കേരളത്തില്‍ 1957 മുതല്‍ രണ്ടായിരത്തി പതിനൊന്നു വരെയുള്ള പോളിംഗ് ശതമാനം, വിവിധ മുന്നണികള്‍ക്ക്, പാർട്ടികള്‍ക്ക് കിട്ടിയ വോട്ടുകള്‍ സർക്കാർ ഏതൊക്കെ എന്നിവയെ കുറിച്ചുള്ള വിശകലനം.
1957ലെ ആദ്യ കേരളനിയമസഭാ തെരഞ്ഞെടുപ്പിൽ 65.49% പോളിങ്ങ് നടന്നു. ആറ് ദിവസമായി നടത്തിയ ഈ തെരഞ്ഞെടുപ്പ് ലോകസഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചുള്ളതായിരുന്നു. 114 മണ്ഡലങ്ങളിൽ, 126 സീറ്റിലേക്കായി നടത്തിയ ഈ തെരഞ്ഞെടുപ്പിൽ പന്ത്രണ്ടിടത്ത് രണ്ട് സാമാജികരെ വീതം തെരഞ്ഞെടുക്കാവുന്ന രീതിയിലായിരുന്നു.അതായത് പന്ത്രണ്ടു മണ്ഡലങ്ങള്‍, സംവരണം ഉറപ്പാക്കാന്‍ വേണ്ടി ദ്വയാംഗ മണ്ഡലങ്ങള്‍ ആക്കിയിരുന്നു. ഒരു സീറ്റിൽ സംവരണ സ്ഥാനാർത്ഥിയും മറ്റേ സീറ്റിൽ ജനറൽ സ്ഥാനാർത്ഥിയും മത്സരിച്ചു. പതിനൊന്ന് സീറ്റ് പട്ടികജാതി വിഭാഗത്തിനും ഒരു സീറ്റ് പട്ടികവർഗ്ഗ വിഭാഗത്തിനുമായി സംവരണം ചെയ്തിരുന്നു. ഫലപ്രഖ്യാപനം നടത്താനായി ഇരുപതു ദിവസം വേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 124 സീറ്റില്‍ 65 സീറ്റാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കിട്ടിയത്. കോണ്‍ഗ്രസ്സ് 43, പി.എസ്.പി 9, മുസ്ലീം ലീഗ് 8, സ്വതന്ത്രർ 1 എന്നിങ്ങനെയായിരുന്നു മറ്റ് രാഷ്ടീയ കക്ഷികളുടെ സീറ്റു നില.. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസ്ഭയ്ക്കെതിരെ കോൺഗ്രസ്സും കൂട്ട് കക്ഷികളും ചേര്‍ന്ന് എല്ലാ ജാതി, മത ശക്തികളെയും കൂട്ടിയോജിപ്പിച്ച് ‘വിമോചനസമരം’ നടത്തിയാണ് ആദ്യത്തെ കേരള സര്‍ക്കാരിനെ അട്ടിമറിച്ചത്. അതിനു കോണ്‍ഗ്രസ് കേന്ദ്രത്തെ കൂട്ട് പിടിച്ചു , ഇന്ത്യന്‍ പ്രധാന മന്ത്രി ജവാഹര്‍ലാല്‍ നെഹ്റു തന്നെ ഈ അട്ടിമറിക്ക് കൂട്ടുനിന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലുള്ള പലരും ഇതിനെതിരെയായിരുന്നെങ്കിലും മകള്‍ ഇന്ദിര ഗാന്ധിയുടെ കടുത്ത സമ്മര്‍ദത്തിനു വഴങ്ങി നെഹ്റു കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തു.കേരളത്തിലെ ഭക്ഷ്യക്കമ്മി നികത്താൻ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങൾ, അതിനെ തുടർന്നു ഉണ്ടായ ആരോപണങ്ങള്‍ എന്നിവ കൂടാതെ ഭൂവുടമസ്ഥതാബന്ധങ്ങളിൽ സമഗ്രമായ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട കാർഷിക ബില്ലും ഈ സമരത്തിനുള്ള പ്രധാന കാരണങ്ങളായി. വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനോടുള്ള എതിർപ്പ് മറ്റൊരു പ്രധാന കാരണമായിരുന്നു. കമ്മ്യൂണിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ പുത്തന്‍ രീതികളെ കുറിച്ച് കേരളത്തിലെ പരമ്പരാഗത സമൂഹത്തിലെ പലവിഭാഗങ്ങൾക്കും ഉണ്ടായിരുന്ന ആശങ്കയും വിമോചന സമരത്തെ സഹായിച്ചു. സിറോ മലബാർ കത്തോലിക്കാ സഭ, നായർ സർവ്വീസ് സൊസൈറ്റി(എൻ.എസ്.എസ്), മുസ്ലീം ലീഗ് എന്നിവ ആയിരുന്നു വിമോചന സമരം സംഘടിപ്പിക്കാന്‍ നേതൃത്വം കൊടുത്തത്.ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ 1959 ജൂലൈ 31 നു ഭരണഘടനയുടെ 356 വകുപ്പ് അനുസരിച്ച് കേരളത്തിലെ ഇ. എം. എസ് സർക്കാരിനെ പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.
കേരളത്തിലെ രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടന്നത് 1960ലാണ്. 126 സീറ്റിലേക്കായി നടന്ന ആ തെരഞ്ഞെടുപ്പില്‍ 85.7% പോളിംഗ് നടന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി, ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്, പ്രജാസോഷ്യലിസ്റ്റ് പാർട്ടി ഭാരതീയ ജനസംഘം, മുസ്ലീംലീഗ് എന്നീ പാർട്ടികള്‍ മത്സരിച്ചു. കമ്യുണിസ്റ്റ് പാർട്ടി മത്സരിച്ച 108 സീറ്റില്‍ 29 എണ്ണത്തിൽ വിജയിക്കുകയും 39.14 % വോട്ടു പിടിക്കുകയും ചെയ്തു. കോൺഗ്രസ് 80 സീറ്റില്‍ മത്സരിച്ച് 63 സീറ്റുകളിൽല്‍ ജയിക്കുകയും 34.42% വോട്ടു കരസ്ഥമാകക്കുകയും ചെയ്തു. 14.14% വോട്ടു പിടിച്ച പ്രജാ സോഷ്യലിസ്റ്റ് പാർട്ടി 33 സീറ്റില്‍ മത്സരിച്ച 20 സീറ്റില്‍ വിജയിച്ചു. മുസ്ലീം ലീഗിന് മത്സരിച്ച 12 സീറ്റില്‍ 11 ഇടത്തു വിജയവും 4.96% വോട്ടും ലഭിച്ചു. കോൺഗ്രസ്സും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും ചേർന്ന് സർക്കാർ രൂപികരിക്കുകയും പട്ടം താണുപിള്ള കേരളത്തിന്റെ മുഖ്യമന്ത്രി ആവുകയും ചെയ്തു.

1964ല്‍ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു 1965ലേത്. കമ്മ്യൂണിസ്റ്റ് പാർട്ടി സി.പി.ഐ.(എം), സി.പി.ഐ. എന്നിങ്ങനെ രണ്ടു പാർട്ടികളായാണ് മത്സരിച്ചത്. കൂടാതെ കോൺഗ്രസ് പിളർന്നു കേരള കോൺഗ്രസ് എന്നൊരു പാർട്ടി കൂടി കേരളത്തില്‍ രൂപപ്പെട്ടു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പിളർന്നു ജോർജ് ഫെർണാണ്ടസിന്‍റെ നേതൃത്വത്തിലുള്ള എസ്.എസ്.പി (സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി) കൂടി 1965ൽ നടന്ന തെരഞ്ഞെടുപ്പില്‍ പങ്കാളിയായി. (1972 എസ്.എസ്.പി പ്രജാസോഷ്യലിസ്റ്റ് പാർട്ടിയിലേക്ക് തിരിച്ചു പോവുകയും സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) എന്ന പേരില്‍ പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്തു.) ഇത് കൂടാതെ മുസ്ലീം ലീഗ് കൂടി 1965ലെ തെരഞ്ഞെടുപ്പിൽ പങ്കാളിയായി. കോൺഗ്രസ് 133 സീറ്റില്‍ മത്സരിച്ച് 36 ഇടത്ത് വിജയച്ചപ്പോള്‍, സി.പി.ഐ. 79 സീറ്റില്‍ മത്സരിച്ച് ദയനീയമായി മൂന്ന് സീറ്റിലേക്ക് ഒതുങ്ങി. പക്ഷെ സി.പി.ഐ.(എം). 73 സീറ്റില്‍ മത്സരിച്ച് 40 സീറ്റ് നേടി പിളർപ്പിനു ശേഷം അവരുടെ ശക്തി തെളിയിച്ചു. കേരള കോൺഗ്രസ് 54 സീറ്റില്‍ മത്സരിച്ച് 23 സീറ്റ് നേടിയപ്പോൾ, മുസ്ലീം ലീഗ് 16ല്‍ 6 സീറ്റും, എസ്.എസ്.പി. 29ല്‍ 13 ഉം, 174 സ്വതന്ത്രർ മത്സരിച്ചതിൽ 12 പേരും വിജയിച്ചു. അത്തവണ 133 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പിൽ പോളിംഗ് 75. 12% ആയിരുന്നു. 13 സീറ്റുകള്‍ സംവരണ സീറ്റുകളായിരുന്നു. പത്തു സ്ത്രീകള്‍ മത്സരിച്ചതില്‍ മൂന്ന് പേർ വിജയിച്ചു. അതില്‍ രണ്ടു പേർ സി.പി.ഐ.(എം). സ്ഥാനാർത്ഥികള്‍ ആയിരുന്ന സുശീലാ ഗോപാലനും കെ. ആർ. ഗൌരിയമ്മയും ആയിരുന്നു. മൂന്നാമത്തേത് കേരള കോൺഗ്രസ്സിലെ കെ. ആർ. സരസ്വതിയമ്മ ആയിരുന്നു. ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കൂട്ട്മുന്നണി വിജയിക്കാതിരിക്കുകയും ചെയ്തത് കൊണ്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും 1967ൽ വീണ്ടും തെരഞ്ഞെടുപ്പു നടത്തുകയും ചെയ്തു.
രണ്ടു വർഷത്തെ രാഷ്ട്രപതി ഭരണത്തിന് ശേഷം 1967ല്‍ വീണ്ടും തെരഞ്ഞെടുപ്പു നടന്നു. ആ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.(എം), സി.പി.ഐ, എസ്.എസ്.പി, മുസ്ലീം ലീഗ് തുടങ്ങിയ ഏഴു കക്ഷികള്‍ ചേർന്ന് “United Front” എന്ന പേരില്‍ സപ്തകക്ഷി മുന്നണി രൂപീകരിച്ചാണ് മത്സരിച്ചത്. അതേസമയത്ത് കോൺഗ്രസ്സും, കേരള കോൺഗ്രസ്സും വെവ്വേറെ കക്ഷിയായിട്ടാണ് മത്സരിച്ചത്. 67% ആയിരുന്നു അത്തവണത്തെ പോളിംഗ്. 133 മണ്ഡലങ്ങളില്‍ ഉണ്ടായിരുന്നതില്‍ 13 സീറ്റുകള്‍ സംവരണം ആയിരുന്നു. ഭാരതീയ ജനസംഘം 22 സീറ്റില്‍ മത്സരിച്ചുവെങ്കിലും ഒരു സീറ്റ് പോലും നേടിയില്ല. സി.പി.ഐ.(എം) 59 സീറ്റില്‍ മത്സരിച്ചു 52 സീറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ച്ചവച്ചപ്പോള്‍ സി.പി.ഐ 22 ല്‍ 19 എണ്ണം നേടി. മുസ്ലീം ലീഗ് 15 ല്‍ പതിനാലും ആ തെരഞ്ഞെടുപ്പില്‍ നേടി. കേരള കോൺഗ്രസ് 61 സീറ്റില്‍ മത്സരിച്ചു 5 സീറ്റ് നേടിയപ്പോള്‍ കോൺഗ്രസ് 133 സീറ്റിലും മത്സരിച്ചു ആകെ 9 സീറ്റ് നേടി ദയനീയ അവസ്ഥയിലേക്ക് കൂപ്പു കുത്തി. 21 സീറ്റില്‍ മത്സരിച്ച സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 19 സ്ഥലത്ത് വിജയം കണ്ടു. 14 മന്ത്രിമാര്‍ അടങ്ങുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്‍റെ രണ്ടാമത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ആ വർഷം മാര്ച്ച് നാലിന് നിലവില്‍ വന്നു. ഈ മന്ത്രിസഭയില്‍ മുസ്ലീം ലീഗ് മന്ത്രിയും ഉണ്ടായിരുന്നു. പ്രതിപക്ഷനേതാവ് കെ. കരുണാകരന്‍ ആയിരുന്നു. എഴു സ്ത്രീകള്‍ മത്സരിച്ചതില്‍ ഒരാള്‍ മാത്രമാണു വിജയിച്ചു നിയമസഭയിലെത്തിയത്. അരൂരില്‍നിന്നും സി.പി.ഐ.എമ്മിന് വേണ്ടി മത്സരിച്ച കെ.ആർ. ഗൌരിയമ്മയായിരുന്നു ആ ഒറ്റയാള്‍. സി.പി.ഐ.(എം), സി.പി.ഐ തർക്കങ്ങളും, മുന്നണിയിലെ പടലപിണക്കങ്ങളും കാരണം ഇ.എം.എസ് മന്ത്രി സഭ രാജി വയ്ക്കുകയും സി.പി.ഐ യുടെ നേതൃത്വത്തില്‍ പുറത്തുനിന്നുള്ള കോൺഗ്രസ് സപ്പോർട്ട് കൂടി സ്വീകരിച്ചു സി. അച്ചുതമേനോന്‍ 1969 നവംബർ ഒന്നിന് എട്ടംഗ മന്ത്രിസഭാ രൂപീകരിക്കുകയും ചെയ്തു. എന്നാല്‍ മുന്നണിയില്‍ പിന്നേയും ഉണ്ടായ പടലപിണക്കങ്ങള്‍ കാരണം 1970 ജൂണ്‍ 26ന് നിയമസഭ പിരിച്ചുവിട്ടു. 1970 ആഗസ്ത് ഒന്നിന് അച്യുതമേനോന്‍ മന്ത്രിസഭ രാജിവച്ചു.
1970ലും 133 സീറ്റുകളിലാണ് തെരഞ്ഞെടുപ്പു നടന്നത്. ഇത്തവണ 13ല്‍ നിന്നും ഒന്നു കുറഞ്ഞ് 12 സീറ്റുകളേ സംവരണ മണ്ഡലങ്ങള്‍ ആയി നിലനിര്‍ത്തിയുള്ളൂ. സി.പി.ഐ, സി.പി.ഐ.(എം), കോൺഗ്രസ്, മുസ്ലീം ലീഗ്, ഭാരതീയ ജനസംഘം, പി.എസ്.പി, ആർ.എസ്.പി അങ്ങിനെ പ്രമുഖ പാർട്ടികള്‍ എല്ലാം തന്നെ മത്സരരംഗത്ത് ഉണ്ടായിരുന്നു. 75.07 % ആയിരുന്നു അത്തവണ പോളിംഗ്. സി.പി.ഐ 29 സീറ്റില്‍ മത്സരിച്ചു, 16 ഇടത്ത് ജയിച്ചു. സി.പി.ഐ.(എം) 73ല്‍ 29 സീറ്റ് നേടി. കേരള കോൺഗ്രസ് 31 സീറ്റില്‍ മത്സരിച്ച് 12 സീറ്റ് നേടിപ്പോൾ പി.എസ്.പിക്ക് എഴില്‍ മൂന്ന് സീറ്റാണു കിട്ടിയത്. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 14 സീറ്റില്‍ മത്സരിച്ചു, ആറു സീറ്റ് നേടി. 52 സീറ്റില്‍ മത്സരിച്ച കോൺഗ്രസ് 30 സീറ്റുകള്‍ നേടിയപ്പോള്‍ മുസ്ലീം ലീഗ് ഇരുപതില്‍ പതിനൊന്നും ആർ.എസ്.പി പതിനാലില്‍ ആറും സീറ്റുകള്‍ നേടി. എന്നാല്‍ ഇത്തവണയും ഭാരതീയ ജനസംഘത്തിനു സീറ്റുകളൊന്നും ലഭിച്ചില്ല. 16 സ്വതന്ത്രർ വിജയിച്ചു. ആകെ രണ്ടു സ്ത്രീകളാണു ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. അരൂരില്‍ നിന്നും സി.പി.ഐ.എമ്മിന്റെ കെ.ആര്‍. ഗൗരിയമ്മയും മുവാറ്റുപുഴയില്‍ നിന്നും കേരള കോണ്ഗ്രസ്സിന്റെ പെണ്ണമ്മ ജേക്കബും ആയിരുന്നു നിയമസഭയിലെത്തിയ സ്ത്രീകള്‍. 1970 ഒക്ടോബര്‍ നാലിനു സി. അച്യുതമേനോന്‍റെ നേതൃത്വത്തില്‍ 23 അംഗ മന്ത്രിസഭയ്ക്ക് സി.പി.ഐ രൂപം കൊടുത്തു. 1975 ഒക്ടോബര്‍ 21ന് നിയമസഭയുടെ കാലാവധി അവസാനിക്കേണ്ടതായിരുന്നു. മൂന്നുതവണയായി ആറുമാസം വീതം 1977 മാര്‍ച്ച് വരെ കാലാവധി നീട്ടി. മുസ്ലീം ലീഗും കേരള കോൺഗ്രസ്സും ആർ.എസ്.പിയും ഈ മന്ത്രിസഭയില്‍ അംഗമായിരുന്നു. കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ മന്ത്രിസഭയില്‍ ചേർന്നില്ല. 1971ല്‍ കോണ്‍ഗ്രസിന്റെ മന്ത്രിമാർകൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആർ.എസ്.പിയുടെ കേന്ദ്ര നേതൃത്വം ഇതിനെതിരെ ആയിരുന്നു. അത് സമ്മതിക്കാന്‍ കേരളത്തിലെ ആർ.എസ്.പി ഒരുക്കമായിരുന്നില്ല. തുടർന്ന് ആർ.എസ്.പി പിളരുകയും കേരളത്തിലെ ആർ.എസ്.പി കേരള ആർ.എസ്.പി എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം 1975ലെ അടിയന്തിരാവസ്ഥയായിരുന്നു. ജനാധിപത്യ അവകാശങ്ങളും പൌരസ്വാതന്ത്ര്യവും കുഴിച്ചു മൂടി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്രസർക്കാർ ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ കേരളം ഭരിച്ചിരുന്നത് അച്ചുതമേനോന്‍റെ നേതൃത്വത്തില്‍ സി.പി.ഐ സർക്കാർ ആയിരുന്നു. 1977 മാർച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. മണ്ഡല പുനഃസംഘടനയെ തുടർന്ന് മണ്ഡലങ്ങളുടെ എണ്ണം 133ല്‍ നിന്ന് 140 ആയപ്പോള്‍ അതില്‍ 14 സീറ്റുകള്‍ സംവരണമണ്ഡലങ്ങള്‍ ആയിരുന്നു. ആ തെരഞ്ഞെടുപ്പിൽ 79.19% ആയിരുന്നു കേരളത്തിലെ പോളിംഗ്. 558 പുരുഷന്മാരും പതിനൊന്നു സ്ത്രീകളും മത്സരിച്ചതില്‍ 139 പുരുഷന്മാരും ഒരു ഒരു വനിതയും വിജയിച്ചു. സി.പി.ഐക്ക് വേണ്ടി മത്സരിച്ച ഭാർഗവി തങ്കപ്പന്‍ മാത്രമാണ് അത്തവണ നിയമസഭ കണ്ട വനിതാ സ്ഥാനാർത്ഥി. കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ളിംലീഗ്, ആർ.എസ്.പി, കേരള കോണ്‍ഗ്രസ് എന്നിവയടങ്ങിയ ഐക്യമുന്നണിയാണ് മത്സരിച്ചത്. എന്‍.ഡി.പിയും പി.എസ്.പിയും ഈ സഖ്യത്തെ പിന്താങ്ങി. ഈ സഖ്യം 111 സീറ്റില്‍ വിജയിച്ചു. കോണ്‍ഗ്രസ്–38, സിപിഐ–23, കേരള കോണ്‍ഗ്രസ്–20, മുസ്ളിംലീഗ്–13, ആർഎസ്പി–9, എന്‍ഡിപി–5, പിഎസ്.പി–3 എന്നിങ്ങനെയായിരുന്നു സീറ്റുനില. പ്രതിപക്ഷ പാർടികളില്‍ സി.പി.ഐ.എമ്മിന് 17, ഭാരതീയ ലോക്ദളിന് 6, മുസ്ളിംലീഗ് വിമത വിഭാഗത്തിന് 3, കേരള കോണ്‍ഗ്രസ് വിമതർക്ക് 2, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് സീറ്റ് ലഭിച്ചത്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു, തുടർന്നു രാജന്‍ കേസിലെ ഹൈക്കോടതി പരാമർശത്തെ തുടർന്നു കരുണാകരന്‍ രാജിവയ്കുകയും ഏപ്രിലില്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായി ആവുകയും ചെയ്തു. 1978 ഒക്ടോബർ മാസം എ.കെ. ആന്റണി രാജിവച്ചു. ചിക്കമംഗളൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി സ്ഥാനാര്‍ത്ഥിയായതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. ആന്റണിക്കു പകരം സി.പി.ഐയുടെ പി.കെ. വാസുദേവന്‍ നായർ മുഖ്യമന്ത്രിയായി അധികാരമേറ്റ് പുതിയ സർക്കാർ നിലവില്‍ വന്നു. ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം എന്ന സി.പി.ഐ തീരുമാനപ്രകാരം കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച് പി.കെ. വാസുദേവന്‍ നായർ മന്ത്രി സഭയില്‍ നിന്ന് 1979 ഒക്ടോബറില്‍ രാജി വക്കുകയും തുടർന്നു മുസ്ലീം ലീഗിലെ സി. എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായി പുതിയ സർക്കാർ നിലവില്‍ വരികയും ചെയ്തു. പക്ഷെ ഡിസംബറില്‍ മുന്നണിക്കുള്ളിലെ ആഭ്യന്തര വിഷയങ്ങള്‍ കാരണം സര്‍ക്കാര്‍ രാജിവയ്ക്കുകയും നിയമസഭപിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു.
1980 ജനുവരി മാസം കേരളത്തില്‍ തെരഞ്ഞെടുപ്പു നടന്നു. 72.23% ആയിരുന്നു പോളിംഗ്. പതിമൂന്ന് വനിതകള്‍ മത്സരിച്ചതില്‍ അഞ്ചു പേർ വിജയിച്ച് നിയമസഭയില്‍ എത്തി. പി. ദേവൂട്ടി, കെ.ആർ. ഗൌരിയമ്മ എന്നിവർ സി.പി.ഐ.എമ്മില്‍ നിന്നും ഭാർഗവി തങ്കപ്പന്‍ സി.പി.ഐ സ്ഥാനാർത്ഥിയായും കെ. കമലം ജനതാപാർട്ടി സ്ഥാനാർത്ഥിയായും കെ. സരസ്വതിയമ്മ സ്വതന്ത്ര സ്ഥാനാർത്ഥിയായും മത്സരിച്ചു ജയിച്ചാണ് നിയമസഭയില്‍ എത്തിയത്. മുന്നണിയായിട്ടാണ് ഇത്തവണ പാർട്ടികള്‍ ഇലക്ഷനെ നേരിട്ടത്. സി.പി.ഐ.(എം) നേതൃത്വം കൊടുത്ത ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ കോണ്‍ഗ്രസ് യു, കേരള കോണ്‍ഗ്രസ് എം, സി.പി.ഐ, കേരള കോണ്‍ഗ്രസ് പിള്ള, അഖിലേന്ത്യാ മുസ്ളിംലീഗ്, ആർഎസ്.പി എന്നിവയും, കോൺഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, കേരള കോണ്‍ഗ്രസ് (ജെ), പിഎസ്.പി, എന്‍.ഡി.പി, എസ്.ആർ.പി. ഇന്നിവർ ഉള്‍പ്പെട്ട ഐക്യജനാധിപത്യമുന്നണിയും മത്സരിച്ചു. സി.പി.ഐ.(എം)–35, കോണ്‍ഗ്രസ് യു–21, സിപിഐ–17, കേരള കോണ്‍ഗ്രസ് എം–8, ആർ.എസ്.പി–6, അഖിലേന്ത്യാമുസ്ളിംലീഗ്–5 ഇങ്ങിനെ ആയിരുന്നു ഇടതുപക്ഷ മുന്നണിയുടെ കക്ഷി നില. ഈ തെരഞ്ഞെടുപ്പില്‍ 140 സീറ്റില്‍ ഇടതുപക്ഷത്തിനു 93 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു. കോണ്‍ഗ്രസ്–17, മുസ്ളിംലീഗ്–14, കേരള കോണ്‍ഗ്രസ് (ജെ)–6, ജനതാപാർടി–5, എന്‍.ഡി.പി–5, പി.എസ്.പി–1, എന്നായിരുന്നു ഐക്യജനാധിപത്യമുന്നണിയുടെ സീറ്റ് നില. വ്യക്തമായ ഭൂരിപക്ഷം ലഭിച്ച ഇടതുമുന്നണി ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ ജനുവരി അവസാന വാരം മന്ത്രിസഭ രൂപികരിച്ചു അധികാരത്തിലേറി. ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പു നടന്നു. ഇന്ദിര ഗാന്ധി അധികാരത്തിൽ എത്തി. 1981 ഒക്ടോബർ മാസം16നു ആന്റണി കോണ്‍ഗ്രസ് ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിച്ചു. ഒക്ടോബർ 20ന് കേരള കോണ്‍ഗ്രസ് എമ്മും ഇടതുപക്ഷത്തിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടർന്നു കേരളത്തില്‍ മന്ത്രിസഭ പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മും ഐക്യമുന്നണിയില്‍ എത്തിയതിനെ തുടർന്നു 1981 ഡിസംബർമാസം കോണ്‍ഗ്രസ് ഐ നേതാവ് കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റു. പക്ഷെ പുകയല്‍ തുടര്‍ന്നു കൊണ്ടിരുന്ന കരുണാകരന്‍ സർക്കാരിനുള്ള പിന്തുണ ലോനപ്പന്‍ നമ്പാടന്‍ പിന്‍വലിച്ചതിനെ തുടർന്നു 1982 മാർച്ച് 17ന് സർക്കാർ രാജിവച്ചു.
1982ല്‍ 140 നിയസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടന്നതില്‍ പതിനാലെണ്ണം സംവരണമണ്ഡലങ്ങള്‍ ആയിരുന്നു. പതിനേഴു സ്ത്രീകള്‍ മത്സരിച്ചതില്‍ നാല് പേർ മാത്രമാണ് വിജയിച്ചത്, സി.പി.ഐ.(എം) സ്ഥാനാർത്ഥികളില്‍ പി. ദേവൂട്ടി, കെ.ആർ. ഗൌരിയമ്മ എന്നിവരും സി.പി.ഐയുടെ ഭാർഗവി തങ്കപ്പനും സ്വതന്ത്രയായി മത്സരിച്ച എം. കമലവും നിയമസഭയില്‍ എത്തി. 73.51% ആയിരുന്നു അത്തവണത്തെ പോളിംഗ്. ഐക്യജനാധിപത്യമുന്നണിയില്‍ നിന്നും മത്സരിച്ച ഐ. കോൺഗ്രസ്സിനു 20 സീറ്റും എ. കോൺഗ്രസ്സിനു 15 സീറ്റും മുസ്ലീം ലീഗിന് 14 സീറ്റും ലഭിച്ചു. കൂടാതെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് – 6, കേരള കോൺഗ്രസ് ജോസഫ് – 8 ജനതപാർട്ടി – 4 എന്‍.ഡി.പി – 4 എസ്.ആർ.പി -2 സീറ്റും ശ്രീകണ്ടന്‍ നായരുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ആർ.എസ്.പി വിഭാഗത്തിന് 2 സീറ്റും പി.എസ്.പി, ഡി.എല്‍.പി, സ്വതന്ത്രർ എന്നിവർക്ക് എല്ലാം കൂടി ഓരോ സീറ്റ് വീതവും ലഭിച്ചു. ആകെ ഐക്യമുന്നണിക്ക് 77 സീറ്റുകളും ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് 63 സീറ്റുകളും ലഭിച്ചു സി.പി.ഐ.(എം), സി.പി.ഐ എന്നീ പാർട്ടികള്‍ക്ക് യഥാക്രമം 28 ഉം 13 ഉം സീറ്റുകള്‍ ലഭിച്ചു. സോഷ്യലിസ്റ്റ് കോൺഗ്രസ് പാർട്ടിക്ക് 7 സീറ്റും ആർ.എസ്.പിക്കും ആള്‍ ഇന്ത്യ മുസ്ലീം ലീഗിനും നാല് സീറ്റുകള്‍ വീതവും ഡമോക്രാറ്റിക്ക് സോഷ്യലിസ്റ്റ് പാർട്ടിക്ക് ഒരു സീറ്റും കിട്ടി. കൂടാതെ രണ്ടു ഇടതു സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചു. 69 സീറ്റുകളില്‍ മത്സരിച്ച ഭാരതീയ ജനതാപാർട്ടിക്ക് ഈ തെരഞ്ഞെടുപ്പിലും സീറ്റുകള്‍ ഒന്നും ലഭിച്ചില്ല, അവർക്ക് കിട്ടിയ വോട്ടുകള്‍ 263331. ഐക്യമുന്നണിക്ക് 4617505 വോട്ടുകളും ഇടതുമുന്നണിക്ക് 4523928 വോട്ടുകളും ലഭിച്ചു. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായും സി.എച്ച്. മുഹമ്മദ് കോയ ഉപമുഖ്യമന്ത്രിയായും ഐക്യജനാധിപത്യമുന്നണി സർക്കാർ 24 മേയ് 1982ല്‍ അധികാരത്തില്‍ വന്നു, 1987 മാർച്ച് 24ന് ഈ സർക്കാരിന്റെ കാലാവധി തീർന്നു.

1987 മാർച്ച് 23നായിരുന്നു കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടന്നത്. 140 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പതിനാലു മണ്ഡലങ്ങള്‍ സംവരണമണ്ഡലങ്ങള്‍ ആയിരുന്നു. 34 സ്ത്രീകള്‍ മത്സരിച്ചതില്‍ 8 പേർ മാത്രമാണ് വിജയിച്ചത്. എം.ടി. പദ്മ, ലീലാ ദാമോദര മേനോന്‍, റോസമ്മചാക്കോ എന്നിവർ കോൺഗ്രസ് സ്ഥാനാർത്ഥികള്‍ ആയും കെ. ആർ. ഗൌരിയമ്മ, ജെ. മേഴ്സികുട്ടിയമ്മ സി.പി.ഐ.(എം) സ്ഥാനാർത്ഥികള്‍ ആയും റോസമ്മ പുന്നൂസ്, ഭാർഗവി തങ്കപ്പന്‍ സി.പി.ഐക്ക് വേണ്ടിയും നബീസാ ഉമ്മാള്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായും മത്സരിച്ചു ജയിച്ചു നിയസമഭയില്‍ എത്തി. മികച്ച പോളിങ്ങ് ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്, 80.54%. അതിനു മുന്നേ 1960 ആയിരുന്നു ഏറ്റവും മികച്ച പോളിങ്ങ് രേഖപ്പെടുത്തിയത്, 85.7%. ബദല്‍ രേഖാവിവാദത്തെ തുടർന്നു എം.വി. രാഘവനെ സി.പി.ഐ.(എം) പുറത്താക്കി. തുടര്‍ന്നു രാഘവന്‍ സി.എം.പി എന്ന പാർട്ടി രൂപികരിക്കുകയും കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മുന്നണിയില്‍ എത്തുകയും ചെയ്തു. സി.പി.ഐ.(എം)– 38, സി.പി.ഐ.(എം) സ്വതന്ത്രർ– 4, സി.പി.ഐ– 16, കോണ്‍ഗ്രസ് എസ്– 6, ജനത പാർടി– 7, ആർ.എസ്.പി– 5, ലോക്ദള്‍– 1. എന്നതായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ കക്ഷികളുടെ സീറ്റ് നില. ഐക്യജനാധിപത്യമുന്നണിക്ക് 61 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസ് ഐ– 33, മുസ്ളിംലീഗ്– 15, കേരള കോണ്‍ഗ്രസ് ജെ– 5, കേരള കോണ്‍ഗ്രസ് എം– 4, എന്‍.ഡി.പി (പി)– 1, സ്വതന്ത്രർ– 2 എന്നതായിരുന്നു യു.ഡി.എഫിലെ സീറ്റ് നില. 115 സീറ്റില്‍ മത്സരിച്ച ബി.ജെ.പിക്ക് സീറ്റുകള്‍ ഒന്നും തന്നെ ലഭിച്ചില്ല, 706339 ആയിരുന്നു അവരുടെ വോട്ടു നില. 1987 മാർച്ച് 26ന് നായനാരുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേറ്റു. കേരളത്തില്‍ സമ്പൂർണ സാക്ഷരതായജ്ഞം ഉള്‍പ്പടെ അനേകം പദ്ധതികള്‍ നടപ്പിലാക്കാനും തുടക്കം കുറിക്കാനും 1987ലെ നായനാർ സർക്കാറിനു സാധിച്ചു. മന്ത്രിസഭയ്ക്ക് ഒരു വർഷം കൂടി കാലവധി ബാക്കി നില്‍ക്കെ ലോകസഭാ തെരഞ്ഞെടുപ്പിനു ഒപ്പം കേരളത്തിലും നിയസഭാ ഇലക്ഷന്‍ നടത്താന്‍ വേണ്ടി നായനാർ സർക്കാർ രാജി വച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടു. പക്ഷെ ഫലം വിപരീതമായിരുന്നു. രാജീവ്ഗാന്ധിയുടെ മരണത്തെ തുടർന്നു ഉണ്ടായ സഹതാപ തരംഗത്തില്‍ കോൺഗ്രസ്സിനു ഭൂരിപക്ഷം കിട്ടി.
1991ൽ ലോക്‌സഭാ തെരഞ്ഞെടുപ്പും നിയസഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തമിഴ്‌നാട്ടിലെ ശ്രീപെരമ്പതൂരിലുണ്ടായ സ്ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു അതിന്‍റെ ഫലമായുള്ള സഹതതാപ തരംഗത്തില്‍ കോൺഗ്രസ്സിനു ശക്തമായ തിരിച്ചു വരവ് നടത്താന്‍ കഴിഞ്ഞു, മന്ത്രി സഭ ഒരു കൊല്ലം കൂടി ബാക്കി ഉണ്ടായിട്ടു പിരിച്ചു വിട്ടത് ഇടതുപക്ഷത്തിനു പ്രതീക്ഷിക്കാതെ കിട്ടിയ അടിയായി മാറി. സഹതാപതരംഗം കേരളത്തില്‍ ഭരണമാറ്റം സൃഷ്ടിച്ചു. 73.42% ആയിരുന്നു കേരളത്തിലെ പോളിംഗ്. 140 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു നടന്നു അതില്‍ 14 മണ്ഡലങ്ങള്‍ സംവരണം ആയിരുന്നു. 26 സ്ത്രീകള്‍ മത്സരിച്ചതില്‍ 8 പേർ വിജയിച്ചു. എം. ടി. പദ്മ, എന്‍. കെ. രാധ, കെ.സി. റോസകുട്ടി, റോസമ്മ ചാക്കോ, മീനാക്ഷി തമ്പാന്‍, കെ. ആർ. ഗൌരിയമ്മ, ശോഭനാ ജോർജ്, അല്‍ഫോന്‍സാ ജോണ്‍ എന്നിവർ വിജയിച്ച് നിയമസഭയില്‍ എത്തി. കോൺഗ്രസ് – 56 മുസ്ലീം ലീഗ് – 19 കേരള കോൺഗ്രസ് (എം)- 10, സി എം പി – 1, കേരള കോൺഗ്രസ് (ബി)- 2 തുടങ്ങിയ യു.ഡി.എഫ് കക്ഷികള്‍ക്ക് മികച്ച മുന്‍തൂക്കം കിട്ടി, ഇടതുപക്ഷത്ത്സി.പി.ഐ.(എം) – 29, സി.പി.ഐ – 12, ജനതാദള്‍ – 2, ആർ.എസ്.പി – 2 എന്നതായിരുന്നു സീറ്റ് നില. ഭൂരിപക്ഷം കിട്ടിയ യു.ഡി.എഫ് കെ. കരുണാകരന്റെ നേതൃത്വത്തില്‍ ജൂണ്‍ 24നു അധികാരത്തില്‍ എത്തി. പക്ഷേ ചാരക്കേസിനെ തുടർന്നുള്ള വിവാദങ്ങളള്‍ മൂലം കരുണാകരന്‍ സർക്കാർ 1995 മാർച്ച് 16നു രാജിവച്ചു. തുടർന്നു, മാർച്ച് 22നു എ.കെ. ആന്റണി മന്ത്രിസഭ അധികാരത്തില്‍ എത്തി. മുഖ്യമന്ത്രി ആകുവാനായി രാജ്യസഭാ മെമ്പർ ആയിരുന്ന ആന്റണി അത് രാജി വച്ച് തിരൂരങ്ങാടി മണ്ഡലത്തില്‍ മത്സരിച്ചു വിജയിച്ചു. 1996 മേയ് 9 വരെ ആയിരുന്നു ആ മന്ത്രിസഭയുടെ കാലാവധി.
1996 ലെ തെരഞ്ഞെടുപ്പില്‍ 71. 26 % പോളിംഗ് നടന്നു. 140 മണ്ഡലങ്ങളില്‍ പതിനാലു മണ്ഡലം സംവരണ മണ്ഡലങ്ങൾ ആയിരുന്നു. 20667409 പുരുഷ വോട്ടർമാരും 14706806 സ്ത്രീ വോട്ടർമാറും ഉണ്ടായിരുന്നു. 17 സ്ത്രീകള്‍ മത്സരിച്ചതില്‍ 13 പേർ വിജയിച്ചു. കെ. കെ. ശൈലജ, രാധാ രാഘവന്‍, എന്‍.കെ. രാധ, ഗിരിജ സുരേന്ദ്രന്‍, സാവിത്രി ലക്ഷ്മണൻ, റോസമ്മ ചാക്കോ, മീനാക്ഷി തമ്പാന്‍, കെ.ആർ. ഗൌരിയമ്മ, സുശീലാ ഗോപാലന്‍, ആർ. ലതാ ദേവി, ഭാര്‍ഗവി തങ്കപ്പന്‍, ജെ. മേഴസി കുട്ടിയമ്മ, ശോഭനാ ജോർജ് എന്നിവർ വിജയിച്ചു നിയമസഭയില്‍ എത്തി. കെ.ആർ. ഗൌരിയമ്മയെ സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കിയതിനെ തുടർന്നു അവർ ജെ.എസ്.എസ്. എന്ന പേരില്‍ പുതിയ പാർട്ടി രൂപികരിക്കുകയും യു.ഡി.എഫ് മുന്നണിയുടെ ഭാഗമാവുകയും ചെയ്തു.കോൺഗ്രസ്സിനു 37 സീറ്റും മുസ്ലീം ലീഗിന് 13 സീറ്റും കേരള കോൺഗ്രസ് എമ്മിന് 5 സീറ്റും കേരള കോൺഗ്രസ് ജോസഫിന് 5 സീറ്റും ജനതാദളിന് 4 സീറ്റും സി.പി.ഐ.എമ്മിന് 37 സീറ്റും സി.പി.ഐക്ക് 18 സീറ്റും ആർ.എസ്.പിക്ക് 5 സീറ്റും ഇന്ത്യന്‍ കോൺഗ്രസ് സോഷ്യലിസ്റ്റിന് 3 സീറ്റും കേരള കോൺഗ്രസ് ബിക്ക് ഒരു സീറ്റും ലഭിച്ചു. ബി.ജെ.പി 128 സീറ്റുകളില്‍ മത്സരിച്ചു 781090 വോട്ടുകള്‍ നേടിയെങ്കിലും എങ്ങും വിജയിക്കാന്‍ കഴിഞ്ഞില്ല.
ഇടതുപക്ഷം കൂടുതല്‍ സീറ്റുകള്‍ നേടി, 1996 മേയ് 20നു ഇ. കെ. നായനാരുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നു. മുഖ്യമന്ത്രിയാവും എന്ന് പ്രതീക്ഷിച്ച വി. എസ്. അച്യുതാനന്ദന്‍ മാരാരിക്കുളം മണ്ഡലത്തില്‍ പരാജയപ്പെട്ട കാരണമാണ് എം.എല്‍.എ അല്ലായിരുന്ന ഇ.കെ. നായനാർ മുഖ്യമന്ത്രി ആയത്. 1996 ഒക്ടോബറില്‍ നടന്ന ഉപതെരഞ്ഞെടുപ്പിൽ തലശ്ശേരി മണ്ഡലത്തില്‍ നിന്ന് ഇ. കെ. നായനാർ മത്സരിച്ചു വിജയിച്ചു. 2001 മേയ് 13 വരെ ആയിരുന്നു ഈ മന്ത്രിസഭയുടെ കാലാവധി.
രണ്ടായിരത്തി ഒന്നിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലത്തില്‍ പതിനാലു മണ്ഡലം സംവരണം ആയിരുന്നു. 72.47% ആയിരുന്നു പോളിങ്ങ്. 54 വനിതാ സ്ഥാനാർത്ഥികള്‍ മത്സരിച്ചതില്‍ ജയിച്ചത് എട്ടുപേർ മാത്രമാണ്. പി.കെ. ശ്രീമതി ടീച്ചർ, രാധാ രാഘ വന്‍, ഗിരിജ സുരേന്ദ്രന്‍, സാവിത്രി ലക്ഷ്മണൻ, മേഴ്സി രവി, കെ. ആർ. ഗൌരിയമ്മ, മാലിയത്ത് സരളാദേവി, ശോഭനാ ജോർജ്ജ് എന്നിവർ വിജയിച്ചു നിയസഭയില്‍ എത്തി. ഐക്യജനാധിപത്യമുന്നണിക്ക് ആകെ 99 സീറ്റുകളും 49.05 % വോട്ടും ലഭിച്ചു. അതില്‍ കോൺഗ്രസ് – 63 മുസ്ലീം ലീഗ് – 16 കേരള കോൺഗ്രസ് – 9 ജെ.എസ്.എസ് – 4 ആർ.എസ്.പി ബി – 2 കേരള കോൺഗ്രസ് ജേക്കബ് – 2 സി.എം.പി – 1 കേരള കോൺഗ്രസ് ബി – 2 എന്നിങ്ങനെയായിരുന്നു ഘടകകക്ഷികളുടെ സീറ്റുകൾ. ഇടതുപക്ഷമുന്നണിക്ക് ആകെ 40 സീറ്റുകള്‍ മാത്രമാണു ലഭിച്ചത്. 43.70% ആയിരുന്നു എൽ.ഡി.എഫിന് ലഭിച്ച വോട്ടുകള്‍. സി.പി.ഐ.(എം). – 24 സി.പി.ഐ. – 7 ജെ.ഡി.എസ്. – 3, കേരള കോൺഗ്രസ് ജോസഫ് – 2, എന്‍.സി.പി. – 2, ആർ.എസ്.പി. – 2 എന്നിങ്ങനെയായിരുന്നു എൽ.ഡി.എഫിലെ സീറ്റ് നില. ഭൂരിപക്ഷം നേടിയ യു.ഡി.എഫ്, എ. കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്നു. കോൺഗ്രസിലെ ഗ്രൂപ് പോരിന്‍റെ മൂർദ്ധന്യത്തിലായിരുന്നു ഇത്. കെ. കരുണാകരന്റെ സമ്മർദ്ദം മൂലം കെ. മുരളീധരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. പക്ഷേ വടക്കാക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച മുരളീധരന്‍ പരാജയപ്പെട്ടത് കൊണ്ട് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. രണ്ടായിരത്തി നാലിലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് കനത്ത പരാജയം സംഭവിച്ചതിനു തുടർന്നു എ.കെ. ആന്‍റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2004 ആഗസ്റ്റ് 29ന് രാജി വയ്ക്കുകയും 2004 ആഗസ്റ്റ് 31ന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭ അധികാരത്തില്‍ വരികയും ചെയ്തു. രണ്ടായിരത്തി ആറു മേയ് 12ന് മന്ത്രിസഭയുടെ കാലാവധി തീർന്നു.

രണ്ടായിരത്തി ആറിലെ തെരഞ്ഞെടുപ്പിലും 14 സംവരണ സീറ്റുകള്‍ അടക്കം 140 മണ്ഡലങ്ങളില്‍ ആയിരുന്നു മത്സരം. കേരളത്തിൽ 21483937 വോട്ടർമാർ ഉണ്ടായിരുന്നു അതില്‍ 15549771 പേരാണ് വോട്ട് ചെയ്തത് ശതമാനം നോക്കിയാല്‍ 72.38% ആണ്. 861 പുരുഷന്മാർ മത്സരിച്ചു അതില്‍ 133 പേർ വിജയിച്ചു. എഴുപതു സ്ത്രീകള്‍ മത്സരിച്ചതില്‍ ആകെ വിജയിച്ചത് ഏഴു പേരാണ്. പി. കെ. ശ്രീമതി ടീച്ചർ, കെ. കെ. ശൈലജ ടീച്ചർ, കെ. കെ. ലതിക, കെ. എസ്. സലീഖ, എ. എസ്. ബിജിമോള്‍, ആയിഷ പോറ്റി, ജെ. അരുന്ധതി എന്നിവരാണ് വിജയിച്ച സ്ത്രീകള്‍.. ഇടതുപക്ഷ മുന്നണി 48.63% വോട്ടുകള്‍ നേടിയപ്പോള്‍ ഐക്യജനാധിപത്യമുന്നണി 42.98% വോട്ടുകള്‍ നേടി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിക്ക് 4.83% വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. സീറ്റുകള്‍ ഒന്നും ഇത്തവണയും ബി.ജെ.പിക്ക് ലഭിച്ചിരുന്നില്ല. സി.പി.ഐ.(എം) – 61 സി.പി.ഐ – 17, കോൺഗ്രസ് – 24, എന്‍.സി.പി – 1, ജെ.ഡി.എസ് – 5, കേരള കോൺഗ്രസ് (എം) – 7, മുസ്ലീം ലീഗ് – 7, ആർ.എസ്.പി – 3 എന്നിങ്ങനെ ആയിരുന്നു സീറ്റ് നില. ഇടതുമുന്നണിക്ക് ആയിരുന്നു ഭൂരിപക്ഷം അതിനാല്‍ തന്നെ വി. എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 2006 മേയ് 8ന് അധികാരമേറ്റു. രണ്ടായിരത്തി പതിനൊന്നു വരെ ആയിരുന്നു മന്ത്രിസഭയുടെ കാലാവധി. കേരളം കണ്ടതില്‍ വച്ച് മികച്ച സർക്കാരുകളിലൊന്ന് ആയിരുന്നു വി. എസ്. അച്യുതാനന്ദന്‍റെ നേതൃത്വത്തിലുണ്ടായിരുന്ന ഇടതുമുന്നണി സർക്കാർ.
2011ല്‍ 16 സംവരണ സീറ്റുകള്‍ അടക്കം 140 മണ്ഡലങ്ങളില്‍ ആയിരുന്നു ഇലക്ഷന്‍ നടന്നിരുന്നത്. കേരളത്തിലെ മൊത്തം പോളിംഗ് 74.92% ആയിരുന്നു. മൊത്തം പോള്‍ ചെയ്യപെട്ട വോട്ടുകള്‍ 17387777. കേരളത്തില്‍ 20785 പോളിംഗ് സ്റ്റേഷനുകളിലായാണ് തെരഞ്ഞെടുപ്പു നടന്നത്. 888 പുരുഷ സ്ഥാനാർത്ഥികളും 83 സ്ത്രീകളും മത്സരിച്ചു. അതില്‍ 133 പുരുഷന്മാരും 7 സ്ത്രീകളും വിജയിച്ചു. പി. കെ. ജയലക്ഷ്മി മാത്രമാണ് കോൺഗ്രസ്സില്‍ നിന്നും മത്സരിച്ച് ജയിച്ചത്. കെ. കെ. ലതിക, കെ. എസ്. സലീഖ, ഗീത ഗോപി, ഇ. എസ്. ബിജിമോള്‍, ആയിഷ പോറ്റി, ജമീല പ്രകാശം എന്നിവർ ഇടതുപക്ഷത്ത് നിന്നും വിജയിച്ചു നിയമസഭയില്‍ എത്തി. യു.ഡി.എഫിന് 45.83% വോട്ടുകള്‍ കിട്ടിയപ്പോള്‍ ഇടതുമുന്നണിക്ക് 44.94% വോട്ടുകള്‍ കിട്ടി. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിക്ക് 6.06% ശതമാനം വോട്ടുകള്‍ കിട്ടി. പക്ഷേ 138 മണ്ഡലങ്ങളില്‍ മത്സരിച്ച പാർട്ടിക്ക് ഇത്തവണയും സീറ്റുകള്‍ ഒന്നും ലഭിച്ചില്ല.
സി.പി.ഐ.(എം) – 45, സി.പി.ഐ – 13, കോൺഗ്രസ് – 38, മുസ്ലീം ലീഗ് – 20, കേരള കോൺഗ്രസ് – 9 എന്നിങ്ങനെ ആയിരുന്നു പ്രമുഖ പാർട്ടികള്‍ക്ക് കിട്ടിയ സീറ്റുകള്‍. ഭൂരിപക്ഷം ലഭിച്ച യു.ഡി.എഫ് മുന്നണി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ സർക്കാർ രൂപീകരിച്ചു. നേരിയ ഭൂരിപക്ഷം മാത്രമേ മന്ത്രിസഭയ്ക്ക് ഉണ്ടായിരുന്നുള്ളു യു.ഡി.എഫിന് 72 സീറ്റുകളും എല്‍.ഡി.എഫിന് 68 സീറ്റുകളും ലഭിച്ചു. പക്ഷെ ഭരണം തുടങ്ങിയതിനു ശേഷം ആർ.എസ്.പി ഇടതുപക്ഷം വിട്ടു യു.ഡി.എഫില്‍ ചേർന്നു. മൂന്ന് ഉപതെരഞ്ഞെടുപ്പുകള്‍ ഈ മന്ത്രിസഭയുടെ കാലത്ത് നടന്നു. മൂന്നിലും യു.ഡി.എഫ് മുന്നണിക്ക് ആയിരുന്നു വിജയം ടി.എം. ജേക്കബ് അന്തരിച്ചതിനാൽ പിറവം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്നപ്പോള്‍ അവിടെ അനൂപ് ജേക്കബ് കേരളകോൺഗ്രസ് ജേക്കബ് ഗ്രൂപ്പിന് വേണ്ടി മത്സരിച്ചു ജയിച്ചു. ശെല്‍വരാജ് സി.പി.ഐ.(എം) വിട്ടു കോൺഗ്രസ്സില്‍ എത്തിയപ്പോള്‍ രാജി വച്ച നെയ്യാറ്റിൻകര മണ്ഡലത്തില്‍ ഇലക്ഷന്‍ നടപ്പോഴും വിജയം കോൺഗ്രസ്സിനു ആയിരുന്നു. തുടർന്നു അരുവിക്കരയില്‍ സ്പീക്കർ ജി. കാർത്തികേയന്‍റെ മരണത്തെ തുടർന്നു ഉപതെരഞ്ഞെടുപ്പു നാടന്നപ്പോഴും വിജയം കോൺഗ്രസ്സിനു തന്നെ ആയിരുന്നു. കേരളത്തിലെ ഇതുവരെയുള്ള സർക്കാറുകളില്‍ ഏറ്റവും കൂടുതല്‍ അഴിമതി ആരോപണവും ആക്ഷേപങ്ങളും നേരിട്ട സർക്കാർ ആയിരുന്നു ഉമ്മന്‍ ചാണ്ടി സർക്കാർ.
http://bodhicommons.org/article/history-of-kerala-legislative-assembly-election
0 Comments