നിലവില്‍ പ്രതിവര്‍ഷം 1500 മുതല്‍ 1700 കോടി രൂപ വരെ സർക്കാർ നൽകുന്ന ധനസഹായത്തെ ആശ്രയിക്കാതെ മുന്നോട്ടു പോകാൻ അടുത്ത 3 വർഷത്തിനുള്ളിൽ പ്രാപ്തമാാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം.

ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുന്നതിനും, സ്ഥാപനത്തിന്‍റെയും ജീവനക്കാരുടെയും ഉന്നമനത്തിനും അനിവാര്യമായ മാറ്റങ്ങൾ ഇതിൻ്റെ ഭാഗമായുണ്ടാകും.

റീസ്ട്രക്ചര്‍ 2.0 നടപ്പിലാക്കുന്നതിനായി ജീവനക്കാരുടെ പൂര്‍ണ്ണ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് താഴെപറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കും.

കെഎസ്ആര്‍ടിസിയില്‍ 01-7-2016 മുതലുളള ഒന്‍പത് ഗഡു ഡിഎ കുടിശ്ശികയാണ്. ഇതില്‍ മൂന്നു ഗഡു ഡിഎ 2021 മാര്‍ച്ച് മാസം നല്‍കും.

2016 മുതല്‍ അര്‍ഹമായ ശമ്പളപരിഷ്ക്കരണം 2021 ജൂണ്‍ മാസം മുതല്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കും.

ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തുശതമാനമെങ്കിലും സ്ഥാനക്കയറ്റം നല്‍കുന്നത് പരിഗണിക്കും.

ആശ്രിത നിയമനത്തിന് അര്‍ഹതയുളളവരെ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തില്‍ ഒഴിവുളള തസ്കയിലേയ്ക്ക് പരിഗണിക്കും.

ജീവനക്കാരുടെ ശമ്പള റിക്കവറികള്‍, ബാങ്കുകള്‍, എല്‍ഐസി, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, കെഎസ്എഫ്ഇ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് അടയ്ക്കുന്നതിനുള്ള ഇനത്തില്‍ 30-6-2020-ലെ കണക്കുപ്രകാരം 2016 മുതല്‍ കുടിശ്ശികയുളള 225 കോടി രൂപ ഈ വര്‍ഷം നല്‍കും.

സര്‍ക്കാര്‍ ഇതുവരെ വായ്പയായി നല്‍കിയ 3197.13 കോടി രൂപ സര്‍ക്കാര്‍ ഇക്വിറ്റിയായി മാറ്റണമെന്നതും അതിന്‍മേലുളള പലിശയും പിഴപലിശയും ചേര്‍ന്ന 961.79 കോടി രൂപ എഴുതിതള്ളണമെന്നതും തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

കിഫ്ബി വായ്പ ലഭ്യമാക്കി എല്‍എന്‍ജി, സിഎന്‍ജി, ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കുന്നതിന്‍റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി.യുടെ കീഴില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിച്ച് ഉത്തരവായിട്ടുണ്ട്. അതിന്‍റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും.

പിരിച്ചുവിട്ട താല്‍ക്കലിക വിഭാഗം ഡ്രൈവര്‍, കണ്ടക്ടര്‍മാരില്‍ 10 വര്‍ഷത്തിന്‍മേല്‍ സര്‍വീസുള്ള അര്‍ഹതയുളളവരെ ആദ്യഘട്ടമായി കെ.യു.ആര്‍.ടി.സി.യില്‍ സ്ഥിരപ്പെടുത്തും. ബാക്കി 10 വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരെ ഘട്ടംഘട്ടമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കും.

ഒരു റവന്യൂ ജില്ലയില്‍ ഒരു പ്രധാന ഡിപ്പോയില്‍ മാത്രം ഭരണനിര്‍വ്വഹണ ഓഫീസ് (14 ഓഫീസുകള്‍) കളുടെ എണ്ണം നിജപ്പെടുത്തും.

കെ.എസ്.ആര്‍.ടി.സി.യുടെ ഡിപ്പോകളില്‍ പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ 76 ഡിപ്പോകളില്‍ പൊതുമേഖലാ എണ്ണകമ്പനികളുമായി ചേര്‍ന്ന് പെട്രോള്‍, ഡീസല്‍ ഔട്ട്ലെറ്റുകള്‍ ആരംഭിക്കും. ഇതിലേക്ക് ഏകദേശം 600 മെക്കാനിക്കല്‍ ജീവനക്കാരെ നിയോഗിക്കും.

മേജര്‍ വര്‍ക്ക്ഷോപ്പുകളുടെ എണ്ണം 14 ആയും, സബ്ഡിവിഷന്‍ വര്‍ക്ക്ഷോപ്പുകളുടെ എണ്ണം 6 ആയും പുനര്‍ നിര്‍ണ്ണയിക്കും. നിലനിര്‍ത്തുന്ന 20 വര്‍ക്ക്ഷോപ്പുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും.

ഹാള്‍ട്ടിങ് സ്റ്റേഷനുകളില്‍ വൃത്തിയുളള വിശ്രമ മുറികള്‍ ക്രൂവിന് ഒരുക്കും.

ഭരണവിഭാഗം ജീവനക്കാരെ അഡ്മിനിസ്ട്രേറ്റീവ്, അക്കൗണ്ടിങ് വിഭാഗങ്ങളായി പുനഃക്രമീകരിക്കും. ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രമോഷന്‍ സാധ്യതകള്‍ സൃഷ്ടിക്കും.

കിഫ്ബിയുമായി സഹകരിച്ച് വികാസ് ഭവന്‍ ഡിപ്പോ നവീകരണവും വാണിജ്യസമുച്ചയ നിര്‍മാണവും കെടിഡിസിയുമായി സഹകരിച്ച് മൂന്നാറില്‍ ഹോട്ടല്‍ സമുച്ചയവും ആരംഭിക്കും.

ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഷോപ്സ് ഓണ്‍ വീല്‍സ്, കെ.എസ്.ആര്‍.ടി.സി ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ പരസ്യം തുടങ്ങിയ വിവിധ പദ്ധതികള്‍ ആരംഭിക്കും.

ഈ നടപടികളെല്ലാം കെഎസ്ആർ സിയുടെ നിലവിലുള്ള പ്രതിസന്ധികൾ പരിഹരിച്ച് മുന്നോട്ടു പോകാൻ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *