സംസ്ഥാനത്ത് നിലവിലുള്ള സൂക്ഷ്മ ഇടത്തരം ചെറുകിട സംരംഭങ്ങളുടെ (MSME) എണ്ണം 1.40 ലക്ഷമാണ്. ഇതിൽ 60,000-ഓളം സംരംഭങ്ങൾ 2016ന് ശേഷം രൂപീകരിച്ചവയാണ്. അതായത്, ആകെയുള്ള MSMEകളുടെ നാൽപ്പത് ശതമാനവും ഈ സർക്കാരിന്റെ കാലത്ത് തുടങ്ങിയതാണ്. പുതിയ സംരംഭങ്ങൾ വഴി രണ്ട് ലക്ഷത്തിലെറെ തൊഴിലുകളാണ് ഈ കാലയളവിൽ സൃഷ്ടിക്കപ്പെട്ടത്. 5000 കോടി രൂപയുടെ നിക്ഷേപവും ലഭിച്ചു.

സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 300ൽ നിന്നും 3200 ആയാണ് കഴിഞ്ഞ നാലര വർഷത്തിനിടെ വർദ്ധിച്ചത്. ആയിരം കോടിയിലേറെ രൂപയുടെ നിക്ഷേപമാണ് ഈ കാലയളവിൽ സ്റ്റാർട്ടപ്പ് മേഖലക്ക് ലഭിച്ചത്.

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നിതി ആയോഗ് തയ്യാറാക്കിയ ഇന്ത്യ ഇന്നൊവേഷൻ സൂചികയിൽ കേരളം ആദ്യസ്ഥാനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. വ്യവസായസൗഹൃദമല്ല കേരളം എന്ന പൊതുബോധത്തെ കൃത്യമായ ഇടപെടലുകളിലൂടെ തിരുത്തിയെടുക്കുകയാണ് കേരളം. ഇന്നൊവേഷൻ ഇൻഡക്സ് പ്രകാരം രാജ്യത്തെ ഏറ്റവും മികച്ച ബിസിനസ്‌ അന്തരീക്ഷമുള്ള സംസ്ഥാനം നമ്മുടെ സംസ്ഥാനമാണ്. നൂതനാശയങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിലും കേരളമാണ്‌ ഒന്നാമത്‌. ഇന്ത്യ ഇന്നൊവേഷൻ സൂചികയിലെ ആകെ കണക്കുകളിൽ കേരളം അഞ്ചാം സ്ഥാനവും നേടി. കഴിഞ്ഞ വർഷം ആറാമതായിരുന്നു.

സംസ്ഥാനത്തെ സമ്പൂർണ്ണ നിക്ഷേപസൗഹൃദമാക്കാൻ പിണറായി സർക്കാർ സ്വീകരിച്ച നടപടികൾക്കുള്ള അംഗീകാരമാണ്‌ ഈ നേട്ടം. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി നടത്തിയ നിയമനിർമ്മാണങ്ങളിലൂടെ സംസ്ഥാനത്ത് നിലനിന്നിരുന്ന ഇരുപതോളം നിയമങ്ങളിലാണ് ഭേദഗതി വരുത്തിയത്. തദ്ദേശസ്ഥാപനങ്ങളുടെ പെർമിറ്റുകളും ലൈസൻസുകളും വൈദ്യുതി കണക്ഷനുകളുമൊക്കെ ലഭിക്കാനുള്ള നടപടികൾ ലളിതമാക്കി. നിശ്ചിതസമയത്തിനുള്ളിൽ പുതിയ സംരംഭകരുടെ അപേക്ഷകളിൽ അനുമതികൾ ലഭിച്ചില്ലെങ്കിൽ അവ ലഭിച്ചുവെന്ന് കണക്കാക്കപ്പെടുന്ന രീതിയിൽ നിയമഭേദഗതി നടപ്പായി.

ഇങ്ങനെ, എൽ ഡി എഫ്‌ സർക്കാരിനു കീഴിൽ സംസ്ഥാനത്ത്‌ നിക്ഷേപം നടത്തുകയെന്നത്‌ അതിലളിതമായി. ബിസിനസ്‌ സേവനങ്ങൾ ഓൺലൈനാക്കിയതിൽ കേരളം 100 പോയിന്റ്‌ നേടി. ഈ സർക്കാർ തുടങ്ങിയ കെ-സ്വിഫ്റ്റ് എന്ന ഓൺലൈൻ പോർട്ടൽ വഴി ആറായിരത്തിലേറെ സംരംഭകർക്കാണ് വേഗത്തിലുള്ള സേവനങ്ങൾ ലഭിച്ചത്.

വ്യവസായവികസനത്തിൽ പുതിയ ദിശയിലെ മുന്നേറ്റമാണ് പിണറായി സർക്കാർ കേരളത്തിന് നൽകിയത്. കൊച്ചി-ബംഗളുരു വ്യവസായ കോറിഡോർ, കൊച്ചിയിലെ ഗിഫ്റ്റ് സിറ്റി, പെട്രൊകെമിക്കൽ പാർക്ക്, പാലക്കാട്ടെയും ചേർത്തലയിലെയും മെഗാ ഫുഡ് പാർക്കുകൾ, ഒറ്റപ്പാലത്തെ ഡിഫൻസ് പാർക്ക്, തിരുവനന്തപുരത്തെ മെഡിക്കൽ ഡിവൈസ് പാർക്ക് എന്നിങ്ങനെ കേരളത്തിന്റെ വ്യവസായമേഖലയിൽ വിപ്ലവത്തിനാണ് പിണറായി വിജയനും ഇ.പി. ജയരാജനും നേതൃത്വം നൽകുന്നത്. കാലങ്ങളായി മുടങ്ങിക്കിടന്ന പവർ ഹൈവെ നിർമ്മാണവും ഗെയിൽ പൈപ്പ് ലൈനും യാഥാർത്ഥ്യമാക്കിയതും ദേശീയപാതാ വികസനം തടസങ്ങൾ നീക്കി ട്രാക്കിലാക്കിയതും കേരളത്തെ സംബന്ധിച്ച മനോഭാവത്തിൽ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. പ്രളയവും കോവിഡുമൊക്കെ സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലാണ് ഈ കുതിപ്പ് ഇവർ സംസ്ഥാനത്തിന് സമ്മാനിച്ചതെന്നോർക്കണം. ഈ നാട്ടിലെ യുവജനങ്ങളുടെയും നാളത്തെ തലമുറയുടെയും ഭാവി സുരക്ഷിതമാക്കുന്നതിനുള്ള നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും കൈമുതലാക്കിയവർക്ക് ഒരു പ്രതിസന്ധിയും തടസമല്ല.

മുന്നോട്ടാണ് നമ്മുടെ പ്രയാണം. ആ പ്രയാണം തുടരണം. അതിന് ഈ നേതൃത്വത്തിനും തുടർച്ച വേണം.

നവകേരളം


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *