കണ്ണൂർ∙ കെപിസിസി പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടുള്ള ഫോർമുല പാളിയതോടെ കെ.സുധാകരൻ എംപി അമർഷത്തിൽ. എ.വി.ഗോപിനാഥുമായി തന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ച നേതൃത്വം വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നതും സുധാകരനെ ചൊടിപ്പിച്ചു. രണ്ടുദിവസത്തിനകം പ്രശ്നപരിഹാരമെന്ന ഉറപ്പാണു സുധാകരൻ ഗോപിനാഥിനു നൽകിയതെങ്കിലും ആ സമയപരിധിക്കുള്ളിൽ നേതൃത്വത്തിന്റെ ഇടപെടലുണ്ടായില്ല. ഡൽഹിയിലുള്ള നേതാക്കളെ ബന്ധപ്പെട്ട് സുധാകരൻ അതൃപ്തി അറിയിച്ചെന്നാണു വിവരം. തുടർച്ചയായി രാഷ്ട്രീയ തിരിച്ചടികളുണ്ടാകുന്നതിന്റെ നിരാശ വരും ദിവസങ്ങളിൽ സുധാകരന്റെ നീക്കങ്ങളിൽ പ്രതിഫലിച്ചേക്കാം.

മത്സരിക്കാനില്ലെന്നു നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂരിലേക്കു പലവട്ടം സുധാകരൻ സ്വാഗതം ചെയ്തിരുന്നു. മുല്ലപ്പള്ളിക്കു സുരക്ഷിത മണ്ഡലം ലഭിച്ചാൽ സുധാകരനു കെപിസിസി പ്രസിഡന്റ് സ്ഥാനം എന്നതായിരുന്നു ഫോർമുല. ദീർഘകാലം കണ്ണൂരിൽ ഒരുമിച്ചു പ്രവർത്തിച്ചെങ്കിലും ഇരുവരും തമ്മിൽ അത്ര നല്ല സൗഹൃദത്തിലായിരുന്നില്ല. മുല്ലപ്പള്ളിയുടെ പിതാവിനെ അധിക്ഷേപിച്ചതിന്റെ പേരിലാണു പിണറായി വിജയനെതിരെ താൻ കടുത്ത വാക്‌പ്രയോഗങ്ങൾ നടത്തിയതെന്നു സുധാകരൻ പലവട്ടം ഊന്നിപ്പറഞ്ഞതും മഞ്ഞുരുക്കാനായിരുന്നുവെന്നാണു സൂചന.

പിണറായിക്കെതിരായ പ്രയോഗത്തിൽ പിന്തുണച്ചെങ്കിലും കണ്ണൂരിലെ സ്ഥാനാർഥിത്വം എന്ന ചൂണ്ടയിൽ മുല്ലപ്പള്ളി കൊത്തിയില്ല. കെപിസിസി പ്രസിഡന്റാകുന്ന സുധാകരന്റെ ജില്ലയിൽ എംഎൽഎയായിരിക്കുന്നതിലെ അപകടവും മുല്ലപ്പള്ളി മുൻകൂട്ടി കണ്ടു. സുധാകരൻ മുല്ലപ്പള്ളിയെ കണ്ണൂരിൽ മത്സരിപ്പിക്കാൻ അമിതമായി താൽപര്യപ്പെടുന്നതിൽ ജില്ലയിലെ നേതാക്കൾ അതൃപ്തരായിരുന്നു. സുധാകരനു കെപിസിസി പ്രസിഡന്റാകാൻ വേണ്ടി മാത്രം ഉരുത്തിരിയുന്ന ഫോ‍ർമുല എന്ന നിലയ്ക്കാണ് ഈ നീക്കത്തെ ജില്ലാ നേതാക്കളിൽ ഒരു വിഭാഗം കണ്ടത്. മുല്ലപ്പള്ളിയുടെ വരവിനെ സുധാകരൻ ഒഴികെ ജില്ലയിലെ നേതാക്കളാരും സ്വാഗതം ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്. മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വത്തിനൊപ്പം തന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനവും അടഞ്ഞ അധ്യായമായി മാറിയെന്നാണു സുധാകരൻ മാധ്യമങ്ങളോടു പ്രതികരിച്ചത്. ഫോർമുലയുണ്ടായിരുന്നുവെന്നു പരോക്ഷമായി സമ്മതിക്കുക കൂടിയായിരുന്നു ഇതുവഴി.

രാഷ്ട്രീയ നീക്കങ്ങൾ തുടർച്ചയായി പരാജയപ്പെടുന്നതിനു പുറമേ, കണ്ണൂരിലും ചില അടിയൊഴുക്കുകൾ സുധാകരൻ ക്യാംപിനു തലവേദനയുണ്ടാക്കുന്നുണ്ട്. പി.കെ.രാഗേഷിനെ കോ‍ർപറേഷൻ മേയറാക്കാൻ സുധാകരൻ ക്യാംപ് നടത്തിയ ഇടപെടൽ ജില്ലയിലെ നേതാക്കൾ ഗ്രൂപ്പ് ഭേദമെന്യേ പരാജയപ്പെടുത്തിയിരുന്നു. സുധാകരന്റെ തീരുമാനമായിരുന്നു കണ്ണൂരിലെ കോൺഗ്രസിൽ കല്ലേപ്പിളർക്കുന്ന കൽപന. എന്നാൽ, മേയർ തിരഞ്ഞെടുപ്പിൽ സുധാകരനു താൽപര്യമുള്ള പി.കെ.രാഗേഷ് മേയറാകുമെന്ന ഘട്ടത്തിൽ മറ്റു രണ്ടു മേയർ സ്ഥാനാർഥികളും ഒരുമിക്കുന്ന കാഴ്ചയാണു കണ്ണൂരിൽ കണ്ടത്. ഇതിനു ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദമുണ്ടായിരുന്നുവെന്നു സുധാകരൻ ക്യാംപ് കരുതുന്നുണ്ട്.
മത്സര രംഗത്തുനിന്നു മുല്ലപ്പള്ളി സ്വയം പിൻമാറിയിട്ടും സതീശൻ പാച്ചേനിക്കു സീറ്റ് ഉറച്ചിട്ടില്ലെന്ന സുധാകരന്റെ പ്രതികരണം ഇതിന്റെ പ്രതിഫലനമാണോ എന്നും സംശയിക്കുന്നുണ്ട്. പാച്ചേനിയുടെ സാധ്യത ഉറപ്പിച്ചില്ലെന്നു മാത്രമല്ല, റിജിൽ മാക്കുറ്റിയെ പുകഴ്ത്തി രംഗത്തെത്തുകയും ചെയ്തു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായുള്ള തുടർശ്രമങ്ങൾ പരാജയപ്പെടുകയും, മുല്ലപ്പള്ളിക്കായി കൊണ്ടുവന്ന ഫോർമുല തള്ളപ്പെടുകയും പാർട്ടിയിലെ വിമതരെ തിരിച്ചുകൊണ്ടുവരാൻ നടത്തുന്ന നീക്കങ്ങൾക്കു പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്യുന്നതിന്റെ അമർഷം സുധാകരനുണ്ട്. വർക്കിങ് പ്രസിഡന്റ് എന്ന നിലയിൽ ഇത്തരം ഒത്തുതീർപ്പു ‘വർക്കു’കൾ താൻ ഇനിയും നടത്തുമെന്ന സുധാകരന്റെ പ്രസ്താവന ഇതിലുള്ള പ്രതിഷേധമായും കരുതാം

#KPCCPresident #Sudhakaran

https://www.manoramaonline.com/news/latest-news/2021/03/09/k-sudhakaran-angry-over-failing-formula-on-kpcc-president-position.html


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *