കോഴിക്കോട‌് > പ്ലസ‌്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് അന്വേഷണത്തിന‌് പിന്നാലെ ആഡംബരവീട‌് നിർമാണത്തിലും കെ എം ഷാജി എംഎൽഎ  കുരുക്കിലേക്ക‌്. മൂന്നരക്കോടി രൂപയുടെ വീട‌് നിർമിക്കാനുള്ള സാമ്പത്തിക സ്രോതസ്സ്‌ എന്തെന്നുൾപ്പെടെയുള്ള വിവരങ്ങളാണ‌് ഇഡി തേടുന്നത‌്. ഷാജിയുടെ ഭാര്യ ആശാ ഷാജിക്കും ചോദ്യംചെയ്യലിന‌് ഹാജരാകാൻ ഇഡി നോട്ടീസ‌് നൽകിയിട്ടുണ്ട്‌.

കോഴപ്പണം വീട‌് നിർമാണത്തിന‌് ഉപയോഗിച്ചിട്ടുണ്ടെന്ന‌് നേരത്തെ ആക്ഷേപമുണ്ടായിരുന്നു. ഇത്‌ ഇഡി വിശദമായി പരിശോധിക്കും.2014ലാണ്‌ അഴീക്കോട‌് ഹൈസ‌്കൂളിൽ പ്ലസ‌്ടു അനുവദിക്കാൻ കോഴ വാങ്ങിയെന്ന ആക്ഷേപമുയരുന്നത‌്. ഇതേ സമയത്താണ‌് കോഴിക്കോട‌് വേങ്ങേരിയിൽ ഷാജി വീടുണ്ടാക്കാൻ തുടങ്ങിയത‌്. കോഴപ്പണവും വീ‌ട‌് നിർമാണവും മുസ്ലിംലീഗിൽ അക്കാലം മുതൽ ചർച്ചയായിരുന്നു. കോഴക്കേ‌സ‌് ഇഡി ഏറ്റെടുത്തതോടെയാണ‌് വീട‌് നിർമാണത്തിൽ സ്രോതസ്സില്ലാത്ത പണം ഉപയോഗിച്ചിട്ടുണ്ടോയെന്ന്‌ അന്വേഷണം തുടങ്ങിയ‌ത‌്. എപ്പോൾ സ്ഥലം വാങ്ങി,  നിർമാണം ആരംഭിച്ചത‌് എപ്പോൾ, എത്ര തുക ചെലവിട്ടു തുടങ്ങിയ വിവരങ്ങളാണ‌് പ്രധാനമായും തേടുന്നത‌്. വിവരങ്ങൾ കൈമാറാൻ ഇഡി കോഴിക്കോട്‌ കോർപറേഷന‌് നിർദേശം നൽകി. ഇതനുസരിച്ചാണ‌് കോർപറേഷൻ അധികൃതർ വ്യാഴാഴ‌്ച പരിശോധനക്കെത്തിയത‌്.  പിന്നാലെ ഇഡി ഉദ്യോഗസ്ഥരും വീട്ടിലെത്തി. ഈ സമയം ഷാജിയും ഭാര്യയും വീട്ടിലില്ലായിരുന്നു.

നികുതിയും വെട്ടിച്ചു
മുസ്ലിംലീഗ്‌ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ ഭാര്യയുടെ പേരിൽ നിർമിച്ച ആഡംബര വീടിന്റെ മറവിൽ ലക്ഷങ്ങൾ നികുതി വെട്ടിച്ചതായി ആക്ഷേപം. കോഴിക്കോട‌് വേങ്ങേരിയിലെ  വീടിന്റെ നികുതിയാണ‌് ഇതുവരെ അടയ‌്ക്കാത്തത‌്. നിർമാണ ചട്ടങ്ങൾ ലംഘിച്ചതായും രേഖകൾ വ്യക്തമാക്കുന്നു. ഇഡി നിർദേശപ്രകാരം കോർപറേഷൻ അധികൃതർ വ്യാഴാഴ‌്ച നടത്തിയ പരിശോധനയിലും‌ ചട്ടലംഘനവും നികുതിവെട്ടിപ്പും കണ്ടെത്തി‌.

2016ലാണ‌്  വീട‌് നിർമാണം പൂർത്തിയായത‌്. 3000 ചതുരശ്ര അടിയിൽ താഴെയുള്ള വീടിനാണ്‌ അനുമതി വാങ്ങിയത‌്. എന്നാൽ‌  5260 ചതുരശ്ര അടി വലിപ്പത്തിലാണ്‌ വീട്‌ നിർമിച്ചത്‌‌. 3000ൽ കൂടുതലുള്ളവയ്‌ക്ക്‌‌ ആഡംബര നികുതി അട‌യ്‌ക്കണമെന്നിരിക്കെയാണ് എംഎൽഎ‌ നാലുവർഷമായി വെട്ടിപ്പ്‌ തുടരുന്നത്‌. രണ്ട‌് നില വീടിന്‌ നൽകിയ അനുമതിയിൽ മൂന്ന‌് നില വീട്‌ നിർമിച്ചതായും കണ്ടെത്തി. 2016ൽ വില്ലേജ് ഓഫീസർ അളന്നപ്പോഴാണ് വീട്ടിന്റെ യഥാർഥ വലിപ്പം വ്യക്തമായത്. തുടർന്ന്  ആഡംബര നികുതിയൊടുക്കാൻ 2016 നവംബർ 30ന‌് തഹസിൽദാർ നോട്ടീ‌സ്‌ നൽകിയിരുന്നു. അത്‌ ലംഘിച്ചാണ്‌ ഈ നികുതി വെട്ടിപ്പ്‌. കൂടാതെ അനുമതി ലഭിച്ചാൽ മൂന്ന‌് വർഷത്തിനകം നിർമാണം പൂർത്തിയാക്കി കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകണമെന്ന ചട്ടവും കെ എം ഷാജി കാറ്റിൽ പറത്തി.

മാനേജ്‌മെന്റ്‌ പ്രതിനിധികളെ ഇഡി ചോദ്യംചെയ്‌തു
കെ എം ഷാജി എംഎൽഎ ഉൾപ്പെട്ട പ്ലസ്ടു കോഴക്കേസിൽ സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധികളെ ഇഡി ചോദ്യംചെയ്തു. അഴീക്കോട് ഹയർ സെക്കൻഡറി സ്‌കൂൾ  മുൻ മാനേജർ പി വി പത്മനാഭൻ, ഡയറക്ടർ ബോർഡ് അംഗം റഫീഖ് എന്നിവരെയാണ് വ്യാഴാഴ്ച ചോദ്യംചെയ്തത്.

അഴീക്കോട് ഹൈസ്കൂളിൽ  പ്ലസ്ടു അനുവദിക്കാൻ ഷാജിക്ക് 25 ലക്ഷം രൂപ കോഴ നൽകിയെന്ന് മാനേജ്മെന്റ് റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ കോഴവിവരം പുറത്തായതോടെ   ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങളാണ് ഇഡി  തേടിയത്.

വ്യാഴാഴ‌്ച പ്രസിദ്ധീകരിച്ച ‘കെ എം ഷാജിയുടെ പ്ലസ‌്ടു കോഴ; കെ പി എ മജീദിനെ ഇഡി ചോദ്യംചെയ‌്തു’ എന്ന വാർത്തയിൽ അഴീക്കോട‌് ഗവ. ഹൈസ‌്കൂൾ എന്ന‌് വന്നത‌് പിശകാണ‌്. അഴീക്കോട‌് ഹൈസ‌്കൂൾ എന്ന‌് തിരുത്തി വായിക്കാൻ അപേക്ഷ.


Read more: https://www.deshabhimani.com/news/kerala/news-kerala-22-10-2020/902928


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *