2800 മെഗാവാട്ടാണ് നിലവിൽ കേരളത്തിലെ വൈദ്യുതി ഇറക്കുമതിശേഷി. ആഭ്യന്തര ഉൽപ്പാദനം പരമാവധി 1400 മെഗാവാട്ടാണ്. 4200 മെഗാവാട്ടിന്റെ ഈ ശേഷിയിലേക്ക് 2000 മെഗാവാട്ടിന്റെ ഇറക്കുമതിശേഷി കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ് ഇന്ന്. റായ്ഗഡ് – പുഗലൂർ വൈദ്യുതഗ്രിഡിൽ നിന്നും 2000 മെഗാവാട്ട് വൈദ്യുതി തൃശൂർ മാടക്കത്തറ സബ്സ്റ്റേഷനിലേക്ക് എത്തിക്കുന്ന പുഗലൂർ – മാടക്കത്തറ HVDC ലൈനിന്റെയും മാടക്കത്തറയിലെ സബ്സ്റ്റേഷന്റെയും കമ്മീഷനിങ് പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും.

ഇതോടെ 6200 മെഗാവാട്ട് വൈദ്യുതി ഉപയോഗപ്പെടുത്താവുന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്തെ വൈദ്യുതമേഖല ഉയരുകയാണ്. കേരളത്തിൽ പരമാവധി 4000 മെഗാവാട്ടാണ് വൈദ്യുതി ആവശ്യകത. വർഷംതോറുമുള്ള ശരാശരി ലോഡ് വർധന കണക്കാക്കിയാൽ 25 വർഷത്തേക്കുള്ള വൈദ്യുതി ആവശ്യകത കണക്കാക്കിയുള്ള പദ്ധതിയാണ് പൂർത്തിയാകുന്നത്. പ്രസരണനഷ്ടം കുറവായ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്ന ഹൈവോൾട്ടേജ് ഡയറക്ട് കറന്റാണ് (എച്ച്‌വിഡിസി) മാടക്കത്തറയിലെത്തുക. ഇത് എസിയാക്കിമാറ്റി 400 കെവി വഴിയാണ് വിതരണം. മാടക്കത്തറയ്‌ക്കൊപ്പം കൊച്ചിയിലും ഈ വൈദ്യുതി എത്തിക്കും.

ലോഡ് ഷെഡിങ്ങോ പവർകട്ടോ ഇല്ലാത്ത ഒരു കേരളം എന്ന സ്വപ്നം ശാശ്വതമാക്കപ്പെടുകയാണ്. മുടങ്ങിക്കിടന്നിരുന്ന ഇടമൺ – കൊച്ചി ലൈൻ പൂർത്തീകരിച്ചതിനൊപ്പം ദേശീയഗ്രിഡിൽ നിന്നും കൂടുതൽ വൈദ്യുതി സംസ്ഥാനത്തേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികൾ പൂർത്തീകരിക്കപ്പെടുകയാണ്. ഉടുപ്പി, കാസർകോട്, വയനാട്, അരീക്കോട്, തൃശൂർ, കൊച്ചി, കോട്ടയം, ഇടമൺ, തിരുവനന്തപുരം എന്ന 400 കെവി പവർഹൈവേ യാഥാർഥ്യമാക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. കിഫ്ബി സഹായത്തോടെ പുരോഗമിക്കുന്ന ട്രാൻസ്ഗ്രിഡ് പദ്ധതിയും ദ്യുതി പദ്ധതിയും പൂർത്തിയാകുന്നതോടെ ഗുണമേന്മയുള്ള വൈദ്യുതി ഓരോ ഉപഭോക്താവിനും ഉറപ്പാക്കപ്പെടും.

മണിയാശാനും KSEBയും ചേർന്ന് കേരളത്തിൽ വൈദ്യുതവിപ്ലവമാണ് തീർക്കുന്നത്. നവകേരളത്തിന്റെ കുതിപ്പിനാവശ്യമായ ഊർജ്ജലഭ്യത ഉറപ്പാക്കപ്പെടുകയാണ്. കാൽ നൂറ്റാണ്ട് കാലം മുന്നിൽ കണ്ടുള്ള ഈ മുന്നേറ്റത്തിന് അഭിവാദ്യങ്ങൾ.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *