കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും. അനുമതിയില്ലാതെയാണ്‌ ബോണ്ടിറക്കിയതെന്നും അത്‌ വിദേശനാണ്യ മാനേജ്‌മെന്റ്‌ (ഫെമ) നിയമത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം പ്രചരിപ്പിക്കുന്നതിനിടയിലാണ്‌ ലോക്‌സഭയിൽ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ്‌ എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിൽ തന്നെയാണ്‌ സർക്കാർ വിശദീകരണം.

മസാല ബോണ്ടിന്റെ അനുമതിക്കായി കിഫ്‌ബിക്കുവേണ്ടി ആക്‌സിസ് ബാങ്കാണ് ആര്‍ബിഐയെ സമീപിച്ചത്. ഇതിന് ആര്‍ബിഐ ഫെമ പ്രകാരം അംഗീകാരം (നിരാക്ഷേപ പത്രം) നല്‍കുകയും ചെയ്തതായി കേന്ദ്ര ധനസഹമന്ത്രി അനുരാഗ്‌ സിങ്ങ്‌ ഠാക്കൂർ മറുപടിയിൽ പറയുന്നു. ഹൈബി ഈഡന്‍, എന്‍ കെ പ്രേമചന്ദ്രന്‍, അടൂര്‍ പ്രകാശ് എന്നിവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണ് കേന്ദ്രം കിഫ്‌ബി സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കിഫ്‌ബിക്കെതിരെ സിബിഐ അന്വേഷണം നടക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദേശ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മാത്രമാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കിഫ്‌ബിയിലെയും ആക്‌സിസ് ബാങ്കിലെയും ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ഇവര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചു വരികയാണെന്നും ചോദ്യത്തിനു മറുപടിയായി കേന്ദ്ര സർക്കാർ പാര്‍ലമെന്റിനെ അറിയിച്ചു.

റിസർവ്വ്‌ബാങ്ക്‌ അനുമതി നേടി ചട്ടപ്രകാരമാണ്‌ കിഫ്‌ബി മസാലബോണ്ട്‌ ഇറക്കി പണം സമാഹരിച്ചതെന്ന്‌ സംസ്ഥാന ധനമന്ത്രി ഡോ. തോമസ്‌ ഐസക്ക്‌ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതംഗീകരിക്കാതെ കിഫ്‌ബിക്കെതിരെ തെരഞ്ഞെടുപ്പിൽ വ്യാജപ്രചരണം നടക്കുന്നതിനിടയിലാണ്‌ ആരോപണങ്ങളുടെ മുനയൊടിക്കുന്ന മറുപടി കേന്ദ്രമന്ത്രിയിൽ നിന്നുതന്നെയുണ്ടായത്‌.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *