Source – Gopakumar T (Facebook – Left Article)

പ്രധാനമായും രണ്ടുകാര്യങ്ങളിൽ ഊന്നിയാണ് കേരള സർക്കാർ മുന്നോട്ടു പോകാൻ തീരുമാനിച്ചിരുന്നത്. ഒന്ന് സാമൂഹ്യനീതി, രണ്ട് വികസനം. ഇന്ത്യയിൽ മറ്റു പല സംസ്ഥാനങ്ങളിലും കാണുന്നതരം വികസനം കേരളത്തിൽ ഇല്ല എന്നത് ഒരു സത്യമാണ്. കൂറ്റൻ കെട്ടിടങ്ങൾ, ഓഫീസുകൾ, വീതിയേറിയ പാതകൾ വലിയ പാലങ്ങൾ ഒന്നും കേരളത്തിൽ അധികം കാണാനാവില്ല. അത് വേണ്ടതല്ലേ? എന്ന ചോദ്യത്തിന് വേണ്ടതാണ് എന്നു തന്നെയാണ് ഉത്തരം. എന്നാൽ അതുമാത്രം മതിയോ? ഗുജറാത്തിലും മഹാരാഷ്ട്രയിലും യു.പി.യിലും ഒക്കെ കാണുന്ന വലിയ വലിയ കെട്ടിടങ്ങൾക്കും റോഡുകൾക്കും ഒക്കെ അപ്പുറം നരകതുല്യമായ ജീവിതം നയിക്കുന്ന ചാളകളിലെ മനുഷ്യരെയും കാണാം. പട്ടിണിയും രോഗങ്ങളും വിശപ്പും ജാതി ചൂഷണവും ഒക്കെയുള്ള അത്തരം വികസനമാണോ നാം ആഗ്രഹിക്കുന്നത് എന്നു ചോദിച്ചാൽ അല്ല എന്ന് ഉറപ്പിച്ചു തന്നെ പറയേണ്ടിവരും. സാമൂഹ്യനീതിയുടെ കാര്യത്തിൽ കേരളം നേടിയ നേട്ടങ്ങളാവട്ടെ ലോകത്തെ ഏത് വികസിത രാഷ്ട്രത്തോടും കിടപിടിക്കുന്നതാണ്. അതായത് സാമൂഹ്യക്ഷേമ മേഖലയിൽ കേരളം നേടിയ നേട്ടങ്ങൾ അതേ രൂപത്തിൽ നിലനിർത്തിക്കാണ്ടുതന്നെ അടിസ്ഥാനസൗകര്യ വികസനത്തിൽ ഏറെ മുന്നോട്ട് പോകാനാവണം. അതാണ് ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാരിന്റെയും ലക്ഷ്യം. എന്നാൽ അതിനുള്ള പ്രധാന പ്രതിബന്ധം പണമാണ്. വരുമാനത്തിന്റെ പകുതിയോളം ശമ്പളമടക്കമുള്ള കാര്യങ്ങൾക്കായി നീക്കി വയ്ക്കേണ്ടിവരുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ അടിസ്ഥാന സൗകര്യവികസത്തിന് പണമില്ലാത്ത സ്ഥിതിയാണ് കാലങ്ങളായുള്ളത്. ബാക്കി വലിയൊരു ചെലവ് സംസ്ഥാനം നടപ്പിലാക്കുന്ന സാമൂഹ്യക്ഷേമ പദ്ധതികളാണ്. ഒന്നുകിൽ ഈ ശമ്പള ചെലവ് കുറയ്ക്കണം. അല്ലെങ്കിൽ സാമുഹ്യക്ഷേമപദ്ധതികൾ വെട്ടിക്കുറയ്ക്കണം. അതാണ് നവലിബറൽ നയങ്ങൾ ആവശ്യപ്പെടുന്നതും. രണ്ടായാലും കേരളം നേടിയ നേട്ടങ്ങൾ കയ്യൊഴിഞ്ഞുകൊണ്ടേ അത് സാധിക്കൂ. പക്ഷേ, സാമൂഹ്യക്ഷേമ പദ്ധതികളും അടിസ്ഥാനവിഭാഗത്തെ മറന്നു കൊണ്ടുള്ള വികസനവും വേണ്ട എന്ന നയമാണ് ഇടതുപക്ഷം പിന്തുടർന്നത്. തൊഴിലാളികളും കർഷകരും പിന്നാക്കക്കാരും അടങ്ങുന്ന അടിസ്ഥാന ജനവിഭാഗങ്ങൾക്കുള്ള ഒരു സഹായവും കുറയ്ക്കരുത് എന്നല്ല, കൂട്ടാനാണ് സർക്കാർ തയ്യാറായത്. സാമൂഹ്യക്ഷേമപെൻഷനുകൾ ഇരട്ടിയിലേറെ ആക്കിയതൊക്കെ ഇതിന്റെ ഭാഗമായാണ്. ബജറ്റിൽ നിന്ന് അടിസ്ഥാനസൗകര്യ വികസനത്തിന് നീക്കിവയ്ക്കാൻ കാര്യമായൊന്നും ഇല്ലാത്തസ്ഥിതിവന്നു. അടിസ്ഥാനസൗകര്യ വികസനം പൂർണ്ണമായി ഒഴിവാക്കുന്നത് ആത്മഹത്യാപരമാണുതാനും. കടം വാങ്ങാനാണെങ്കിൽ കേന്ദ്രസർക്കാർ വച്ചിരിക്കുന്ന പരിധിക്കപ്പുറം കഴിയില്ല. ഇത് പരിഹരിക്കാനായിട്ടാണ് ബജറ്റിന് പുറത്ത് പണം കണ്ടെത്തി ചെലവാക്കുന്നതിന് ഒരു സംവിധാനം ഉണ്ടാക്കുന്നത്. അതാണ് കിഫ്ബി.

( KIFFB വഴി പണി നടക്കുന്ന കുണ്ടന്നൂര്‍ ബൈപാസ്)

കിഫ്ബിയെക്കുറിച്ച് ധനകാര്യമന്ത്രി നിയമസഭയിൽ പറഞ്ഞപ്പോഴാണ് ബഹു. പ്രതിപക്ഷ നേതാവ് അത് ആകാശകുസുമം ആണെന്ന് കളിയാക്കിയത്. കിഫ്ബി വഴി സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസനം വരുന്നത് കോഴിക്ക് മുല വരുന്നതുപോലെയാണെന്ന് പ്രതിപക്ഷത്തെ ചില യുവ എം എൽ എമാരും പരിഹസിച്ചു. പക്ഷേ, സർക്കാരിന്റെ ഈ നാലാം വർഷത്തിൽ കിഫ്ബി വഴി നടപ്പിലാക്കുന്നത് 54,391 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ കോടാനുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നത് കണ്ണുള്ള എല്ലാവർക്കും കാണാം. അതിൽ പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിൽ മാത്രം 90 കോടിയോളം രൂപയുടെ പദ്ധതികളാണ് നടപ്പിലാകുന്നത്. ഇലഞ്ഞിമേല്‍ ഹരിപ്പാട് റോഡും ഗവ. ഗേള്‍സ് എച്ച് എസ് കെട്ടിടവും ഒക്കെ അടുത്ത തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എം എല്‍ എ യുടെ നേട്ടമായി പ്രചരിപ്പിക്കേണ്ടതാണ്. അതുകൊണ്ട് മറ്റൊന്നും കണ്ടില്ലെങ്കിലും പ്രതിപക്ഷനേതാവ് ഹരിപ്പാട് മണ്ഡലത്തിൽ സുഗന്ധം പരത്തുന്ന ‘ആകാശകുസുമ’ത്തെ കാണാതെ പോകരുത്.

അടിസ്ഥാന സൗകര്യവികസനത്തിന് 675 പദ്ധതികളിലായി 35028. 84കോടി രൂപയും വ്യവസായങ്ങൾക്കുള്ള ഭൂമി ഏറ്റെടുക്കാൻ മൂന്ന് പദ്ധതികളിലായി 13988.63കോടി രൂപയും ദേശീയ പാതാ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കാനായി 5374 കോടി രൂപയുമാണ് കിഫ്ബി അനുവദിച്ചത്. കിഫ്ബി മുഖാന്തിരം ആരംഭിച്ച ചില പദ്ധതികൾ നോക്കൂ… കേരളത്തിലെ ദേശീയപാതാവികസനത്തിനുള്ള ഭൂമിയേറ്റെടുക്കലിനുള്ള തുകയുടെ
നാലിലൊന്നായ 5374കോടി, 8225 കോടി രൂപ മുടക്കി 179റോഡ്നവീകരണ പദ്ധതികൾ, 825 കോടി രൂപയുടെ 9 ബൈപാസുകൾ, 1702 കോടിയുടെ 67 പാലങ്ങൾ 961 കോടിയുടെ 13 മേൽപ്പാലങ്ങൾ, 1208 കോടിയുടെ 37റെയിൽ മേൽപ്പാലങ്ങൾ, മലയോര ഹൈവേ, തീരദേശ ഹൈവേ… ലിസ്റ്റ് അങ്ങനെ നീണ്ടു പോകും.

വൈദ്യുത പ്രസരണ മേഖലയിൽ 5200 കോടി മുതൽ മുടക്കിൽ ട്രാൻസ്ട്രിഡ് 2.0 പദ്ധതി, 4380 കോടിയുടെ 70 കുടിവെള്ള പദ്ധതികൾ, 141 പൊതുവിദ്യാലയങ്ങളിൽ 5 കോടി വീതം 705 കോടി മുടക്കി മികവിന്റെ കേന്ദ്രങ്ങൾ, 785 കോടിയുടെ സ്മാർട്ട് ക്ലാസ്സ്, സ്മാർട്ട് ലാബ് പദ്ധതികൾ, 149 കോടിയുടെ കാണ്ലാസ് സയാലി ഡിഡ് യൂണിറ്റുകൾ, 2100 കോടി മുടക്കിയുള്ള 24 സർക്കാർ ആശുപത്രികളുടെ നവീകരണം, 977 കോടിയുടെ ഭൂമി പെട്രോ കെമിക്കൽ പാർക്കിനായി ഏറ്റെടുത്തു. 1517 കോടിയുടെ കെ ഫോൺ പദ്ധതി, മറ്റു വകുപ്പുകൾ നടപ്പാക്കുന്ന 4500 കോടിയുടെ വിവിധ പദ്ധതികൾ… അങ്ങനെ നാം ഇത്ര കാലം സ്വപ്നം കാണാൻ പോലും ധൈര്യപ്പെടാതിരുന്ന വികസന പ്രവർത്തനങ്ങളാണ് കിഫ്ബിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത്. ദീർഘവീക്ഷണവും പ്രായോഗികതയും സമന്വയിപ്പിച്ച് കിഫ്ബി നടപ്പിലാക്കുന്ന പദ്ധതികളും കാര്യക്ഷമതയുള്ള പ്രവർത്തനവും ഇതിനോടകം തന്നെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
ഏറ്റെടുക്കുന്ന പദ്ധതികളുടെ വൈപുല്യം മാത്രമല്ല, നടപ്പിലാക്കുന്നതിലെ കൃത്യനിഷ്ഠയും ഗുണനിലവാരവും കിഫ്ബി പദ്ധതികളുടെ പ്രത്യേകതയാണ്.

ആകാശകുസുമം എന്ന് അക്ഷേപിച്ചവർ ഇപ്പോൾ അലമുറയിടുന്നത് ഇതെല്ലാം കടമല്ലേ? എങ്ങനെ കൊടുക്കും എന്നാണ്. കടം വരും എന്നതു കൊണ്ട് ആരും ലോൺ എടുത്ത് വീട് വയ്ക്കാതെയിരിക്കുന്നില്ലല്ലോ? കാശ് മൊത്തംകയ്യിലുണ്ടായിട്ടേ വീട് വയ്ക്കൂ എന്ന് നിർബന്ധം പിടിച്ചാൽ മഞ്ഞത്തും മഴയത്തും കിടന്ന് മരിച്ചുപോവുകയേ ഉള്ളൂ. കിഫ്ബി ഏറ്റെടുക്കുന്ന പദ്ധതികൾ ഇപ്പോൾ ഏറ്റെടുത്തില്ലെങ്കിൽ അവ പൂർത്തിയാക്കാൻ കുറഞ്ഞത് ഇരുപത്തി അഞ്ച് വർഷമെങ്കിലും എടുക്കും. അപ്പോൾ ചെലവ് എത്രയിരട്ടിയാകും ? അതിലുമെത്രയോ ചെറുതായിരിക്കും ഇപ്പോൾ എടുക്കുന്ന പണത്തിന്റെ പലിശ. ഇപ്പോൾ പണിതാൽ ഇപ്പോൾ ജീവിക്കുന്നവർക്കുകൂടി പ്രയോജനം ലഭിക്കുകയും ചെയ്യും. കിഫ്ബി വഴിയെടുക്കുന്ന പണം തിരികെ കൊടുക്കാൻ കിഫ്ബി നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതുപോലെ മോട്ടോർ വാഹനനികുതിയുടെ ഒരു ഭാഗവും പെട്രോൾ സെസും മതിയാവും. ഈ തിരിച്ചടവിന്റെ കണക്കുകൾ കൃത്യമായി നിയമസഭയിൽ അവതരിപ്പിച്ചിട്ടുള്ളതാണ്. അന്ന് അതൊന്നും കേൾക്കാൻ തയ്യാറാകാതെ ആകാശകുസുമം തിരഞ്ഞു നടന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. പക്ഷേ, നാട്ടിലുണ്ടാവുന്ന ഈ മാറ്റങ്ങൾ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അവരാകെ തലയുയർത്തി സർക്കാരിനൊപ്പം അഞ്ചാം വർഷത്തിലേക്ക് മുന്നേറുകയാണ്.

#LeftAlternative#KeralaLeads


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *