മൂന്ന് നിയമങ്ങളും അതത് സംസ്ഥാനങ്ങളിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക സന്ദർഭങ്ങളെ ആശ്രയിച്ച് ദൂരവ്യാപകവും വ്യത്യസ്തവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് സ്പഷ്ടമാണ്,  പാർലമെന്ററി സംവാദങ്ങളെയും ചർച്ചകളെയും മറികടക്കുന്നതിനൊപ്പം, സംസ്ഥാനങ്ങളോട് ആലോചിക്കാതെ തന്നെ പ്രഖ്യാപിച്ച  കാർഷിക ‘പരിഷ്കാരങ്ങൾ’  ഒരു ഫെഡറൽ ചട്ടക്കൂടിനുള്ളിൽ സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തെ ലംഘിക്കുകായും,   ഭാവിയിൽ  കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ ഇടപെടലിന് യാതൊരുവിധ സാധ്യതയും നൽകാതിരിക്കുകയും ചെയ്യുന്നു… ഗവേഷകനും പബ്ലിക് പോളിസി കണ്‍സല്‍ട്ടന്റുമായ ഹാരിസ് നജീബ് എഴുതുന്നു.

“നിയന്ത്രിത കാർഷിക വിപണികൾ റദ്ദാക്കിയതുകൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ല. ഉത്പന്നങ്ങൾക്ക് നല്ല വിലയും വിപണിയും ഇപ്പോഴും ഒരു വിദൂര സ്വപ്നമായി മാത്രം അവശേഷിക്കുന്നു.  ചെറിയ ഭൂവുടമകളായതിനാൽ, ഞങ്ങൾക്ക് കുറച്ച് മാത്രമേ ഉത്പാദിപ്പിക്കാൻ കഴിയൂ. അതിനാൽ, വലിയ അളവിൽ ഉത്പന്നങ്ങൾ വാങ്ങാൻ ലക്ഷ്യമിടുന്ന സ്വകാര്യ കമ്പനികളെ ആകർഷിക്കുന്നത് ഞങ്ങൾക്കൊരിക്കലും സാധ്യമല്ല. കൂടാതെ, ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന് 7 കിലോമീറ്റർ അകലെയാണ് ഏറ്റവും അടുത്ത വിപണി, ഉത്പന്നങ്ങൾ അവിടേക്കെത്തിക്കുന്നത് വീണ്ടും നഷ്ടം മാത്രമേ ഞങ്ങൾക്ക് നൽകുകയുള്ളൂ. അതിനാൽ, കാലങ്ങളായി ഞങ്ങൾ ചെറുകിട കർഷകരുടെ ഏക ആശ്രയം ദല്ലാളുമാരാണ്. ഒരു തരത്തിൽ ദല്ലാളുമാർ ഞങ്ങൾ ചെറുകിട കർഷകർക്കൊരു അനുഗ്രഹമാണ്.”

ബിഹാറിലെ നളന്ദ ജില്ലയിലെ അംദാഹ ഗ്രാമത്തിലുള്ള നവീൻ കുമാർ എന്ന ചെറുകിട കർഷകൻ ഇതുപറയുമ്പോൾ നിരാശനായിരുന്നു.

അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റി ആക്ട് (എ.പി.എം.സി. ആക്ട്) റദ്ദാക്കിയത് ബിഹാറിലെ കർഷകരിൽ വരുത്തിയ മാറ്റത്തെ കുറിച്ച് 2019-ൽ നടത്തിയ ഒരു അന്വേഷണത്തിനിടെയാണ് നവീനിനെ കാണുന്നതും സംസാരിക്കുന്നതും. കാർഷിക വിപണന രംഗത്ത് – വിപണിയുടെ ഘടനയിലും പ്രവർത്തനത്തിലും കർഷകരുടെ പ്രതിബന്ധങ്ങളെ തിരിച്ചറിയുകയും, അത് കർഷകരുടെ വരുമാനത്തെ എങ്ങിനെ ബാധിക്കുന്നു എന്ന് മനസിലാക്കാനും വേണ്ടിയായിരുന്നു ആ ഗവേഷണം.

ഇത് ഒരു നവീൻ കുമാറിന്റെ മാത്രം കഥയല്ല, അന്ന് അഭിമുഖം നടത്തിയ മുന്നൂറിലധികം കർഷകരിൽ ഭൂരിഭാഗവും ഇങ്ങനെ തന്നെയാണ് പ്രതികരിച്ചത്. അവരെല്ലാം തന്നെ ചെറുകിട കർഷകരാണ്. തുച്ഛമായ ഭൂമി മാത്രം കൈവശമുള്ളവരും, പാട്ടത്തിന് നിലമെടുത്ത  കൃഷി ചെയ്യുന്നവരുമാണ് ഭൂരിഭാഗവും.

സർക്കാർ നിയന്ത്രിത വിപണികൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും, ഭൂരിപക്ഷം ഇന്ത്യൻ കർഷകരുടെയും യാഥാർത്ഥ്യം മേൽപ്പറഞ്ഞതാണ്.

ഇന്ന് കാർഷികമേഖലയെ കൂടുതൽ ഉദാരവത്കരണത്തിലേക്ക് നയിക്കുന്ന മൂന്ന് കാർഷിക ബില്ലുകൾ കേന്ദ്രസർക്കാൻ രാജ്യസഭയിലും പാസാക്കിയെടുത്തപ്പോൾ ആദ്യം ഓർമ വന്നത് നവീനെയാണ്. നവീനെപ്പോലുള്ള ആയിരക്കണക്കിന് കർഷകരെ അക്ഷരാർത്ഥത്തിൽ തെരുവിലാക്കുന്ന മാറ്റങ്ങളാണ് ഇതിലൂടെ രാജ്യത്ത് വരാൻ പോകുന്നത്.

2015-16 ൽ പ്രസിദ്ധീകരിച്ച  പത്താമത് കാർഷിക സെൻസസ് പ്രകാരം, ഇന്ത്യയിലെ 86.2 ശതമാനം വരുന്ന ഭൂരിഭാഗം കർഷകരും രണ്ട് ഹെക്ടറിൽ താഴെ മാത്രം ഭൂമിയുള്ള ചെറുകിട, നാമമാത്ര കർഷകരാണ്. എന്നാൽ, ഇന്ത്യയുടെ മൊത്തം വിളനിലങ്ങളുടെ  വിസ്തൃതിയുടെ 47.3 ശതമാനം മാത്രമാണ് ഇവർക്ക് സ്വന്തമായിട്ടുള്ളത്. സർവേ പ്രകാരം 126 ദശലക്ഷത്തിലധികം ചെറുകിട, നാമമാത്ര കർഷകരുടെ കൈവശമുള്ളത് 74.4 ദശലക്ഷം ഹെക്ടർ ഭൂമിയാണ്. ശരാശരി ഓരോ കർഷകനും 0.6 ഹെക്ടർ ഭൂമി. ഇത് തങ്ങളുടെ  കുടുംബങ്ങളെ സാമ്പത്തികമായി നിലനിർത്താൻ കഴിയുന്ന തരത്തിലുള്ള മിച്ചോത്പാദനത്തിന് ഒട്ടും തന്നെ പര്യാപ്തമല്ല.

ഈ സാഹചര്യത്തിലാണ് കാർഷിക വിപണികളിലെ വ്യാപാര രീതികൾ നിയന്ത്രിക്കുന്നതിനും കരാർ കൃഷിക്ക് സൗകര്യമൊരുക്കുന്നതിനുമായി കാർഷിക ഉൽ‌പാദന വിപണന സമിതി (എ.പി‌.എം‌.സി.) നിയമം, എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് എന്നിവ ഭേദഗതി ചെയ്തുകൊണ്ടുള്ള മൂന്ന് പുതിയ കാർഷിക ഓർഡിനൻസുകൾ ഇന്ത്യൻ സർക്കാർ  കഴിഞ്ഞ ജൂൺ മാസത്തിൽ അവതരിപ്പിച്ചത്. റെഗുലേറ്ററി സമ്പ്രദായത്തെ ഉദാരവൽക്കരിക്കുന്നതിലൂടെ കർഷകരെ ശാക്തീകരിക്കുക, കാർഷിക മേഖലയ്ക്ക് അഭിവൃദ്ധി നൽകുക എന്നിവയാണ് ആദ്യ ഓർഡിനൻസിന്റെ നിർദ്ദിഷ്ട ലക്ഷ്യം- എസൻഷ്യൽ കമ്മോഡിറ്റീസ് (ഭേദഗതി) ഓർഡിനൻസ് 2020. രണ്ടാമതായി, – ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ ആന്റ് ഫെസിലിറ്റേഷൻ) ഓർഡിനൻസ് 2020 – നിയന്ത്രിത എപിഎംസി മാർക്കറ്റുകൾക്ക് പുറത്തുള്ള ഏത് സൈറ്റിലുമുള്ള വ്യാപാരം  ഉദാരവൽക്കരിക്കുന്നതിനും, അതിന്റെ ഫലമായി കർഷകർക്ക് കൂടുതൽ ലാഭം നേടിക്കൊടുക്കാനുമാണ് ലക്ഷ്യം വെക്കുന്നത്.  കൂടാതെ – ഫാർമേഴ്‌സ് (എംപവര്മെന്റ്  ആൻഡ്  പ്രൊട്ടക്ഷൻ) എഗ്രിമെന്റ്  ഓൺ  പ്രൈസ്  അഷ്വറൻസ്  ആൻഡ്  ഫാം  സർവീസസ് ഓർഡിനൻസ് –2020, രാജ്യത്തൊട്ടാകെ  കാർഷിക മേഖലയിലും അനുബന്ധ മേഖലകളിലും നിലവിലുള്ള കരാർ കൃഷിക്ക് നിയമപരമായ അടിസ്ഥാനം നൽകുന്നു.കാർഷിക മേഖലയുടെ ‘1991 മൊമന്റ്’ എന്ന് അവകാശപ്പെടുന്ന ഈ ഓർഡിനൻസുകൾ ദശലക്ഷക്കണക്കിന് ഇന്ത്യൻ കർഷകർക്ക് അതിർത്തിയില്ലാത്ത വിപണികൾ സൃഷ്ടിക്കുമെന്നും, അങ്ങനെ 2022-ഓടെ കാർഷിക വരുമാനം ഇരട്ടിയാക്കാനുള്ള സർക്കാരിന്റെ ലക്ഷ്യം കൈവരിക്കാനാകുമെന്നുമാണ് കേന്ദ്ര സർക്കാർ വാദം.

ഈ മൂന്ന് ഓർഡിനൻസുകൾക്കെതിരെ ജൂലൈയിൽ പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ നടത്തിയ ട്രാക്ടർ പ്രതിഷേധം, നോർത്ത് ഇന്ത്യ ഒട്ടാകെ അലയടിച്ചിരുന്നു. ഓഗസ്റ്റ് 28 ന് പഞ്ചാബ് അസംബ്ലി കേന്ദ്രത്തിന്റെ ഓർഡിനൻസുകൾ നിരസിക്കുന്ന പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്.

പഞ്ചാബിലെ കർഷകരിൽ നിന്ന് കടുത്ത പ്രതിഷേധം നേരിട്ടതിനെ തുടർന്ന്, എൻ.ഡി.എ. മുന്നണിയിലെ  അകാലിദളിന്റെ ഏക കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ  ബാദൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞയാഴ്ച രാജി വെച്ചിരുന്നു. സ്വന്തം മന്ത്രിസഭയിലെ ഒരു അംഗം, ബില്ലുകളിലുണ്ടായ വിയോജിപ്പിന്റെ തുടർന്ന് രാജി വെച്ചിട്ടും അതൊന്നും വക വെക്കാതെ മുന്നോട്  പോകാണാനുള്ള  കേന്ദ്ര സർക്കാർ തീരുമാനം കര്‍ഷകരോഷം ഇരട്ടിയാക്കിയിട്ടുണ്ട്.  

അഖിലേന്ത്യാ കിസാൻ സംഘർഷ് ഏകോപന സമിതിയുടെ (എ.ഐ.കെ.എസ്.സി.സി) കുടക്കീഴിൽ 250 ഓളം കർഷക–കാർഷിക തൊഴിലാളി സംഘടനകൾ സെപ്റ്റംബർ 25
-ന് ‘ഭാരത് ബന്ദ്’ ആഹ്വാനം ചെയ്തിട്ടുണ്ട്.

എന്നാൽ, കർഷക സംഘടനകളുടെയും പ്രതിപക്ഷ കക്ഷികളുടെയും പ്രതിഷേധം വകവെക്കാതെ മൂന്ന് ഫാം ഓർഡിനൻസുകൾ, രണ്ട് പ്രധാന കാർഷിക പരിഷ്കരണ ബില്ലുകൾ,  ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ ആന്റ് ഫെസിലിറ്റേഷൻ) ഓർഡിനൻസ് 2020 –  കൂടാതെ – ഫാർമേഴ്‌സ് (എംപവര്മെന്റ്  ആൻഡ്  പ്രൊട്ടക്ഷൻ) എഗ്രിമെന്റ്  ഓൺ  പ്രൈസ്  അഷ്വറൻസ്  ആൻഡ്  ഫാം  സർവീസസ് ഓർഡിനൻസ് –2020,  എന്നിവ രാജ്യസഭ ഞായറാഴ്ച ശബ്ദ വോട്ടിലൂടെ പാസാക്കി. ഫിസിക്കൽ വോട്ടിനു വേണ്ടി പ്രതിപക്ഷ എംപിമാർ  പ്രതിഷേധിക്കുന്നതിനിടെയാണ്  അഭൂതപൂർവമായ  രീതിയിൽ ബില്ലുകൾ  ശബ്ദ വോട്ടോടു കൂടി പാസാക്കിയത്. ഇത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്.  കോർപ്പറേറ്റ് താൽപ്പര്യങ്ങളെ സഹായിക്കുന്നതിനായി ആർ‌എസ്‌എസ്-ബിജെപിയുടെ നേതൃത്വത്തിലുള്ള മോഡി ഗവൺമെന്റിന്റെ മാർഗനിർദേശപ്രകാരം അരങ്ങേറിയ ഈ സ്വേച്ഛാധിപത്യ ഫാസിസ്റ്റ് പെരുമാറ്റം പാർലമെന്ററി ജനാധിപത്യ  വ്യവസ്ഥയെ തകിടം മറിക്കുന്ന തരത്തിലുള്ള ഇടപെടലാണ്. ഇന്ദിരാ ഭരണകൂടത്തിനു കീഴിലെ അടിയന്തരാവസ്ഥയെ ഓർമ്മപ്പെടുത്തുന്ന തരത്തിലായിരുന്നു, കാർഷിക ഓർഡിനൻസുകളെക്കുറിച്ച് പ്രതിപക്ഷ എംപിമാർ പ്രതിഷേധം തുടരുന്നതിനിടെ രാജ്യ സഭാ ടിവി നടപടികളുടെ ഓഡിയോ ടെലികാസ്റ്റ് നിശബ്ദമാക്കിയത്

കർഷകരെ ദുരിതത്തിലാക്കുന്നതിനോടൊപ്പം തന്നെ ഫെഡറലിസത്തിനെതിരായ ഒരു ആക്രമണം കൂടിയാണ് ഈ നിയമനിർമാണം.  ഭരണഘടനാ ചട്ടക്കൂടിനു കീഴിൽ, കൃഷി ഒരു സംസ്ഥാന വിഷയമാണ്, കാർഷിക ഉത്പാദനം, വിപണനം, സംസ്കരണം എന്നിവയുടെ ചലനാത്മകതയെ നേരിടാൻ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിന് അധികാരമില്ല.

എസൻഷ്യൽ കമ്മോഡിറ്റീസ് ആക്റ്റ് (amendment)(ഇസി‌എ) ഓർഡിനൻസ് 2020

1955-ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്റ്റ് (ഇസി‌എ) ഭേദഗതി ചെയ്യുന്നതിലൂടെ  തിരഞ്ഞെടുത്ത ചരക്കുകളുടെ ഉത്പാദനം, വിതരണം, വ്യാപാരം, വാണിജ്യം എന്നിവയുടെ നിയന്ത്രണം പൂർണമായും കേന്ദ്ര സർക്കാരിന് കൈവരും. ഉത്പാദിപ്പിക്കാനും കൈവശം വയ്ക്കാനും നീക്കാനും വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം, സമ്പദ്‌വ്യവസ്ഥയെ ഉപയോഗപ്പെടുത്തുന്നതിനും സ്വകാര്യനിക്ഷേപവും നേരിട്ടുള്ള വിദേശനിക്ഷേപവും കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും കാരണമാകുമെന്ന് സർക്കാർ അനുമാനിക്കുന്നു.

അവശ്യവസ്തുക്കളുടെ പട്ടികയിൽ നിന്ന് ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, എണ്ണക്കുരുക്കൾ, ഭക്ഷ്യ എണ്ണകൾ, സവാള, ഉരുളക്കിഴങ്ങ് എന്നിവ  നീക്കം ചെയ്യുകയും, ഈ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, ചലനം, വിതരണം എന്നിവ നിയന്ത്രണാതീതമാക്കുകയും ചെയ്യും. സ്ഥാപിത ശേഷി വരെ കാർഷിക ഉത്പന്നങ്ങൾ സംഭരിക്കാൻ സംസ്കരണ പ്ലാന്റുകൾക്കും എക്സ്പോർട് സ്ഥാപനങ്ങൾക്കും, മൂല്യ ശൃംഖല കണ്ണികൾക്കും യാതൊരു നിയന്ത്രണവും ഈ നിയമത്തിനു കീഴിൽ ഇല്ല. സംസ്ഥാനത്തിനകത്തെ സ്റ്റോക്കുകളുടെ ലഭ്യതയെക്കുറിച്ച് സംസ്ഥാനങ്ങൾക്ക് വിവരങ്ങളില്ലാത്തതിനാൽ ഭക്ഷ്യസുരക്ഷ തകരാൻ ഇത് കാരണമാകും.  

കാർഷിക ഉത്പന്നങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സ്റ്റോക്ക് പരിധി ഏർപ്പെടുത്തുന്നത് വിലക്കയറ്റത്തെ അടിസ്ഥാനമാക്കിയായിരിക്കണമെന്ന് നിയമം ആവശ്യപ്പെടുന്നു. ഹോർട്ടികൾച്ചറൽ ഉത്പന്നങ്ങളുടെ ചില്ലറ വിലയിൽ 100 ശതമാനം  വർദ്ധനവും, അല്ലെങ്കിൽ നോൺ-പെരിഷബിൾ കാർഷിക ഭക്ഷ്യവസ്തുക്കളുടെ റീട്ടെയിൽ വിലയിൽ ഒരു വർഷത്തിന് തൊട്ടുമുമ്പുള്ള വിലയേക്കാളും അല്ലെങ്കിൽ കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരി ചില്ലറ വിൽപ്പന വിലയേക്കാളും  50 ശതമാനം വർദ്ധനവും ആണ് വിലക്കയറ്റത്തിന്റെ പ്രീ-കണ്ടീഷൻ ആയി  കണക്കാക്കുന്നത്.  

എന്നാൽ, കാലവർഷം മൂലമുണ്ടാകുന്ന വിളനാശവും കീടശല്യം മൂലമുള്ള വിളനാശം മൂലവും വർഷത്തിൽ പല തവണ  ഈ പ്രീ-കണ്ടീഷൻ  സംഭവിക്കാറുണ്ട്. അതിനാൽ ഒരു വർഷത്തിൽ ഒന്നിലധികം തവണ സ്റ്റോക്ക് പരിധി ഏർപ്പെടുത്താനും അതുവഴി ഓർഡിനൻസിന്റെ ഉദാരവത്കരണ സ്വഭാവം ഇല്ലാതാക്കാനും സർക്കാരിന് സാധ്യമാകും.

ഇന്ത്യൻ കർഷകരിൽ ഭൂരിഭാഗവും ചെറുകിട കർഷകർ ആയതിനാൽ,  വില  ഉയരുന്നതുവരെ ഉത്പന്നങ്ങൾ സംഭരിക്കാൻ ശേഷിയില്ലാത്തവരാണ്. ഉത്പന്നങ്ങൾ സംഭരിക്കാൻ വേണ്ട സംവിധാനമില്ലാത്തതുകൊണ്ടും, ഉത്പന്നങ്ങൾ വിളവെടുപ്പ് കഴിഞ്ഞയുടനെ വിൽക്കുവാൻ നിർബന്ധിതരാകുന്നതുകൊണ്ടും എല്ലായ്പ്പോഴും ചെറുകിട കർഷകർ തുച്ഛമായ വിലക്കാണ് ഉത്പന്നങ്ങൾ വിപണിയിൽ വിൽക്കുന്നത്. കർഷകരുടെ ഈ ഗതികേടിനെ മുതലെടുക്കുന്ന  വൻകിട കോർപ്പറേറ്റുകളും, മൾട്ടി നാഷണൽ കോർപ്പറേഷനുകളും (എം‌എൻ‌സി) വിളവെടുപ്പ് സമയത്ത് കുറഞ്ഞ വിലക്ക് അവരുടെ ക്വാട്ട സംഭരിച്ച് വില ഉയരുമ്പോൾ സംഭരണത്തിൽ നിന്നും മാറിനിൽക്കും.

ഇതോടെ വില ഉയരുന്നതും കാത്ത് ഉൽ‌പ്പന്നങ്ങൾ സംഭരിച്ചു വെക്കുന്ന കർഷകർക്ക് നഷ്ടമുണ്ടാകുന്നത് ഇന്ത്യൻ കാർഷിക വിപണിയിലെ സ്ഥിരം പ്രതിഭാസങ്ങളിലൊന്നാണ്. 

ഇതേസമയം, സ്വകാര്യ വ്യാപാരികൾ വിളവെടുപ്പിനു ശേഷമുള്ള ഈ സമയം യാതൊരു നിയന്ത്രണവും ഇല്ലാതെ ഉത്പന്നങ്ങൾ പരമാവധി സംഭരിക്കുകയും, വിതരണ ക്ഷാമം വരുത്തി വില വർധിപ്പിക്കുകയു ചെയ്യും.

“ലാഭത്തെ മാത്രം മുൻനിർത്തിയുള്ള വ്യാപാരികളുടെ ഈ ഊഹക്കച്ചവടം ഭക്ഷ്യധാന്യങ്ങളുടെ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയും തന്മൂലം ഇത് രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ പ്രവണതക്ക്  നിയപരമായ  സുരക്ഷാ  നൽകുകയാണ് പ്രസ്തുത ഓർഡിൻസിലൂടെ  കേന്ദ്ര സർക്കാർ  ചെയ്യുന്നതെന്ന്”, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ന്റെ പൊളിറ്റ് ബ്യൂറോ, ഈ  മൂന്ന് ഓർഡിനൻസുകളെ എതിർത്തുകൊണ്ട്  ഇറക്കിയ   പ്രസ്താവനയിൽ  ആക്ഷേപമുന്നയിച്ചിരുന്നു. അതുമൂലമുണ്ടാകുന്ന അവശ്യവസ്തുക്കളുടെ വിലയിലെ യുക്തിരഹിതമായ ചാഞ്ചാട്ടം കരിഞ്ചന്തയ്ക്ക് സാധ്യത കൂട്ടുമെന്നാണ് വിമർശകരുടെ നിരീക്ഷണം.  

ചുരുക്കത്തിൽ ഉപഭോക്താവിനെയും കർഷകനെയും   പാർശ്വവൽക്കരിക്കുന്നതിലൂടെ,  കാർഷിക മേഖലയെ  ചൂഷണം  ചെയ്യാൻ  കുത്തകകൾക്ക്  പുതിയ  അവസരങ്ങൾ  സൃഷ്ടിക്കുകയാണ്  നിയമം ചെയ്യുന്നത്.

ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്‌സ് (പ്രൊമോഷൻ ആന്റ് ഫെസിലിറ്റേഷൻ) ഓർഡിനൻസ് 2020

ഈ ഓർഡിനൻസിന് പിന്നിലെ ആഘോഷിക്കപ്പെടുന്ന മുദ്രാവാക്യമാണ്  ‘ഒരു ഇന്ത്യ, ഒരു കാർഷിക വിപണി’. സംസ്ഥാനങ്ങൾക്കിടയിൽ  തടസ്സരഹിതമായ വ്യാപാരത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഈ  ഓർഡിനൻസ് ലക്ഷ്യമിടുന്നത്. കൂടാതെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ രാജ്യത്തെ ഏത് വ്യാപാരിക്കും തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ കർഷകർക്ക് അവസരമുണ്ടാക്കികൊടുക്കുന്നു.  ഇതിനർത്ഥം നിയന്ത്രിത മാർക്കറ്റ് സിസ്റ്റം, എ.പി‌.എം‌.സി.കൾ, ഇല്ലാതാകുക എന്നാണ്.

സർക്കാർ നിയന്ത്രിത വിപണികൾ (എപിഎംസികൾ) നടത്തിപ്പിന്റെയും അഴിമതിയുടെയും പേരിൽ  ധാരാളം വിമർശിക്കപെടുന്നുണ്ടെങ്കിലും കർഷകർക്ക് ന്യായവില കണ്ടെത്തുന്നതിനുള്ള ഒരു പ്രധാന മാധ്യമമാണ്. കൂടാതെ വൻകിട വ്യാപാരികളെ ആകർഷിക്കാൻ കഴിയാത്ത ദശലക്ഷക്കണക്കിന് നാമമാത്ര കർഷകരുടെ അവസാന ആശ്രയവുമാണ്. മാത്രമല്ല, രാജ്യത്തെ ഭക്ഷ്യ സുരക്ഷാ ഉറപ്പുവരുത്തുന്ന പൊതു വിതരണ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പിൽ പ്രധാന കണ്ണി കൂടിയാണ് എപിഎംസികൾ.

 എ.പി.എം.സി. ഭരണത്തിന് കീഴിൽ ലൈസൻസുള്ള എ.പി‌.എം‌.സി. വ്യാപാരികൾക്ക് മാത്രം തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു, അത് കർഷകരുടെ വില്പന സാധ്യതകളെ ഇല്ലാതാക്കുന്നു  എന്നാണ് പൊതുധാരണ. എന്നാൽ ഇതിനു വിരുദ്ധമായി അവർ തങ്ങളുടെ  ഗ്രാമത്തിലെ ചെറുതോ വലുതോ ആയ  ലൈസൻസില്ലാത്ത വ്യാപാരികളുമായോ നിയന്ത്രിത മാർക്കറ്റ് യാർഡുകൾക്ക് പുറത്തുള്ള പ്രാദേശിക വിനിമയ കേന്ദ്രങ്ങളിലോ തങ്ങളുടെ ഉത്പന്നങ്ങൾ അർഹതപ്പെട്ടത്തിലും തുച്ഛമായ വിലയ്ക്കാണെങ്കിൽ പോലും  വ്യാപാരം നടത്തുന്ന കാഴ്ച സ്ഥിരമാണ്.

സർക്കാർ നിയന്ത്രിത വിപണികൾ, കർഷകതലത്തിലുള്ള ഉത്പന്നങ്ങളുടെ വിൽ‌പനയുമായി മാത്രം ബന്ധപ്പെട്ടതാണ്.  ലളിതമായി പറഞ്ഞാൽ, എപി‌എം‌സിക്ക് പുറത്തുള്ള സ്വകാര്യ വ്യാപാരികളുടെ  സംഭരണം കാർഷിക വിപണനത്തിലെ അധികാര ബന്ധങ്ങളെ താറുമാറാക്കുകയും, അതുമൂലം വിലപേശലിനുള്ള കർഷകരുടെ കൂട്ടായ  അവകാശത്തെ ഇല്ലാതാക്കുകയും ചെയ്യും.  കൂടാതെ, മോഡൽ എപി‌എം‌സി ആക്റ്റ്, 2003, മോഡൽ അഗ്രികൾച്ചറൽ  പ്രൊഡ്യൂസ്  ആൻഡ്   ലൈവ്സ്റ്റോക്ക്   മാർക്കറ്റിംഗ്   (പ്രൊമോഷൻ   & ഫെസിലിറ്റേഷൻ  ) (എപി‌എൽ‌എം) ആക്റ്റ്, 2017 എന്നിവ നിലവിൽ നിർദ്ദേശിച്ച ഓർഡിനൻസിന്റെ  മിക്കവാറും എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്ന ആക്ടുകളാണ്. അതിനാൽ, അവ ഉപേക്ഷിക്കുന്നതിനുപകരം, ഈ വിപണികൾ ശരിയായി പ്രവർത്തിക്കുന്നുവെന്ന് സംസ്ഥാനങ്ങൾ ഉറപ്പു വരുത്തുകയാണ് വേണ്ടത്. നിരവധി സംസ്ഥാനങ്ങളിലെ എ‌എം‌പി‌സി പരിഷ്കാരങ്ങളുടെ മികച്ച ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട് . തമിഴ്‌നാട്ടിലെ ഉഴവർ സന്തയ്, ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും റിതു ബസാർ, പഞ്ചാബിലെ അപ്നി മണ്ഡി എന്നിവ അത്തരം ചില സംരംഭങ്ങളാണ്.

മറിച്ചുള്ള ഉദാഹരണമെടുത്താൽ, കാർഷിക വിതരണ ശൃംഖലയിൽ കൂടുതൽ സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനും വിപണിയെ ഉദാരവൽക്കരിക്കുന്നതിനുമായി, ബിഹാർ സർക്കാർ 2006-ലാണ് എ.പി.എം.സി. നിയമം റദ്ദാക്കുന്നത്. കാർഷിക വിപണിയിലെ സ്വകാര്യ നിക്ഷേപ വർധന കർഷകർക്ക് കൂടുതൽ വില്പനോപാധികൾ തുറക്കുമെന്നും, അതുവഴി    കർഷകർക്കായി ഒരു പുതിയ വില കണ്ടെത്തൽ സംവിധാനം ഏർപ്പെടുത്തുകയുമായിരുന്നു ഉദ്ദേശം. പക്ഷേ, ഇത്  വ്യാപാരികളിൽ നിന്നും കർഷകരിൽ നിന്നും മാർക്കറ്റ് ഫീസ് ഈടാക്കുന്ന, കമ്മീഷൻ ഏജന്റുമാർ നടത്തുന്ന സ്വകാര്യ അനിയന്ത്രിത വിപണികളുടെ വികേന്ദ്രീകരണത്തിലേക്കും വ്യാപനത്തിലേക്കും നയിച്ചു. അതുവഴി മിനിമം സപ്പോർട്ട് പ്രൈസിൽ നിന്നും (എം‌.എസ്‌.പി.) വളരെ താഴ്ന്ന വിലയിൽ തങ്ങളുടെ ഉൽ‌പന്നങ്ങൾ വിൽക്കാൻ കർഷകർ നിര്ബന്ധിതരായി. ഈ വിപണികൾക്ക് തൂക്കമളക്കൽ, തരംതിരിക്കൽ, ഗ്രേഡിംഗ്, സംഭരണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് വേണ്ട ശരിയായ ഇൻഫ്രാസ്ട്രക്ചറോ, തർക്ക പരിഹാര സംവിധാനങ്ങളോ ഇല്ല. ഇത് കർഷകരുടെ വിലപേശാനുള്ള കഴിവിനെ ദുർബലപ്പെടുത്തി.

2015 -ൽ പുറത്തിറങ്ങിയ ശാന്ത കുമാർ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ 6 ശതമാനം കർഷകർക്ക് മാത്രമാണ് മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) ലഭിക്കുന്നത് – 94 ശതമാനം പേർ ഇതിനകം  വിപണിയിലെ തടസ്സങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.   അതിനാൽ എം‌എസ്‌പിയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും, നയങ്ങൾ ഇല്ലാതാക്കുന്നതിനുപകരം അത് നിയമവിധേയമാക്കുന്നതിനുമള്ള ഒരു ശ്രമമായിരിക്കണം പരിഷ്‌കാരങ്ങൾ വഴി ശ്രമിക്കേണ്ടത്. ഇത് കൂടുതൽ എപി‌എം‌സികൾ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ സാധ്യമാകൂ. ഇന്ത്യയിൽ ഏകദേശം 7000 എപിഎംസികൾ നിലവിൽ  ഉണ്ട്. നാഷണൽ സാമ്പിൾ സർവേ ഓഫീസ് (എൻഎസ്എസ്ഒ) ന്റെ 2013 ലെ സർവേ പ്രകാരം ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 58 ശതമാനം വരുന്ന 90.2 ദശലക്ഷം കാർഷിക കുടുംബങ്ങൾ രാജ്യത്തുണ്ട്. നിലവിലുള്ള എപിഎംസികളുടെ എണ്ണമെടുത്താൽ  കർഷകർക്ക് തുല്യ അവസരം നൽകുവാൻ ഈ എണ്ണം തീർത്തും അപര്യാപ്തമാണ്. മാത്രമല്ല, രാജ്യത്തെ കാർഷിക കുടുംബങ്ങളിൽ 52 ശതമാനവും കടക്കെണിയിലാണെന്ന് സർവേ റിപ്പോർട്ടിൽ പറയുന്നു. ഈ അവസ്ഥയിൽ, കർഷകർക്ക് അർഹതപ്പെട്ട വില ഉറപ്പാക്കുന്നതിനു പകരം നിയന്ത്രിത വിപണികളെ റദ്ദാക്കി കോർപറേറ്റുകളുടെയും വൻകിട വ്യാപാരികളുടെയും ചൂഷണങ്ങൾക്ക് ഇരയാവാൻ  അനിയന്ത്രിത വിപണികളിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.

അനിയന്ത്രിത സ്വകാര്യ വിപണികളിൽ  കർഷകർ‌ ഉൽ‌പ്പന്നങ്ങൾ‌ കൊണ്ടുപോകുന്നതിനുള്ള നിബന്ധനകൾ‌ കർഷകരുടെ  ചെലവിൽ ലാഭം വർദ്ധിപ്പിക്കുന്നതിൽ പ്രഗത്ഭരായ  വ്യാപാരികളുമായി ചർച്ച ചെയ്യേണ്ടിവരും. കൃഷിക്കാർ  വിലപേശൽ നടത്തുമ്പോൾ, വ്യാപാരികൾ പലപ്പോഴും ചരക്കിലെ മാലിന്യത്തിന്റെ ഭാരം കർഷകർ പറയുന്ന ഭാരത്തേക്കാൾ വളരെ ഉയർന്നതാണെന്ന് വരുത്തിത്തീർക്കുകയും, ഈ സാഹചര്യം എല്ലായ്പ്പോഴും വ്യാപാരികൾക്ക് അനുകൂലമായി പ്രവർത്തിക്കുകയും ചെയ്യും.

വർഗ-ജാതി ശ്രേണികൾ,  കാർഷിക വിപണികൾ എന്നിവ കർഷകരെ ചൂഷണത്തിനിടയാക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനാൽ, ഗ്രാമീണ മേഖലയിലെ നിലവിലുള്ള എപി‌എം‌സി വിപണികളെയും ഉപ കമ്പോളങ്ങളെയും പരിഷ്കരിക്കേണ്ടതും നിലവിലുള്ളവയുടെ ഭാരം കുറയ്ക്കുന്നതിന് പുതിയവ സൃഷ്ടിക്കേണ്ടതും ആവശ്യമാണ്. എപി‌എം‌സി വിപണികളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് സംസ്ഥാന ഏജൻസികൾ കർഷകരിൽ നിന്നോ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽ നിന്നോ സംഭരണം നടത്തേണ്ടത് അനിവാര്യമാണ്.

ഇതിനോടൊപ്പം തന്നെ, വിപണികളിൽ നിന്നും സംസ്ഥാന സർക്കാരുകൾക്ക് ഫീസ് ഈടാക്കുന്നതിനും വ്യാപാരത്തിന് സെസ്സുകൾ ഏർപ്പെടുത്തുന്നതിനും ഓർഡിനൻസ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ നഷ്ടം വിവിധ ഗ്രാമ വികസന പ്രവർത്തനങ്ങളുടെ ധനസമാഹരണത്തെയും ഗ്രാമപ്രദേശങ്ങളെ നഗരപ്രദേശങ്ങളുമായി  ബന്ധപ്പെടുത്തുന്ന റോഡ് ശൃംഖല സംവിധാനത്തെയും സാരമായി ബാധിക്കും. ആത്യന്തികമായി, ഇത് ഗ്രാമവികസനത്തിന്റെ മുഴുവൻ വ്യവസ്ഥയെയും ബാധിക്കുമെന്നുള്ളത് ഉറപ്പാണ്.

ഫാർമേഴ്‌സ് (എംപവര്മെന്റ്  ആൻഡ്  പ്രൊട്ടക്ഷൻ) എഗ്രിമെന്റ്  ഓൺ  പ്രൈസ്  അഷ്വറൻസ് ആൻഡ് ഫാം  സർവീസസ് ഓർഡിനൻസ് –2020

ദൽവായ് കമ്മിറ്റി റിപ്പോർട്ട് പ്രകാരം കരാർ കൃഷി ഇതുവരെ ഇന്ത്യയിൽ പ്രാമുഖ്യം കൈവരിച്ചിട്ടില്ല. കരാർ കൃഷി നിയന്ത്രിക്കുന്നതിന് 14 സംസ്ഥാനങ്ങൾ മാത്രമാണ് നിയമങ്ങൾ പുറപ്പെടുവിച്ചത്. ഈ കരാറുകളിൽ ഭൂരിഭാഗവും കോട്ടൺ, ബാർലി എന്നീ വിളകൾക്കാണ്. കാർഷിക സെൻസസ് 2015-16  പ്രകാരം ചെറുകിട, ഇടത്തരം കർഷകരിൽ 86% പേർക്കും 2 ഹെക്ടറിൽ താഴെ ഭൂമിയാണുള്ളത്. ഉത്പാദന കപ്പാസിറ്റി കണക്കിലെടുത്താൽ ചെറുകിട, നാമമാത്ര കർഷകർക്ക് യാതൊരു പരിഗണനയും നൽകാതെയാണ് ഈ ഭേദഗതി മുൻപോട്ട് വെച്ചിരിക്കുന്നതെന്ന് നിസ്സംശയം പറയാനാകും.

കരാർ കൃഷി നയം കർഷകരിൽ നിന്ന് അധികാരം കവർന്നെടുത്ത് കമ്പനികൾക്ക് തീറെഴുതിക്കൊടുക്കുന്നു. ഫലത്തിൽ ഏതെങ്കിലും തരത്തിലുള്ള നിയമപോരാട്ടങ്ങൾക്ക് പോകാൻ പോലും കഴിയാത്തവരായി കർഷകർ മാറുന്നു. ഈയടുത്ത കാലത്ത് പെപ്സികോ കമ്പനി രജിസ്റ്റർ ചെയ്ത ഒരു ഉരുളക്കിഴങ്ങ് തരം കൃഷി ചെയ്ത കുറച്ച് ഗുജറാത്തി കർഷകർ, നിയമവിരുദ്ധമായി കൃഷിചെയ്തതിനും വില്പന നടത്തിയതിനും ഒരുകോടി രൂപയുടെ നിയമനടപടികൾ നേരിട്ടത് ഇതിനുദാഹരണമാണ്.

പുതിയ നിയമപ്രകാരം കരാറിലെ വ്യവസ്ഥകൾ ഏർപ്പെട്ടിരിക്കുന്ന ഇരുകൂട്ടർക്കും പരസ്പരം ചർച്ച ചെയ്ത് തീരുമാനിക്കാമെന്നാണ്. എന്നാൽ, ഗുണമേന്മയുടെ പേരുപറഞ്ഞ് കോർപ്പറേറ്റുകൾ മേഖലയിലേക്ക് ഏകരൂപത കൊണ്ടുവരുന്നത് നിലവിൽ വക്രീകരിക്കപ്പെട്ട നമ്മുടെ കാർഷിക-ജൈവ വൈവിധ്യത്തെ കൂടുതൽ അംഗഭംഗപ്പെടുത്താം.

കരാർ കൃഷിയിലൂടെയുള്ള ഉത്പാദനം ഏതെങ്കിലും തരത്തിലുള്ള നിയമതടസങ്ങൾ നേരിടില്ലെന്ന നീക്കം നല്ലതാണ്. എന്നാലിത് പുതിയ സംരംഭകരെയും എഫ്.പി.ഒകളെയുമാണ് സഹായിക്കുക.

മറുവശത്ത്, കരാർ സ്ഥാപനങ്ങൾക്ക് ഈ സാഹചര്യത്തെ മുതലെടുത്ത് കർഷകർക്ക് കുറഞ്ഞ വില നൽകാനാവും. ഇത് സംഭരണത്തിന്റെ അടിസ്ഥാനതത്വമാവുകയും വില്പന നടത്തുന്ന കർഷകർക്ക് ഇതിൽ പങ്കില്ലാതാവുകയും ചെയ്യുന്നു.

ഓരോതവണയും എസ്.ഡി.ഒകളെ സമീപിക്കാൻ കർഷകർക്ക് സാധിക്കില്ല. പ്രാദേശിക ഉദ്യോഗസ്ഥ വൃന്ദത്തിന് ഈ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മാത്രം ശക്തിയുണ്ടാവുകയുമില്ല. ഇതോടെ കർഷകർ പൂർണമായും അഗ്രി ബിസിനസ് കോർപ്പറേഷനുകളുടെ കാൽക്കീഴിലാവുന്നു.

ഇനിയെന്ത്?

ഉടനടി ലോണുകളും വായ്പകളും കർഷകരുടെ ജീവിതത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. കാർഷിക വിപണികളിൽ ഇടനിലക്കാർ പ്രധാന കണ്ണികളാകാനുള്ള പ്രധാന കാരണവും ഇതു തന്നെ. പരസ്പരബന്ധിതമായ ഡൊമെയ്‌നുകളിൽ കാർഷിക മേഖലയിലുടനീളമുള്ള കർഷകരുടെയും സ്ഥാപനങ്ങളുടെയും ഒന്നിലധികം ആവശ്യങ്ങളോട് – പണം, വായ്പ, സമയം, സ്ഥലം- പ്രതികരിക്കാൻ അവർക്ക് കഴിയുന്നു.

നിലവിൽ കർഷകർ നേരിടുന്ന ഇത്തരം  പ്രതിസന്ധികളെ- ക്രെഡിറ്റ്, ഇൻപുട്ടുകൾ, സംഭരണം, ഗതാഗതം, സമയബന്ധിതമായി പണമടയ്ക്കൽ – പരിഹരിക്കാതെയുള്ള പുതിയ     നിയന്ത്രണങ്ങളും ഉദാരവത്കരണവും  വിനിയോഗിക്കാൻ  കർഷകർക്ക് ഒരിക്കലും കഴിയുകയില്ല.  അതുപോലെ, ഇടനിലക്കാർക്കുള്ള മത്സരം വർദ്ധിപ്പിക്കുന്നത് അഭികാമ്യമാണെങ്കിലും, കർഷകർക്ക് കൂടുതൽ മാർക്കറ്റ് സ്ഥലവും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കാതെ അവരെ ഒഴിവാക്കുന്നത് വഴിതെറ്റിയ ശ്രമമായിരിക്കും.

ചുരുക്കത്തിൽ, കേന്ദ്രത്തിന്റെ ഇത്തരം  ഏകപക്ഷീയമായ നീക്കം രാജ്യത്തിന്റെ അപാരമായ വൈവിധ്യത്തെ സംയോജിപ്പിച്ച്, ഭൂവുടമസ്ഥത, വിള രീതികൾ, കാർഷിക വിപണികളുടെ ചരിത്രപരമായ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ  ഉചിതമായ പരിഗണന നൽകുന്നതിൽ പരാജയപ്പെടുന്നു.  മൂന്ന് നിയമങ്ങളു അതത് സംസ്ഥാനങ്ങളിലെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക സന്ദർഭങ്ങളെ ആശ്രയിച്ച് ദൂരവ്യാപകവും വ്യത്യസ്തവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് സ്പഷ്ടമാണ്,  പാർലമെന്ററി സംവാദങ്ങളെയും ചർച്ചകളെയും മറികടക്കുന്നതിനൊപ്പം, സംസ്ഥാനങ്ങളോട് ആലോചിക്കാതെ തന്നെ പ്രഖ്യാപിച്ച  കാർഷിക ‘പരിഷ്കാരങ്ങൾ’  ഒരു ഫെഡറൽ ചട്ടക്കൂടിനുള്ളിൽ സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തെ ലംഘിക്കുകായും,   ഭാവിയിൽ  കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംസ്ഥാന സർക്കാരുകളുടെ ഇടപെടലിന് യാതൊരു വിധ സാധ്യതയും നൽകാതിരിക്കുകയും ചെയ്യുന്നു .

സാധാരണഗതിയിൽ ഓർഡിനൻസുകൾ അടിയന്തര നിയമമായി മാത്രമേ പുറപ്പെടുവിക്കുകയുള്ളൂ, പാർലമെന്റ് വീണ്ടും ചേരുമ്പോൾ തന്നെ അവ ശരിയായ നിയമനിർമ്മാണമാക്കി മാറ്റുകയും വേണം. നിലവിൽ ഇത്തരമൊരു അടിയന്തര സാഹചര്യം ഇല്ലാതിരുന്നിട്ടും, കോവിഡിന്റെ മറവു പിടിച്ച് തൊഴിലാളി വിരുദ്ധ ബില്ലുകൾ മുൻ മാസങ്ങളിൽ പാസ്സാക്കിയതുപോലെ, കർഷകറീ ദുരിതത്തിലാകുന്ന നവലിബറൽ  ബില്ലുകൾ  പാസാക്കി ഡിസാസ്റ്റർ ക്യാപിറ്റലിസത്തിന്റെ വക്താക്കളായിക്കൊണ്ടിരിക്കുകയാണ് മോദി സർക്കാർ.

2017 -18  കാലയളവിലെ ഇക്കണോമിക് സർവ്വേ റിപ്പോർട്ട്,  ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണകാലത്ത് കാർഷിക ജിഡിപിയിൽ  കാര്യമായ വളർച്ച ഉണ്ടായിട്ടില്ല എന്ന് വ്യക്തമാക്കുന്നു. രാജ്യത്തെ  കർഷകർ നേരിടുന്ന ദുരിതത്തെ പറ്റി, ആശ (Alliance for Sustainable and Holistic Agriculture), ജയ്  കിസാൻ  ആന്ദോളൻ , നരേഖ  സംഘർഷ  മോർച്ച , പീപ്പിൾസ്  ആക്ഷൻ  ഓൺ  എംപ്ലോയ്‌മെന്റ്  ഗ്യാരണ്ടി , റിതു  സ്വരാജ്യ  വേദിക  ആൻഡ്  സ്വരാജ്  ഇന്ത്യ, എന്നീ  സംഘടനകൾ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച  ഗ്രീൻ  പേപ്പർ  ഓൺ  ഫാർമേഴ്‌സ് , ഫാർമിംഗ്  & റൂറൽ  ഇക്കോണമി  2018 എന്ന റിപ്പോർട്ടിൽ , നരേന്ദ്ര മോദി സർക്കാരിനെ “സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കാർഷിക  വിരുദ്ധ ഗവൺമെന്റ്” എന്നാണ്  വിശേഷിപ്പിക്കുന്നത്. എന്നാൽ  2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ,കൃഷിച്ചെലവിനേക്കാൾ 50% ലാഭം ഉറപ്പാക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങളുടെ ഒരു പുകമറ വീണ്ടും സൃഷ്ടിച്ചുകൊണ്ട് വീണ്ടും അധികാരത്തിലേറാൻ എൻ.ഡി.എയ്ക്കു സാധിച്ചു.

നിലവിൽ, കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് വേണ്ട ദുരിതാശ്വാസം നൽകുന്നതിന് പകരം കാർഷിക മേഖലയെ ഉദാരവൽക്കരിക്കുന്നതിലൂടി കോർപറേറ്റ് പ്രീണനമാണ് ബിജെപി സർക്കാർ ലക്ഷ്യം വെക്കുന്നത്.  

കർഷകരെ ഇരട്ടിചൂഷണത്തിന് വിധേയമാക്കിക്കൊണ്ട്  കോർപറേറ്റുകളുടെ കാരുണ്യത്തിലേക്ക് തള്ളി വിടുകയാണ് ഇതിലൂടെ കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നത്.
https://www.deshabhimani.com/articles/why-are-the-agriculture-bills-being-opposed/896760