കെഎസ്എഫ്ഇയുടെ മൊബൈൽ ആപ്ലിക്കേഷൻ സംബന്ധിച്ച് പിടിതോമസ് ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. ഇവയെല്ലാം ചില ഓൺലൈൻ ജേർണലുകളിൽ മുൻപ് വരികയും, അതിന്റെ വിശദമായ മറുപടി കെഎസ്എഫ്ഇയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നു വായിച്ചു നോക്കിയിരുന്നൂവെങ്കിൽ ശ്രീ. പി.ടി.തോമസിന് ഈ ആരോപണങ്ങൾ ഉന്നയിക്കേണ്ടി വരുമായിരുന്നില്ല.

1) എന്താണ് കെഎസ്എഫ്ഇയുടെ മൊബൈൽ ആപ്പ്?

ഏതൊരു ധനകാര്യ സ്ഥാപനത്തെയുംപോലെ കെഎസ്എഫ്ഇ ആധുനിക മുഖം ആർജ്ജിക്കുന്നതിന്റെ ഭാഗമായിട്ടാണ് മൊബൈൽ ആപ്ലിക്കേഷനും കസ്റ്റമർകെയർ പോർട്ടലും ആരംഭിക്കുന്നത്. കെഎസ്എഫ്ഇ ചിട്ടികളിൽ വരിക്കാരായിട്ടുള്ളവർക്ക് ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി പണമൊടുക്കാനും മറ്റും കഴിയുന്ന സംവിധാനമാണിത്. ഇത് എല്ലാ ധനകാര്യ സ്ഥാപനങ്ങളിലും നിലിവുള്ള ഒരു സൗകര്യമാണ്.

2) മൊബൈൽ ആപ്പ് ഡെവലപ്പ് ചെയ്യുന്നതിനുള്ള കമ്പനിയെ തെരഞ്ഞെടുത്തത് എങ്ങനെ?

കെഎസ്എഫ്ഇയ്ക്കു വേണ്ടി മൊബൈൽ ആപ്പും പോർട്ടലും നിർമ്മിക്കാൻ കരാർ നൽകിയത് പൂർണ്ണമായും നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ടാണ്. ആദ്യം താൽപ്പര്യപത്രം ക്ഷണിച്ചു. ഇതിൽ 14 കമ്പനികളാണ് പങ്കെടുത്തത്. ഈ കമ്പനികളുടെ യോഗ്യതകൾ ഒരു കമ്മിറ്റി വിശദമായി പരിശോധിക്കുകയും, 5 കമ്പനികളെ തെരഞ്ഞെടുക്കുകയും ചെയ്തു. ഇവരുടെ ഫിനാൻഷ്യൽ ബിഡ് പരിശോധിച്ച് അതിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിക്കാണ് കരാർ നൽകിയത്.

പി.ടി.തോമസിന്റെ ആരോപണം ‘വേണ്ടത്ര യോഗ്യതകൾ ഇല്ലാതിരുന്നിട്ടും 5 കമ്പനികളെ ഉൾപ്പെടുത്തി ടെണ്ടർ വിളിച്ചു. പാലിക്കേണ്ട നടപടിക്രമങ്ങൾ പോലും പാലിച്ചില്ല’.

1) യോഗ്യത ഉണ്ടോ ഇല്ലയോ എന്നു തീരുമാനിച്ചത് മറ്റാരുമല്ല. സർക്കാർ നിയോഗിച്ച കെഎസ്എഫ്ഇയ്ക്കുള്ള പർച്ചേയ്സ് കമ്മിറ്റിയാണ്. ഇങ്ങനെ അല്ലാതെ എങ്ങനെയാണ് യോഗ്യത നിശ്ചയിക്കുക?

2) കേരള സർക്കാരിന്റെ ഇ-ടെണ്ടർ സൈറ്റുവഴി മൂന്നുഘട്ടങ്ങളുള്ള പ്രക്രിയ വഴിയാണ് ഇവരെ തെരഞ്ഞെടുത്തത്. ഇനി പിടി തോമസിന്റെ ബാധ്യതയാണ് എവിടെയാണ് നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ടത്. അത് അദ്ദേഹം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

3) ആർക്കാണ് കരാർ നൽകിയത്?

AI Ware Technology Systems Private Limited എന്ന സ്റ്റാർട്ടപ്പ് കമ്പനിക്കാണ് 67.14 ലക്ഷം രൂപയ്ക്ക് കരാർ നൽകിയത്.

സുതാര്യമായ മത്സരാധിഷ്ഠിത ടെണ്ടറിലൂടെ ഈ കമ്പനിയ്ക്കു നൽകിയ കോൺട്രാക്ട് രവിപിള്ളയുടെ മകൻ അന്ന് അതിന്റെ ഷെയർഹോൾഡർ ആയിരുന്നതുകൊണ്ട് അഴിമതിയാണെന്നു വാദിക്കുന്നത് എന്ത് വിചിത്രയുക്തിയാണ്? ഇങ്ങനെ കേരളത്തിലെ ഏതെല്ലാം വ്യവസായികൾക്കാണ് പിടി തോമസിന്റെ ചിന്ത പ്രകാരം അയിത്തം കൽപ്പിക്കേണ്ടത്?

ശരിയാണ്. പി.ടി തോമസ് പറയുന്നതുപോലെ ഈ കമ്പനിയുടെ 51 ശതമാനം ഷെയർ Clear Eye എന്ന അമേരിക്കൻ കമ്പനി വാങ്ങി. ഇപ്പോൾ അതിന്റെ പേര് Clear Eye AI Private Limited എന്നാണ്. ഈ പേരു മാറ്റത്തിന് കമ്പനി രജിസ്ട്രാർ അംഗീകാരം നൽകിയിട്ടുണ്ട്. പുതുക്കിയ പേര് പ്രകാരമുള്ള കമ്പനിയുടെ രജിസ്റ്റേർഡ് വിലാസം ടെക്നോപാർക്ക് കാമ്പസിലാണ്.

മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിന്റെ സൈറ്റിൽ ലഭ്യമായ കമ്പനി മാസ്റ്റർ ഡാറ്റ അനുസരിച്ച് ഈ കമ്പനിയുടെ അടച്ചുതീർത്ത മൂലധനം 5 ലക്ഷം രൂപയാണ്. ഡയറക്ടർമാർ സച്ചിൻ സെബാസ്റ്റ്യൻ, മിഥുൻ രാധാകൃഷ്ണൻ മേനോൻ എന്നീ രണ്ടു പേരാണ്. ഈ പേരു മാറ്റത്തിനു സോഫ്ടുവെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

പിടി തോമസിന്റെ ഭാവനപോകുന്ന പോക്ക് നോക്കിക്കേ. അമേരിക്കൻ കമ്പനിയുടെ ഒരു ഡയറക്ടർക്ക് പ്രൈസ് വാട്ടർ കൂപ്പർ ഹൗസുമായി ബന്ധമുണ്ടത്രെ. കെഎസ്എഫ്ഇക്കോ കേരള സർക്കാരിനോ കമ്പനികൾ ലയിക്കുന്നതും വിൽക്കുന്നതും സംബന്ധിച്ച് ഒരു നിയന്ത്രണവും ഏർപ്പെടുത്താനാവില്ല. കൃത്യമായ ചട്ടങ്ങൾ പാലിച്ച് ടെണ്ടർ വിളിക്കാനുള്ള ഉത്തരവാദിത്വമുണ്ട്. അതു ചെയ്തിട്ടുണ്ട്.

4) കെഎസ്എഫ്ഇയുടെ കാസ്ബ സോഫ്ടുവെയർ ഓഡിറ്റ് ചെയ്യുന്നതിന് എങ്ങനെയാണ് നിബോധയെ തെരഞ്ഞെടുത്തത്?

2009 ലാണ് കെ.എസ്.എഫ്.ഇയുടെ സോഫ്ടുവെയർ ആപ്ലിക്കേഷനെ കാസ്ബ തയ്യാറാക്കുന്നതിനായി നെസ്റ്റിന് കരാർ നൽകിയത്. ഇത് പൂർണ്ണമായും നടപ്പിലായത് 2017 ൽ മാത്രമാണ്. കെഎസ്എഫ്ഇയുടെ വളർച്ചയുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന പുതിയ ആവശ്യങ്ങൾകൂടി അടിസ്ഥാനപ്പെടുത്തി കാസ്ബ ഓഡിറ്റ് ചെയ്യുന്നതിനു തീരുമാനിക്കുകയായിരുന്നു.

“10 ലക്ഷത്തിനു മുകളിലുള്ള കരാറുകൾക്ക് ടെണ്ടർ ചെയ്യണമെന്ന വ്യവസ്ഥ ലംഘിച്ചാണ്” നിബോധയ എന്ന കമ്പനിക്ക് 34 ലക്ഷം രൂപയ്ക്ക് കരാർ കൊടുത്തത് എന്നാണ് പി.ടി.തോമസിന്റെ ആരോപണം.

ഇങ്ങനെയുള്ള ഐറ്റി സേവനങ്ങൾ സ്വീകരിക്കുന്നതിന് കേരള സർക്കാർ സ്വീകരിച്ചിട്ടുള്ള കൃത്യമായ നടപടി ക്രമങ്ങളുണ്ട്. ഇതിനു ടെണ്ടർ വിളിക്കുന്നതിനും മറ്റും ചുമതലപ്പെടുത്തിയിട്ടുള്ള ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡറാണ് സി-ഡിറ്റ്. സി-ഡിറ്റ് ഇ-ടെണ്ടർ ചെയ്താണ് നിബോധയെ തെരഞ്ഞെടുത്തത്. ഈ നടപടിക്രമത്തിൽ ഒരു തെറ്റും ഇല്ല.

5) കെഎസ്എഫ്ഇയുടെ ഐറ്റി കൺസൾട്ടന്റിനെ തെരഞ്ഞെടുത്തത് ക്രമവിരുദ്ധമായിട്ടാണോ?

സെക്യുരിറ്റി ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ കാസ്ബ സോഫ്ടുവെയർ സമഗ്രമായി പരിഷ്കരിക്കേണ്ടത് അനിവാര്യമാണെന്നു കണ്ടു. അതിനാവശ്യമായ വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിനായിട്ടാണ് കൺസൾട്ടന്റിനെ നിയോഗിച്ചത്. എപിജെ അബ്ദുൾകലാം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജശ്രീ, ഐറ്റി വിദഗ്ധനായ ശൈലൻ സുഗുണൻ എന്നിവർ ഉൾപ്പെട്ട ബോർഡ് ഇന്റർവ്യൂ ചെയ്താണ് ഗിരീഷ് ബാബു എന്നയാളെ കൺസൾട്ടന്റായി നിയോഗിച്ചത്. ഒരു വർഷമാണ് ഇയാളുടെ കാലാവധി.

ഇദ്ദേഹം തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ടെക്നോളജി റോഡ് മാപ്പ് ഡോക്യുമെന്റ് അവസാനഘട്ടത്തിലാണ്. അതിന്റെ അടിസ്ഥാനത്തിൽ കെഎസ്എഫ്ഇയുടെ സോഫ്ടുവെയർ സമൂലമായി നവീകരിക്കുന്നതിന് ഓപ്പൺ ഇ-ടെണ്ടർ ചെയ്യുന്നതിനാണ് കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുള്ളത്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *