തിൽ പഴയ കരാർ പ്രകാരമുള്ള കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടി. ഇന്നിപ്പോൾ മൊബൈൽ കമ്പനികളുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച ചെറിയ പിഴ ഈടാക്കി condone ചെയ്യാൻ അനുവദിച്ചിരിക്കയാണ് യുഡിഎഫ് സർക്കാർ. ഇത് ഐസിറ്റി അധിഷ്ഠിത വിദ്യാഭ്യാസത്തിനെ പുറകോട്ടടിപ്പിക്കുന്നതും കേരളത്തിലെ സർക്കാർ ഓഫീസുകളുടെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകരണത്തെ വൈകിപ്പിക്കുന്നതും ആണെന്നു കാണാം. കമ്പ്യൂട്ടറിനെ എതിർത്ത ഇടതുപക്ഷം, കമ്പ്യൂട്ടറിനെ പുണർന്ന വലതുപക്ഷം എന്ന പ്രതിച്ഛായ എത്രത്തോളം ശരിയാണെന്ന് തിരിയാൻ കൂടുതൽ പറയേണ്ട ആവശ്യമില്ലല്ലോ.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *