എന്തുകൊണ്ട് കേരളത്തിന് ഒരു ഓങ്കോളജി ഫാർമ പാർക്ക്? കാരണം ക്യാൻസർ രോഗികളുടെ എണ്ണം കേരളത്തിൽ പെരുകുകയാണ്. മെഡിക്കൽ കോളേജുകളിലെ ഓങ്കോളജി ഡിപ്പാർട്ട്മെന്റുകളും കൊച്ചിയിലെ പുതിയ ക്യാൻസർ ആശുപത്രിയും പൂർത്തിയാകുന്നതോടെ കേരളത്തിലെ രോഗികളുടെ 75-80 ശതമാനം പേർക്ക് പൊതു ആരോഗ്യ മേഖലയിൽ ചികിത്സ നൽകാനാകും. ഇത് അഭിമാനകരമായ കാര്യമാണെങ്കിലും ദുർവഹമായ ഭാരം സംസ്ഥാന ഖജനാവിനു വരുത്തും. ഏറ്റവും വലിയ ചെലവ് മരുന്നിനാണ്. ഈ മരുന്നുകളാവട്ടെ ബഹുരാഷ്ട്ര കുത്തകകളുടെ നിയന്ത്രണത്തിലും. മരുന്നുകളുടെ വില വർദ്ധിപ്പിക്കാൻ ചില്ലറ ഭേദഗതികളോടെ പുതിയ മരുന്നുകൾ ഉണ്ടാക്കുകയും അവയ്ക്കെല്ലാം താങ്ങാനാവാത്തവിധം വില വർദ്ധിപ്പിക്കുന്നത് അവരുടെ പതിവാണ്. സാധാരണഗതിയിലുള്ള ക്യാൻസർ രോഗചികിത്സയ്ക്ക് പേറ്റന്റ് കാലം കഴിഞ്ഞ പല മരുന്നുകളും വളരെ ഫലപ്രദമാണ്. പിന്നെ ജനറൽ ഡ്രഗ്ഗുകൾ നമുക്ക് ബൾക്കായിത്തന്നെ ഉണ്ടാക്കാനും കഴിഞ്ഞാൽ ചെലവ് ഗണ്യമായി കുറയ്ക്കാനാവും.
കെഎസ്ഡിപിക്കുതന്നെ ഇതിന്റെ നല്ലൊരു അനുഭവമുണ്ടായി. അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരാകുന്നവർ എല്ലാ ദിവസവും കഴിക്കേണ്ടി വരുന്ന മരുന്നുകൾക്കു ചുരുങ്ങിയത് 250 രൂപ ചെലവുവരും. ഇതിൽ 9 എണ്ണം കെഎസ്ഡിപി ഇപ്പോൾ നിർമ്മിച്ചു കഴിഞ്ഞു. സ്റ്റെറിലിറ്റി ടെസ്റ്റ് കഴിഞ്ഞു. ബയോ ഇക്വലൻസി ടെസ്റ്റ് പൂർത്തിയായാൽ വിപണിയിൽ ലഭ്യമാക്കും. ലാഭമടക്കം 50 രൂപയിൽ അപ്പുറം വരില്ല. ഈ അനുഭവം ക്യാൻസർ മരുന്നുകളിലേയ്ക്കും പകർത്തി നോക്കാം.
ആഗോള ക്യാൻസർ മരുന്നുകളുടെ വിൽപ്പന ഈ പതിറ്റാണ്ട് അവസാനിക്കും മുമ്പ് 20,000 കോടി ഡോളർ കവിയും. ഇതിനെ 70 കൊണ്ട് ഗുണിച്ചു നോക്കിക്കേ 1.4 ലക്ഷം കോടി രൂപ. ഇതാണ് ഈ മാർക്കറ്റിന്റെ വലിപ്പം. എത്ര ഭീമമായ കൊള്ളയാണ് നടക്കുന്നതെന്ന് ചിന്തിക്കൂ. ഈ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്കു മാത്രമല്ല, ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങൾക്ക് കേരളം ചെലവ് കുറഞ്ഞ മരുന്നുകളുടെ സ്രോതസ്സായി മാറണം. ആഗോള മൂലധന ശക്തികൾക്കെതിരായ കേരളത്തിന്റെ ഒരു ബദലായിട്ട് ഈ ഇടപെടൽ ഉയരും.ഇന്ത്യയിലെ പൊതുമേഖല ഔഷധ നിർമ്മാണ കമ്പനികളെല്ലാം ബിജെപി സർക്കാർ വിറ്റുതുലയ്ക്കുമ്പോൾ കെഎസ്ഡിപിയുടെ ഈ ഉയർത്തെഴുന്നേൽപ്പ് ഇടതുപക്ഷ ബദലിന്റെ ഉത്തമദൃഷ്ടാന്തമായി മാറും. നോൺ ബീറ്റാലാക്ടം പ്ലാന്റിന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞു. 2021ൽ നമ്മൾ ആദ്യത്തെ മരുന്നു കയറ്റുമതി നടത്തും.
ഓങ്കോളജി മരുന്നുകൾ നിർമ്മിക്കുന്നതിന് പ്രത്യേക പ്ലോട്ടുകൾ തന്നെ വേണമെന്നു നിഷ്കർഷയുള്ളതുകൊണ്ടാണ് കെഎസ്ഡിപിയുടെ സമീപത്തുള്ള സഹകരണ വകുപ്പിന്റെ സ്ഥലം പദ്ധതിക്കായി തെരഞ്ഞെടുത്തത്. മൂന്നു കെട്ടിടങ്ങളാണുള്ളത്. ഒന്ന്) ഓങ്കോളജി പ്രൊഡക്ഷൻ ബ്ലോക്ക്, രണ്ട്) ബയോടെക് പ്രൊഡക്ഷൻ ബ്ലോക്ക്, മൂന്ന്) അഡ്മിനിസ്രേട റ്റീവ് ബ്ലോക്കും ലാബും എന്നിങ്ങനെയാണ്. ഇവയുടെ പുറകിൽ രണ്ട് പ്ലോട്ടുകളെങ്കിലും ഓങ്കോളജിയുമായി ബന്ധപ്പെട്ട രണ്ടു നിക്ഷേപകർക്കുവേണ്ടി മാറ്റിവയ്ക്കും. മൂന്നു വർഷംകൊണ്ട് പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കും.
0 Comments