കുട്ടിമാക്കൂലിൽ ദലിത്‌ പെൺകുട്ടികൾ ജയിയിലായതും, ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ വെളിപ്പെടുത്തലുമായി ദളിത്‌കോൺഗ്രസ്‌ നേതാവും ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിയുമായ നടമ്മൽ രാജൻ. സിപിഐ എമ്മിനെതിരെ മുൻപ്‌ രാജന്റെ കുടുംബത്തെ മുൻനിർത്തി വലിയ രീതിയിലുള്ള വ്യാജപ്രചരണങ്ങളാണ്‌ കോൺഗ്രസ്‌ സംസ്ഥാനമാകെ നടത്തിയത്‌. അന്ന്‌ ചില നേതാക്കളുടെ പ്രേരണക്ക്‌ വഴങ്ങിയാണ്‌ താനും മക്കളും ചിലത്‌ പറഞ്ഞതെന്നും രാജൻ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. കോൺഗ്രസിൽ നിന്ന്‌ രാജിവച്ച രാജൻ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കുമെന്നും അറിയിച്ചു.
“കുട്ടിമാക്കൂലിൽ സിപിഐ എം പ്രവര്‍ത്തകനെ ഓഫീസില്‍ കയറി ആക്രമിച്ചുവെന്നാരോപിച്ച് ദലിത് സഹോദരിമാരേയും കൈക്കുഞ്ഞിനേയും ജയിലിലടച്ചു, യുവതികളിലൊരാൾ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചു’ – എന്നിങ്ങനെയായിരുന്നു വാർത്തയും പ്രചരണങ്ങളും.
കുട്ടിമാക്കൂൽ സംഭവത്തിലെ പരാതിക്കാരൻ നടമ്മൽ രാജൻ സിപിഐ എ്മ്മിലെത്തുമ്പോൾ പൊളിയുന്നത്‌ കോൺഗ്രസും ഒരുവിഭാഗം മാധ്യമങ്ങളും ചേർന്ന്‌ കെട്ടിപ്പൊക്കിയ നുണക്കഥ. രാജനെയും മക്കളായ അഖില, അഞ്ജുന എന്നിവരെയും ആക്രമിച്ചെന്നാരോപിച്ചാണ്‌ സിപിഐ എമ്മിനെതിരെ മാസങ്ങളോളം വാർത്ത സൃഷ്‌ടിച്ചത്‌. ദളിത്‌പീഡന പരാതി ദേശീയതലത്തിൽ തന്നെ ഉയർത്തി.
രാഹുൽഗാന്ധി നേരിട്ട്‌ വിളിക്കുകയും ഉമ്മൻചാണ്ടിയും വി എം സുധീരനും രാഷ്‌ട്രീയദുഷ്‌ടലാക്കോടെ കുട്ടിമാക്കൂലിലേക്ക്‌ ഓടിയെത്തുകയും ചെയ്‌തു. പ്രാദേശികമായ നിസ്സാര സംഭവത്തെ രാഷ്‌ട്രീയവത്‌കരി്ച്ചത്‌ കോൺഗ്രസ്‌ നേതൃത്വമാണെന്ന്‌ കുട്ടിമാക്കൂൽ രാജൻ തുറന്നുപറഞ്ഞു. ഉത്സവമാക്കി ആഘോഷിച്ചുള്ള രാഷ്‌ട്രീയമുതലെടുപ്പാണ്‌ നടന്നത്‌. അതിന്‌ തന്നെയും കുടുംബത്തെയും കരുവാക്കി. ഇപ്പോൾ കേസ്‌ നടത്താൻ പോലും സഹായമില്ല. വക്കീൽ ഫീസടക്കം നൽകേണ്ടിവന്നു. ദളിത് അക്രമകഥയുണ്ടാക്കിയവർ കാര്യം കഴിഞ്ഞപ്പോൾ ദളിതരായ ഞങ്ങളെ കറിവേപ്പില പോലെ തള്ളിയെന്നും രാജൻ പറഞ്ഞു.
അന്ന്‌ ചില നേതാക്കളുടെ പ്രേരണക്ക്‌ വഴങ്ങിയാണ്‌ ചിലത്‌ പറഞ്ഞത്‌. വലിയ അവഗണനയാണ്‌ കോൺഗ്രസിൽ നേരിട്ടത്‌. പാർടിയിൽ സവർണാധിപത്യമാണ്‌. ന്യൂനപക്ഷ–-ദളിത്‌ വിഭാഗത്തിൽപെട്ടവരെ യോഗങ്ങളിൽ പങ്കെടുപ്പിക്കാതെ അയിത്തം കൽപിച്ച്‌ മാറ്റിനിർത്തുകയാണ്‌.
ഡിസിസി അംഗം കെ ശിവദാസന്‍, കെ സജീവന്‍, എം ദിനേശന്‍ എന്നീ പട്ടിക ജാതിക്കാരും വി കെ വി റഹീം, അനസ് ചാലില്‍, ഉസ്മാന്‍ വടക്കുമ്പാട്, ഗഫൂര്‍ മനയത്ത് തുടങ്ങിയവരും ഇത്തരത്തിൽ അവഗണന നേരിട്ടവരാണ്‌. കോൺഗ്രസ്‌ നേതാക്കളുടെ സഹകരണ സ്ഥാപനങ്ങളിൽ പട്ടിക ജാതിക്കാരെ ഭരണ സമിതിയിലും സ്റ്റാഫ് നിയമനത്തിലും പരിഗണിക്കാറില്ല.
പാർടിയിലെ പ്രശ്‌നം സംബന്ധിച്ച്‌ ഉമ്മൻചാണ്ടി, വി എം സുധീരൻ, മു്ല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കെല്ലാം കത്ത്‌ നൽകി. ആരും ഇടപെട്ടില്ല.
തലശേരി നഗരസഭ തെരഞ്ഞെടുപ്പില്‍ പാര്‍ടിക്ക് സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ ഞാനും മകളും മത്സരിച്ചിരുന്നു. എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തടഞ്ഞു. കഴിഞ്ഞ തവണത്തെ വോട്ട് പോലും കിട്ടിയില്ല. മകള്‍ മത്സരിച്ച കോമത്ത് പാറയില്‍ ബിജെപിക്ക് വോട്ട്‌മറിച്ചു. 55 വോട്ടാണ് യുഡിഎഫിന് കിട്ടിയത്.
ബിജെപിക്ക്‌ വോട്ട്‌ വിൽകുന്ന പാര്‍ട്ടിയില്‍ ഇനിയും തുടരാന്‍ ആഗ്രഹിക്കുന്നില്ല. എൽഡിഎഫ്‌ സർക്കാറിന്റെ ജനക്ഷേമ നടപടികളെ തകർക്കാനുള്ള കോൺഗ്രസ്‌ നേതൃത്വത്തിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ്‌ രാജി. കുടുംബസമേതം കോൺഗ്രസ് വിടുകയാണെന്ന് മുനിസിപ്പൽ വർക്കേഴ്‌സ്‌ യൂനിയൻ ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി കൂടിയായ കുട്ടിമാക്കൂൽ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *