1) ആഡം സ്മിത്തിന്റെ വിശ്വവിഖ്യാതഗ്രന്ഥമായ ‘Wealth of nations’ൽ പരാമർശിക്കുന്ന ഒരു പ്രധാനപ്പെട്ട തത്വമുണ്ട്. സർവ്വതും വിപണിയുടെ അദൃശ്യകരങ്ങൾക്ക് സ്വതന്ത്രമായി വിട്ടുനൽകുക. വിലയും വരുമാനവും ലാഭവും കൂലിയുമൊക്കെ നിശ്ചയിക്കപ്പെടേണ്ടത് വിപണിയിലെ ഡിമാന്റിന്റെയും സപ്ലൈയുടെയും ചലനനിയമങ്ങളാലാണ്. അവിടെ സർക്കാരിന് ‘റോൾ’ ഉണ്ടാകരുത്. മൂലധനശക്തികൾ സ്വതന്ത്രമായി വിഹരിക്കട്ടെ. ‘ലെസെ ഫെയർ’ എന്നാണിത് അറിയപ്പെടുന്നത്. സർക്കാർ സാമ്പത്തികമേഖലയിൽ നടത്തുന്ന ചെലവുകളും നിയന്ത്രണങ്ങളും ഇടപെടലുകളും കുറയ്ക്കുകയും പ്രതിരോധം, നിയമപാലനം തുടങ്ങിയ കാര്യങ്ങളിൽ മാത്രം ശ്രദ്ധയൂന്നുകയും ചെയ്യട്ടെ. ഇതാണ് ആഡം സ്‌മിത്തിന്റെ മുതലാളിത്തസ്വപ്നഭൂമി. നൂറ്റാണ്ടുകൾക്ക് ശേഷം ബ്രിട്ടനിലെ മാഗരറ്റ് താച്ചറും മുന്നോട്ടുവെച്ച നവലിബറൽ മാതൃകയും ഇതിനുസമാനമായിരുന്നു. ഏറ്റവും കുറച്ച് ഭരിക്കുന്ന, കുറച്ച് സാമൂഹ്യപദ്ധതികൾ നടപ്പാക്കുന്ന, കുറച്ച് മാത്രം ബജറ്റിൽ ചെലവാക്കുന്ന, കുറച്ച് മാത്രം പെൻഷനും സബ്സിഡിയും നൽകുന്ന സർക്കാർ ആണ് നല്ല സർക്കാർ എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. താച്ചർ അവിടുത്തെ പൊലീസിനെ പ്രധാനമായും ഉപയോഗിച്ചതും ബ്രിട്ടനിലെ ട്രേഡ് യൂണിയനുകളെ ഒതുക്കാനും മൂലധനകുത്തകകൾക്ക് ഗുണകരമായ ഒരു സാമ്പത്തികരാഷ്ട്രീയഭൂമികയ്ക്ക് രൂപം നൽകാനുമായിരുന്നു.

2) ലോകത്തിനാവശ്യം പണ്ഡിതന്മാരെയും സമ്പന്നരെയും വിദഗ്ധരെയുമാണ്. സാധാരണക്കാർക്കും പാവങ്ങൾക്കും വേണ്ടി സർക്കാർ പണം മുടക്കേണ്ട ആവശ്യമില്ല. ഇതായിരുന്നു 90 കൾ മുതൽ ലോകമെമ്പാടും വീശിയടിക്കുന്ന നവലിബറൽ സാമ്പത്തികമാതൃകയുടെ കാതൽ. സർവ്വസ്ഥാപനങ്ങളും സ്വകാര്യവത്കരിക്കപ്പെടണം. വിഭവങ്ങൾ മൂലധനകുത്തകകൾക്ക് തീറെഴുതണം. വിപണികൾ ബഹുരാഷ്ട്രകുത്തകകൾക്ക് തുറന്നിടണം. തൊഴിൽനിയമങ്ങളും ഭരണനയങ്ങളും മൂലധനത്തിന് അനുകൂലമായി പൊളിച്ചെഴുതണം. ഇറക്കുമതിത്തീരുവകളും കോർപ്പറേറ്റ് നികുതികളും കുറയ്ക്കണം. വിപണി നല്ലതിനെ ചീത്തയിൽ നിന്നും വേർതിരിച്ചുകൊള്ളും. അവിടെ സർക്കാരോ തൊഴിലാളി യൂണിയനുകളോ ഇടപെടാൻ പാടില്ല. ഇതൊക്കെ ആണ് ആഗോളവത്കരണത്തിന്റെയും നവഉദാരവത്കരണത്തിന്റെയും കുത്തകമൂലധനത്തിന്റെയും വക്താക്കളായ വലതുപക്ഷചിന്തകരും രാഷ്ട്രീയക്കാരും പറഞ്ഞുകൊണ്ടിരിക്കുന്നത്‌. ഇതുതന്നെയാണ് മോഡി സർക്കാർ ഉൾപെടെയുള്ള ഭരണവർഗങ്ങൾ ചെയ്യുന്നതും.

3) അമേരിക്കയും യൂറോപ്പുമൊക്കെ കൈവരിച്ച സാമൂഹ്യനേട്ടങ്ങളും ഉയർന്ന ജീവിതനിലവാരവും വളരെ കുറഞ്ഞ സാമ്പത്തികവളർച്ചയിലൂടെ തന്നെ കൈവരിക്കാൻ കഴിഞ്ഞ വിശ്വവിഖ്യാതമായ വികസനമാതൃകയെ ആണ് നാം കേരളാമോഡൽ എന്ന് വിളിക്കുന്നത്. മാനവവികസനസൂചികയിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം, 93.91% എന്ന ഉയർന്ന സാക്ഷരതാനിരക്ക്, ഏറ്റവും ഉയർന്ന ആയുർദൈർഘ്യം (75), രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് (12/ 1000) എന്നിങ്ങനെ പൊതുജനക്ഷേമത്തിന്റെ മിക്ക സൂചികകളിലും നാം ബഹുദൂരം മുന്നിലാണ്. അമേരിക്കയുടെ സാക്ഷരത 99 ആണെന്നോർക്കുക, ആയുർദൈർഘ്യം അവിടെ 77ഉം. The economistന്റെ സാമ്പത്തികവിദഗ്ധനായ ഹാൻസ് റോസ്‌ലിങിന്റെ നിരീക്ഷണപ്രകാരം സാമ്പത്തികവളർച്ചയിൽ കേരളം അമേരിക്കയേക്കാൾ വളരെ താഴെയും എന്നാൽ സാമൂഹ്യനീതിയിലും ജീവിതനിലവാരത്തിലും അമേരിക്ക ഉൾപെടെയുള്ള വികസിതരാജ്യങ്ങളോടൊപ്പവുമാണ് നമ്മുടെ സ്ഥാനം. തലസ്ഥാനമായ വാഷിംങ്ടൺ DC ആകട്ടെ, സാമ്പത്തികപുരോഗതിയിൽ കേരളത്തേക്കാൾ ബഹുദൂരം മുന്നിലായിട്ടും പൊതുജനാരോഗ്യത്തിൽ കേരളം അവരേക്കാളും മുകളിലാണ് എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. നമ്മുടെ രാജ്യത്ത് കാർഷിക -വ്യാവസായികോത്പാദനത്തിൽ വളരെ മുമ്പിൽ നിൽക്കുന്ന ഇതരസംസ്ഥാനങ്ങളുടെ കാര്യവും കഷ്ടമാണ്. ഗുജറാത്തിലെ സാക്ഷരത 79% ഉം ശിശുമരണനിരക്ക് കേരളത്തേക്കാൾ മൂന്നിരട്ടിയുമാണ്.

4) ‘കേരളാമോഡൽ എന്ന് കൊട്ടിഘോഷിക്കുന്ന’ ഈ വികസനമാതൃകയിൽ വാസ്തവത്തിൽ സർക്കാരുകൾക്ക് വലിയ പങ്കൊന്നും ഇല്ലെന്നും ഗൾഫിൽ നിന്നുള്ള പ്രവാസികളുടെ വരുമാനമാണ് കേരളത്തെ താങ്ങിനിർത്തുന്നതെന്നും വാദമുണ്ട്. ഇത് ഒരു ഉപരിപ്ലവമായ ചിന്താഗതിയാണ്. നമ്മുടെ സംസ്ഥാനത്തിന്റെ ആഭ്യന്തരവരുമാനത്തിന്റെ (GSDP) 35 ശതമാനത്തോളം സംഭാവന ചെയ്യുന്നത് ഗൾഫിൽ നിന്നുൾപെടെയുള്ള 25 ലക്ഷത്തോളം മലയാളികളുടെ Foreign remittance തന്നെയാണ്. 1980കളിൽ കേരളത്തിൽ നിന്നും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് വൻതോതിൽ പ്രവാസികളുടെ ഒഴുക്കുണ്ടായി. മറ്റ് സംസ്ഥാനങ്ങൾ ഭക്ഷ്യധാന്യങ്ങളും തുണിത്തരങ്ങളുമൊക്കെ കയറ്റുമതി ചെയ്ത് വരുമാനം നേടിയപ്പോൾ കേരളത്തിന്റെ പ്രധാന കയറ്റുമതിവിഭവം നമ്മുടെ പ്രവാസികളുടെ അധ്വാനശക്തി തന്നെയായിരുന്നു.

5) ഇന്ത്യയിൽ മറ്റേത് സംസ്ഥാനങ്ങളേക്കാളും മലയാളീപ്രവാസികളുടെ എണ്ണം കൂടാനുള്ള ഒരു മുഖ്യകാരണം അതുവരെ കേരളത്തിൽ വ്യാപകമായി നടപ്പാക്കിയ വിദ്യാഭ്യാസപദ്ധതികളും സർക്കാർ സ്കൂളുകളും ആയിരുന്നു. വലിയൊരു വിഭാഗം ജനങ്ങളിലേക്കും വിദ്യാഭ്യാസവും അതിലൂടെ തൊഴിൽ നൈപുണ്യവും നൽകാൻ കഴിഞ്ഞത് പ്രവാസികൾക്ക് ഗുണം ചെയ്തു. വിദേശത്ത് ജോലികൾ കരസ്ഥമാക്കാനും അവർക്ക് സാധിച്ചു. എന്നാൽ ഇവിടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ രംഗങ്ങളിൽ വളരെയേറെ പുരോഗതി പ്രാപിക്കുമ്പോഴും മൂലധനനിക്ഷേപവും ഉത്പാദനവളർച്ചയും തന്മൂലം തൊഴിലവസരങ്ങളും കുറഞ്ഞു. 1990കൾക്ക് ശേഷം കേരളത്തിന്റെ വരുമാനത്തിലുണ്ടായ വർധനയുടെ മുഖ്യകാരണം പ്രവാസികൾ തന്നെയാണ്.

6) കേരളത്തിന്റെ വാർഷികോത്പാദനത്തിൽ 60 ശതമാനത്തിലേറെയും സേവനമേഖലയിൽ നിന്നാണ്. ടൂറിസം, ഐടി കയറ്റുമതി, നാണ്യവിളകൾ, മദ്യം, തുടങ്ങിയ ധനസ്രോതസുകൾക്ക് അപ്പുറം ഈ ചെറിയ നേട്ടങ്ങൾ മൂന്നരക്കോടി ജനങ്ങളിൽ ഫലപ്രദമായി എത്തിക്കണമെങ്കിൽ സർക്കാരുകളുടെയും ജനകീയപ്രസ്ഥാനങ്ങളുടെയും ഇച്ഛാശക്തിയും ചിട്ടയായ പ്രവർത്തനങ്ങളും പദ്ധതികളും അനിവാര്യമാണ്. ഗൾഫ് പണം കൊണ്ടുമാത്രം കേരളം നമ്പർ 1 ആയി എന്ന് പലരും പറയുന്നതിലെ പിശക് ഇതാണ്. വിദേശനാണ്യവരുമാനം എന്നത് മുഖ്യകാരണങ്ങളിൽ ഒന്നാണ്. വളരെ ഉയർന്ന ഉത്പാദനവും കയറ്റുമതിവരുമാനവുമുള്ള സംസ്ഥാനങ്ങൾ എന്തുകൊണ്ട് ഇന്നും വികസനസൂചികകളിൽ ദേശീയശരാശരിയേക്കാൾ പിന്നിലാകുന്നു എന്ന ചോദ്യമുണ്ട്. വരുമാനത്തോടൊപ്പം അതിന്റെ ഗുണം ജനങ്ങളിലേക്ക് എത്തുന്നതും പരമപ്രധാനമാണ്. കാലങ്ങളായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷാ തുടങ്ങിയ മേഖലകളിൽ സർക്കാരുകൾ നടത്തിയ ഭീമമായ പൊതുചെലവുകൾ വിസ്മരിക്കാനാവില്ല. ഭൂപരിഷ്കരണവും ജനകീയാസൂത്രണവും പൊതുവിതരണശൃംഖലയും സാക്ഷരതായജ്ഞവും കുടുംബശ്രീയുമൊന്നും പരാമർശിക്കാതെ കേരളാമാതൃകയുടെ ചരിത്രം സമ്പൂർണമാകില്ല.

7) പൊതുചെലവുകൾ വെട്ടിച്ചുരുക്കുകയും പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുകയും എല്ലാം വിപണിക്ക് വിട്ടുനൽകുകയും ചെയ്യുന്ന മുതലാളിത്തസൈദ്ധാന്തികർക്ക് ‘കേരളാമോഡൽ’ എന്നും കൗതുകകരമായിരിക്കാം. ആരോഗ്യ- വിദ്യാഭ്യാസരംഗങ്ങളുടെ ജനകീയസ്വഭാവവും എല്ലാവിഭാഗം ജനങ്ങളെയും ഉൾകൊണ്ടും പൊതുമേഖലയ്ക്ക് പ്രാധാന്യം നൽകിയും ജനക്ഷേമകരമായ പൊതുചെലവുകളും മുതൽമുടക്കും വർധിപ്പിച്ചും ഒക്കെയുള്ള ദശകങ്ങളായുള്ള ഇടതുപക്ഷനയപരിപാടികളാണ് കേരളത്തിന്റെ നേട്ടങ്ങൾക്ക് മുഖ്യനിദാനം. 1957ൽ ശ്രമം തുടങ്ങി 70ൽ പാസായ ഭൂപരിഷ്കരണം, എണ്ണമറ്റ കാർഷികക്ഷേമപദ്ധതികൾ, 1980ലെ കർഷകക്ഷേമപെൻഷൻ, സാമൂഹ്യപെൻഷനുകൾ, ക്ഷേമബോർഡുകൾ, സഹകരണമേഖലയുടെ വ്യാപ്തി, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികളും മെഡിക്കൽ കോളേജുകളും വരെയുള്ള ആരോഗ്യപരിപാലന സ്ഥാപനങ്ങൾ, എണ്ണിയാലൊടുങ്ങാത്ത സർക്കാർ സ്കൂളുകൾ, കോളേജുകൾ, മറ്റൊരു സംസ്ഥാനത്തുമില്ലാത്തവണ്ണം ശക്തമായ പൊതുവിതരണ സമ്പ്രദായം, ജനകീയാസൂത്രണം, കുടുംബശ്രീ, ഭവനപദ്ധതികൾ, പൊതുമേഖലാവ്യവസായ ബോർഡുകളും കോർപറേഷനുകളും അങ്ങനെ സർക്കാർ മുതൽമുടക്കിലൂടെയും ജനകീയ -സാമൂഹ്യ സുരക്ഷാപദ്ധതികളിലൂടെയും കേരളം ഒരു പുതിയ വികസനമോഡൽ കാഴ്ച വെക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ പറയാം – ”#കേരളാമോഡൽ_ഒരു_ഇടതുപക്ഷമോഡൽ_തന്നെയാണ്”. ഇടതുമുന്നണിയോടൊപ്പം കോൺഗ്രസ് സർക്കാരുകളും ഇത്തരം ബദൽമാർഗങ്ങൾ നടപ്പാക്കിയെന്ന് മാത്രം. നവഉദാരീകരണനയങ്ങളെയും സ്വകാര്യവത്കരണത്തെയും പുകഴ്ത്തുന്ന കോൺഗ്രസുകാർ ‘കേരളാമോഡലി’നെ പുകഴ്ത്തുന്നതും ക്രെഡിറ്റ് ഏറ്റെടുക്കുന്നതും കൗതുകകരമാണെന്ന് കൂടി പറയേണ്ടി വരും.

8) ഗുണത്തേക്കാൾ എണ്ണവും Accessibilityയും ആണ് കേരളാമോഡലിന്റെ പ്രത്യേകത. അതായത് അടിസ്ഥാനസൗകര്യങ്ങളുടെയും qualityയുടെയും സാങ്കേതികമികവിന്റെയും കാര്യത്തിൽ കുറവുകൾ ഉണ്ടെങ്കിലും ഭൂരിപക്ഷം വരുന്ന ജനങ്ങളിലും അവ ലഭ്യമാകുന്നുണ്ട്. ആരോഗ്യമേഖല തന്നെയെടുക്കാം. വികസനം പറയുമ്പോൾ എല്ലാവരും മെഡി. കോളേജുകളെയാണ് ഉയർത്തിക്കാണിക്കാറുള്ളത്. 2012ൽ 23940 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്. കൂടാതെ ഇവയ്ക്ക് കീഴിൽ അയ്യായിരത്തോളം സബ്സെന്ററുകൾ, 50ലേറെ സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ, 150ലേറെ സർക്കാർ ആശുപത്രികൾ, 11 മെഡിക്കൽ കോളേജ് ഇങ്ങനെ പോകുന്നു കാര്യങ്ങൾ. ജനങ്ങൾക്ക് ആരോഗ്യസംവിധാനവുമായി തമ്മിൽ വളരെ എളുപ്പം ബന്ധപ്പെടാൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ ഉൾപെടെയുള്ള വികേന്ദ്രീകൃത മാതൃകകൾ മൂലം കഴിയുന്നു.

9) PHCകളിലെ ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കുകയും സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തതോടെ രാജ്യത്തെ ഏറ്റവും മികച്ച 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കേരളത്തിലാണ്. കൊവിഡ് ടെസ്റ്റിങിന് ഇപ്പോൾ നമുക്ക് പൂനെയെ ആശ്രയിക്കേണ്ട, ആലപ്പുഴയിൽ സ്വന്തമായി വൈറോളി ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്. കൂടാതെ ശ്രീചിത്ര ഉൾപെടെ പ്രാഥമികപരിശോധനയ്ക്ക് വേണ്ട സൗകര്യങ്ങൾ ഉണ്ട്. താലൂക്ക് ആശുപത്രികളിൽ ഡയാലിസിസ് സെന്ററും കാത്ത് ലാബുകളുമുണ്ട്. ആശാവർക്കർമാരുണ്ട്. ഗർഭിണികൾക്കും നവജാതശിശുക്കൾക്കും പോഷകാഹാരപദ്ധതികൾ സർക്കാർ ചെലവിൽ തന്നെ നടപ്പാക്കുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും മികച്ച കേരളത്തിലെ പാലിയേറ്റീവ് കെയർ ശൃംഖല The Economist മാസികയിൽ ഇടംനേടി. ഇന്ത്യയിൽ 3% മാത്രം ജനസംഖ്യ ഉൾക്കൊള്ളുന്ന ഒരു സംസ്ഥാനം ഇന്ത്യയുടെ മൊത്തം പാലിയേറ്റീവ് കെയർ സർവീസിന്റെ 2/3 ഭാഗം സ്വന്തമാക്കുന്നത് അത്ഭുതകരമാണെന്നാണ് അവർ നിരീക്ഷിച്ചത്. 2008ൽ LDF സർക്കാരിന്റെ പെയിൻ & പാലിയേറ്റീവ് കെയർ നയം ആണ് ഇതിന് സഹായകമായത്. കൂടാതെ കാരുണ്യ, നീതി സ്റ്റോറുകളിലൂടെ കുറഞ്ഞ ചെലവിൽ മരുന്നുകൾ, സൗജന്യചികിത്സകൾ അങ്ങനെ വേറെയും.. 90കളിലെ ഉദാരീകരണത്തിനും പേറ്റന്റ് നിയമങ്ങൾ പോലുള്ള അസംബന്ധങ്ങൾക്കും ശേഷം സംസ്ഥാനത്തെ ആരോഗ്യപരിപാലനത്തിൽ 60% മുതൽമുടക്കും സ്വകാര്യമേഖലയുടേതാണ്. ചെലവ് കൂടുന്നു. മരുന്നുകൾ കുത്തകവത്കരിക്കുന്നു, വിലകൂടുന്നു. ടെസ്റ്റിങ്‌ ചെലവുകളും ഫീസും ഉയരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും മൂല്യാധിഷ്ഠിതമായ പൊതുജനാരോഗ്യരംഗം കേരളത്തിന് ഇന്നും മുതൽക്കൂട്ട് തന്നെയാണ്.

10) മിഷണറിമാരുടെയും രാഷ്ട്രീയ സാമൂഹികപ്രസ്ഥാനങ്ങളുടെയും ജാതിമതസംഘടനകളുടെയും ഒക്കെ പ്രവർത്തനങ്ങൾ കേരളാവിദ്യാഭ്യാസരംഗത്തെ ഏറെ മുന്നോട്ടുകൊണ്ടുപോയി. സ്വാതന്ത്ര്യലബ്ധിസമയത്ത് 45% മാത്രമായിരുന്നു കേരളത്തിന്റെ സാക്ഷരത. 1957ലെ EMS സർക്കാരിന്റെ കാലം മുതൽ ജനകീയവിദ്യാഭ്യാസം ഒരു മുദ്രാവാക്യമായി മാറുകയും സർക്കാർ സ്കൂളുകളും സാക്ഷരതായജ്ഞം പോലുള്ള പ്രവർത്തനങ്ങളും വ്യാപകമാവുകയും ചെയ്തു. 1968മുതൽ ഗവൺമെന്റ് ഇവയുടെ നേതൃത്വം ഏറ്റെടുക്കുകയും ഗ്രന്ഥശാല, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സംഘടനകളുടെ പ്രവർത്തനങ്ങൾ സജീവമാകുകയും ചെയ്തു. 15 മുതൽ 90 വയസുവരെയുള്ളവരെ അണിനിരത്തിയ 1990ലെ സാക്ഷരതായജ്ഞവും നായനാർ സർക്കാരിന്റെ അക്ഷരകേരളം പദ്ധതിയും വലിയ മുന്നേറ്റം കൈവരിച്ചു. 1990ലെ സർവേയിലൂടെ കണ്ടെത്തിയ 28 ലക്ഷം നിരക്ഷരരെയാണ് അനൗപചാരിക വിദ്യാഭ്യാസപരിപാടികളിലൂടെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയത്. 1991ൽ കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ ചേലക്കോടൻ ആയിഷയെന്ന വനിത കേരളത്തെ ഇന്ത്യയിലെ ആദ്യസമ്പൂർണ സാക്ഷരതാസംസ്ഥാനമെന്ന് പ്രഖ്യാപിച്ചു.

11) 1995ലെ തുടർവിദ്യാഭ്യാസപദ്ധതിയും നായനാർ സർക്കാർ 98ൽ ആവിഷ്കരിച്ച സാക്ഷരതാമിഷനും അതുല്യം പോലുള്ള പരിപാടികളും പ്രായഭേദമന്യേ തുല്യതാപരീക്ഷകളും കേരളത്തെ രാജ്യത്തിന്റെ നെറുകയിലെത്തിച്ചു.
പ്രാഥമികവിദ്യാഭ്യാസം പുരോഗതി പ്രാപിച്ചെങ്കിലും ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം തകർന്നു. 90കളിലെ ഉദാരീകരണനയം വിദ്യാഭ്യാസത്തെയും വരിഞ്ഞുമുറുക്കി. ആരോഗ്യവിദ്യാഭ്യാസരംഗത്തെ സ്വകാര്യമുതൽ മുടക്ക് വർധിച്ചു. ഫീസും പ്രവേശനവും നിയമനവും മാനേജ്മെന്റുകളുടെ ഇഷ്ടപ്രകാരമായി. വിദ്യാഭ്യാസമേഖലയിൽ നടന്ന ഈ കച്ചവടവത്കരണത്തിന് കേരളം ‘നന്ദി’ പറയേണ്ടത് ആന്റണി സർക്കാരിനോടാണ്. 2004-06ൽ UDF സർക്കാർ പ്രൊഫഷണൽ വിദ്യാഭ്യാസത്തിൽ സ്വാശ്രയത്വം കൊണ്ടുവന്നു. എൻജിനീയറിംങ് കോളേജുകൾ തട്ടുകടകൾ പോലെ മുളച്ചുപൊന്തി. 2 സ്വാശ്രയകോളേജ് = ഒരു സർക്കാർ കോളേജ് എന്ന UDFന്റെ അറുപിന്തിരിപ്പൻ നയം കേരളാവിദ്യാഭ്യാസചരിത്രത്തിൽ അതുവരെ നേടിയ നേട്ടങ്ങൾക്ക് കളങ്കം വരുത്തി. 1000 കോടിക്ക് മേൽ മൂലധനമൊഴുകിയ ചുരുക്കം മേഖലകളിലൊന്നായി ഉന്നതവിദ്യാഭ്യാസം മാറി. 1997ൽ 72 ആയിരുന്നിടത്ത് ഇന്ന് 170ഓളം എൻജി. കോളേജുകൾ കേരളത്തിലുണ്ട്. നിലവാരമോ ഗുണമേന്മയോ ഒട്ടും ഇല്ലതാനും. ഇതിന്റെ തുടർച്ചയെന്നോണം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും സ്വകാര്യ -വിദേശ സർവകലാശാലകളും ചർച്ചാവിഷയമായി. കേവലം ഒരു ഭരണവീഴ്ചയല്ല, ചരിത്രപരമായ വഞ്ചനയാണ് ഇത്തരം നടപടികളിലൂടെ യുഡിഎഫ് ചെയ്തത്. ഇന്ന് പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം എന്ന ഇടതുനയത്തിന്റെ ഭാഗമായി ആയിരക്കണക്കിന് ക്ലാസുകൾ സ്മാർട്ട് ആകുന്നു, കുട്ടികളുടെ എണ്ണം കീഴ്വഴക്കത്തിന് വിപരീതമായി വർധിക്കുന്നു. നല്ല കാര്യം..

12) കേരളാമോഡൽ വികസനമാതൃകയിൽ ഒഴിവാക്കാനാവാത്ത 3 ഘടകങ്ങളാണ് ഭൂപരിഷ്കരണം, ജനകീയാസൂത്രണം, കുടുംബശ്രീ എന്നിവ. വളരെക്കാലങ്ങളായി നടന്ന കർഷകസമരങ്ങളുടെയും കൂട്ടായ്മകളുടെയും ഫലമായി ഉയർന്നുവന്ന മുദ്രാവാക്യമായിരുന്നു ഭൂപരിഷ്കരണം എന്നത്. AKG യാണ് ഇതിനുവേണ്ടിയുള്ള സമരപ്രഖ്യാപനങ്ങളിൽ മുന്നിലുണ്ടായിരുന്നത്. 1957ൽ അധികാരത്തിലേറിയ EMS സർക്കാർ ഡിസംബർ 21 ന് കാർഷികബന്ധബിൽ അവതരിപ്പിച്ചത് വിപ്ലവകരമായ ഒരു നടപടിയായിരുന്നു. ഭൂമി കൈവശം വെക്കാനുള്ള പരിധി 15 ഏക്കർ എന്നാക്കിയത് എതിരാളികളെ വിറളി പിടിപ്പിച്ചതിന്റെ ഫലമായാണ് വിമോചനസമരവും 356ാം വകുപ്പ് ഉപയോഗിച്ചുള്ള സർക്കാരിനെ പുറത്താക്കലും. തുടർന്ന് വന്ന കോൺഗ്രസ് -PSP സർക്കാരിന്റെ കാലത്ത് ഇതിൽ വെള്ളം ചേർത്തുകൊണ്ട് PT ചാക്കോ പ്രസ്തുതബിൽ അവതരിപ്പിച്ചു.1967ലെ സപ്തകക്ഷി മുന്നണിയുടെ കാലത്ത് റവന്യുമന്ത്രി KR ഗൗരിയമ്മയും ഭൂപരിഷ്കരണബിൽ അവതരിപ്പിച്ച് പാസാക്കി. എങ്കിലും സർക്കാർ താഴെ വീഴുകയും 1970 Jan 1ന് അച്യുതമേനോന്റെ ഐക്യമുന്നണി സർക്കാർ പാസാക്കിയ നിയമം പ്രസിഡന്റ് ഒപ്പിട്ടതോടെ ഭൂപരിഷ്കരണം നടപ്പിലായി.

13) കുടികിടപ്പുകാർക്ക് ഉടമസ്ഥാവകാശം ലഭിക്കുകയും കൈവശാവകാശത്തിന് പരിധി നിശ്ചയിക്കുകയും ജന്മിത്തം അവസാനിക്കുകയും മിച്ചഭൂമി കർഷകത്തൊഴിലാളികൾക്ക് നൽകുകയും ചെയ്തു. 25ലക്ഷം കുടിയാന്മാർക്ക് ഇതിന്റെ ഗുണം ലഭിച്ചു. 1974ൽ കോൺഗ്രസ്- CPI സർക്കാരിന്റെ കർഷകത്തൊഴിലാളി നിയമവും 1980ൽ നായനാർ സർക്കാർ ഏർപെടുത്തിയ കർഷകതൊഴിലാളി പെൻഷനും തൊഴിലാളിവർഗത്തിന് ഏറെ ഗുണം ചെയ്തു. പെൻഷനും പിഎഫും ഉൾപെടെ ലഭ്യമാകുന്ന സ്ഥിതി ഉണ്ടായി. 1957ലെ നിർണായകമായ ആദ്യഘട്ടം മുതലുള്ള ഇടതുപാർട്ടികളുടെ ഊർജിതശ്രമത്തിന്റെ ഫലമായിരുന്നു ഭൂപരിഷ്കരണം എങ്കിലും അത് പൂർണതോതിൽ വിജയിച്ചില്ല. 1971ൽ പഞ്ചാബിലും ഭൂപരിഷ്കരണബിൽ പാസായി. എന്നാൽ അവിടെ കാർഷികമേഖലയിൽ നടന്നതുപോലുള്ള സാങ്കേതികപരിഷ്കാരങ്ങളോ ഉത്പാദനക്ഷമതാ വർധനയോ ഇവിടെ ഉണ്ടായില്ല. പാട്ടക്കുടിയാന്മാരെ ഒഴിച്ച് നിർത്തിയാൽ ദളിത് -ആദിവാസികൾ ഉൾപെടുന്ന ഒട്ടേറെ ജനവിഭാഗങ്ങൾക്ക് ഭൂമി ലഭ്യമായില്ല. ഭൂമിയിൽ കൃഷി കുറഞ്ഞു. ഭക്ഷ്യവിളകൾ കുറഞ്ഞു. നാണ്യവിളകൾ വ്യാപകമായി. ഭൂമി കൈമാറ്റവസ്തുവായും ഊഹക്കച്ചവട ഉപാധിയായും മാറി. കാർഷികവൃത്തിയെക്കുറിച്ചുള്ള സങ്കൽപങ്ങൾ മാറി. കൃഷിയില്ലാത്ത ഭൂവുടമസ്ഥത വർധിച്ചു. വയലുകൾ നികത്തപ്പെട്ടു. വിഎസ് സർക്കാർ പാസാക്കിയ നെൽവയൽ തണ്ണീർത്തടനിയമങ്ങൾ പ്രതീക്ഷ നൽകിയെങ്കിലും അതും പിന്നീട് കോൺഗ്രസ് ഗവൺമെന്റ് ഭൂവുടമകൾക്കനുകൂലമായി പൊളിച്ചെഴുതി. വലതുസർക്കാരുകൾ ആനയിച്ചുകൊണ്ടുവന്ന ആസിയാൻ കരാർ റബ്ബർ വിലയിടിവിനും കർഷകആത്മഹത്യയ്ക്കും വരെ വഴി തെളിച്ചു.

14) കേരളത്തെ കേരളമാക്കി മാറ്റിയതിൽ കുടുംബശ്രീയെയും ജനകീയാസൂത്രണത്തെയും മാറ്റിനിർത്താനാവില്ല. 1996 Aug 17ൽ നായനാർ സർക്കാർ കൊണ്ടുവന്ന ജനകീയാസൂത്രണം അധികാരവികേന്ദ്രീകരണത്തിലൂടെയും തദ്ദേശാടിസ്ഥാനത്തിലുള്ള ജനപങ്കാളിത്തത്തിലൂടെയും ലോകശ്രദ്ധ നേടി. ബജറ്റ് ആസൂത്രണത്തിൽ വരെ ജനകീയസമിതികളെ പങ്കെടുപ്പിക്കുക, വിവിധ തലങ്ങളിൽ ജനകീയസെമിനാറുകൾ, പ്രോജക്ട് രൂപീകരണം, വികസനസമിതി, ജില്ലാതലആസൂത്രണ സമിതികൾ ഇതൊക്കെ ഇന്ത്യയിലെ തന്നെ പുതിയ വികസനമാതൃകയായിരുന്നു. എല്ലാം മന്ത്രിസഭയിൽ തീരുമാനിച്ചുപാസാക്കുന്ന കേന്ദ്രീകൃതമാതൃകയിൽ നിന്നുമുള്ള ഒരു മുന്നേറ്റം. ചെറുകിടമേഖലയിലും ആരോഗ്യവിദ്യാഭ്യാസരംഗത്തും Social sectorകളിലും നടന്ന വികസനപ്രോജക്ടുകൾ കേരളത്തിന്റെ മുഖഛായ തന്നെ മാറ്റി. എന്നാൽ ജനകീയാസൂത്രണത്തിന്റെ കേന്ദ്രബിന്ദുവായ ‘വികേന്ദ്രീകരണം (Decentralisation)’ എന്ന ആശയത്തെ ഇല്ലാതാക്കി കേരളാ വികസനപദ്ധതി എന്ന് പേരുമാറ്റി നശിപ്പിക്കുകയാണ് പിന്നീട് വന്ന UDF സർക്കാർ ചെയ്തത്‌. നായനാർ സർക്കാരിന്റെ മറ്റൊരു ചരിത്രപരമായ നേട്ടമാണ് കുടുംബശ്രീ. 1998 MAY 17ന് ആരംഭിച്ച ഈ സ്ത്രീ ശാക്തീകരണ -ദാരിദ്ര്യനിർമാർജന കൂട്ടായ്മ ബഹുവിധമേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ ചെറുതല്ല. ലഘുസമ്പാദ്യം, വായ്പകൾ, വ്യക്തിഗത/ കൂട്ടു സംരംഭങ്ങൾ, കാർഷിക ശുചീകരണ ഗ്രൂപ്പുകൾ, ബാലസഭകൾ തുടങ്ങി എത്രയോ മുന്നേറ്റങ്ങൾ. അയൽക്കൂട്ടങ്ങളിലൂടെയും ADS, CDS എന്നീ സമിതികളിലൂടെയും കേരളത്തിലെ 40 ലക്ഷത്തോളം കുടുംബങ്ങൾക്ക് താങ്ങാകാനും വനിതകളുടെ സംരംഭകശേഷിയും ക്രിയാത്മകതയും സാമൂഹ്യപദവിയും ഉയർത്താനും കേവലദാരിദ്ര്യത്തെ പടിക്ക് പുറത്തുനിർത്താനും കുടുംബശ്രീക്ക് കഴിയുന്നു.

15) 1975ലെ KN രാജിന്റെ നേതൃത്വത്തിൽ CDS നടത്തിയ പഠനത്തിലാണ് കേരളാമോഡൽ എന്ന വിശേഷണം ആദ്യമായി വരുന്നത്. ഔപചാരികമായ വികസനമാതൃകകളിൽ നിന്ന് വ്യത്യസ്തമായി GDP growthൽ മാത്രം ഊന്നിനിൽക്കാതെ മാനവവികസനത്തിന്റെ വിവിധ സൂചികകളിൽ ലോകോത്തര നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചത് ഏതെങ്കിലും ഒരു നിമിഷം കൊണ്ടല്ല. പൊതുമേഖലയിലും പൊതുമുതൽമുടക്കിലും സാമൂഹ്യസുരക്ഷാ പദ്ധതികളിലും ജനകീയപങ്കാളിത്തത്തിലും ഊന്നിയുള്ള ഇടതുപക്ഷ നയസമീപനങ്ങളിലൂടെ തന്നെയാണ്. ഈ വികസനപാതയുടെ ഭാഗമായ എല്ലാ സ്ഥാപനങ്ങളിലും പ്രസ്ഥാനങ്ങളിലും പദ്ധതികളിലും ഇരുസർക്കാരുകൾക്കും പങ്കുണ്ട്. ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും. ഇനിയും മികവ് പ്രകടിപ്പിക്കാത്ത അനേകം മേഖലകൾ ഉണ്ടാവാം. എന്നാൽ അത് ഇതുവരെ പിന്തുടർന്ന മൂല്യങ്ങളെ നഷ്ടപ്പെടുത്തിയും മൂലധനശക്തികൾക്ക് പാദസേവ ചെയ്തും നവ ഉദാരീകരണത്തെയും അസമത്വത്തെയും വിപണിമേൽക്കോയ്മയെയും പടിക്കകത്തു കയറ്റിയും ആവരുതെന്ന് മാത്രം. നിലവിൽ ഇത്രമേൽ ധനപ്രതിസന്ധിയുണ്ടായിട്ടും കേന്ദ്രനയത്തിൽ നിന്നുവ്യത്യസ്തമായി APL -BPL വ്യത്യാസമില്ലാതെ പൊതുറേഷൻ സൗജന്യമാക്കിയ അപൂർവസംസ്ഥാനമാണ് കേരളം. ഇത്തരം അപൂർവതകളാണ് കേരളാമോഡലിന്റെ അടിസ്ഥാനവും.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *