സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളെയടക്കം തള്ളിപ്പറയുകയാണ് കേന്ദ്രമന്ത്രി. കേസിലെ യഥാർത്ഥ പ്രതികളെ രാജ്യം കടക്കാൻ പോലും സഹായിച്ചത് ആരാണെന്ന് നാടു മറന്നുപോയി എന്ന ധാരണയിലാണ് ഇങ്ങനെയൊക്കെ തട്ടിവിടുന്നതെങ്കിൽ കേന്ദ്രമന്ത്രിയ്ക്ക് തെറ്റി.

“നയതന്ത്ര പരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര ബാഗേജെന്ന വ്യാജേന സ്വര്‍ണം കടത്തുവാന്‍ വേണ്ട ഒത്താശ ചെയ്തു കൊടുത്തത് സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കാള്‍ വിഭാഗമാണ്” എന്നാണ് ഏറ്റവും പുതിയ വാദം. കള്ളക്കടത്തു നടത്തിയത് നയതന്ത്രബാഗേജിലൂടെയല്ല എന്ന് ആരെ ബോധിപ്പിക്കാനാണ് ഇദ്ദേഹം ആവർത്തിച്ചു പറയുന്നത്. അന്വേഷണ ഏജൻസികൾ തന്നെ ഈ വാദം തള്ളിക്കളഞ്ഞിട്ടുണ്ട്. കോൺസുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണ്ണം കടത്തിയതെന്ന് എന്ന് കേസ് അന്വേഷിച്ച എൻ ഐ എ യും റിമാണ്ട് റിപ്പോർട്ടിൽ കസ്റ്റംസും വ്യക്തമാക്കിക്കഴിഞ്ഞു. എന്നിട്ടും അദ്ദേഹത്തിനൊരു കുലുക്കവുമില്ല. പൊന്നു മുരളീധരൻജീ, ആറടി മുളവടി കുറുവടിയ്ക്കപ്പുറം ലോകമില്ലാത്ത ആർഎസ്എസുകാരുപോലും താങ്കളുടെ വാദങ്ങൾ മുഖവിലയ്ക്കെടുക്കില്ല.

ഈ കേസിലെ പ്രധാന കണ്ണിയായ അറ്റാഷെയെ രാജ്യം കടത്താൻ സഹായിച്ചത് ആരാണെന്ന് അവർക്കു പോലുമറിയാം. കേസിനു പിന്നാലെ ദുരൂഹമായ സാഹചര്യത്തിലാണ് അറ്റാഷെ രാജ്യം വിട്ടത്. “അറ്റാഷെ ഇപ്പോൾ സംശയമുനയിലല്ല” എന്ന വെള്ളപൂശൽ സർട്ടിഫിക്കറ്റുമായി തൊട്ടുപിന്നാലെ ചാനലുകളിൽ കയറിയിറങ്ങിയത് താങ്കളല്ലേ, മുരളീധരൻജീ? എന്തിനായിരുന്നു ആ തിടുക്കം? അറ്റാഷെ സംശയമുനയിലാണോ അല്ലയോ എന്നൊക്കെ തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസികളല്ലേ? അതോ, സംശയമുന എങ്ങോട്ടൊക്കെ നീട്ടണമെന്ന് തീരുമാനിക്കാനുള്ള ചുമതല താങ്കളെയാണോ മോദിയും അമിത് ഷായും ഏൽപ്പിച്ചിരിക്കുന്നത്?

കള്ളക്കടത്തിൽ പങ്കാളിത്തമുണ്ടെന്ന് ന്യായമായ കാരണങ്ങളാൽ സംശയിക്കാവുന്ന അറ്റാഷെയിൽ നിന്ന് ബലംപ്രയോഗിച്ച് തിരിച്ച സംശയത്തിന്റെ മുനയാണ് സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗത്തിനു നേരെ ഇപ്പോൾ മുരളീധരൻജി നീട്ടിപ്പിടിക്കുന്നത്. അതും പിടിച്ചു നിന്ന് വെയിലുകൊള്ളാമെന്നല്ലാതെ, കടുത്ത സംഘികൾ പോലും മൈൻഡു ചെയ്യില്ല. എയർപോർട്ടിൽ നയതന്ത്ര പരിഗണന നൽകുന്നതിൽ സംസ്ഥാന സർക്കാരിന് എന്തു കാര്യമെന്ന് അവർക്കുപോലുമറിയാം.

കേന്ദ്രമന്ത്രിസ്ഥാനത്തിരുന്നു കള്ളം പറയുമ്പോൾ ചുരുങ്ങിയപക്ഷം സ്വന്തം പാർട്ടിക്കാരെയെങ്കിലും വിശ്വസിപ്പിക്കാനാവണം. അവർപോലും മൂക്കത്തു വിരൽവെച്ചാൽ, മറ്റുള്ളവരുടെ കാര്യം പറയണോ? രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ എൻഐഎ അന്വേഷിച്ചു കുറ്റപത്രവും സമർപ്പിച്ച കേസിൽ ഇഡിയെയും കസ്റ്റംസിനെയും ഉപയോഗിച്ച പുതിയ കഥകളുണ്ടാക്കുകയാണ് മുരളീധരനും സംഘവും എന്നറിയാത്ത ആരാണ് കേരളത്തിലുളളത്? ആ കഥകൾ സ്വന്തം പാർടിക്കാർ പോലും വിശ്വസിക്കാത്തതിന് ഞങ്ങളെന്തു പിഴച്ചു?

അമിത് ഷാ ഒരു ദൂരൂഹമരണത്തിന്റെ കാര്യം പറഞ്ഞ് മണിക്കൂറുകൾക്കകം കെ സുരേന്ദ്രന് പത്രക്കാരുടെ മുന്നിൽ കൈമലർത്തേണ്ടി വന്നില്ലേ. അത്രേയുള്ളൂ നിങ്ങളുണ്ടാക്കുന്ന കള്ളക്കഥകളുടെ ആയുസ്.

Central minister v muraleedharan lying


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *