​​ആഭ്യന്തര വിദേശ സഞ്ചാരികളുടെ എണ്ണത്തിലും ടൂറിസത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലും ശ്രദ്ധേയമായ വളർച്ചയാണ് കഴിഞ്ഞ നാല് വർഷം നേടാൻ സാധിച്ചത്. 2015-16 ൽ 1.24 കോടി വിദേശ ആഭ്യന്തര ടൂറിസ്റ്റുകൾ കേരളത്തിൽ എത്തിയപ്പോൾ 2019-20 ൽ അത് 17.81 ശതമാനം വർദ്ധിച്ച് 1.83 കോടിയിൽ എത്തി. 9.77 ലക്ഷം വിദേശ വിനോദ സഞ്ചാരികളാണ് 2015-16 ൽ കേരളം കാണാനെത്തിയതെങ്കിൽ 2019-20 ആയപ്പോഴേക്കും 8.52 ശതമാനം വർദ്ധിച്ച് 11.89 ലക്ഷമായി. ടൂറിസം മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും കാലാനുസൃതമായ വിപണന തന്ത്രങ്ങൾ ഒരുക്കിയും സമഗ്രമായ പദ്ധതികൾ ആസൂത്രണം ചെയ്തതിന്റെ ഫലമാണ് സഞ്ചാരികളുടെ എണ്ണത്തിലുള്ള വളർച്ചയെന്ന് കാണാം.

സഞ്ചാരികളുടെ എണ്ണത്തിലുള്ള വളർച്ച മാത്രമല്ല കേരളത്തിലേക്ക് മികച്ച വരുമാനവും എത്തിക്കാൻ ടൂറിസം മേഖലയ്ക്ക് സാധിച്ചു എന്നുള്ളത് അഭിമാനകരമായ നേട്ടമാണ്. 2015-16 ൽ 6949.88 കോടി രൂപയായിരുന്നു വിദേശ സഞ്ചാരികളിൽ നിന്നുള്ള വരുമാനം. എന്നാൽ 2019-20 ലേക്ക് എത്തുമ്പോൾ 17.19 ശതമാനം വർദ്ധിച്ച് 10271.06 കോടിയിലേക്കാണ് വരുമാനം ഉയർന്നത്. 2015-16 ൽ ടൂറിസം മേഖലയിൽ നിന്നു നേരിട്ടും അല്ലാതെയും ലഭിച്ച ആകെ വരുമാനം 26689.63 കോടി ആയിരുന്നത് 2019-20 ആകുമ്പോഴേക്കും 24.14 ശതമാനം വർദ്ധിച്ച് 45010.69 കോടി രൂപയായി വർദ്ധിച്ചു. സഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലുമുള്ള വർദ്ധന കേരളം ടൂറിസം രംഗത്ത് സ്വീകരിച്ച നയങ്ങളുടെയും പദ്ധതികളുടെയും പ്രതിഫലനമാണ്.

2020-21 ൽ ടൂറിസം രംഗത്തെ പുതുവർഷ വളർച്ചയുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയാണ് ലോകമെമ്പാടും പടർന്ന് പിടിച്ച കോവിഡ് മഹാമാരി കേരളത്തിലേക്കും എത്തിയത്. തുടർന്ന് 2020 ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടഞ്ഞ് കിടന്നു.

സമാനതകളില്ലാത്ത പ്രതിസന്ധിഘട്ടത്തിൽ വിനോദ സഞ്ചാര രംഗത്തെ തൊഴിലാളികളെയും സംരംഭകരെയും സഹായിക്കാൻ സംസ്ഥാന സർക്കാർ മുന്നിട്ട് ഇറങ്ങിയാണ് പുതിയ സഹായ പദ്ധതികൾ ആവിഷ്‌കരിച്ചത്. സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുമായി ചേർന്ന് വർക്കിംഗ് കാപ്പിറ്റൽ സപ്പോർട്ട് സ്‌കീം, കേരള ബാങ്കുമായി ചേർന്ന് തൊഴിലാളി സഹായ വായ്പ സ്‌കീം, ഒറ്റത്തവണ ഹൗസ് ബോട്ട് മെയിന്റനൻസ് സ്‌കീം, വിനോദ സഞ്ചാരി ഗൈഡ് സഹായക സ്‌കീം എന്നിവ പ്രഖ്യാപിച്ചു കൊണ്ട് കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കൈത്താങ്ങാകുന്ന കരുതൽ നടപടികളാണ് സർക്കാർ സ്വീകരിച്ചത്.

എല്ലാ മേഖലകളിലും അതിജീവനത്തിന്റെ പുത്തൻ മാതൃക സൃഷ്ടിക്കുന്ന കേരളം സർക്കാരിന്റെ പുതിയ ടൂറിസം നയങ്ങളുടെ പിൻബലത്തിൽ മുൻ വർഷങ്ങളിലേക്കാൾ സഞ്ചാരികളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകർഷിക്കാൻ ഒരുങ്ങുകയാണ്.

https://www.facebook.com/1114601438582914/posts/3802975746412123/

നല്ലത്_നാട്ടിൽനടന്നത്

നവകേരളം


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *