എന്താണ് KFON / കെ-ഫോൺ : കേരള ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക്? ലളിതമായ ഭാഷയിൽ എഴുതാൻ നോക്കുകയാണിവിടെ. വായിച്ച ലേഖനങ്ങളുടെയും വാർത്തകളുടെയും അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ്. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം.

ആദ്യമേ പറയട്ടെ, ഇതിനെ കെ-ഫോൺ എന്ന് വിളിക്കുന്നെങ്കിലും ഇത് ഫോൺ സംബന്ധമായ സർവീസുകൾക്ക് വേണ്ടിയുള്ള ഒരു സംരംഭമല്ല. ഫോൺ സെർവീസിനും ഉപയോഗിക്കാമെങ്കിലും, ഇന്നത്തെ കാലത്ത് ആ സാധ്യത വളരെ ചെറിയ ഒരു സാധ്യത മാത്രമാണ്. ഇത് അതുക്കും ഒത്തിരി മേലെ. ലളിതമായ ഒരു ഉദാഹരണം ഉപയോഗിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കാം. എന്നിട്ട് കെ-ഫോണിലേക്കു കടക്കാം.

നമ്മുടെ നാട്ടിൽ വാഹനങ്ങളും റോഡുകളും ഇല്ലെന്നു കരുതുക. ആൾക്കാർക്ക് യാത്ര ചെയ്യുകയും വേണം. അപ്പോൾ ഒരു കാർ കമ്പനി വരുന്നു. അവർ കേരളത്തിൽ പ്രധാന സ്ഥലങ്ങൾ ബന്ധിപ്പിച്ചു പുതിയ കുറെ റോഡുകൾ ഉണ്ടാക്കുന്നു. എന്നിട്ട് അവർ പറയുന്ന ചാർജിന് ഒരാൾ റെഡി ആണെങ്കിൽ ആ റോഡുകളിൽ കൂടി അവരുടെ കാറുകളിൽ അയാളെ കൊണ്ട് പോകുന്നു. നല്ല പൈസയും മേടിക്കുന്നു. അപ്പോൾ വേറൊരു കമ്പനി രംഗപ്രവേശം ചെയ്യുന്നു. അവരുടെ കാറുകൾ, അവരും അവരുടേതായ റോഡുകൾ ഉണ്ടാക്കുന്നു. അവർക്കും കസ്റ്റമേഴ്സിനെ കിട്ടുന്നു. പക്ഷെ, ഈ കമ്പനികളുടെ കാറിൽ പോകാൻ അവരുടെ റോഡ് നമ്മുടെ വീട്ടിന്റെ മുന്നിൽ വരെ എത്തണം. ഇല്ലെങ്കിൽ, കാർ യാത്ര എന്നത് പൈസ മുടക്കാനുണ്ടെങ്കിലും ഒരു സ്വപ്നം മാത്രം. അപ്പോൾ ഗവണ്മെന്റ് ഒരു തീരുമാനമെടുക്കുന്നു. കേരളം മുഴുവൻ എത്തുന്ന റോഡുകളുടെ ഒരു ശൃംഖല ഉണ്ടാക്കുന്നു. ഏതു കാർ കമ്പനിയ്ക്കും അതുപയോഗിയ്ക്കാം, പക്ഷെ ഒരു ചാർജ് ഗവണ്മെന്റിനു കൊടുക്കണം. റോഡുകൾ ഉണ്ടാക്കേണ്ട ഭീമമായ തുക കമ്പനികൾക്ക് ലാഭിക്കാം. അതിന്റെ ലാഭം ഉപഭോക്താവിനും കൊടുക്കാം, കുറഞ്ഞ ചാർജ് ആയി. ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് പോകേണ്ട കാറുകളും ഈ വഴി പോകാം; എല്ലാ ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾക്കും ഒരു കമ്പനി ആയാൽ ആ കമ്പനിയിൽ നിന്നും ചാർജിൽ ഇളവ് മേടിക്കാം. ഇനി കാറിൽ പോണമെന്നു ആഗ്രഹമുള്ള, എന്നാൽ അതിനുള്ള പൈസ കയ്യിലില്ലാത്ത ആൾക്കാർക്ക് വേണ്ടി ഗവൺമെന്റിന് കുറഞ്ഞ ചെലവിൽ കാർ നൽകുന്ന ഒരു കമ്പനിയുമായി കൈകോർക്കാം; എന്നിട്ട്, അവർക്ക് ചെറിയ തുക കൊടുത്തിട്ട്, പാവപ്പെട്ടവർക്ക് കാർ യാത്ര സാധ്യമാക്കാം! ഇവിടെ പറഞ്ഞ കാർ കമ്പനികളാണ് കെഫോണിന്റെ കാര്യത്തിൽ ഇന്റെര്നെറ്റ് സേവനദാതാക്കൾ. കാർ യാത്രക്കാരാണ് ഇന്റർനെറ്റ് ഉപഭോക്താക്കൾ. ഈ ഉദാഹരണത്തിൽ ഗവണ്മെന്റ് ഉണ്ടാക്കിയ റോഡുകളുടെ വൻ ശൃംഖലയാണ് കെ-ഫോൺ!

കെ-ഫോൺ എന്നത് ലളിതമായി പറഞ്ഞാൽ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ പ്രധാനമായും കേബിൾ ടി വി പോലെയുള്ള സേവനങ്ങൾ അനുബന്ധമായും നൽകാൻ വേണ്ടിയുള്ള കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഒരു ഒപ്റ്റിക്കൽ ഫൈബർ കേബിൾ നെറ്റ്‌വർക്ക് ആണ്. വിശദീകരിക്കാം. അതുണ്ടാക്കുന്നത് ഗവൺമെന്റ് രൂപീകരിച്ച ഒരു സ്ഥാപനമാണ് എന്നതാണ് ഇവിടത്തെ ഹൈലൈറ്റ്.

ഇപ്പോളത്തെ കേരളത്തിൽ ഇന്റർനെറ്റ് സർവീസുകൾ കിട്ടുന്നത് രണ്ട് രീതിയിലാണ്. ഒന്ന് മൊബൈൽ ഇന്റർനെറ്റ്, പിന്നെ കേബിൾ ബേസ്‌ഡ് ഇന്റർനെറ്റ്. മൊബൈൽ ഇന്റർനെറ്റ് നൽകുന്ന കമ്പനികൾ കുറെയുണ്ട്. ജിയോ, എയർടെൽ, VI, BSNL അങ്ങനെ. ഇവയ്ക്കു പലതിനും പലയിടത്തും പല രീതിയിലാണ് റേഞ്ചും സ്പീഡും. പിന്നെയുള്ളത് കേബിൾ വഴി കിട്ടുന്ന ഇന്റർനെറ്റ് ആണ്. BSNL., ഏഷ്യാനെറ്റ്, റയിൽവയർ, ജിയോ തുടങ്ങിയ കമ്പനികളാണ് ഈ സേവനം നൽകുന്നത്. കേബിൾ ഇന്റർനെറ്റ് താരതമ്യേന കൂടുതൽ വിശ്വാസയോഗ്യവും അതുകൊണ്ടുതന്നെ ഓഫീസുകൾ, വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് കൂടുതൽ അനുയോജ്യവുമാണ്. പക്ഷെ, മൊബൈൽ ഇന്റർനെറ്റിന്റെ അതിപ്രസരത്തിൽ കേബിൾ ഇന്റർനെറ്റ് വേണ്ട പോലെ കേരളത്തിൽ വികസിച്ചിട്ടില്ലെന്നു പറയേണ്ടി വരും.

നല്ല രീതിയിൽ സർവീസ് കിട്ടണമെങ്കിൽ തീർച്ചയായും കൂടുതൽ പൈസ ഉപഭോക്താക്കൾ ചിലവാക്കണം. ഒപ്പം, മൊബൈൽ ഇന്റർനെറ്റ് ആണെങ്കിൽ കമ്പനികൾ ടവറുകളുടെ എണ്ണവും ശക്തിയും കൂട്ടണം. ബ്രോഡ്ബാൻഡ് ആണെങ്കിൽ കമ്പനികൾ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്വന്തം കേബിൾ നെറ്റ്‌വർക്ക് വിപുലപ്പെടുത്തണം. അതായത് കമ്പനികൾ പൈസ ഇൻവെസ്റ്റ് ചെയ്യണം, എന്നാലേ ഉപഭോക്താവിന് കിട്ടുന്ന ഇന്റർനെറ്റിന്റെ ശക്തിയും സ്ഥിരതയും കൂടൂ. അങ്ങനെ ഇൻവെസ്റ്റ് ചെയ്യുമ്പോൾ അതിൽ നിന്നും ലാഭവും വേണം.

ഇതൊക്കെക്കൊണ്ടാണ് പ്രൈവറ്റ് കമ്പനികൾക്ക് പോലും ഒരു പരിധിക്കപ്പുറം ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ കഴിയാത്ത; പ്രത്യേകിച്ചും കേബിൾ. പ്രധാന നഗരങ്ങൾക്ക് പുറത്ത് കേബിൾ ഇന്റർനെറ്റ് സർവീസ് ഇപ്പോഴും കുറവാണ്, നമ്മുടെ നാട്ടിൽ.
കേബിളിൽ തന്നെ ബ്രോഡ്ബാൻഡും ഒപ്റ്റിക്കൽ ഫൈബറും ഉണ്ട്. ഇപ്പോൾ കേരളത്തിൽ ഇന്റർനെറ്റ് പ്രൊവൈഡേഴ്സ് കൂടുതലും കൊടുക്കുന്നത് ബ്രോഡ്ബാൻഡ് ആണ്. ജിയോ ഉണ്ടാക്കിയെടുക്കുന്നത് ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് ആണ്. ഒപ്റ്റിക്കൽ ഫൈബറിന് കൂടുതൽ ഇന്റർനെറ്റ് സ്പീഡ് കിട്ടും.

എന്താണ് കെ-ഫോൺ?

ഇതുവരെ ഒരു കമ്പനിയ്ക്ക് കേബിൾ ഇന്റർനെറ്റ് അവരുടെ വരിക്കാർക് എത്തിക്കണമെങ്കിൽ വലിയ കേബിൾ നെറ്റ്‌വർക്ക് വേണം. അതുണ്ടാക്കാൻ നല്ല പൈസ ചെലവാണ്. തന്നെയുമല്ല, അതിൽ നിന്നും ലാഭം കിട്ടിത്തുടങ്ങാൻ വർഷങ്ങൾ എടുക്കും. വമ്പൻ കമ്പനിയായ ജിയോ യ്ക്ക് പോലും കേരളത്തിൽ കുറച്ചു സ്ഥലങ്ങളിലെ കേബിൾ നെറ്റ്‌വർക്ക് എത്തിക്കാൻ പറ്റിയിട്ടുള്ളൂ. ഇപ്പോൾ കേരളത്തിൽ സ്പീഡ് കൂടിയ, വിശ്വാസയോഗ്യമായ കേബിൾ ഇന്റർനെറ്റ് വേണമെങ്കിൽ നമ്മുടെ സ്ഥലത്ത് എത്തിയിട്ടുള്ള നെറ്റ്‌വർക്ക് ഉള്ള ഏതെങ്കിലും കമ്പനിയിൽ നിന്നും അവർ പറയുന്ന ചാർജിന് നമ്മൾ ഇന്റർനെറ്റ് വരിക്കാറായാലേ പറ്റുകയുള്ളൂ. തന്നെയുമല്ല, കൂടുതൽ പൈസ മുടക്കി വലിയ നെറ്റ്‌വർക്ക് ഉണ്ടാക്കാൻ പറ്റുന്ന കമ്പനികൾക്ക് കൂടുതൽ വരിക്കാരെയും കിട്ടും, ചാർജ്ഉം കൂട്ടാം. കൂടുതൽ പൈസ മുടക്കിയാൽ കുത്തകയാകാം, അതിന്റെ മുകളിൽ മുതലെടുപ്പും നടത്താം.

ഈ അവസരത്തിലാണ് കേരള സർക്കാർ വിപ്ലവകരമായ ഒരു പദ്ധതി കൊണ്ട് വരുന്നത്. കേരളം മുഴുവൻ, ആദ്യ ഘട്ടത്തിൽ24000 കിലോമീറ്റർ വരുന്ന ഒരു അതിവേഗ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് ആദ്യമേ അങ്ങുണ്ടാക്കുന്നു. അതിന് “കെ-ഫോൺ” എന്ന് പേരും. കെ-ഫോണുമായി കൈകോർക്കുന്ന ഏതു ഇന്റർനെറ്റ് കമ്പനിക്കും കെഫോൺ നെറ്റ്‌വർക്ക് ഉപായിയോഗിച്ച് സേവനങ്ങൾ ജനങ്ങളിൽ എത്തിക്കാം. കെ-ഫോൺ കമ്പനിയ്ക്ക് ഒരു ചാർജ് കൊടുക്കേണ്ടി വരും, പക്ഷെ ഒരു കമ്പനിയ്ക്കും ശതകോടികളുടെ നെറ്റ്‌വർക്ക് തനിയെ ഉണ്ടാക്കേണ്ടി വരില്ല.

കെ-ഫോണിന്റെ ഉപയോഗങ്ങൾ എന്തൊക്കെ?

കേരളം, ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച അതിവപുരോഗമന സ്വഭാവമുള്ള സംസ്ഥാനമാണ്. അവിടെ സമൂഹത്തിന്റെ താഴെക്കിടയിലുള്ള ജനങ്ങൾക്ക് ഇന്റർനെറ്റ് കിട്ടാൻ സർക്കാർ ഇടപെടുന്നുണ്ട് ഈ പദ്ധതിയിൽ കൂടി. നെറ്റ്‌വർക്ക് ഉണ്ടാകുന്നതോട് കൂടി കെ-ഫോണിന് ഇന്റർനെറ്റ് കമ്പനികളുമായി കരാർ ഉണ്ടാക്കാൻ പറ്റും – അതായത്, 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് കൊടുക്കണം, പക്ഷെ കേബിൾ നെറ്റ്‌വർക്ക് ഞങ്ങളുടേത് ഉപയോഗിക്കാം. അപ്പോൾ ചിലവ് വളരെ കുറയും; സർക്കാരിന് അങ്ങനെ വളരെ കുറഞ്ഞ ചെലവിൽ കിട്ടുന്ന ഇന്റർനെറ്റ് സേവനങ്ങൾ സൗജന്യമായി അർഹതപ്പെട്ടവർക്ക് എത്തിക്കാൻ പറ്റും.

കേരളം ഗവണ്മെന്റ്(വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, സ്കൂളുകൾ അങ്ങനെയങ്ങനെ എടുക്കുമ്പോൾ) ആയിരിക്കും കേരളത്തിലെ ഏറ്റവും വലിയ ഒറ്റ ഇന്റർനെറ്റ് ഉപഭോക്താവ്. ഇപ്പോൾBSNL പോലെയുള്ള കമ്പനികളുടെ ഇന്റർനെറ്റ് കണക്ഷൻ ആണ് ഓരോ ഓഫിസിലും പ്രത്യേകം പ്രത്യേകം എടുത്തിരിക്കുന്നതും മാസവാടക നൽകുന്നതും. കെഫോൺ പദ്ധതിയിൽ കൂടി കേരളത്തിലെ എല്ലാ ഗവണ്മെന്റ് ഓഫീസുകളെയും ഒരു പുതിയ നെറ്റ്‌വർക്കിൽ കൊണ്ടുവരാം. ഫലം പലതാണ്. 1 – ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഈ ഓഫീസുകളിലെല്ലാം ഇന്റർനെറ്റ് എത്തിക്കാം. 2 – കേബിൾ നെറ്റ്‌വർക്ക് ചെലവ് സർക്കാർ വഹിക്കുന്നതിനാൽ ഇന്റർനെറ്റ് ചാർജ് നല്ല രീതിയിൽ കുറയ്ക്കാം. 3 – ഏറ്റവും കുറഞ്ഞ തുകയ്ക്ക് ഇന്റർനെറ്റ് തരുന്ന കമ്പനിയുമായി കേരളാടിസ്ഥാനത്തിൽ കരാറിലേർപ്പെടാൻ കഴിയും. ചെലവ് കുറയ്ക്കാം.

ഒപ്റ്റിക്കൽ ഫൈബർ കേബിൾ നെറ്റ്‌വർക്കിന്റെ സാദ്ധ്യതകൾ അപാരമാണ്. ആ നെറ്റ്‌വർക്ക് ഭാഗികമായി ഉപയോഗിച്ച് കൊണ്ട് ഏതു കമ്പനിയ്ക്കും കേബിൾ ടി വി സർവീസ് നാട്ടുകാർക്ക് നൽകാം. മൊബൈൽ ടവറുകൾ ലിങ്ക് ചെയ്യാനും പദ്ധതിയുണ്ടെന്ന് തോന്നുന്നു ഇതുമായി; അങ്ങനെ മൊബൈൽ ഇന്റർനെറ്റ് സർവീസിന്റെ ക്വാളിറ്റിയും കൂടും.

ഇതിനെല്ലാമുപരി, പൈസ കൊടുത്ത് ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന ഇപ്പോഴത്തെയും ഇനി വരാനിരിക്കുന്നതുമായ കേബിൾ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സ്പീഡിൽ, കുറഞ്ഞ തുകയിൽ സേവനം ലഭിക്കും. ഈ നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ ഇന്റർനെറ്റ് കമ്പനികൾക്ക് സ്വന്തം നെറ്റ്‌വർക്ക് ഉണ്ടാക്കേണ്ടതില്ലാത്തതിനാൽ അതിന്റെ മെച്ചം ഉപഭോക്താവിന് ലഭിക്കും. സാമ്പത്തികശാസ്ത്രത്തിലെ വാക്കുകൾ കടമെടുത്താൽ കമ്പനികൾക്ക്CAPEX നെOPEX ആക്കി മാറ്റാം.

അഴിമതി നടക്കാൻ സാധ്യതയുള്ളത് ഈ കേബിൾ നെറ്റ്‌വർക്ക് ഉണ്ടാക്കുന്ന സമയത്താണ്; അത് കഴിഞ്ഞു. ഇതുവരെ അഴിമതി ഇല്ലെങ്കിൽ ആ ഘട്ടത്തിൽ അഴിമതി ഇല്ലെന്ന് ഉറപ്പിക്കാം. ഇനി ഉള്ള ഘട്ടങ്ങളിൽ അഴിമതിയ്ക്ക് ഒരു സ്കോപ്പും ഞാൻ കാണുന്നില്ല.

നിർത്തുന്നതിന് മുൻപ് ഒരു കാര്യം കൂടി. ഇതിനെ തുരങ്കം വയ്ക്കാനുള്ള ഏതൊരാളുടെയും ശ്രമം തടയപ്പെടുകതന്നെ വേണം. കാരണം ഇനി എങ്ങാനും ഭരണം മാറിയാൽ ഈ കേബിൾ എല്ലാം വലിച്ചൂരിയെടുത്ത് എ കെ ജി സെന്ററിൽ കൊണ്ടുപോയി വയ്ക്കുന്ന രീതിയിലല്ല ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മറിച്ച് ഇന്റർനെറ്റ് വിപ്ലവത്തിന്റെ നാളേയ്ക്ക് വേണ്ടിയാണ്. സമാനതകളില്ലാത്തതാണ് ഈ പദ്ധതി. ചിന്തിക്കൂ!

ജ്യോതിഷ്, ആറ്റിങ്ങൽ.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *