നവംബർ_25_കൂത്തുപറമ്പ്_രക്തസാക്ഷിദിനം1994 നവംബർ 25 – കോൺഗ്രസ് നേതൃത്വത്തിലുള്ള UDF ഭരണ കാലം. കെ.കരുണാകരനാണ് മുഖ്യമന്ത്രി. വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ഇടതുപക്ഷ വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങൾ പ്രതിക്ഷേധവുമായി രംഗത്തിറങ്ങി. പലയിടത്തും സമരക്കാർക്കു നേരെ പോലീസ് ലാത്തിചാർജ്ജ്. പ്രക്ഷുബ്ധമായ അന്തരീക്ഷം. അപ്പോഴാണ് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ പുതിയ ജീവനക്കാരെ നിയമിക്കുന്നതിൽ ലക്ഷങ്ങളുടെ അഴിമതി നടന്നു എന്ന വാർത്ത പുറത്തുവന്നത്. പരിയാരം മെഡിക്കൽ കോളേജ് സഹകരണ മേഖലയിലെന്ന വ്യാജേന ഏതാനും വ്യക്തികളുടെ പേരിലാക്കിയതിനെതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രകടനത്തിനു നേരെ പോലീസ് ക്രൂരമായ മർദ്ദനമഴിച്ചുവിട്ടു. സഹകരണ മന്ത്രി എം.വി.രാഘവനെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കാൻ DYFI ആഹ്വാനം ചെയ്തു.1994 നവംബർ 25. കൂത്തുപറമ്പിൽ തലശ്ശേരി റോഡിലെ ആലക്കണ്ടി കോംപ്ലക്സിൽ സഹകരണ അർബൻ ബാങ്കിന്റെ സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്യാൻ മന്ത്രി എം.വി.രാഘവൻ എത്തുന്നുണ്ട്. അതിനു മുൻപ് കണ്ണൂർ റോഡിലെ ടൗൺ ഹാളിൽ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കാനാണ് പരിപാടി. അവിടെ കരിങ്കൊടി പ്രകടനം നടത്തുമെന്ന് DYFI പ്രഖ്യാപിച്ചു.അന്ന് കാലത്തു തന്നെ നൂറുകണക്കിനു DYFI പ്രവർത്തകർ കൂത്തുപറമ്പിൽ എത്തിത്തുടങ്ങി. കറുത്ത തുണിത്തുണ്ടുകളേന്തിയ ആയിരത്തിഅഞ്ഞൂറോളം പേർ ടൗൺഹാൾ പരിസരത്തേക്കു നീങ്ങി.11.40. മന്ത്രിയുടെ വാഹനവ്യൂഹം കൂത്തുപറമ്പിലെത്തുന്നു. യുവാക്കൾ കരിങ്കൊടി വീശി. “അഴിമതി മന്ത്രി രാഘവൻ ഗോ ബാക്ക് ” എന്ന മുദ്രാവാക്യം മുഴക്കി. അകമ്പടി ജീപ്പിലുണ്ടായിരുന്ന ഹക്കീം ബത്തേരി ജീപ്പിൽ നിന്നും പുറത്തിറങ്ങി. DYFl സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.വി. ജയരാജനെ കയറി പിടിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ലാത്തിചാർജ്ജിനു് ആഹ്വാനം ചെയ്തു. പിന്നീട് ക്രൂരമായ മർദ്ദനം. ഇളം അസ്ഥികൾ ഒടിഞ്ഞുതൂങ്ങി. ഇളം മാംസം റോഡിൽ ചിതറിത്തെറിച്ചു. കൂത്തുപറമ്പ് ചോരക്കളമായി മാറി. യാതൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് വെടിവെപ്പ് ആരംഭിച്ചു. ആദ്യം സഖാക്കൾ രാജീവനും ബാബുവും പുഷ്പനും വെടിയേറ്റു വീണു. തൊട്ടടുത്തു തന്നെ സഖാവ് റോഷൻ രക്തസാക്ഷിയായി. പിന്നീട് മധുവും ഷിബുലാലും വെടിയേറ്റു മരിച്ചു. ജനക്കൂട്ടത്തിനു നേരെ വെടിവെക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ മുന്നറിയിപ്പുകളും സാമാന്യ മര്യാദകളും എല്ലാം നിഷേധിക്കപ്പെട്ടു. പരിക്കേറ്റ 680 പേർ ജില്ലാ ആശുപത്രിയിലും 31 പേരെ തലശ്ശേരി ജനറൽ ആശുപത്രിയിലും ൧൭ പേരെ കൂത്തുപറമ്പ് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 7 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സഖാവ് പുഷ്പൻ ജീവിക്കുന്ന രക്തസാക്ഷിയായി മാറി.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ ജനകീയ മനുഷ്യവകാശ ട്രൈബ്യൂണൽ മുന്നോട്ടുവന്നു. കമ്മീഷൻ റിപ്പോർട്ട് തീർത്തും ഗവൺമെന്റിന് എതിരായിരുന്നു. ആയുധമണിഞ്ഞ 400 ഓളം പോലീസുകാർ നിരപരാധികളായ 1,500 ഓളം യുവാക്കളെ നേരിട്ടതിനു പിന്നിലെ മനുഷ്യത്വരാഹിത്യം റിപ്പോർട്ട് ചൂണ്ടിക്കാട്ടി.കൂത്തുപറമ്പ് രക്തസാക്ഷികൾ എന്നും ഓരോ DYFl പ്രവർത്തകന്റയും മനസ്സിലെ ജ്വലിക്കുന്ന ഓർമ്മയാണ്. സഖാവ് പുഷ്പൻ …. പുതിയ കാലഘട്ടത്തിലെ വ്യത്യസ്ഥസമരപോരാട്ടങ്ങൾക്കുള്ള അടങ്ങാത്ത ആവേശമാണ്. പ്രിയ സഖാക്കളുടെ ഒരിക്കലും മറക്കാത്ത ഓർമ്മകൾക്കു മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു. ശുഭ്ര പതാക താഴ്ത്തുന്നു. ……. കൂത്തുപറമ്പ് രക്തസാക്ഷികൾ മരിക്കുന്നില്ല. അവർ ജീവിക്കുന്നു. ഞങ്ങളിൽ ഒഴുകും ചോരയിലൂടെ …..


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *