കൊച്ചിയിലെ കള്ളപ്പണ ഇടപാടിൽ ബിജെപി മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കള്ളപ്പണ ഇടപാടിൽ ഇടനില നിന്ന പി ടി തോമസ് എംഎൽഎയുടെ പങ്ക് വ്യക്തമായി കഴിഞ്ഞു. എന്നിട്ടും പ്രതികരിക്കാതിരിക്കുകയാണ് ബിജെപി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ ബാധിക്കുന്ന ഈ കള്ളപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷിക്കേണ്ട ബാധ്യത ഇ ഡിക്കാണ്. പി.എം.എൽ.എ ആക്ടിന്റെ വയലേഷൻ ഉണ്ടായിട്ടുണ്ടോ എന്നും ഏത് മാർഗത്തിലൂടെ സമ്പാദിച്ച പണമാണിതെന്നും അന്വേഷണത്തിലൂടെ മാത്രം കണ്ടെത്തേണ്ട കാര്യമാണ്. എന്നാൽ, സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും കേന്ദ്ര ഏജൻസികളോ ബിജെപി നേതാക്കളോ ഈ വിഷയത്തിൽ ഇടപെടാത്തത്, കോൺഗ്രസും ബിജെപിയും തമ്മിലുള്ള സഖ്യത്തിന്റെ പ്രകടമായ തെളിവാണ്.
ഇടതുപക്ഷത്തിനെതിരെ എന്തുകിട്ടിയാലും എത്തുന്ന കേന്ദ്ര ഏജൻസികൾ ഇപ്പോൾ പാലിക്കുന്ന മൗനം അതീവ ഗൗരവകരമാണ്. കണക്കിൽപ്പെടാത്ത പണമിടപാടിനാണ് എംഎൽഎ കൂട്ടുനിന്നത്. ആദായ നികുതിനിയമത്തിന്റെ 269 എസ്‌ടി, 269 ടി വകുപ്പുകൾ പ്രകാരം കുറ്റകരമായ കേസിൽ ഇനിയും അന്വേഷണം മുന്നോട്ട് പോകേണ്ടതുണ്ട് എന്ന നിലയിലാണ് ഇത്തരമൊരു മൗനം. രാജ്യ താൽപ്പര്യങ്ങളെ തന്നെ അട്ടിമറിക്കുന്ന ഇത്തരം ഇടപാടുകളിൽ ഒരു എംഎൽഎ നേരിട്ട് പങ്കാളിയായിട്ടും തുടരുന്ന മൗനം കേസ് അട്ടിമറിക്കുന്നതിന്റെ സൂചനയാണ്. എന്തിനും ഏതിനും ദിവസവും പത്രസമ്മേളനം വിളിക്കുന്ന കെ സുരേന്ദ്രൻ ഈ വിഷയത്തിൽ ഒരു പ്രതികരണം പോലും നടത്തിയിട്ടില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിലെ കോൺഗ്രസും സഖ്യകക്ഷികളെ പോലെ ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടിയുള്ള ഉപകരണമാക്കി അന്വേഷണ ഏജൻസികളെ പൂർണ്ണമായും മാറ്റിക്കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് ഈ നിശബ്ദതയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
0 Comments