കേരളത്തിലെ അധ്യാപകരുടെ അവകാശസമരങ്ങളിലും രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളിലും സജീവസാന്നിധ്യമാണ് കെഎസ്ടിഎ  എന്ന കരുത്തുറ്റ അധ്യാപക പ്രസ്ഥാനം. ഈ പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങൾക്കും വളർച്ചയ്ക്കും നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്.  സാമ്രാജ്യത്വവിരുദ്ധ ജന്മിത്വവിരുദ്ധ പ്രസ്ഥാനം അധ്യാപകരുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള എണ്ണമറ്റ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. ആഗോളവൽക്കരണ നയങ്ങൾക്കെതിരെയും ഇവ വിദ്യാഭ്യാസമേഖലയിലും അധ്യാപകസമൂഹത്തിലും പൊതുസമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾക്കെതിരായും നിരന്തരമായ പോരാട്ടങ്ങൾ നടത്തിക്കൊണ്ട് കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ മുന്നോട്ടുപോകുകയാണ്.

ഒരു രാജ്യത്തിന്റെ ഭാവിഭാഗധേയം നിർണയിക്കുന്നത് അവിടത്തെ വിദ്യാഭ്യാസ പ്രക്രിയയുടെ ഗതിവിഗതികളാണ്. വലിയ പങ്കാണ് വിദ്യാഭ്യാസ പ്രക്രിയയിൽ അധ്യാപകന് വഹിക്കാനുള്ളത്. ആ റോൾ ഭംഗിയായി നിർവഹിക്കാൻ അധ്യാപകരെ പ്രാപ്തമാക്കുന്ന വിദ്യാഭ്യാസപ്രക്രിയയാണ് കേരളത്തിൽ നടക്കുന്നത്. യുഡിഎഫ് സർക്കാരുകൾ വരുത്തിവച്ച പ്രതിസന്ധികളിൽനിന്ന്‌ കരകയറി കേരളത്തിലെ വിദ്യാഭ്യാസമേഖല അതിന്റെ സുവർണ കാലഘട്ടത്തിലേക്ക് കടന്നിരിക്കുന്നു.

ഇടതുപക്ഷ ബദൽ ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തിനാകെ മാതൃകയായാണ് കേരളം മുന്നോട്ടുപോകുന്നത്. ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള ഒരു വിവേചനവുമില്ലാതെ ജനങ്ങൾ ജീവിക്കുന്നു. തൊഴിലാളികളുടെ എല്ലാ ആനുകൂല്യവും നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നു. ഒരു പൊതുമേഖലാ സ്ഥാപനവും അടച്ചുപൂട്ടിയില്ലെന്ന് മാത്രമല്ല നഷ്ടത്തിലായ എല്ലാം ലാഭത്തിലാക്കുന്നതിനും അവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിനും സർക്കാരിന് സാധിക്കുന്നു. ലൈഫ് മിഷന്റെ ഭാഗമായി രണ്ടരലക്ഷത്തിലധികം വീടുകൾ ഇതിനകംതന്നെ പൂർത്തായി.  ആരോഗ്യമേഖലയിലും വലിയ മുന്നേറ്റം സൃഷ്ടിക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന്‌ വ്യത്യസ്തമായി നമ്മുടെ സർക്കാർ ആശുപത്രികളിൽ സുസജ്ജമായ എല്ലാ ആധുനിക സൗകര്യവും ഉറപ്പാക്കുന്നു.

പ്രകൃതിക്ക് ഒരു കോട്ടവും തട്ടാത്ത വികസന നയം നടപ്പാക്കിക്കൊണ്ടാണ് സർക്കാർ മുന്നോട്ടുപോകുന്നത്. കാർഷിക വ്യാവസായിക മേഖലകളിൽ ഒരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്തവിധം വ്യക്തമായ മുന്നേറ്റം ഉണ്ടായിരിക്കുന്നു. സ്ത്രീകളുടെ സുരക്ഷയ്‌ക്കും ശാക്തീകരണത്തിനും മുന്തിയ പരിഗണനയാണ് സർക്കാർ നൽകുന്നത്. എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ പിഎസ്‌സി നിയമനങ്ങളുടെ കാര്യത്തിൽ റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ്.  മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും തസ്തികകൾ വെട്ടിക്കുറയ്‌ക്കുമ്പോഴാണ് കേരളത്തിൽ എൽഡിഎഫ് സർക്കാർ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നത്.

കഴിഞ്ഞ നാല് വർഷത്തിനിടയ്ക്ക് കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖല ചരിത്രപരമായ നേട്ടമാണ് കൈവരിച്ചത്. എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ജനകീയ വിദ്യാഭ്യാസനയമാണ് ഈ സർക്കാർ നടപ്പാക്കുന്നത്. യുഡിഎഫിന്റെ ഭരണകാലത്താകട്ടെ വിദ്യാഭ്യാസം കച്ചവടമായിരുന്നു. ലാഭകരമല്ലെന്നുപറഞ്ഞ് നിരവധി വിദ്യാലയങ്ങൾ അടച്ചുപൂട്ടി.  വിദ്യാഭ്യാസം ലാഭമുണ്ടാക്കാനുള്ള കച്ചവടമല്ലെന്നും രാഷ്ട്രപുനർനിർമാണത്തിനുള്ള നിക്ഷേപമാണെന്നും കണക്കാക്കിയ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ, കഴിഞ്ഞ സർക്കാർ അടച്ചുപൂട്ടിയ സ്‌കൂളുകൾ തുറക്കുകയും പൊതുവിദ്യാലയങ്ങളുടെ പുരോഗതിക്കായി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞമുൾപ്പെടെയുള്ള വിവിധങ്ങളായ പരിപാടികൾ നടപ്പാക്കുകയും ചെയ്തു. ഇതിന്റെയൊക്കെ ഫലമായി പൊതുവിദ്യാലയങ്ങളിൽ ഭൗതികവും അക്കാദമികവുമായി വലിയ പുരോഗതിയാണ് ഉണ്ടായത്.  ഭൗതികസാഹചര്യ വികസത്തിന് ചരിത്രത്തിൽ ഇതുപോലൊരു നീക്കിയിരിപ്പ് ഉണ്ടായിട്ടില്ല. 4000 കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ മേഖലയിലുണ്ടായ മുന്നേറ്റം ലോകത്തെ വികസിത രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ടതാണ്. ക്ലാസുകൾ മുഴുവൻ ഹൈടെക്‌വൽക്കരിച്ച ലോകത്തെ ആദ്യ സംസ്ഥാനം എന്ന ബഹുമതി കേരളത്തിന് സ്വന്തമായി.

ഗുണമേന്മയുള്ള വിദ്യാഭ്യാസവും തുല്യനീതിയും ഉറപ്പുനൽകുന്ന പൊതു വിദ്യാലയങ്ങളിലേക്ക് 6.8 ലക്ഷം കുട്ടികളാണ് കഴിഞ്ഞ നാലു വർഷത്തിനിടെ പുതുതായി എത്തിച്ചേർന്നത്. ഗുണമേന്മയുടെ കാര്യത്തിൽ ഭാരതസർക്കാർ തയ്യാറാക്കിയ പെർഫോമൻസ് ഗ്രേഡിങ്‌ ഇൻഡക്‌സിൽ കേരളം തുടർച്ചയായി ഒന്നാമതാകുന്നു. നിതി ആയോഗിന്റെ സ്‌കൂൾവിദ്യാഭ്യാസ ഗുണതാസൂചികയിലും ഒന്നാമതെത്താൻ കേരളത്തിന് കഴിഞ്ഞു. പൊതുവിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് സന്തോഷകരമായ വിദ്യാഭ്യാസകാലം പ്രദാനംചെയ്യാൻ നമുക്ക് കഴിഞ്ഞു. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് പകുതിയായി കുറഞ്ഞു.  വിദ്യാലയത്തിലെത്തുന്ന കുട്ടികൾക്ക് എപിഎൽ, ബിപിഎൽ ഭേദമെന്യേ യൂണിഫോമുകൾ ലഭ്യമാക്കി. 

കൈത്തറി മേഖലയിലെ ഉൽപ്പാദന വർധന ലക്ഷ്യമിട്ട് കുട്ടികൾക്ക് കൈത്തറി യൂണിഫോം നൽകുക വഴി പ്രാദേശിക ഉൽപ്പാദനവും തൊഴിൽസാധ്യതയും വർധിപ്പിക്കാൻ കഴിഞ്ഞു. സ്‌കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞാലും പുസ്തകം കിട്ടാത്ത കാലത്തുനിന്ന്‌ മാറി പാഠപുസ്തകങ്ങൾ സ്‌കൂൾ തുറക്കുംമുമ്പ് കുഞ്ഞുങ്ങളുടെ വീട്ടിലെത്തി.  വിദ്യാലയങ്ങളിൽ ജൈവവൈവിധ്യ ഉദ്യാനങ്ങളൊരുങ്ങി. വേനൽപ്പച്ച പരിസ്ഥിതി പുസ്തകം കുട്ടികളുടെ കൂട്ടുകാരായി.  പൊതുവിദ്യാഭ്യാസം ഒരു കുടക്കീഴിലായി. ഡിപിഐ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റുകൾ ഏകോപിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിധിയിൽ എല്ലാ ഡയറക്ടറേറ്റുകളെയും കൊണ്ടുവന്നു.

മഹാമാരിക്കാലത്ത് കുട്ടികളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് ലോകം ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ കേരളത്തിന്റേതായ അനന്യമാതൃക വികസിപ്പിച്ചു. കുട്ടികളെ കർമോത്സുകരാക്കാനും പഠനപാതയിൽ നിലനിർത്താനും ജൂൺ ഒന്നിനുതന്നെ ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ചു. ഡിജിറ്റൽ സൗകര്യമില്ലാത്ത കുട്ടികൾക്ക് സൗകര്യമുണ്ടാക്കിക്കൊടുക്കണം എന്ന സർക്കാരിന്റെ അഭ്യർഥന കേരളീയസമൂഹം നെഞ്ചിലേറ്റി നടപ്പാക്കി.

കോടിക്കണക്കിന് രൂപ മൂല്യമുള്ള പതിനായിരത്തിലേറെ ഡിജിറ്റൽ ഉപകരണം സാമൂഹ്യമായി സ്വരൂപിച്ച് മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസുകൾ വീക്ഷിക്കാനുള്ള സൗകര്യം ഒരുക്കി. ഭിന്നശേഷിയുള്ള കുട്ടികൾക്ക് യുട്യൂബിലൂടെ വൈറ്റ് ബോർഡ് ക്ലാസുകൾ ഒരുക്കി.  മഹാമാരി ഉയർത്തുന്ന വെല്ലുവിളികളെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള അറിവും കഴിവും മനോഭാവവും വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തി. അതോടൊപ്പം അതത് ക്ലാസുകളിൽ കുട്ടികൾ ആർജിക്കേണ്ട കരിക്കുലം ലക്ഷ്യങ്ങൾ നേടുക എന്ന ലക്ഷ്യത്തിലൂന്നി ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കി.

കോവിഡ്കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളുടെ ആരോഗ്യകാര്യത്തിലും സർക്കാർ അതീവശ്രദ്ധ നൽകി. 28,0000 ഭക്ഷ്യക്കിറ്റ്‌ കുട്ടികളുടെ വീട്ടിലെത്തിച്ചു നൽകി. പാർശ്വവൽക്കരിക്കപ്പെട്ടവരും പ്രത്യേകപരിഗണന അർഹിക്കുന്നവരും വ്യത്യസ്തവിഷയങ്ങളിലും മേഖലകളിലും പഠനവേഗം കുറഞ്ഞവരും കൂടി ഉൾപ്പെടുന്നതാണ് പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഗണം. ഇവരെക്കൂടി മുഖ്യധാരയിലെത്തിക്കുകയും പഠനമികവുണ്ടാക്കുകയും ചെയ്യണമെങ്കിൽ ക്ലാസിലും സ്‌കൂളിലും എല്ലാ കാര്യത്തിലും തുല്യാവസരം നൽകാനും തുല്യനീതി ഉറപ്പാക്കാനും കഴിയണം. ഇതിനാവശ്യമായ നിരവധി മുൻകരുതലുകളും ക്രമീകരണങ്ങളും ഉറപ്പാക്കാനും സാധിച്ചത് വലിയ നേട്ടമാണ്.

ആഗോളവൽക്കരണ നയങ്ങൾക്കുള്ള ബദൽ ഏതെന്ന ചോദ്യത്തിന് കേരളമാണ് എന്ന് ഉറപ്പിച്ചുപറയാൻ കഴിയുന്നതോടൊപ്പം ഇന്ത്യൻ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ കേരളം ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. രാജ്യത്തെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്ന ഒരേയൊരു സംസ്ഥാനമായി കേരളം ശക്തമായി നിലനിൽക്കുന്നു.

രാജ്യം സ്വാതന്ത്ര്യം നേടി 100 വർഷം തികയുന്നതിനു മുമ്പുതന്നെ നാം ആർജിച്ചതൊക്കെയും നഷ്ടമാകുകയും പാരതന്ത്ര്യത്തിന്റെയും ഭീതിയുടെയും നാളുകൾ തിരിച്ചുവരുന്നുവെന്നുമുള്ള ആശങ്കയുടെ നിഴലിലാണ് ജനങ്ങൾ. രാജ്യത്തിന്റെ അടിസ്ഥാനശിലകൾ ഓരോന്നായി  നശിപ്പിക്കുന്നതിന്റെ തിരക്കിലാണ് കേന്ദ്രസർക്കാർ. വിദ്യാഭ്യാസമേഖല പൂർണമായി വർഗീയവൽക്കരിക്കാനും വാണിജ്യവൽക്കരിക്കാനും ലക്ഷ്യമിട്ടാണ് പുതിയ വിദ്യാഭ്യാസ നയം കേന്ദ്രസർക്കാർ അംഗീകരിച്ചിരിക്കുന്നത്. പാർലമെന്റിൽപ്പോലും ചർച്ച ചെയ്യാതെ ഏകപക്ഷീയമായാണ് ഈ നയം നടപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നത്. മതനിരപേക്ഷത, ഫെഡറലിസം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ ഭരണഘടനാമൂല്യങ്ങളെ  പൂർണമായി നിരാകരിക്കുന്നതാണ് പുതിയ വിദ്യാഭ്യാസനയം. ചെറുപ്രായത്തിൽത്തന്നെ കുട്ടികളിൽ വർഗീയവിഷം കടത്തിവിടാനും അതുവഴി തങ്ങൾ ലക്ഷ്യമിടുന്ന ഒരു മതരാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാനുമുള്ള ബോധപൂർവമായ ശ്രമമാണ് സംഘപരിവാർ ശക്തികൾ നടത്തുന്നത്. വിദ്യാഭ്യാസം പണമുള്ളവന് മാത്രമായി പരിമിതപ്പെടുത്താനും ചാതുർവർണ്യം തിരികെക്കൊണ്ടുവരാനുമുള്ള ശ്രമവും പുതിയ വിദ്യാഭ്യാസ നിയമത്തിലൂടെ ഇവർ നടത്തുന്നു.

കേന്ദ്രസർക്കാർ ദുരിതങ്ങളുടെ കാലഘട്ടങ്ങളിലും ജനതയെ ആർത്തിയോടെ കൊള്ളയടിക്കുമ്പോൾ കേരളത്തിലെ എൽഡിഎഫ് സർക്കാർ സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജനങ്ങളെ ചേർത്തുപിടിച്ച് ആശ്വാസനടപടികൾ പ്രഖ്യാപിക്കുകയാണ് ഓരോ സന്ദർഭത്തിലും ചെയ്തിട്ടുള്ളത്. കോവിഡ്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകൾ നൽകിയും എല്ലാവർക്കും സൗജന്യമായി ലോകോത്തര ചികിത്സ ഉറപ്പാക്കിയും ഈ സർക്കാർ മുന്നേറുന്നു.  വിലക്കയറ്റം പിടിച്ചുനിർത്തുന്നതിലും സാമൂഹ്യസുരക്ഷാപദ്ധതികൾ ഏറ്റെടുക്കുന്നതിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചുപോരുന്നത്.

രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ സ്ഥാപനങ്ങളാണ് പൊതുവിദ്യാലയങ്ങൾ. വിദ്യാലയങ്ങളുടെ ശാക്തീകരണം തന്നെയാണ് മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗം. ചരിത്രം വളച്ചൊടിക്കാനും ഭരണഘടനതന്നെ ഇല്ലാതാക്കാനും ശ്രമിക്കുമ്പോൾ ശരിയായ ചരിത്രം പഠിപ്പിക്കാനും ഭരണഘടനാ മൂല്യങ്ങൾ സമൂഹത്തിൽ എത്തിക്കാനും അധ്യാപകർക്ക് കഴിയും. അതുകൊണ്ടുതന്നെ തന്റെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയെയും തന്റെ കുട്ടി ആണെന്ന് കണ്ടുകൊണ്ട് അവനെ ഒരു യഥാർഥ മനുഷ്യനായി മാറ്റാനുള്ള പ്രവർത്തനങ്ങളിൽ അധ്യാപകസമൂഹം കൂടുതൽ കരുത്തോടെ വ്യാപൃതരാകണം.  രാജ്യത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാൻ ശക്തമായ നിലപാടെടുത്തുപോകുന്ന കേരള സർക്കാരിന്റെ കരങ്ങൾക്ക്  ശക്തിപകരാനും കേരള ബദൽ ഉയർത്തിപ്പിടിക്കാനും അധ്യാപകസമൂഹം മുന്നണിയിലുണ്ടാകണം. ഈ ബദലിന് തുടർച്ചയുണ്ടാക്കുക എന്ന ദൗത്യമാണ് എല്ലാ അധ്യാപകരും ഇന്ന് നെഞ്ചേറ്റേണ്ടത്.


Read more: https://www.deshabhimani.com/articles/k-c-harikrishnan-ksta/926751

Education,Kerala model ,


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *