“I say with all respect to our Constitution that it just does not matter what your Constitution says; if the people of Kashmir do not want it, it will not go there. Because what is the alternative? The alternative is compulsion and coercion…” “We have fought the good fight about Kashmir on the field of battle… (and) … in many a chancellery of the world and in the United Nations, but, above all, we have fought this fight in the hearts and minds of men and women of that State of Jammu and Kashmir. Because, ultimately – I say this with all deference to this Parliament – the decision will be made in the hearts and minds of the men and women of Kashmir; neither in this Parliament, nor in the United Nations nor by anybody else,” Jawaharlal Nehru in Lok Sabha on June 26 and August 7, 1952.
ജനങ്ങളില്ലാത്ത രാജ്യം വെറും കല്ലും മണ്ണുമാണെന്നു പറഞ്ഞത് എക്കാലത്തെയും വലിയ ഫാസിസ്റ്റ് വിരുദ്ധ പോരാളിയായ അന്റോണിയോ ഗ്രാംഷിയാണ്. ഒരു ജനതക്ക് ഇതെന്റെ രാജ്യമാണെന്ന തോന്നൽ സൃഷ്ടിക്കാനായില്ലെങ്കിൽ അത് ഭരണകൂടങ്ങളുടെ പരാജയമാണ്; അവരെ കഴുത്തിൽ തോക്ക് ചേർത്ത് രാജ്യസ്നേഹികളാക്കാൻ കഴിയില്ല. ലോകത്തെ ഏറ്റവും സൈനികവത്കരിക്കപ്പെട്ട ഇടമാണ് കാശ്മീർ; ഓരോ പന്ത്രണ്ട് കാശ്മീരികൾക്കും ഒരിന്ത്യൻ സൈനികൻ എന്ന നിലക്ക്. എന്നിട്ടും കാശ്മീരിൽ സമാധാനം പുലരുന്നില്ല. കഴിഞ്ഞ എഴുപതു വർഷമായി കാശ്മീരിൽ നടക്കുന്നതെന്തെന്ന് അന്വേഷിക്കാനോ അവിടുത്തെ യാഥാർഥ്യം എന്തെന്ന് പറയാനോ സാമ്പ്രദായികബുദ്ധിജീവികളോ ലിബറൽ മാധ്യമങ്ങളോ തയ്യാറായിട്ടില്ല. കാശ്മീരി എഴുത്തുകാരനായ ബാഷാരത്ത് പീർ എഴുതി: “കൊല്ലപ്പെട്ട കൗമാരക്കാരുടെ മുഖങ്ങളും, പുത്രദുഃഖത്താൽ വെന്തു ജീവിക്കുന്ന അവരുടെ രക്ഷിതാക്കളുടെ മുഖങ്ങളും നിങ്ങൾക്ക് എഡിറ്റു ചെയ്ത് നീക്കാം, സ്വന്തം വീട്ടു മുറ്റത്ത് വെടിയേറ്റ് മരിച്ച കുട്ടികളുടെ രക്തം കഴുകിക്കളയുന്ന അമ്മയുടെ വീഡിയോ സെൻസർ ചെയ്യാം പക്ഷെ കാശ്മീരികൾ എല്ലാ ദിവസവും എഡിറ്റു ചെയ്യപ്പെടാത്ത കാശ്മീർ കണ്ടുകൊണ്ടേയിരിക്കുന്നു“. തീവ്രവാദത്തിനും സൈനികവത്കരണത്തിനും ഇടയിൽ പെട്ടുപോയ ഒരു ജനതയോടാണ് നമ്മൾ “അവരോടൊപ്പമോ ഞങ്ങള്‍ക്കൊപ്പമോ” എന്ന ചോദ്യം ചോദിക്കുന്നത്. എന്താണ് കാശ്മീർ പ്രശ്നത്തിന്റെ ചരിത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങൾ? ആർട്ടിക്കിൾ 370 റദ്ദ് ചെയ്യാനും കാശ്മീരിനെ വിഭജിക്കാനുമുള്ള ബി.ജെ.പി. ഭരണകൂടം എടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഈ കാരണങ്ങള്‍ അന്വേഷിക്കുകയാണിവിടെ.
കാശ്മീരിന്റെ ചരിത്രം
പതിമൂന്നാം നൂറ്റാണ്ടിൽ ലഡാക്കിൽ നിന്നും കാശ്മീരിലേക്ക് അഭയം തേടി വന്നു കശ്മീരിന്റെ ഭരണാധികാരിയായി മാറിയ റിൻചാന മതം മാറി സൂഫിവര്യനായി മാറിയതോടെയാണ് ഇസ്ലാമിന് കാശ്മീരിൽ പ്രചാരം ലഭിക്കുന്നത്. അദ്ദേഹം ബുൾബുൾ ഷാ എന്ന പേര് സ്വീകരിച്ച് സൂഫിയായി ജനങ്ങളെ ഭരിച്ചു. ബുൾബുൾ ഷായുടെ മരണ ശേഷം അധികാരത്തിൽ വന്ന ഷാ മിര്‍ന്റെതാണ് കാശ്മീരിലെ ആദ്യ മുസ്ലിം രാജവംശം. പതിനഞ്ചാം നൂറ്റാണ്ടായപ്പോഴേക്കും കാശ്മീർ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായി മാറിക്കഴിഞ്ഞിരുന്നു. ഏതാണ്ട് എണ്‍പത്തിയഞ്ച് ശതമാനം മുസ്ലീങ്ങളും പതിനഞ്ച് ശതമാനം ഇതരമതസ്ഥരും എന്ന നില അതിനു ശേഷമിങ്ങോട്ട് തുടർന്നു. കാശ്മീരിലെ കടുത്ത ജന്മി ചൂഷണത്തിനിടയിൽ പതിനാറാം നൂറ്റാണ്ടിൽ എത്തിയ മുഗൾ ഭരണം ഒരർത്ഥത്തിൽ കാശ്മീരികൾക്ക് ആശ്വാസമായി. ജന്മിമാരുടെ സ്ഥാനത്ത് മുഗൾ ഉദ്യോഗസ്ഥർ വന്നു. പതിനേഴാം നൂറ്റാണ്ടിൽ അവിടം സന്ദർശിച്ച ജഹാംഗീർ ചക്രവർത്തിയാണ് കാശ്മീരിനെ നോക്കി “ഈ ഭൂമിയിൽ ഒരു സ്വര്‍ഗമുണ്ടെങ്കിൽ അതിതാണ് ഇതാണ് ഇതാണ്” എന്ന് പറഞ്ഞത്. പതിനെട്ടാം നൂറ്റാണ്ടോടെ മുഗൾ ഭരണം ക്ഷയിക്കുകയും കശ്മീരിലെ സമ്പന്ന ജന്മിവര്‍ഗം, അഹമ്മദ് ഷാ ദുറാനി എന്ന അഫ്ഗാൻ ഭരണാധികാരിയെ കാശ്മീരിന്റെ ഭരണാധികാരിയായി ക്ഷണിക്കുകയും ചെയ്തു. ദുറാനിയുടെ ഭരണം കാശ്മീരിന്റെ നരകകാലമായിരുന്നു. സൂഫി സംസ്കാരം നിലനിന്ന കശ്മീരിലെ സുന്നി-ഷിയാ സാഹോദര്യത്തെ ദുറാനി തകർത്തു. ഷിയകളെ കൊന്നൊടുക്കി. ഇതരമതസ്ഥർക്കും പാവങ്ങൾക്കും പ്രത്യേക നികുതികൾ കൊണ്ട് വന്നു. 1819ൽ രഞ്ജിത്ത് സിങിന്റെ നേതൃത്വത്തിലെ പഞ്ചാബി സൈന്യം കാശ്മീർ കീഴടക്കി. അവരും ക്രൂരമായാണ് തദ്ദേശീയരോട് പെരുമാറിയത്. പള്ളികൾ തകർത്തു, നികുതി ഇരട്ടിയാക്കി, ഗോഹത്യ നിരോധിച്ചു. ഭൂമിയിലെ സ്വര്‍ഗത്തിലെ അന്തേവാസികൾക്ക് നരക ജീവിതം ശീലമായി. 1846ലെ ഒന്നാം സിഖ് യുദ്ധത്തിൽ സിഖ് സൈന്യം പരാജയപ്പെട്ടു. കാശ്മീർ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലായി. ദുർഘടമായ കാശ്മീർ ഭരിക്കുന്നതിൽ കമ്പനി താല്പര്യം കാണിച്ചില്ല. എഴുപത്തിയഞ്ച് ലക്ഷം രൂപക്ക് ദോഗ്രാ ഭരണാധികാരിക്ക് കമ്പനി കാശ്മീരിനെ വിറ്റു. കശ്മീർ വറചട്ടിയിൽ നിന്നും എരിതീയിലേക്ക് വീണു.
ദോഗ്രകൾ ഒറ്റമുസ്ലീമിനെയും ഭരണത്തിൽ അടുപ്പിച്ചില്ല. നികുതികൾ കുത്തനെ കൂട്ടി. 1921ൽ കാശ്മീർ സന്ദർശിച്ച അല്ലാമാ ഇഖ്ബാൽ ഇങ്ങനെ എഴുതി ”അവന്റെ കൈകളുണ്ടാക്കിയ സുന്ദര അംഗവസ്ത്രത്താൽ സമ്പന്നർ പൊതിയുമ്പോൾ അവന്റെ നഗ്ന ശരീരം തണുപ്പിൽ വിറയ്ക്കുന്നു.” കാശ്മീരി ജനതക്ക് ഏക വരുമാനമാർഗമായി നിലനിന്ന പുതപ്പുനിർമാണത്തൊഴിലാളികളുടെ ജീവിതാവസ്ഥയെ ആയിരുന്നു കവി സൂചിപ്പിച്ചത്. ആകെ ജനസംഖ്യയുടെ തൊണ്ണൂറ്റിയാറ് ശതമാനം മുസ്ലീങ്ങളാളായിരുന്നെങ്കിലും സർക്കാർ സർവീസിൽ മുസ്ലിം ജനതക്ക് പ്രവേശനമുണ്ടായിരുന്നില്ല. മുസ്ലിം ജനവിഭാഗത്തിലെ സാക്ഷരതാ നിരക്ക് വെറും 0.8% മാത്രമായിരുന്നു. ലാഹോറിലും ഡൽഹിയിലും പഠിക്കാൻ പോയി തിരിച്ചെത്തിയ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ രാജാവിനെതിരെ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. 1924ൽ കാശ്മീരിനെ സ്തംഭിപ്പിച്ച പൊതുപണിമുടക്ക് നടന്നു. സർക്കാർ സമരക്കാർക്കു നേരെ വെടിയുതിർത്തു. 1931ൽ ഷെയ്ക്ക് അബ്ദുള്ള എന്ന ചെറുപ്പക്കാരന്റെ നേതൃത്വത്തിൽ പതിനൊന്നു യുവാക്കൾ രാജാവിനെ കണ്ടു നിവേദനം നൽകി. നിവേദനം പൂർണമായും അവഗണിച്ച രാജാവ് കൂടുതൽ ശക്തമായ ആക്രമണങ്ങൾ ആരംഭിച്ചു. വെള്ളിയാഴ്ച പ്രാർത്ഥനകൾ നടക്കുന്ന നേരം പള്ളികളിൽ പൊലീസ് റെയ്ഡ് നടത്തി. തുടർന്ന് നടന്ന വെടിവെപ്പിൽ ഇരുപത്തിയൊന്ന് പേർ രക്തസാക്ഷികളായി. 1932ൽ ഈ പ്രതിഷേധങ്ങൾക്ക് സംഘടിത രൂപം നൽകി ‘ജമ്മു കാശ്മീർ മുസ്ലിം കോൺഫറൻസ്’ സ്ഥാപിക്കപ്പെട്ടു. ഷെയ്ക്ക് അബ്ദുള്ള പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തികഞ്ഞ മതേതരവാദിയായ അബ്ദുള്ള ഭൂപരിഷ്ക്കരണം, ദോഗ്ര ഭരണത്തിന്റെ അന്ത്യം എന്നീ മുദ്രാവാക്യങ്ങളാണ് കാശ്മീരി ജനതക്ക് മുന്നിൽ വെച്ചത്. പക്ഷെ നാല്പതുകളുടെ തുടക്കത്തോടെ ജിന്നയുടെ പാകിസ്ഥാൻ വാദത്തിനും കാശ്മീരിൽ വലിയ സ്വീകാര്യത ലഭിച്ചു തുടങ്ങി.
കശ്മീർ സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത്
ഇന്ത്യ സ്വതന്ത്രയാകുമ്പോൾ 552 നാട്ടു രാജ്യങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. നാട്ടുരാജ്യങ്ങൾക്ക് എന്ത് തീരുമാനിക്കണമെന്ന അധികാരം മൗണ്‍ട് ബാറ്റൺ അവിടങ്ങളിലെ രാജാക്കന്മാർക്ക് നൽകി. മൂന്നു നാട്ടുരാജ്യങ്ങളൊഴികെ ഇപ്പോഴത്തെ ഇന്ത്യൻ അതിർത്തിയിൽ പെട്ട എല്ലാവരും ഇന്ത്യയിൽ ലയിച്ചു. ഹൈദരാബാദ്, ജുനഗഡ്, കശ്മീർ എന്നിവർ സ്വാതന്ത്ര്യ സമയത്തും തീരുമാനമെടുത്തില്ല. ഹൈദരാബാദിലും, ജുനഗഡിലും മുസ്ലിം ഭരണാധികാരിയും ഹിന്ദുഭൂരിപക്ഷ ജനതയും ആയിരുന്നെങ്കിൽ കാശ്മീരിൽ ഹിന്ദു രാജാവും മുസ്ലിം ഭൂരിപക്ഷവും ആയിരുന്നു. ഹൈദരാബാദ് നൈസാം സ്വതന്ത്രരാജ്യമാകാനാണ് ആഗ്രഹിച്ചതെങ്കിൽ ജുനഗഡ് നവാബ്, മുഹമ്മദ് മഹബത് ഖാൻ മൂന്നാമൻ പാകിസ്ഥാനിൽ ലയിക്കാനായിരുന്നു താല്പര്യം പ്രകടിപ്പിച്ചത്. കശ്മീർ രാജാവാകട്ടെ മൂന്നു ഉപാധികളും പരിശോധിച്ചുകൊണ്ടിരുന്നു. 1947 സെപ്തംബർ 16നു നവാബ് ജുനഗഡിനെ പാകിസ്ഥാനിൽ ലയിപ്പിച്ചു. പാകിസ്ഥാൻ ഇതിനെ സ്വാഗതം ചെയ്തു. തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചു. പട്ടേൽ നവാബുമായി ബന്ധപെട്ടു. ഇന്ത്യ സൈനികമായി ഇടപെടുമെന്ന് അറിയിച്ചു. ഒടുവിൽ ജുനഗഡിൽ ഇന്ത്യൻ നിർബന്ധത്തിനു വഴങ്ങി ഹിതപരിശോധന നടത്താൻ തീരുമാനിച്ചു. ഹിതപരിശോധനയിൽ തൊണ്ണൂറ്റിയൊമ്പത് ശതമാനം ജനങ്ങളും ഇന്ത്യയിൽ ചേരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ, ജുനഗഡ് ഇന്ത്യയുടെ ഭാഗമായി, നവാബ് പാകിസ്ഥാനിലെ സിന്ധിലേക്ക് കുടിയേറി. ജുനഗഡിന് ലഭിച്ച ഹിതപരിശോധനയുടെ ന്യായം പക്ഷെ കാശ്മീരിന് ലഭിച്ചില്ല. കാശ്മീർ പാകിസ്ഥാന്റെ ഭാഗമാകണമെന്നു ജിന്നക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹം കാശ്മീർ രാജാവായ ഹരി സിംഗിനെ ബന്ധപ്പെട്ടു, പ്രലോഭിപ്പിച്ചു. പക്ഷെ ഒരു തീരുമാനമെടുക്കാതെ ഹരി സിംഗ് ആടിക്കളിച്ചു. കാശ്മീർ പിടിച്ചെടുക്കാനുള്ള ദൗത്യം ജിന്ന മുൻ സൈന്യാധിപൻ കൂടിയായ ലീഗ് നേതാവ് ഷൗക്കത് ഹയാത്ത് ഖാനെ ഏൽപ്പിച്ചു. 1947 സെപ്തംബർ 9നു കാശ്മീർ ആക്രമിക്കാൻ പാക്‍ സൈന്യം തീരുമാനിച്ചു. എന്നാൽ ചുമതലയേൽപ്പിക്കപ്പെട്ട കമാന്‍ഡറുടെ വിവാഹം അതേ ദിവസം നിശ്ചയിച്ചതിനാൽ ദൗത്യം നീണ്ടു പോയി. ഇതിനിടയിൽ വിവരം പാക്‍ സൈന്യത്തിലെ ബ്രിട്ടീഷ് കമാന്‍ഡർമാർ വഴി മൗണ്‍ട് ബാറ്റൺ അറിയുകയും വിവരം നെഹ്‌റുവിനെ അറിയിക്കുകയും ചെയ്തു. നെഹ്‌റുവാകട്ടെ, പട്ടേൽ വഴി ഹരി സിംഗിനെ ബന്ധപ്പെട്ടു, അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കി. ഇതിനിടയിൽ പാകിസ്ഥാന്റെ പഷ്തൂൺ സൈന്യം കശ്മീർ ആക്രമിച്ചു. ഒരാഴ്ചകൊണ്ട് ഹരിസിംഗിന്റെ സൈന്യം വീണു. ക്രൂരമായ ബലാൽസംഗവും കൊലകളും കാശ്മീരിൽ അരങ്ങേറി. ശ്രീനഗറിലെ തിയറ്റർ ബലാൽസംഗകേന്ദ്രമായി. ഈ സമയം ഹരിസിംഗ് ഇന്ത്യയുമായി ലയന ഉടമ്പടി ഒപ്പു വെച്ചു. ഇന്ത്യൻ സൈന്യം തിരിച്ചടിക്കാൻ കാശ്മീരിലെത്തി. ദിവസങ്ങൾ നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ ഇന്ത്യയും പാകിസ്ഥാനും ഐക്യരാഷ്ട്രസഭയെ സമീപിച്ചു. വെടിനിർത്തൽ നിലവിൽ വന്നു. പാക്‍ സൈന്യം പിന്മാറിയതുവരെയുള്ള കാശ്മീറിന്റെ ഭാഗം അങ്ങനെ പാക്‍ നിയന്ത്രണത്തിലായി, നിയന്ത്രണരേഖ നിലവിൽ വന്നു.
ആർട്ടിക്കിൾ 370ന്റെ ചരിത്രം
മഹാരാജാ ഹരി സിംഗ് 1947 ഒക്റ്റോബര്‍ 26നാണു ലയന ഉടമ്പടി ഒപ്പു വെച്ചത്. പക്ഷെ മൂന്നു വിഷയങ്ങളിൽ മാത്രമായിരുന്നു ഈ കൂട്ടിച്ചേർക്കൽ. വിദേശകാര്യം, വാർത്താ വിനിമയം, പ്രതിരോധം എന്നീ വിഷയങ്ങളിൽ. പ്രസ്തുതകരാറിൽ ഇങ്ങനെ പറയുന്നു:
“Nothing in this Instrument shall be deemed to commit me in any way to acceptance of any future Constitution of India or fetter my discretion to enter into arrangements with the Government of India under any such future Constitution.”
തൊട്ടടുത്ത ആഴ്ച തന്നെ കാശ്മീരിലെ ഏറ്റവും ജനകീയനായ നേതാവായ ഷെയ്ഖ് അബ്ദുള്ളയെ അടിയന്തിരഭരണകൂടത്തിന്റെ തലവനായി മഹാരാജ ഹരിസിംഗ് നിയമിച്ചു. 1948 മാർച്ച് 5ന് ഷെയ്ഖ് അബ്ദുള്ള ‘പ്രധാനമന്ത്രിയായി’ താത്‌കാലിക മന്ത്രിസഭ നിലവിൽ വന്നു. ആദ്യയോഗത്തിൽ തന്നെ കാശ്മീരിന് സ്വന്തമായി ഒരു ഭരണഘടന നിർമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. അതുവരെ 1939 മുതലുള്ള കാശ്മീരി ഭരണഘടന അനുസരിച്ച് ഭരിക്കാൻ തീരുമാനമായി. 1949 മെയ് മുതൽ ഒക്റ്റോബര്‍ വരെ ഡൽഹിയിൽ നീണ്ടുനിന്ന കൂടിയാലോചനകൾക്കു ശേഷമാണ് ആർട്ടിക്കിൾ 370ലേക്ക് കാര്യങ്ങൾ എത്തുന്നത്.
രണ്ടു കാര്യങ്ങളാണ് പ്രധാനമായും കൂടിയാലോചിക്കപ്പെട്ടത്. ഒന്ന് കാശ്മീരിന്റെ ഭരണഘടന, രണ്ട് ഇന്ത്യയുമായി കൂട്ടിച്ചേർക്കേണ്ട വിഷയങ്ങൾ. ചർച്ചകൾക്കൊടുവിൽ ഒന്നാമത്തെ വിഷയം തീരുമാനിക്കേണ്ടത് കാശ്മീരി ഭരണഘടനാ അസംബ്ലിയാണെന്നും, ഏതൊക്കെ വിഷയങ്ങൾ കൂട്ടിച്ചേക്കണമെന്ന കാര്യത്തിലും അന്തിമാഭിപ്രായം കാശ്മീരി ഭരണഘടനാ അസംബ്ലിക്കായിരിക്കുമെന്നുമുള്ള തീരുമാനത്തിലാണ് എത്തിയത്. 1949 ജൂൺ 16ന് ഷെയ്ഖ് അബ്ദുള്ള, മിർസാ മുഹമ്മദ് അഫ്സൽ ബെയ്‌ഗ്, മൗലാനാ മുഹമ്മദ് സഈദ് മസൂദി, മോത്തിറാം ബഗ്ഡാ എന്നിവർ ഇന്ത്യൻ ഭരണഘടനാ നിർമാണ അസംബ്ലിയിൽ ചേർന്നു. ആർട്ടിക്കിൾ 370നെക്കുറിച്ചുള്ള കൂടിയാലോചനകൾ ആരംഭിച്ചു. പ്രധാനമായും പരിഗണിക്കപ്പെട്ട വിഷയങ്ങൾ ഇവയായിരുന്നു: ജമ്മു കാശ്മീരിന് ഇന്ത്യൻ രാജ്യത്തിനകത്ത് തന്നെ സ്വന്തമായി ഒരു ഭരണഘടന ഉണ്ടായിരിക്കും, ഇന്ത്യൻ പാർലമെന്റിന് വിദേശകാര്യം, വാർത്താവിനിമയം, ആഭ്യന്തരസുരക്ഷ എന്നീ വിഷയങ്ങളിലേ കാശ്മീരിന് മേൽ നിയമനിർമാണ അധികാരം ഉണ്ടായിരിക്കൂ, മറ്റേതെങ്കിലും ഭരണഘടനാ വ്യവസ്ഥയോ, അധികാരമോ കാശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാനസർക്കാരിന്റെ സമ്മതം ഉണ്ടായിരിക്കണം, സംസ്ഥാനസർക്കാരിന്റെ ഈ സമ്മതം കാശ്മീർ ഭരണഘടനാ അസംബ്ലി അംഗീകരിച്ചാൽ മാത്രമേ നിലനിൽക്കൂ. ആർട്ടിക്കിൾ 370 റദ്ദു ചെയ്യാനോ, മാറ്റം വരുത്തുവാനോ കാശ്മീർ ഭരണഘടനാ അസംബ്ലിയുടെ ഭൂരിപക്ഷ അനുമതിയോടെ മാത്രമേ കഴിയൂ. ആർട്ടിക്കിൾ 370 (1)(ബി) ഇങ്ങനെ പറയുന്നു.
“The power of Parliament to make laws for the said State shall be limited to” (1) matters in the Union and Concurrent Lists corresponding to the broad heads specified in the Instrument of Accession “and (ii) such other matters in the said Lists as, with the concurrence of the Government of the State the President may by Order specify”.
പിന്നീടങ്ങോട്ട് കണ്ടത് ഈ നയങ്ങളുടെ നഗ്നമായ ലംഘനമാണ്. വിവിധകാരണങ്ങൾ ഉന്നയിച്ച് കാശ്മീരിലെ ഭരണഘടനാ അസംബ്ലിയെ കേന്ദ്രം പലപ്പോഴായി പിരിച്ചു വിട്ടു. കൃത്രിമതെരഞ്ഞെടുപ്പുകളിലൂടെ ഉണ്ടാക്കിയ ഭൂരിപക്ഷം ഉപയോഗിച്ച് കാശ്മീരിൽ കേന്ദ്രനിയമങ്ങൾക്ക് കണ്ണടച്ച് പിന്തുണ നൽകുന്ന പാവസർക്കാരുകളെ നിയമിച്ചു. യൂണിയൻ ലിസ്റ്റിലെ 97ൽ 94 ഭാഗങ്ങളും, കൺകറന്റ് ലിസ്റ്റിലെ 395ൽ 260 ഭാഗങ്ങളും ക്രമേണ കാശ്മീരിന് ബാധകമാകുന്ന അവസ്ഥയുണ്ടായി. കാശ്മീരിന്റെ ഭരണഘടന തന്നെ അട്ടിമറിക്കപ്പെട്ടു. ഷെയ്ക്ക് അബ്ദുള്ളയും ന്യൂഡൽഹിയും തമ്മിലുണ്ടാക്കിയ കരാറുകളെ തുടക്കം മുതൽ കോൺഗ്രസ്സിലെ ഹിന്ദുത്വവിഭാഗങ്ങളും ജനസംഘവും എതിർത്തിരുന്നു. കാശ്മീരിലെ ന്യൂനപക്ഷഹിന്ദുക്കളുടെ പേരുപറഞ്ഞായിരുന്നു ഈ എതിർപ്പുകൾ. ഈ വിഭാഗങ്ങളുടെ സമ്മർദഫലമായി 1953ൽ ഐ എസ് ഐ ബന്ധം ആരോപിച്ച് ഷെയ്ക്ക് അബ്ദുള്ളാ സർക്കാരിനെ നെഹ്‌റു പിരിച്ചു വിട്ടു.
തുടർന്ന് നടന്ന പ്രതിഷേധങ്ങളിൽ ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു. 1965ൽ ഷെയ്ഖ് അബ്ദുള്ള ചൈന സന്ദർശിച്ചത് ഇന്ത്യക്കെതിരെ ഗൂഡാലോചന നടത്താനാണെന്നാരോപിച്ച് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്തു. കാശ്മീരി ഭരണത്തലവന്റെ സ്ഥാനപ്പേര് “പ്രധാനമന്ത്രി” എന്നതിൽ നിന്നും 1965 ഏപ്രിൽ 10ന് “മുഖ്യമന്ത്രി” എന്നാക്കി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് തുല്യമാക്കി. സദർ-ഇ-റിയാസത്ത് എന്ന കാശ്മീരി ഭരണാധിപസ്ഥാനത്തെ 1966 നവംബർ 24നു ഗവർണർ എന്ന കേന്ദ്രസർക്കാർ നിർദേശിതസ്ഥാനം കൊണ്ട് പകരം വെക്കുന്ന പ്രൊവിഷൻ പാസാക്കപ്പെട്ടു. 1971ലെ ഇന്ത്യാ-പാക്‍ യുദ്ധത്തിൽ നേടിയ വിജയം കാശ്മീരിലെ ഹിതപരിശോധന എന്ന ആവശ്യത്തെ പൂർണമായും തള്ളുന്നതിലേക്ക് ഇന്ദിരയെ എത്തിച്ചു. 1953നു മുമ്പത്തെ അവസ്ഥ പുനഃസ്ഥാപിക്കുക എന്ന നാഷണൽ കോൺഫറൻസിന്റെ ആവശ്യത്തെ ഇന്ദിര പൂർണമായും തള്ളി. ഇതിനിടയിൽ ഇരുപത്തിമൂന്ന് ഭരണഘടനാ ഭേദഗതികളും 262 കേന്ദ്രനിയമങ്ങളും കാശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്രം അടിച്ചേൽപ്പിച്ചു. കാശ്മീരിലെ പാവസർക്കാരുകൾ എല്ലാത്തിനും റാൻ മൂളി. 1975ൽ ഡൽഹിയിൽ വെച്ച് ഇന്ദിരയും ഷെയ്ഖ് അബ്ദുള്ളയും തമ്മിലുണ്ടാക്കിയ കരാറോടെ കാശ്മീർ പൂർണമായും ഇന്ത്യയുടെ കീഴ് സംസഥാനമാകുന്ന അവസ്ഥ സംജാതമായി. സ്വയം നിർണയാവകാശം എന്ന ആവശ്യം ഷെയ്ഖ് അബ്ദുള്ള പിൻവലിച്ചു. ഇതിനെതിരെ രൂക്ഷമായ പ്രതിഷേധങ്ങൾ കാശ്മീരിൽ അരങ്ങേറി. ചുരുക്കിപ്പറഞ്ഞാൽ കാശ്മീരിലെ വാഗ്ദാനലംഘനങ്ങൾ ബി.ജെ.പിയല്ല തുടങ്ങി വച്ചത്. നെഹ്‌റുവിന്റെ കാലം മുതൽ ആരംഭിച്ചതും ഇന്ദിരയുടെ കാലത്ത് ഉച്ചസ്ഥായിയിലെത്തിയതും ആയ നയങ്ങളുടെ ഏറ്റവും ഭീകരമായ അവസ്ഥയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നതെന്നു മാത്രം. എക്കാലത്തും സംഘപരിവാറിന്റെ അജെന്‍ഡയിലെ സുപ്രധാന വിഷയവുമായിരുന്നു ആർട്ടിക്കിൾ 370.
കശ്മീരികള്‍ക്ക് മാത്രം എന്താണൊരു പ്രത്യേകത?
രാജ്യം മുഴുവൻ ഒരു നിയമം വരുന്നത് നല്ലതല്ലേ? കാശ്മീരികൾക്ക് മാത്രം എന്താണ് പ്രത്യേകത എന്ന ‘നിഷ്കളങ്ക’ ചോദ്യം ലിബെറലുകളും സംഘപരിവാറും ഒരു പോലെ അന്തരീക്ഷത്തിലെറിയുന്നുണ്ട്. മുന്നൂറു വർഷത്തോളം നീണ്ട കൊളോണിയൽ ഭരണത്തിനൊടുവിലാണ് ഇന്ത്യ സ്വതന്ത്രയാകുന്നത്. അന്നത്തെ രാഷ്ട്രീയധാരണ പ്രകാരം ഒരു വിധത്തിലും ഇന്ത്യയുടെ ഭാഗമാകാൻ സാധ്യതയില്ലാത്ത ഒരു ഭൂവിഭാഗമായിരുന്നു കാശ്മീർ. ജുനഗഡിൽ നടപ്പിലാക്കിയ ഹിതപരിശോധനയുടെ ന്യായം ഒരിക്കലും കാശ്മീരിൽ നടപ്പിലാക്കാൻ കഴിഞ്ഞില്ല. ഈ പ്രത്യേകസാഹചര്യത്തിലാണ് കാശ്മീർ ഇന്ത്യയുടെ ഭാഗമായത്. ഇതാകട്ടെ ഐക്യരാഷ്ട്രസഭയിലടക്കം ഉന്നയിക്കപ്പെടുകയും ചെയ്തു. അതുകൊണ്ടു തന്നെ കൊളോണിയൽവിരുദ്ധ ഇന്ത്യയിൽ ഒരു കോളനി എന്ന വൈരുദ്ധ്യം കാശ്മീരിന്റെ കാര്യത്തിൽ ഉണ്ടാകരുതെന്ന് ഇന്ത്യൻ രാഷ്ട്രീയനേതൃത്വത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാൽ തന്ത്രപ്രധാനമായ ഭൂഭാഗം എന്നനിലക്കും ഇന്ത്യയിലെ നദികളുടെ പ്രധാനസ്രോതസ്സ് എന്ന നിലക്കും ചരിത്രപരമായ കാരണങ്ങൾ കൊണ്ടും കാശ്മീരിനെ വിട്ടുകളയാനും ഇന്ത്യക്ക് കഴിയുമായിരുന്നില്ല. ഈ വൈരുദ്ധ്യത്തെ മറികടക്കാനാണ് രാഷ്ട്രീയനൈതികത ശീലമാക്കിയ സ്വാതന്ത്രസമരാനന്തര നേതൃത്വം കാശ്മീരിന് പ്രത്യേകപദവി നൽകാൻ തീരുമാനിച്ചത്.
അത്തരം നൈതികതയൊന്നും രാഷ്ട്രീയത്തിലില്ലാത്തവർക്ക് ഒരു കോളനി ഭരണം പോലും തീവ്രദേശീയതയുടെ വിജയമായി തോന്നും.
കോണ്‍ഗ്രസ്സിന്റെ പ്രതിസന്ധികള്‍
നെഹ്‌റുവിയൻ വികസനമാതൃക എന്നറിയപ്പെടുന്ന കോൺഗ്രസ്സിന്റെ ജന്മി-ഭൂവുടമാ ഭരണ സംവിധാനം എണ്‍പതുകളുടെ തുടക്കത്തോടെ ആന്തരികപ്രതിസന്ധികളിൽ പെട്ട് ഉലയാൻ തുടങ്ങി. സ്വാഭാവികമായും വിവിധ രോഗലക്ഷണങ്ങളും ഈ കാലയളവിൽ ഉയർന്നു വന്നു. കാശ്മീരിലും, പഞ്ചാബിലും, ആസാമിലും, നാഗാലാന്‍ഡിലും വിഘടനവാദപ്രസ്ഥാനങ്ങൾ ശക്തമായി. ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്പെട്ടു. ഈ കാലയളവിൽ രോഗത്തെ പരിഹരിക്കാതെ വർഗീയശക്തികളുമായി സന്ധിചെയ്യുകയായിരുന്നു കോൺഗ്രസ്സ്. തീവ്രമതേതരവാദിയും ജനാധിപത്യവിശ്വാസിയുമായിരുന്ന മഖ്ബൂൽ ഭട്ടായിരുന്നു കാശ്മീരിലെ വിഘടനവാദ പ്രസ്ഥാനമായ ജെ. കെ. എൽ. എഫിന്റെ നേതാവ്. എന്നാൽ ഒരു പോലീസുകാരന്റെ കൊലപാതകം ആരോപിച്ച് ഭട്ടിനെ തൂക്കിക്കൊല്ലാൻ തീരുമാനിച്ചു. ജയിലിൽ ക്രൂരമായ പീഡനങ്ങൾക്കിരയായി തൂക്കികൊല്ലപ്പെട്ട മഖ്ബൂൽ ഭട്ടിന്റെ മരണം ജനലക്ഷങ്ങളെ കാശ്മീരിന്റെ തെരുവിലിറക്കി. ഭട്ടിന് ശേഷം ജെ. കെ. എൽ. എഫ്. നേതൃത്വം പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ കൈയ്യിലായി.
1987ലെ കശ്മീര്‍ തെരെഞ്ഞെടുപ്പ്
കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ സംഭവമായിരുന്നു 1987ലെ തെരഞ്ഞെടുപ്പ്. ജനാധിപത്യപ്രക്രിയയിലൂടെ തങ്ങളുടെ ജീവിതാവസ്ഥയെ മറികടക്കാമെന്നു കാശ്മീരികൾ ആദ്യമായും അവസാനമായും പ്രതീക്ഷിച്ചത് ആ തെരഞ്ഞെടുപ്പിലാണ്. ആ തെരഞ്ഞെടുപ്പിൽ മുസ്ലിം യുണൈറ്റഡ് ഫ്രണ്ട് എന്ന ലേബലിൽ കാശ്മീരിലെ വിവിധസംഘടനകൾ ഒന്നിച്ചു മത്സരിച്ചു. അപ്പുറത്ത് കോൺഗ്രസ്സ്-നാഷണൽ കോൺഫറൻസ് സഖ്യവും. എം.യു.എഫിന്റെ റാലികളിൽ ജനലക്ഷങ്ങൾ പങ്കെടുത്തു. എം. യു. എഫ്. വൻവിജയം നേടുമെന്ന് എതിരാളികൾ പോലും ഉറപ്പിച്ചിരുന്നു. എഴുപത്തിയഞ്ച് ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്. എന്നാല്‍, ഫലം വന്നപ്പോള്‍ വന്നപ്പോൾ കോൺഗ്രസ്സ്-നാഷണൽ കോൺഫറൻസ് സഖ്യം അറുപത്തിയാറ് സീറ്റുകളില്‍ വിജയിച്ചു. എം. യു. എഫിന് വെറും നാല് സീറ്റു മാത്രം. തെരെഞ്ഞെടുപ്പ് ഫലം കൃത്രിമമായി സൃഷ്ടിച്ചതാണെന്നു വിജയികൾ പോലും പരസ്യമായി പറഞ്ഞു. ജനാധിപത്യം അപഹാസ്യമായി മാറി. തൊട്ടടുത്ത ദിവസങ്ങളിൽ വൻപ്രതിഷേധങ്ങൾ കാശ്മീരിലെങ്ങും അലയടിച്ചു. എം. യു. എഫ്. നേതാക്കളെല്ലാം അറസ്റ്റു ചെയ്യപ്പെട്ടു, തടവറകളിൽ പീഡിപ്പിക്കപ്പെട്ടു. ഈ നിരാശയാണ് കാശ്മീരിലെ ഇസ്ലാമിക തീവ്രവാദത്തിന് അടിത്തറയിട്ടത്. സംഘപരിവാർ പ്രചരിപ്പിക്കുന്നത് പോലെ കാശ്മീർ എല്ലാക്കാലവും തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്നില്ല.
കശ്മീര്‍ തീവ്രവാദികളുടെ കേന്ദ്രമാകുന്നു
കാശ്മീരിലെ തീവ്രവാദപ്രസ്ഥാനങ്ങൾ 1989ന് ശേഷമാണ് ഉടലെടുക്കുന്നത്. അതിനു മറ്റൊരു ആഗോളപശ്ചാത്തലം കൂടിയുണ്ട്. അഫ്‌ഗാനിലെ സോവിയറ്റ് ഇടപെടലിനെതിരെ അമേരിക്കൻ സഹായത്തോടെ പാക്കിസ്ഥാൻ കേന്ദ്രമാക്കി രാഷ്ട്രീയ ഇസ്ലാം നടത്തിയ മുജാഹിദീൻ തീവ്രവാദം വിജയം കണ്ട കാലം കൂടിയായിരുന്നു അത്. സ്വാഭാവികമായും സോവിയറ്റ് യൂണിയനെ പോലെ ഒരു മഹാശക്തിയെ കീഴടയ്ക്കാൻ മുജാഹിദീനുകൾക്ക് കഴിഞ്ഞാൽ കാശ്മീരിനെ ഇന്ത്യൻ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാനും അവർക്കു കഴിയുമെന്ന് രാഷ്ട്രീയ ഇസ്ലാമും പാകിസ്ഥാനും കണക്കുകൂട്ടി. എൺപതുകളുടെ അവസാനത്തോടെ അതിർത്തികടക്കുന്ന ഏതു ചെറുപ്പക്കാരനും അമേരിക്കൻ സ്പോൺസേഡ് പാകിസ്ഥാനി കലാഷ്നിക്കോവ്കൾ കിട്ടുന്ന അവസ്ഥയുണ്ടായി. പൊളിറ്റിക്കൽ ഇസ്ലാമിസത്തിന്റെ വരവ് കാശ്മീരിനെ അശാന്തിയുടെ കൊടുമുടിയാക്കി മാറ്റി. തൊണ്ണൂറുകളുടെ തുടക്കത്തോടെ ഒന്നരലക്ഷത്തോളം കാശ്മീരി ഹിന്ദുക്കളെ നാട്ടിൽ നിന്നും ആട്ടിയോടിച്ചു. നൂറുകണക്കിന് മനുഷ്യർ കൊല്ലപ്പെട്ടു. അങ്ങനെ, 1990ൽ കാശ്മീരിൽ അഫ്സ്പ (AFSPA – Armed Forces Special Powers Act) നടപ്പാക്കി. സൈന്യം തീവ്രവാദികളെ നേരിടാനാരംഭിച്ചു. പക്ഷെ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ കഴിയാത്ത വിധം ഇരുഭാഗത്ത് നിന്നും ബലാൽസംഗങ്ങളും കൊലപാതകങ്ങളും വ്യാപകമായി.
കശ്മീരില്‍ കൂട്ടക്കൊലകള്‍ തുടര്‍ക്കഥകളാകുന്നു
ജഗ്മോഹനെ പോലൊരു ഹിന്ദുത്വവാദിയെ കാശ്മീരിൽ ഗവർണറാക്കിയതിൽ പ്രതിഷേധിച്ച് ഫാറൂഖ് അബ്ദുള്ള മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. (എഴുപതുകളിൽ ഡൽഹിയിലെ ചേരികൾ അക്രമോത്സുകമായി ഒഴിപ്പിച്ചതിൽ കുപ്രസിദ്ധി നേടിയ ജഗ്മോഹൻ എൺപതുകളുടെ അവസാനം കാശ്മീർ ഗവർണറായി നിയമിക്കപ്പെട്ടു, പിന്നീട് അദ്ദേഹം ബി.ജെ.പി.യിൽ ചേർന്ന് മന്ത്രിയായി.) അങ്ങനെ കാശ്മീരിൽ പ്രസിഡന്റ് ഭരണം നിലവിൽ വന്നു. തൊട്ടടുത്ത ദിവസം സൈന്യം വ്യാപകമായ റെയ്ഡുകൾ നടത്തി. നൂറുകണക്കിനാളുകളെ അറസ്റ്റ് ചെയ്തു.
ഇതിൽ പ്രതിഷേധിക്കാൻ 1990 ജനുവരി 21ന് ആയിരക്കണക്കിനാളുകൾ പ്രതിഷേധവുമായി ശ്രീനഗറിലെ ഗാവ്‌കടൽ മരപ്പാലത്തിനടുത്തെത്തി. സൈന്യത്തിനെതിരെ കല്ലെറിഞ്ഞു. സൈന്യം നടത്തിയ വെടിവെപ്പിൽ 280 പേർ മരിച്ചു വീണു. ജാലിയൻവാലാബാഗിനു സമാനമായ സംഭവം എന്ന് അന്തർദേശീയമാധ്യമങ്ങൾ പോലും സംഭവത്തെ വിശേഷിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിലും പ്രതിഷേധങ്ങളും വെടിവെപ്പുകളും ആവർത്തിച്ചു. ഈ സംഭവത്തെ തുടർന്നാണ് വ്യാപകമായ രീതിയിൽ കാശ്മീരി യുവാക്കൾ അതിർത്തി കടന്നു തീവ്രവാദപരിശീലനത്തിന് പോയിത്തുടങ്ങിയതെന്നു പ്രശസ്ത മാധ്യമപ്രവർത്തകൻ എം. ജെ. അക്ബർ നിരീക്ഷിക്കുന്നു. സകൂരയിൽ 1990 മാർച്ച് 1നു നടന്ന സമാനമായ പ്രതിഷേധത്തിന് നേരെയും പട്ടാളം വെടിവെച്ചു. മുപ്പത്തിമൂന്ന് പേർ കൊല്ലപ്പെട്ടു. കുനാൻ പോഷ്പോറയിൽ 1991 ഫെബ്രുവരി 23നു തമ്പടിച്ച തീവ്രവാദികൾ സൈനികർക്കു നേരെ വെടിവെച്ചു. തീവ്രവാദികളെ പിടിക്കാൻ സൈന്യം നടത്തിയ റെയ്ഡിൽ വ്യാപകമായ ബലാൽസംഗങ്ങൾ അരങ്ങേറി. സർക്കാർ കണക്കു പ്രകാരം ഇരുപത്തിമൂന്ന് സ്ത്രീകളാണ് ബലാല്‍സംഗത്തിനിരയായത്. സോപോറിൽ 1993 ജനുവരി 6നു ആൾക്കൂട്ടത്തിനു നേരെ ബി. എസ്. എഫ്. നടത്തിയ വെടിവെപ്പിൽ അമ്പത്തിയഞ്ച് പേർ കൊല്ലപ്പെട്ടു.
ശ്രീനഗറിലെ വ്യാപാരകേന്ദ്രമായ ലാൽചൗക്കിൽ 1993 ഏപ്രിൽ 10ന് നടന്ന തീപിടുത്തത്തിൽ 125ലേറെപ്പേർ കൊല്ലപ്പെട്ടു. പോലീസിന്റെയും ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെയും അന്വേഷണത്തിൽ ബി. എസ്. എഫ്. ജവാന്മാർ ആണ് തീവെച്ചതെന്നു ബോധ്യപ്പെട്ടു. ബിജ്‌ബെഹ്‌റയിൽ 1993 ഒക്റ്റോബര്‍ 23നു പ്രകടനം നടത്തിയ ആൾക്കൂട്ടത്തിനു നേരെ ബി. എസ്. എഫ്. ജവാന്മാർ വെടിവെച്ചു. അമ്പത്തിയൊന്ന് പേർ കൊല്ലപ്പെട്ടു. ഇസ്ലാമിക തീവ്രവാദികൾ 1995 ജൂലൈ 4നു ആറ് വിദേശ വിനോദസഞ്ചാരികളെ തട്ടിക്കൊണ്ടു പോവുകയും കൊലപ്പെടുത്തുകയും ചെയ്തു. 1997 മാർച്ച് 21ന് ഇസ്ലാമിസ്റ്റ് തീവ്രവാദികൾ സംഗ്രാംപോറയിലെ ഏഴ് ഹിന്ദു ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു. തൊണ്ണൂറുകളുടെ മധ്യത്തോടെ ഇരുഭാഗത്തുനിന്നും വൻതോതിൽ അക്രമങ്ങൾ റിപ്പോർട് ചെയ്യപ്പെട്ടു. വന്ദാമയിൽ ഇരുപത്തിമൂന്ന് ഹിന്ദുക്കളും, ചാപ്‌നാരിയിൽ ഇരുപത്തിയഞ്ച് ഹിന്ദുക്കളും, പ്രാൻകോട്ടിൽ ഇരുപത്തിയാറ് ഹിന്ദുക്കളും, ചിട്ടിസിംഗപുരയിൽ മുപ്പത്തിയഞ്ച് സിഖുകാരും, തെലികതയിൽ ഉറങ്ങുകയായിരുന്ന പന്ത്രണ്ട് മുസ്ലിം ഗുജ്ജറുകളും ഇസ്ലാമിക തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ടു.
കാശ്മീരിലെ സാധാരണജീവിതം ദുരിതമയമായി. ഡോക്റ്റേർസ് സാൻസ് ബോർഡേഴ്സ് എന്ന നോബൽ സമ്മാനിത അന്തർദേശീയ ഏജൻസിയുടെ കണക്കു പ്രകാരം കാശ്മീരിൽ നടക്കുന്ന ബലാൽസംഗങ്ങൾ ചെച്ന്യയിലോ ശ്രീലങ്കയിലോ ഉള്ള യുദ്ധമുഖത്ത് നടന്നതിനേക്കാൾ കൂടുതലാണ്. 2009ൽ 2700 ആളറിയാത്ത ശവക്കല്ലറകളിലായി 2943 ശവങ്ങൾ കണ്ടെടുത്തു. മിക്കതും വ്യക്തമായ പീഡനങ്ങൾക്കിരയായ ശരീരങ്ങളായിരുന്നു. 2009 മെയ് മാസത്തിൽ ഷോപ്പറിൽ നിലോഫർ ജാൻ (22), അയിഷാ ജാൽ (17) എന്നിവർ ബലാൽസംഗത്തിരയായി കൊല്ലപ്പെട്ടു. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.
2011 ഒക്റ്റോബറിൽ കശ്മീർ മുഖ്യമന്ത്രി തന്നെ ബലാത്സംഗത്തിനിരയായ 1400 സ്ത്രീകളുടെ പേരുവിവരം പുറത്തുവിട്ട് അവരോട് ക്ഷമ ചോദിച്ചു. 2010 ഏപ്രിൽ 30ന് ഇന്ത്യൻ സൈന്യം കുപ്‌വാരയിൽ മൂന്ന് തീവ്രവാദികളെ കൊലപ്പെടുത്തി. എന്നാൽ പിന്നീട് കൊല്ലപ്പെട്ടത് മൂന്ന് നിരായുധരായ ഗ്രാമീണരായിരുന്നെന്നും ഭീകരവാദികളെ കൊന്നാൽ ലഭിക്കുന്ന ക്യാഷ് അവാർഡ് ലഭിക്കാൻ സൈന്യത്തിൽ പോര്‍ടർ ജോലിക്ക് ആവശ്യമുണ്ടെന്നു പറഞ്ഞു പിടിച്ചു കൊണ്ട് പോയി വെടിവെച്ചു കൊല്ലുകയായിരുന്നെന്നും തെളിഞ്ഞു.
കാശ്മീരിന്റെ ദുരിതജീവിതം എഴുതിയാൽ തീരുന്നതല്ല. കേരളം പോലൊരു സുരക്ഷിതദേശത്ത് ജീവിച്ച് ദേശസ്നേഹത്തിന്റെ മേലങ്കി ആവശ്യാനുസരണം എടുത്ത് പ്രയോഗിക്കുന്നവർക്ക് മനുഷ്യജീവിതത്തിന്റെ അങ്ങേത്തലക്കുള്ള ദുരിതജീവിതങ്ങൾ വെറും കെട്ടുകഥകളാവും. പക്ഷെ ആധുനിക ജനാധിപത്യമൂല്യങ്ങളിൽ നിലനിൽക്കുന്നൊരു ഭരണസംവിധാനം ആ വഴിക്ക് നീങ്ങുന്നത് ചരിത്രത്തോടുള്ള നീതികേടാണ്.
ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുവാനുള്ള തീരുമാനം
ഈ സവിശേഷസാഹചര്യത്തിലാണ് ബി. ജെ. പി. ഭരണകൂടം ആർട്ടിക്കിൾ 370 ഫലത്തിൽ ഇല്ലാതാക്കാനും കാശ്മീരിനെ വിഭജിക്കുവാനും തീരുമാനമെടുക്കുന്നത്. ഒരു പക്ഷെ നെഹ്‌റു മുതൽ ആരംഭിച്ച ഒരു പ്രക്രിയയുടെ ഉച്ഛസ്ഥായി മാത്രമാണത്. പക്ഷെ ഈ തീരുമാനം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഇപ്പോൾ തന്നെ ഇസ്ലാമിക തീവ്രവാദത്തിന് വലിയ സ്വാധീനമുള്ള കശ്മീരിന്റെ മണ്ണിൽ തീവ്രവാദം കൂടുതൽ ശക്തമാകും, അത് ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഈ പ്രക്രിയയിലെവിടെയും ഒരു കാശ്മീരിയുടെ പോലും വാക്കിനു ഭരണകൂടം ചെവികൊടുത്തിട്ടില്ല. ഇപ്പോൾ തന്നെ ഇന്ത്യയുമായി അകന്നു നിൽക്കുന്ന കാശ്മീരി ജനതയെ അത് കൂടുതൽ അകറ്റും. പട്ടാളത്തിനെ ഉപയോഗിച്ച് നിങ്ങൾക്കൊരു ജനതയുടെ വിശ്വാസം നേടിയെടുക്കാനും കൂടെ നിർത്താനും പറ്റില്ലെന്നത് ചരിത്രപാഠമാണ്.
ശ്രദ്ധതിരിക്കല്‍ തന്ത്രം
ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ഇന്ത്യൻ സാമ്പത്തികവ്യവസ്ഥ കടന്നു പോകുന്ന ഘട്ടത്തിലാണ് ഈ തീരുമാനം വന്നത്. റ്റാറ്റായുടെ ജംഷെഡ്പൂരിലെ പ്ലാന്റ് പൂട്ടി. ഇന്ത്യൻ വാഹനവ്യവസായം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിൽപ്പന നിരക്കിലാണ്. ബജാജ് മുതലാളിമാർ തന്നെ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നു. തൊഴിലില്ലായ്മ നിരക്ക് നാല്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഇങ്ങനെ സാമ്പത്തികരംഗം കടുത്ത പ്രതിസന്ധിയിൽ നിൽക്കുമ്പോൾ സ്വാഭാവികമായും ഉയർന്നു വരേണ്ട ജനകീയപ്രക്ഷോഭങ്ങൾ ഇതോടെ ഇല്ലാതാകും. ഉത്തരേന്ത്യയിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്ന മനുഷ്യർ അവർ നിൽക്കുന്ന നിലത്തിന്റെ പ്രതിസന്ധി മറക്കും. ഒപ്പം ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് പൊട്ടൻഷ്യൽ ഇടമായ കാശ്മീരിൽ ഇന്ത്യൻ കോർപ്പറേറ്റുകൾ ഭൂമി വാങ്ങിക്കൂട്ടും. താൽക്കാലികമായെങ്കിലും റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് അത് വലിയ ആശ്വാസം നൽകും, സാമ്പത്തികാവസ്ഥയെ പിടിച്ചു നിർത്തും. അമിത് ഷായുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ പാടിപ്പുകഴ്ത്തുന്ന ജനത എല്ലാ പ്രതിരോധവും മറക്കും. നാം അനുഭവിക്കാത്ത ജീവിതയാഥാർഥ്യങ്ങൾ നമുക്ക് കെട്ടുകഥകളായിരിക്കും. ഊതിവീർപ്പിച്ച ദേശസ്നേഹത്തിന്റെ ബലത്തിൽ നാം നമുക്കിടയിൽ തന്നെ അപരന്മാരെ കണ്ടെത്തും. ദേശസ്നേഹത്തിന്റെ ഗാഥകൾ പാടും. അതിനിടയിൽ യഥാര്‍ത്ഥ ദേശവിരുദ്ധർ രക്ഷപ്പെടും. പ്രതീതിയാഥാർഥ്യം യാഥാർഥ്യത്തെ വിഴുങ്ങുന്ന കെട്ടകാലമാണിത്.
http://bodhicommons.org/congress-bjp-political-islamists-harmed-people-kashmir-history
0 Comments